കാലഭ്രംശം – 6 3അടിപൊളി  

നിമിഷങ്ങൾക്കുള്ളിൽ അത് വലിയൊരു പ്രകാശഗോളമായി മാറി ആകാശത്തുനിന്നും താഴേക്ക്, കൃത്യം എന്റെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു!

ഞാൻ അവിടെത്തന്നെ നിന്നു. ഓടി മാറാൻ ഞാൻ ശ്രമിച്ചില്ല. ഇനി എന്തും വരട്ടെ എന്നൊരു വല്ലാത്ത മരവിപ്പായിരുന്നു അപ്പോൾ എന്റെയുള്ളിൽ. ചുറ്റുമുള്ളവരാരും ആ വെളിച്ചം കാണുന്നില്ലേ എന്ന് ഞാൻ സംശയിച്ചു, അത് എനിക്ക് വേണ്ടി മാത്രം പ്രപഞ്ചം

തുറന്നിട്ട കാലഭ്രംശത്തിന്റെ വാതിലായിരുന്നു.

കണ്ണടച്ചുതുറക്കുന്ന വേഗതയിൽ ആ വലിയ നീല പ്രകാശഗോളം എന്നെ പൂർണ്ണമായും പൊതിഞ്ഞു. ആ ഗുഹയിൽ വെച്ച് അനുഭവിച്ച അതേ ശൂന്യത! ഭൂമിയുടെ ഗുരുത്വാകർഷണം പൂർണ്ണമായും നഷ്ടപ്പെടുന്നതുപോലെ…

സ്പേസും സമയവും വീണ്ടും വളഞ്ഞൊടിയുന്നു. കാതുകളിൽ വലിയൊരു ഇരമ്പൽ കേട്ടു. തലയ്ക്കുള്ളിൽ താങ്ങാൻ കഴിയാത്തത്ര വലിയൊരു ഭാരം ഇരച്ചുകയറി. എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങി.

എന്നെ വിഴുങ്ങിയ ആ ഭീമാകാരമായ നീല പ്രകാശഗോളത്തിനുള്ളിൽ എനിക്ക് ചുറ്റും വലിയൊരു ശൂന്യതയായിരുന്നു. ശരീരത്തിന്റെ ഭാരം പൂർണ്ണമായും നഷ്ടപ്പെട്ട്, സമയത്തിന്റെ ഏതോ വലിയൊരു തുരങ്കത്തിലൂടെ താഴേക്ക് വീഴുന്നതുപോലെ.

ആ ഭീകരമായ കറക്കത്തിനൊടുവിൽ എന്റെ ബോധം പൂർണ്ണമായും മറഞ്ഞുപോയിരുന്നു.

മുഖത്തേക്ക് അടിക്കുന്ന ഇളം കാറ്റും, എവിടെനിന്നോ കേൾക്കുന്ന കിളികളുടെ ശബ്ദവുമാണ് എന്നെ വീണ്ടും ഉണർത്തിയത്. തലയ്ക്കുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.

കാഴ്ചകൾ ആദ്യം അവ്യക്തമായിരുന്നെങ്കിലും പതിയെപ്പതിയെ എനിക്ക് ചുറ്റുമുള്ള ലോകം തെളിഞ്ഞുവന്നു.

അതൊരു നഗരമായിരുന്നില്ല! 2023-ലെ എം.ജി റോഡിലെ ആ തിരക്കുകളോ കോൺക്രീറ്റ് കെട്ടിടങ്ങളോ വാഹനങ്ങളുടെ ഇരമ്പലോ അവിടെ എങ്ങും ഉണ്ടായിരുന്നില്ല. ഞാൻ കിടന്നിരുന്നത് ചുവന്ന മണ്ണ് നിറഞ്ഞ ഒരു ചെറിയ ഇടവഴിയുടെ ഓരത്തായിരുന്നു.

ചുറ്റും നിറയെ മരങ്ങളും പച്ചപ്പും മാത്രം. ആ വലിയ നീലവെളിച്ചം എന്നെ വീണ്ടും മറ്റേതോ ലോകത്തേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു! ആ പ്രകാശം കണ്ടപ്പോൾ, ഒരുപക്ഷെ അത് എന്നെ എന്റെ യഥാർത്ഥ കാലഘട്ടമായ 2026-ലേക്ക് തിരികെ കൊണ്ടുപോകുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.

എന്നാൽ എന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റിയിരിക്കുന്നു എന്ന് ആ നിമിഷം എനിക്ക് മനസ്സിലായി.

ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു. വസ്ത്രങ്ങളിലെ മണ്ണ് തട്ടിക്കളഞ്ഞ്

മുന്നോട്ട് നടക്കുമ്പോഴാണ് ആ വഴിയിലൂടെ വരുന്ന ചില ആളുകളെ ഞാൻ ശ്രദ്ധിച്ചത്.

അവരെന്നെ ഒരു വിചിത്ര ജീവിയെപ്പോലെയാണ് നോക്കുന്നത്! അവരുടെ ആ നോട്ടം കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു പന്തികേട് തോന്നി. ഞാൻ അവരെ അടിമുടി ഒന്നു നോക്കി.

കസവു കരയുള്ള ഇരട്ടമുണ്ടും, ഇൻ ചെയ്യാത്ത അയഞ്ഞ ഹാഫ് സ്ലീവ് ഷർട്ടുകളുമായിരുന്നു അധികം പേരുടെയും വേഷം. ചിലരുടെ കയ്യിൽ പഴയ കാലത്തെ കറുത്ത കുടകളുമുണ്ട്.

പെട്ടെന്ന് എന്റെ വേഷത്തിലേക്ക് ഞാൻ നോക്കി. 2026-ലെ മോഡേൺ ജീൻസും, ടീഷർട്ടും, മുഖത്തെ ഈ വലിയ താടിയും! അവരുടെ ആ കാലഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വസ്ത്രരീതികൾ കണ്ടപ്പോൾ ഞാൻ ഏതോ അന്യഗ്രഹ ജീവിയാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം.

അവർ കാണാത്ത പലതും അവർക്ക് വിചിത്രമായിട്ടേ തോന്നൂ എന്ന് എനിക്ക് മനസ്സിലായി.

ഇതെന്ത് വലിയ കുരുക്കാണ്? എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ ആ മൺപാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് നടന്നു. അപ്പോഴാണ് റോഡരികിലായി മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചെറിയൊരു പെട്ടിക്കട എന്റെ കണ്ണിൽ പെട്ടത്.

പണ്ട് കാലത്തെ നാട്ടിൻപുറങ്ങളിൽ മാത്രം കാണുന്ന തരം ചായക്കട. ആ കടയുടെ മുൻവശത്തായി ഒട്ടിച്ചുവെച്ചിരുന്ന സിനിമാ പോസ്റ്ററുകൾ കണ്ടപ്പോൾ എന്റെ കാലടികൾ അവിടെത്തന്നെ നിന്നുപോയി.

തൊണ്ണൂറുകളുടെ അവസാനത്തിൽ ഇറങ്ങിയ മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും സിനിമകളുടെ പഴയ പോസ്റ്ററുകൾ! ഇതൊരു സിനിമാ ഷൂട്ടിംഗ് സെറ്റാണോ? അതോ… എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *