ഓർമ്മകൾക്കപ്പുറം – 3 1

ഇപ്പൊ ഉള്ള ദേഷ്യത്തിന് എന്തെങ്കിലും ചെയ്താൽ അത്‌ കൂടുതൽ അപകടം ആയേക്കും. ആദ്യം ആരോഗ്യം വീണ്ടെടുക്കണം. എതിരാളികൾ ആരാണെന്ന് അറിയില്ലെങ്കിലും അവർ ശക്തർ തന്നെ ആയിരിക്കും.

കുറച്ച് നേരം കൂടി സംസാരിച്ചു നിന്നിട്ട് ഡ്യൂട്ടി ടൈം കഴിഞ്ഞതിനാൽ പൂജ റൂമിലേക്ക്‌ പോയി. മിഴി അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു. തമ്മിൽ മിണ്ടാൻ രണ്ട് പേർക്കും തോന്നിയില്ല അവനും മനസ്സിൽ ഓരോന്ന് കണക്കുകൂട്ടികൊണ്ടിരുന്നു.
അരമണിക്കൂർ കഴിഞ്ഞു കാണും, മിഴി അവളുടെ ഫോണിൽ എന്തോ സേർച്ച്‌ ചെയ്തിട്ട് അതുമായി ജനലിനരികിൽ നിന്ന എക്സിനടുത്തേക്ക് ചെന്നു.

“എക്സ്…” അവൾ തെല്ലൊരു സങ്കോചത്തോടെ അവനെ വിളിച്ചു. അത്‌ കേട്ട് അവൻ തിരിഞ്ഞു നോക്കി.

“എക്സ്, ഇത്കാണ്ടോ നീ… നോക്കിക്കേ.” അവൾ ആ ഫോൺ അവനു നേരെ നീട്ടി. അതിൽ പക്ഷികൾ പറക്കുന്ന ടാറ്റൂ ഒട്ടിച്ച കൈകളുടെ ചിത്രങ്ങൾ അവൻ കണ്ടു. പക്ഷേ അവൾ എന്താണ് ഉദ്ദേശിച്ചത് എന്നവന് മനസിലായില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കി.

“ഈ ചിത്രങ്ങൾ എല്ലാം കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു? എന്തെങ്കിലും സാമ്യത തോന്നുന്നുണ്ടോ?” അവളുടെ ചോദ്യം കേട്ട് അവൻ അതിലെ ഓരോ ചിത്രങ്ങളും എടുത്ത് നോക്കി. എല്ലാം വ്യത്യസ്ത ഡിസൈൻ, ചിലതിൽ നിറങ്ങൾ ഉണ്ട് മറ്റു ചിലതിൽ ഒരു വർണ്ണം മാത്രം. കാലിലും കയ്യിലും കഴുത്തിലും ഒക്കെ പക്ഷികൾ പറക്കുന്നത് പച്ച കുത്തിയിരിക്കുന്നു. എന്നാൽ അതിൽ സാമ്യത ഒന്നും അവനു മനസിലാക്കാൻ സാധിച്ചില്ല.

“ഇതിൽ എല്ലാം എന്താ സാമ്യത..?”

“നീ ഒരു കാര്യം ശ്രദ്ധിച്ചോ ഇതിൽ കാണുന്നത് എല്ലാം ഏതൊക്കെയോ സ്ത്രീകളുടെ ശരീരഭാഗങ്ങൾ ആണ്. അതായത് ഇത്തരം ഡിസൈൻ കൂടുതൽ യൂസ് ചെയ്യുന്നത് സ്ത്രീകൾ ആണ്. അങ്ങനെ ആണെങ്കിൽ നിന്റെ ഓർമ്മയിൽ തെളിയുന്ന കയ്യും ഒരു സ്ത്രീയുടെ ആവാൻ അല്ലേ സാധ്യത?” മിഴി പറഞ്ഞത് കേട്ട് അവൻ വേഗം വീണ്ടും എല്ലാ ഫോട്ടോസും എടുത്ത് നോക്കി.

ശെരിയാണ്… ഇതെല്ലാം സ്ത്രീകളുടെ കൈകളും കാലുകളും ആണ്. അവനു അതൊരു പുത്തൻ ഉണർവ് നൽകി, താൻ ശെരിയായ ദിശയിൽ തന്നെ ആണ് പോകുന്നത് എന്നവന് തോന്നി.

“കൊള്ളാല്ലോ നീ… നല്ല ഒബ്സർവേഷൻ ആണല്ലോ വല്ല ഡിക്റ്റക്റ്റീവ് പണിക്ക് പൊക്കുടേ ഇവിടെ ഇങ്ങനെ ഇരിക്കാതെ!!!!” അവർ രണ്ടും ചിരിച്ചു. അത്രനേരം അവർക്കിടയിൽ തളം കെട്ടി നിന്ന മൗനം അങ്ങനെ ഒഴിവായി.

“സ്ത്രീ തന്നെ ആവാൻ ആണ് അപ്പൊ സാധ്യത… ഇനി അത്‌ ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. പക്ഷേ എങ്ങനെ…?” അവർ തമ്മിൽ നോക്കികൊണ്ട് ചോദിച്ചു.
**************************** കല്യാൺ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു ചേരി… എല്ലാ തരം കുറ്റവാളികളും സ്വയ്ര്യവിഹാരം നടത്തുന്ന ഈ ഇടം അസ്‌ലാൻ എന്ന ഒരു ഗുണ്ടാ നേതാവിന്റെ കൺട്രോളിൽ ആണ്. അതിനാൽ തന്നെ പുറമെ നിന്ന് ഒരാൾക്ക് ഇവിടേക്ക് കടക്കുക എന്നത് ചിന്തിക്കാൻ ആവാത്ത ഒന്നാണ്.

നാലുപേർ ചേർന്ന് രണ്ട് കയ്യിലും കാലിലും പിടിച്ച് ഒരു പെണ്ണിനെ തൂക്കികൊണ്ടുവന്ന് ഒരു ഹാളിലേക്ക് വീശിയെറിഞ്ഞു. അവളുടെ ശരീരം തറയിൽ ഇടിച്ചുയർന്ന് മൂന്നു വട്ടം ഉരുണ്ട് നിശ്ചലമായി. പിടഞ്ഞെഴുനേക്കാൻ നോക്കിയ അവളുടെ മുടിക്കുത്തിൽ പിടിച്ച് അതിൽ ഒരുവൻ വലിച്ചിഴച്ചു അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തനു മുന്നിൽ കൊണ്ടിട്ടു.

അയാൾ മെല്ലെ തറയിൽ ഒരു മുട്ട് കുത്തി അവളുടെ അടുത്ത് നിന്നു.

“എങ്ങോട്ടാ എന്റെ പൊന്നുമോൾ ഓടി രക്ഷപെടാൻ നോക്കിയത്? ഈ ചേട്ടന്മാർക്ക് ഒക്കെ ഞാൻ കാശും കൊടുത്ത് ഇവിടെ നിർത്തിയിരിക്കുന്നത് നിങ്ങളെ ഇവിടെ ഒരു കുറവും വരുത്താതെ പൊന്നു പോലെ നോക്കാൻ അല്ലേ? അപ്പൊ എന്റെ മോൾ ഇങ്ങനെ ഓടി രക്ഷപെടാൻ നോക്കിയാൽ എനിക്ക് ആ കാശ് നഷ്ടം അല്ലേ?” അയാൾ ക്രൗര്യമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

അയാളുടെ മുഖം പതിയെ അവളുടെ അടുത്തേക്ക് വന്നതും അവൾ ഒരു ചീറ്റ പുലിയെ പോലെ ചീറി വെട്ടിത്തിരിഞ്ഞു.

“കഴുവേർടെ മോളെ വന്ന അന്ന് മുതൽ ഞാൻ നിന്നെ നോക്കി വെച്ചേക്കുവാ, ഇവിടെ ഉള്ള ബാക്കി പെണ്ണുങ്ങൾക്ക് ഇല്ലാത്ത നിന്റെ ധൈര്യോം സാമർഥ്യവും…. കൊന്നു തള്ളാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, നിനക്കൊക്കെ ജീവൻ ഉണ്ടെങ്കിലേ എന്നെപോലെ ഉള്ളവർക്ക് നിന്നെയൊക്കെ വിറ്റ് കാശാക്കാൻ പറ്റു. അത്കൊണ്ട് മാത്രമാണ് നീ ഇപ്പഴും എന്റെ മുന്നിൽ കിടന്നു ഇങ്ങനെ ചീറുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *