നനഞ്ഞ അടിവസ്ത്രം ഊരി കഴുകി കുടഞ്ഞ്, ചുരുട്ടി വച്ച മുണ്ടും ഷർട്ടും ധരിച്ച് രവി പുറത്തേക്കിറങ്ങി. അൽപ്പം മുൻപ് കണ്ട ജനങ്ങളിൽ നല്ലൊരു പങ്കും പിരിഞ്ഞ് പോയിരിക്കുന്നു. “അനിയൻ്റെ ധൈര്യം സമ്മതിച്ചു… ആ കിണറ്റിൽ വീണതോ ഇറങ്ങിയതോ ആയ ആരും ഇതുവരെ ജീവനോടെ തിരിച്ച് വന്ന ചരിത്രമില്ല…
മൂർഖൻ, അണലി എന്നിവയുടെ കേന്ദ്രമാണ് ആ പൊട്ടക്കിണർ… ” കൂട്ടത്തിൽ ഒരുവൻ പറഞ്ഞു. അത് കേട്ടതും, രവിയുടെ ഉള്ളൊന്ന് കാളി. ചുമ്മാ ആളാവാൻ ശ്രമിച്ച്, വടി ആയേനെ.
മനുഷ്യരിൽനിന്നും രക്ഷപ്പെടാൻ എളുപ്പമാണ്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത പാമ്പുകൾക്കെന്ത് രവിവർമ്മ !!! ആളുകളുമായി സോറപറഞ്ഞ് നിൽക്കുന്നതിനിടയിൽ, ഇളം മഞ്ഞ സാരിയിൽ ദേ.. അവർ.
മുടിയിൽ തോർത്ത് കെട്ടി, അന്നനടയുമായി !! അവരുടെ വരവിന് ആനച്ചന്തം. വന്ന ഉടനെ, കൂടിനിന്നവർക്കൊക്കെ ഇരുപതിൻ്റെ ഓരോ നോട്ടുകൾ കൊടുത്ത് പറഞ്ഞയച്ചു. എല്ലാവരും പോയപ്പോൾ, അവർ രവിക്കരികിൽ എത്തി.
“എന്നെ മരിക്കാൻ അനുവദിക്കാതെ, ഞാൻ ആഗ്രഹിക്കാത്ത ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന, പേരറിയാത്ത ഇയാൾക്ക് ദാ… ഇത്… ” കൈയിലുള്ള ബാക്കി
പൈസ രവിക്ക് നീട്ടി അവർ ചിരിച്ചു. “ഞാൻ എന്ത് ചെയ്തു എന്നാണ് പറയുന്നത്… ഒരാളുടെ ജീവൻ രക്ഷിച്ചു… അതിന് പഴിയോ?
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… ” രവി കുഴങ്ങി. “എടാ പൊട്ടാ… ഇത്രയും വലിയ വീടും, സമ്പത്തും, കാണാൻ അത്യാവശ്യം സൗന്ദര്യവും ഉള്ള ഞാൻ കിണറിൽ വീണെങ്കിൽ, അത് എന്തുകൊണ്ടാവും?
അത്.. അറിയാതെ വീണതോ അതോ അറിഞ്ഞുകൊണ്ട് വീണതോ… ” അവർ പറഞ്ഞുകൊണ്ടിരുന്നു. രവിക്ക് അതൊന്നും കേൾക്കാനുള്ള മൂഡ് ഉണ്ടായിരുന്നില്ല.
ആകെ, ഒരെത്തും പിടിയും ഇല്ലാതെ, പുറത്തേക്ക് നോക്കി രവി അന്തംവിട്ട് നിന്നു. “താൻ വാ…. ” അവർ ക്ഷണിച്ചു. രവി യാന്ത്രികമായി അവരെ അനുഗമിച്ചു.
ഇരുവരും ആ വലിയ വീട്ടിലേക്ക് പ്രവേശിച്ചു. “ഇയാൾ ഇരിക്ക്… ” അതും പറഞ്ഞ് അവർ വിലകൂടിയ സോഫയിൽ ചന്തിയമർത്തി. കൈയ്യിലെ ഷഡ്ഡി ചുറ്റിപ്പിടിച്ച് രവിയും ഇരുന്നു.
“ആ പൊതിയിങ്ങ് താ… ” അവർ അത് വാങ്ങി അകത്തേക്ക് പോയിട്ട്, പെട്ടെന്ന് തിരിച്ചുവന്നു. “എടോ… ഞാൻ പറഞ്ഞത് സീരിയസ് ആയൊന്നും എടുക്കേണ്ട…
ഞാൻ മരിക്കാനൊന്നും ചാടിയതല്ല… പക്ഷേ അറിഞ്ഞുകൊണ്ട് അവിടെ – ആ കിണറിന്നറികിൽ ഞാൻ പോയിട്ടുമില്ല… പക്ഷേ, എനിക്കറിയണം… ബെഡിൽ കിടന്നുറങ്ങിയ എന്നെ ആരാണ് കിണറിൻ്റെ അരികിൽ എത്തിച്ചത്…
അവരുടെ ഉദ്ദേശം എന്ത്… എങ്ങിനെ എത്തിച്ചു… താൻ എന്നെ സഹായിക്കുമോ… ” അവസാനം അതൊരു യാചനയുടെ സ്വരമായി മാറി.
രവിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. തെല്ല് മുൻപ് സംഭവിച്ച കാര്യങ്ങളിൽ ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നു. ഒന്നാന്തരം കള്ളനായ തന്നെ ഒരു പൊലീസ് ആക്കുവാനാണ് ഇവരുടെ ശ്രമം. അഥവാ, ഒരു പൊലീസ് ബുദ്ധി പ്രയോഗം !!!
കാലത്തിനും, നിയമത്തിനും മുന്നേ സഞ്ചരിക്കുന്ന മോഷ്ടാവായ തനിക്ക് ഒരുപക്ഷേ ഇവരെ സഹായിക്കാൻ കഴിയും. പക്ഷേ.. എന്തിന്? എന്താണ് അതുകൊണ്ടുള്ള പ്രയോജനം.
തൻ്റെ തൊഴിലിൽ ശ്രദ്ധിച്ച്, ആളുകളെ സഹായിച്ചും, കിട്ടുന്ന “അവസരങ്ങൾ” വിനിയോഗിച്ചും കാലം കഴിക്കുക. അത് പോരെ? “എന്താ ഒരു മൗനം??? ഒരു ജീവൻ രക്ഷിച്ചത് ഊരാക്കുടുക്ക് ആയി എന്ന് തോന്നുന്നുണ്ടോ???
എങ്കിൽ… അതൊക്കെ വിട്ടേക്കൂ…. നമുക്കൊന്ന് പരിചയപ്പെട്ടാലോ… ഞാൻ യാമിനി…
യാമിനി തങ്കച്ചി. ജോലി മിലിറ്ററിയിൽ നഴ്സ്. ഇപ്പോ… വിവാഹ മോചനം നേടി ഒറ്റയ്ക്ക്, ഈ വലിയ വീട്ടിൽ കുറച്ച് കാലത്തേക്ക് വന്നിരിക്കുന്നു.
ദാണ്ടേ… ആ വീട്ടിൽ എൻ്റെ അമ്മായിയമ്മ കഴിയുന്നു ” അവർ എതിർ ദിശയിലേക്ക് ചൂണ്ടി പറഞ്ഞു. ഒരുപക്ഷേ, ഇവരുടെ അമ്മായിയമ്മയാകും ഇവർക്കുവേണ്ടി പ്രാർത്ഥിച്ചത്. പക്ഷേ, അവർ എന്നിട്ട് എവിടെ പോയി???
“ഞാൻ രവി… രവിവർമ്മ… രവിനാഥ് വർമ്മ… തൊഴിൽ…
