അഭി അവളുടെ നീണ്ട മുടിയിഴകളിൽ പതുക്കെ തലോടി, അവളെ ചേർത്തുപിടിച്ചു. “പേടിക്കണ്ട മഗിഴിനീ… എനിക്ക് ഒന്നും സംഭവിക്കില്ല. നിന്നെയും ഈ ഗ്രാമത്തെയും സംരക്ഷിക്കാൻ ഞാൻ ഇവിടെയുണ്ട്.”
ഗ്രാമത്തിലെ മുതിർന്നവരും കുട്ടികളും അവന്റെ മുന്നിൽ ആദരവോടെ തൊഴുതു. തങ്ങളുടെ വംശത്തെയും കുടിലുകളെയും സംരക്ഷിക്കാൻ ദേവി അയച്ച ഏതെങ്കിലും ദിവ്യപുരുഷനാണ് അവൻ എന്ന് അവർ വിശ്വസിച്ചു. മഗിഴിനിയുടെ കണ്ണുകളിൽ അഭി ഇപ്പോൾ വെറുമൊരു കാമുകൻ മാത്രമായിരുന്നില്ല; അവളുടെ
ജീവന്റെ ജീവനും, പ്രാണന്റെ കാവലാളുമായിരുന്നു.
എന്നാൽ, കരയിലെ ഈ സന്തോഷത്തിനും ആഘോഷങ്ങൾക്കും അപ്പുറം, ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായ വഞ്ചി നഗരത്തിലെ വിശാലമായ കൊട്ടാരത്തിനുള്ളിൽ ഭീതിദമായ ഒരു കൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.
——————-
ഭീമാകാരമായ കരിങ്കൽത്തൂണുകളും, എണ്ണവിളക്കുകൾ കത്തിയെരിയുന്ന കൂറ്റൻ മാടങ്ങളും നിറഞ്ഞ ചേരരാജമന്ദിരം. ചുവരുകളിൽ ചേരവംശത്തിന്റെ വില്ലും അമ്പും തൂങ്ങിക്കിടന്നിരുന്നു. തലമുറകളായി ചോരപ്പുഴകൾ ഒഴുക്കി സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിച്ച, ക്രൂരനായ ചേരചക്രവർത്തി കരികാലൻ തന്റെ രാജസിംഹാസനത്തിൽ അമർന്നിരിക്കുകയായിരുന്നു. അവന്റെ വീതിയേറിയ നെഞ്ചിൽ തങ്ക ആഭരണങ്ങൾ തിളങ്ങി. കനത്ത താടിയും കട്ടിയുള്ള കൺപുരികങ്ങളും അവന്റെ മുഖത്തിന് വന്യമായ ഒരു ഭീകരത നൽകി.
സഭയിൽ കനത്ത നിശ്ശബ്ദത പടർന്നുപിടിച്ചിരുന്നു. മന്ത്രിമാരും പടത്തലവന്മാരും ഭയത്തോടെ ശ്വാസമടക്കിപ്പിടിച്ചു നിന്നു. സിംഹാസനത്തിന് മുന്നിൽ, ചോര വാർന്ന വസ്ത്രങ്ങളോടെ, തകർന്ന കവചവും പേറി വിറച്ചുകൊണ്ടു നിൽക്കുകയായിരുന്നു പടത്തലവൻ കരിങ്കോൻ. അവന്റെ പിന്നിൽ പരിക്കേറ്റ മറ്റു ഭടന്മാരും തലതാഴ്ത്തി നിന്നു.
“എന്താടാ പറഞ്ഞത്…?”
കരികാലൻ ചക്രവർത്തി സിംഹാസനത്തിൽ നിന്ന് പെട്ടെന്ന് ചാടിയെഴുന്നേറ്റു. അവന്റെ ഘോരശബ്ദം കൊട്ടാരച്ചുവരുകളിൽ പ്രതിധ്വനിച്ചു. അവൻ ധരിച്ചിരുന്ന രത്നമാലകൾ കനത്ത മാറിൽ തട്ടി ശബ്ദമുണ്ടാക്കി.
“ചേരസാമ്രാജ്യത്തിന്റെ പടത്തലവനും, എന്റെ അഞ്ച് വിദഗ്ദ്ധ യോദ്ധാക്കളും ചെന്ന്… കടലോരത്തെ ഏതോ ഒരു നിസ്സാര ഗ്രാമത്തിൽ കിടക്കുന്ന, പേരും നാളുമില്ലാത്ത ഒരു നാടോടിയുടെ മുന്നിൽ തോറ്റോടിപ്പോന്നെന്നോ ? ഇതിലും വലിയൊരു നാണക്കേട് ഈ സാമ്രാജ്യത്തിന് ഇനി വരാനുണ്ടോ!”
കരിങ്കോൻ ഭയത്തോടെ നിലത്തുവീണു തൊഴുതു. അവൻ്റെ വായയിൽ നിന്ന് ചോരപ്പൊടിഞ്ഞു വരുന്നുണ്ടായിരുന്നു.
“പൊറുക്കണം… ചക്രവർത്തീ! അടിയൻ പറയുന്നത് വിശ്വസിക്കണം,” കരിങ്കോൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. “അവൻ വെറുമൊരു സാധാരണ മനുഷ്യനല്ല. അവൻ മനുഷ്യരൂപമെടുത്ത ഏതോ രാക്ഷസനാണ്! അവൻ്റെ വലതുകൈയിൽ തിളങ്ങുന്ന ഒരു അപൂർവ്വ മോതിരമുണ്ട്. അതിൽ നിന്ന് ഏതോ മാന്ത്രികശക്തി പ്രവഹിക്കുന്നുണ്ട്. ആ ശക്തിയാലാണ് അവൻ ആൾപ്പൊക്കമുള്ള പാറക്കല്ലുകൾ എടുത്തെറിഞ്ഞതും, ഞങ്ങളുടെ വാളുകളെ വെറുമൊരു ഈറ്റക്കഷണം പോലെ തടഞ്ഞു നിർത്തി തകർത്തതും! അടിയന്മാരുടെ വാളിന് അവനെ മുറിവേൽപ്പിക്കാൻ പോലും കഴിഞ്ഞില്ല ചക്രവർത്തീ…”
കരികാലൻ മീശ പിരിച്ചുകൊണ്ട് കൊട്ടാരത്തട്ടുകളിലൂടെ നടന്നു. അവൻ്റെ കൂർത്ത കണ്ണുകളിൽ ചിന്താക്കുഴപ്പം നിഴലിച്ചു.
“മാന്ത്രിക മോതിരമോ…?” കരികാലൻ മന്ത്രിച്ചു. “ഈ ദക്ഷിണഭൂമിയിൽ എൻ്റെ അധികാരത്തെ വെല്ലുവിളിക്കാൻ പോന്ന ഒരു മാന്ത്രികനും ഇതുവരെ ജനിച്ചിട്ടില്ല. പക്ഷേ…”
ചക്രവർത്തി പെട്ടെന്ന് എന്തോ ഓർത്ത് തൻ്റെ കനത്ത വാളിന്റെ പിടിയിൽ മുറുക്കെ അമർത്തി.
“പണ്ട് ചോള-പാണ്ഡ്യ യുദ്ധകാലത്ത് അപ്രത്യക്ഷമായെന്ന് പുരാണങ്ങളിൽ പറയുന്ന ‘കാലാഴി’ (കാലത്തെ ഭരിക്കുന്ന മാന്ത്രിക മോതിരം) ആകുമോ അത്? കാലാതീതമായ അമാനുഷിക ശക്തികൾ അടങ്ങിയ ആ രഹസ്യം ഏതെങ്കിലും അന്യദേശക്കാരന്റെ കയ്യിൽ ചെന്നുപെട്ടതാണോ?”
ചക്രവർത്തി സഭയുടെ കറുത്ത ഇരുണ്ട മൂലയിലേക്ക് നോക്കി. അവിടെ, തലയോട്ടി മാലകളും കറുത്ത കമ്പിളിയും അണിഞ്ഞ്, ശരീരമാസകലം ചുടലഭസ്മം പൂശിയ ഒരു രൂപം നിഴൽപോലെ
