കാലഭ്രംശം – 6 3അടിപൊളി  

ഞാൻ പതിയെ ആ കടയുടെ മുൻപിലേക്ക് ചെന്നു. കടയ്ക്കുള്ളിൽ മധ്യവയസ്കനായ ഒരാൾ ഒരു വലിയ ഗ്ലാസ്സിലേക്ക് നാരങ്ങാവെള്ളം പിഴിഞ്ഞൊഴിച്ചുകൊണ്ട് നിൽപ്പുണ്ട്. ചുറ്റും അലൂമിനിയം പാത്രങ്ങളിൽ പലഹാരങ്ങൾ നിരത്തിവെച്ചിരിക്കുന്നു.

എന്റെ കണ്ണുകൾ പെട്ടെന്നാണ് ആ

കടയുടെ മരച്ചുവരിൽ തൂക്കിയിട്ടിരുന്ന ഒരു പഴയ കലണ്ടറിലേക്ക് പോയത്. അതിൽ കറുപ്പും ചുവപ്പും മഷിയിലായി അച്ചടിച്ച ആ വലിയ അക്കങ്ങൾ…

1999 മാർച്ച് 3

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. നെഞ്ചിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയതുപോലെ എനിക്ക് തോന്നി. 1999! ആ നീലവെളിച്ചം എന്നെ വലിച്ചെറിഞ്ഞത് ഇരുപത്തതിനാല് വർഷങ്ങൾക്ക് മുൻപുള്ള മറ്റൊരു കാലഘട്ടത്തിലേക്കാണ്! തൊണ്ണൂറുകളുടെ അവസാനത്തിലേക്ക്!

എന്റെ തലച്ചോർ മരവിച്ചുപോകുന്നതുപോലെ തോന്നി. 1999… ഈ വർഷത്തിന് എന്റെ ജീവിതവുമായി വലിയൊരു ബന്ധമുണ്ട്. എന്റെ അമ്മ… അമ്മ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണിത്!

അതായത്, അമ്മയുടെ ജീവിതത്തിലെ ആ വലിയ രഹസ്യങ്ങൾ… അശ്വതിയുടെ അച്ഛനുമായുള്ള അമ്മയുടെ ആ പ്രണയം പൂവണിയുന്ന കാലം! ദൈവമേ, ഞാൻ എന്തിനാണ് ഈ കാലഘട്ടത്തിൽ വന്നെത്തിയിരിക്കുന്നത്?.

പെട്ടെന്ന് എന്റെ ചിന്തകൾ എന്റെ സുഹൃത്തുക്കളിലേക്ക് പാഞ്ഞു. എന്റെ കൂട്ടുകാർ… രോഹിത്, ദേവു, കാവ്യ, മാളവിക, വിശാഖ്… അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും?

ആ ഗുഹയിലെ സ്ഫോടനത്തിൽ അവരും എന്നെപ്പോലെ ഈ കാലഘട്ടത്തിൽ എവിടെയെങ്കിലും പെട്ടുപോയിട്ടുണ്ടാകുമോ? അങ്ങനെ പെട്ടിട്ടുണ്ടെങ്കിൽ ഞാൻ അവരെ എവിടെപ്പോയി കണ്ടുപിടിക്കും? എനിക്കൊന്നും അറിയില്ലല്ലോ.

ഇനി ഞാൻ വയനാട്ടിലേക്ക് പോയി ആ സുഗന്ധഗിരിയിലെ കാട്ടിൽ കയറിയാൽ… ആ ഗുഹ അവിടെത്തന്നെ കാണുമോ? ഇനി ഒരുപക്ഷെ അവർ ആ ഗുഹക്കുള്ളിൽ തന്നെ എന്നെയും കാത്ത് കഴിയുകയായിരിക്കുമോ?

ചിന്തിക്കുംതോറും എനിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു.

എന്തൊരു പൊട്ടത്തരമാണ് ഞാൻ ഈ ചിന്തിച്ചുകൂട്ടുന്നത്? ഞങ്ങൾ എല്ലാവരും കൂടെ ആ ഗുഹയിലേക്ക് പോയത് 2026-ൽ അല്ലെ? പിന്നെ അവർ എങ്ങനെയാണ് ഈ 1999-ൽ ഉണ്ടാവുക?

കാലം എന്നെ മാത്രമാണോ പിന്നോട്ട് വലിച്ചെറിഞ്ഞത്? അതോ

ഞങ്ങൾ ഓരോരുത്തരും ഓരോ കാലഘട്ടങ്ങളിലായി ചിതറിത്തെറിച്ചു പോയോ? തികച്ചും യുക്തിയില്ലാത്ത, ഒരുപാട് പൊട്ടച്ചിന്തകൾ എന്റെ മനസ്സിലൂടെ ഓടിമറഞ്ഞു.

ഈ 1999-ലെ അപരിചിതമായ ലോകത്ത് ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സ്വന്തം അമ്മയുടെ യൗവനകാലത്തിലേക്ക് വന്നെത്തിയ ഒരു മകൻ! ഒരു സിനിമയിലെന്നപോലെ എന്റെ ചുറ്റുമുള്ള കാര്യങ്ങൾ എനിക്ക് മുൻപിൽ തെളിയുമ്പോൾ, ഞാൻ വെറുമൊരു കാഴ്ചക്കാരനാണോ അതോ ഈ കാലഘട്ടത്തിലും ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നറിയാതെ ആ കടത്തിണ്ണയിൽ ഞാൻ നിസ്സഹായനായി നിന്നുപോയി..

ആ കടത്തിണ്ണയിൽ നിന്നും ഞാൻ പതുക്കെ ആ ചുവന്ന മണ്ണുള്ള റോഡിലേക്ക് ഇറങ്ങി നടന്നു. 1999 എന്ന യാഥാർത്ഥ്യം എന്റെ തലച്ചോറിനെ വല്ലാതെ മരവിപ്പിച്ചിരുന്നു.

ലക്ഷ്യമില്ലാതെ കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ, വലിയൊരു ആൽമരത്തിന്റെ തണലിൽ ഒരു പഴയ ബസ് കാത്തിരിപ്പുകേന്ദ്രം എന്റെ കണ്ണിൽ പെട്ടു. അവിടെ കോളേജിൽ പോകാനായി ബസ് കാത്തുനിൽക്കുന്ന കുറച്ചു വിദ്യാർത്ഥികളുണ്ടായിരുന്നു.

കയ്യിൽ വലിയ പുസ്തകങ്ങളും പിടിച്ച് നിൽക്കുന്ന പെൺകുട്ടികൾ.

പെട്ടെന്നാണ് ആ കൂട്ടത്തിൽ നിന്നിരുന്ന ഒരു പെൺകുട്ടിയിലേക്ക് എന്റെ കണ്ണുകൾ ഉടക്കിയത്. എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. കാലുകൾ അവിടെത്തന്നെ തറഞ്ഞുപോയി.

കാറ്റിൽ പാറിപ്പറക്കുന്ന ഇളം നീല നിറമുള്ള കോട്ടൺ ചുരിദാറായിരുന്നു അവളുടെ വേഷം. കഴുത്തിലൂടെ ചുറ്റിയിട്ട ദുപ്പട്ട കാറ്റിൽ ഇളകുന്നുണ്ടായിരുന്നു. വിടർന്ന വലിയ കണ്ണുകളിൽ കട്ടിയിൽ എഴുതിയ കരിമഷിയുടെ ഭംഗി…

നെറ്റിയിൽ ചന്ദനക്കുറിയോടൊപ്പം തൊട്ട ചെറിയൊരു കറുത്ത പൊട്ട്. കാറ്റിലുലയുന്ന അഴിച്ചിട്ട നീളമുള്ള ഇടതൂർന്ന മുടിയിഴകൾക്കിടയിലൂടെയുള്ള അവളുടെ ആ പാതി വിടർന്ന ചിരി!

Leave a Reply

Your email address will not be published. Required fields are marked *