മഗിഴിനി അവന്റെ ചുണ്ടുകളിൽ തൻ്റെ വിരൽ അമർത്തി. അവൾ അവന്റെ കണ്ണുകളിലേക്ക് നേർക്കുനേർ നോക്കി. അവളിൽ ഭയത്തിന്റെ ഒരു കണികപോലും ഇല്ലായിരുന്നു.
“നിങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം?” അവൾ വിറയ്ക്കാത്ത ശബ്ദത്തിൽ പറഞ്ഞു. “ചേരരാജാവിന്റെ സൈന്യമല്ല, ഈ ഭൂമിയിലുള്ള സകല ശക്തികളും ഒന്നുചേർന്നു വന്നാലും ഈ മഗിഴിനി നിങ്ങളെ വിട്ടുമാറില്ല. നിങ്ങൾ എനിക്ക് തന്നത് വെറുമൊരു പ്രണയമല്ല, എന്റെ ജീവന്റെ നിലനിൽപ്പാണ്. ജീവന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും. ആ സൈന്യത്തെ നമുക്ക് ഒന്നിച്ച് നേരിടാം!”
അഭിയുടെ ഉള്ളിലെ ആശങ്കകൾ ആ വാക്കുകൾ കേട്ടതോടെ അലിഞ്ഞുപോയി. അവൻ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവൻ്റെ ചുണ്ടുകൾ അവളുടെ പവിഴച്ചുണ്ടുകളിൽ അമർന്നു. ആ ചുംബനത്തിൽ പ്രണയവും, പ്രതിജ്ഞയും ഒന്നായിക്കലർന്നു.
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമയത്തിന്റെ കനൽച്ചോപ്പ് മായ്ച്ച് താഴേക്ക് പതിച്ചതോടെ, ഗ്രാമത്തിലെ കുടിലുകളിൽ പന്തങ്ങളും എണ്ണവിളക്കുകളും മിന്നിത്തെളിഞ്ഞു. ആകാശത്ത് വിതാനിച്ച കാർമേഘപ്പടലങ്ങൾ നക്ഷത്രങ്ങളുടെ പ്രഭയെ മറച്ചിരുന്നെങ്കിലും, താഴെ സമുദ്രം ഒരു അപൂർവ്വ മാന്ത്രിക ലോകമായി മാറിയിരുന്നു. കടൽവെള്ളത്തിന് മുകളിൽ കോടിക്കണക്കിന് നീലക്കല്ലുകൾ വാരിവിതറിയതുപോലെ, ‘കവര്’ (Bioluminescence) കാരണം ആഴക്കടൽ ഇളം നീലനിറത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു. തിരമാലകൾ കരയിലേക്ക് അടിച്ചുയരുമ്പോൾ, നീലവെളിച്ചം വായുവിൽ കത്തിജ്വലിക്കുന്നതുപോലെ തോന്നിപ്പിച്ചു. അല്പം കഴിഞ്ഞപ്പോൾ, കാർമേഘങ്ങളുടെ വിടവിലൂടെ പ്രകാശപൂർണ്ണമായ പൂർണ്ണചന്ദ്രൻ ഉയർന്നുവന്നു. നിലാവിന്റെ ശീതളരശ്മികൾ നീലക്കടലിന് മുകളിൽ വീണപ്പോൾ, ആകാശത്തുനിന്നും സാഗരത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന ഒരു വെള്ളിപ്പാത തെളിഞ്ഞു.
മഗിഴിനിയുടെ കറുത്ത വലിയ കണ്ണുകളിൽ ആ കാഴ്ച കണ്ടതിന്റെ ആഹ്ലാദം കാണാമായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ മന്ത്രിച്ചു: “ഈ കരയിലെ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു. നമുക്ക് ഒന്നിച്ച്, ആരും കാണാത്ത ആ ആഴക്കടലിലേക്ക് ഒന്ന് പോയാലോ?”
അഭി അവളുടെ മുഖത്തേക്ക് നോക്കി ആർദ്രമായി പുഞ്ചിരിച്ചു. അവൻ അവളുടെ കൈകൾ ചേർത്ത പിടിച്ച് കരയിൽ കിടന്നിരുന്ന കൊച്ചു മരത്തോണിയുടെ അടുത്തേക്ക് അവരെ നയിച്ചു.
കുതിച്ചുയരുന്ന തിരമാലകൾ അവരുടെ പാദങ്ങളിൽ നീലവെളിച്ചത്തിന്റെ മുത്തുകൾ അണിയിച്ചു.
തോണിയിൽ മഗിഴിനിയെ ശ്രദ്ധയോടെ ഇരുത്തിയ ശേഷം, അഭി തുഴയെടുത്ത് സമുദ്രത്തിന്റെ ഒഴുക്കുകളെ കീറിമുറിച്ച് മുന്നോട്ട് തുഴഞ്ഞു. തുഴ വെള്ളത്തിൽ അമരുമ്പോഴെല്ലാം നീലനിറത്തിലുള്ള പ്രകാശത്തുള്ളികൾ ചിതറിത്തെറിച്ചുകൊണ്ടിരുന്നു. കരയിലെ കാവൽക്കാരുടെ പന്തവെളിച്ചങ്ങളും കുടിലുകളുടെ രൂപവും പതുക്കെ പതുക്കെ ദൂരേക്ക് മങ്ങിമറഞ്ഞു. ആഴക്കടലിലേക്ക് അവർ നീങ്ങിപ്പോയി. ചുറ്റും പ്രകാശമാനമായ നീലക്കടലും, തലയ്ക്കുമുകളിൽ വെള്ളിവെളിച്ചം ചൊരിയുന്ന പൂർണ്ണചന്ദ്രനും മാത്രം. പ്രകൃതിയുടെ ആ അപൂർവ്വ സൗന്ദര്യത്തിൽ അവർ രണ്ടുപേരും തനിച്ചായി. മഗിഴിനി തോണിയുടെ നടുവിൽ നിന്ന് പതുക്കെ എഴുന്നേറ്റ് അഭിയുടെ അടുത്തേക്ക് വന്നു. രാത്രിയിലെ തണുത്ത ഈർപ്പമുള്ള കടൽക്കാറ്റിൽ അവൾ ധരിച്ചിരുന്ന നേർത്ത പുടവ ശരീരത്തോട് പറ്റിപ്പിടിച്ചിരുന്നു. അരക്കെട്ടു വരെ നീളുന്ന കറുത്ത മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നീലവെളിച്ചത്തിന്റെയും നിലാവിന്റെയും സംഗമത്തിൽ അവൾ ഒരു ദേവതയെപ്പോലെ തിളങ്ങി.
“ഇവിടെ ആരുമില്ല മാമാ…” അഭിയുടെ തോളിൽ കൈവെച്ചുകൊണ്ട് അവൾ ആഴത്തിലുള്ള അനുരാഗത്തോടെ പറഞ്ഞു. “ഈ കടലും വാനിലെ ചന്ദ്രനും മാത്രമാണ് നമ്മുടെ സാക്ഷികൾ. ഈ നിമിഷത്തിൽ ഈ ലോകത്തിൽ നമ്മൾ മാത്രമേയുള്ളൂ.”
അഭി തുഴയുന്നത് നിർത്തി. തോണി ശാന്തമായി വെള്ളത്തിൽ ആടിയുലഞ്ഞു. അവൻ അവളെ തന്റെ കനത്ത നെഞ്ചിലേക്ക് അമർത്തിപ്പുണർന്നു. അവരുടെ ചുണ്ടുകൾ ഒന്നിച്ചപ്പോൾ, രാത്രിയിലെ തണുപ്പിനെ അലിയിച്ചുകളയുന്ന ഉഷ്ണതരംഗം അവിടെ രൂപപ്പെട്ടു. മഗിഴിനി തന്റെ വിരലുകൾ അഭിയുടെ കഴുത്തിൽ മുറുക്കിക്കൊണ്ട് ആ പ്രണയത്തിൽ പൂർണ്ണമായി ലയിച്ചുചേർന്നു.
