“എന്താ രണ്ടുപേരും കാര്യമായ ചർച്ച. എന്നെക്കുറിച്ചുള്ള പരദൂഷണം ആണോ?”
വാഹിദ് ചിരിച്ചുകൊണ്ട് തമാശ ചോദിച്ചു. ഇടതൂർന്ന നീണ്ട തലമുടിക്ക് താഴെ അവന്റെ പൗരുഷം നിറഞ്ഞ ഗൗരവമുള്ള മനോഹരമായ മുഖത്ത് ചിരി പ്രത്യക്ഷപ്പെടുമ്പോൾ, അല്പം ഉയർന്നു വിരിഞ്ഞു വരുന്ന കവിളുകൾ ചുവക്കുന്നതും, അല്പം കുറുക്കുന്ന ചെമ്പൻ നിറമുള്ള വലിയ പൂച്ചക്കണ്ണുകളും കവിളിൽ തെളിയുന്ന ചെറിയ നുണക്കുഴിയും കണ്ട രഞ്ജിനി അറിയാതെ കുറച്ച് നേരം അവനെ നോക്കി നിന്നുപോയി. അവൾ അറിയാതെ രമ്യയെ നോക്കിപ്പോയി.
“പിന്നല്ലാതെ. നാടുമുഴുവൻ കാമുകിമാരുള്ള നിന്റെ പരദൂഷണമല്ല പരസ്ത്രീദോഷം പറയുവായിരുന്നു.”
രമ്യ അവനെ കളിയാക്കി. അവൻ അറിയാത്ത രീതിയിൽ അവളുടെ പുറം തുടയിൽ നന്നായൊന്നു നുള്ളിയപ്പോൾ അവൾ സൂചിമുനയേറ്റത് പോലെ ഒന്ന് ഞെട്ടി. രഞ്ജിനി ഉള്ളത് കൊണ്ട് അവൾ ഒന്നും സംഭവിക്കാത്തത് പോലെ ഭാവിക്കുകയും ചെയ്തു. പക്ഷേ രഞ്ജിനിയുടെ മുഖം ഒന്ന് മങ്ങിയത് രമ്യയ്ക്ക് മനസ്സിലായപ്പോൾ അവൾക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്ന് രമ്യയ്ക്ക് മനസ്സിലായി.
“രഞ്ജു, ഇവനെ അധികം വിശ്വസിക്കേണ്ട ട്ടോ. മുഖത്തെ മാന്യത കാണുമ്പോ മനസ്സിലാവുന്നില്ലേ ആള് വെറും തരികിടയാണെന്ന്.”
രഞ്ജിനിയെ സംസാരത്തിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ അവൾ വിഷയം മാറ്റി. രഞ്ജിനി ചെറുതായി ചിരിച്ചുകൊണ്ട് വാഹിദിനെ കണ്ണെടുക്കാതെ നോക്കിയതേയുള്ളൂ, ഒന്നും പറഞ്ഞില്ല.
“എന്തായാലും നിന്നെപ്പോലൊരു തരികിടയുടെ കൂടിയതിനു ശേഷമേ ഞാനും തരികിടയായി മാറിയിട്ടുണ്ടാവൂ.”
വാഹിദ് രമ്യയോട് പറഞ്ഞു. അവൾ മുഖം കോട്ടി അവനെ കൊഞ്ഞനം കുത്തി. എന്നിട്ട് രഞ്ജിനിക്ക് നേരെ തിരിഞ്ഞു.
“രഞ്ജു, ഞാനെന്നാ വാഹിദിന്റെ കൂടെ പോയേക്കാം. ഏതായാലും കെട്യോൻ പൊട്ടൻ ഉടനെ വരുമെന്ന് തോന്നുന്നില്ല. നിങ്ങളെ ബുദ്ധിമുട്ടിക്കാതെ ഈ കൊരങ്ങൻ ഡ്രോപ്പ് ചെയ്തോളും.”
അതുകേട്ടപ്പോൾ രഞ്ജിനിയുടെ മുഖം ഒന്നുകൂടി മങ്ങി. അവൾ ചെറിയൊരു നിരാശ കലർന്നത് പോലെ രമ്യയെ നോക്കി. രമ്യയ്ക്ക് കാര്യം മനസ്സിലാവുകയും ചെയ്തു. രഞ്ജിനിയെ ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി അവൾ വാഹിദിന്റെ നേരെ തിരിഞ്ഞു.
“എടാ, ഈ ഫ്രൈഡേ നൈറ്റ് ജോലി കഴിഞ്ഞു നമുക്ക് രഞ്ജുന്റെ വീട്ടിലേക്ക് പോകാം. ഫ്രൈഡേ ആഫ്റ്റർനൂൺ എന്റെ പുള്ളിക്കാരാനും അമേരിക്കയ്ക്ക് പോകും. രണ്ടുദിവസം ഓഫ് അല്ലേ. നമുക്ക് രഞ്ജുവിന്റെ വീട്ടിൽ ക്യാമ്പ് ചെയ്യാം, എന്തേ.?”
രഞ്ജിനി നന്ദിയോടെ രമ്യയെ നോക്കി. അവളുടെ കണ്ണുകളിൽ കടപ്പാടിന്റ ഭാവം നിറഞ്ഞു നിൽക്കുന്നത് രമ്യയ്ക്ക് തിരിച്ചറിയാൻ സാധിച്ചു. രമ്യ വാഹിദിനെ നോക്കി കണ്ണുകൊണ്ട് ഓക്കേ അല്ലേ എന്ന് ചോദിച്ചു.
“ഓഹ്, അതിനെന്താ. നീ കൂടിയുണ്ടെങ്കിൽ എനിക്ക് ആ ചമ്മലൊന്നു മാറിക്കിട്ടുമല്ലോ. നമുക്ക് പോകാം.”
വാഹിദ് സമ്മതം പറഞ്ഞു. രഞ്ജിനിയും രമ്യയും പരസ്പരം നോക്കി ചിരിച്ചു. രഞ്ജിനി വളരെ ആഹ്ലാദവതിയായി. അവൾ കാറിനുള്ളിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് വാഹിദിനു നേരെ തിരിഞ്ഞു.
“രമ്യ ഇല്ലെങ്കിൽ വാഹിദിനു എന്റെ വീട്ടിൽ വരാൻ പറ്റില്ല അല്ലേ. ഓഹ്, നമ്മളൊക്കെ ഇച്ചിരി പ്രായം കൂടിപ്പോയില്ലേ, അതാവും വീട്ടിലേക്ക് വിളിച്ചിട്ടും കൂടെവരാൻ അത്ര വലിയ തിടുക്കമൊന്നും കാണാത്തത്, അല്ലേ രമ്യ.?”
“ഹേയ്.. എന്റെ ചെക്കൻ മുത്താണ്.അവൻ ആളുകളെ അങ്ങിനെ രണ്ടു കണ്ണിട്ടു നോക്കിക്കാണുന്ന ആളൊന്നും അല്ല. അല്ലേടാ വാഹിദ്. അധികം പരിചയം ഇല്ലാത്തവരോട് കൂടുതൽ ഇടപഴകുന്ന സ്വഭാവം ഇല്ലാത്ത പുള്ളിയാ. അല്ലേലും, ഈ ഓഫീസിൽ നിങ്ങളെക്കാൾ ചെറുപ്പം ഏതു പെണ്ണിനാണ്, അല്ലേ വാഹിദ്.?”
“ആ പറഞ്ഞത് സത്യം. സിനിമയിലോക്കെയേ ഇതുപോലെ ആകർഷണവും വശ്യതയുമുള്ള സ്ത്രീകളെ കണ്ടിട്ടുള്ളൂ. നാൽപ്പത്തഞ്ചു കഴിഞ്ഞതാണെന്ന് കണ്ടാലേ തോന്നില്ല.”
വാഹിദ് രഞ്ജിനിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തമാശയായി അവളുടെ പ്രായം എടുത്തു പറഞ്ഞു. രമ്യ ചെറുതായി പൊട്ടിച്ചിരിച്ചു. രഞ്ജിനി ദേഷ്യത്തോടെ വാഹിദിനെ നോക്കി.
