“ആൻസി ഞാൻ റെഡി ആണുട്ടോ. ഇന്ന് സൈക്കിൾ ഒന്ന് വാകടക്കു എടുക്കാൻ പോകാമായിരുന്നു.” ഞാൻ അവളോട് പറഞ്ഞു. “ഈ നേരത്തോ? നേരം ഒന്ന് വെളുത്തതല്ലേ ഉള്ളു. കഥയൊക്കെ ഒന്ന് തുറക്കട്ടെടാ. നമുക്കൊരു പത്തുമണിയാകുമ്പോ പോകാം. എന്തെ?” അവൾ പറഞ്ഞു. ഞാൻ സമയം നോക്കി. എട്ടുമണി കഴിഞ്ഞേ ഉള്ളു. ആ എന്തായാലും സാരമില്ല കാപ്പികുടിയൊക്കെ കഴിഞ്ഞു ഇവൾ റെഡി ആകുമ്പോഴേക്കും അത്രയും സമയം എന്തായാലും എടുക്കും.
“ഡാ… അപ്പോഴേക്കും നീ പോയി നല്ല പോത്തു ഒരു കിലോ വാങ്ങിച്ചോണ്ട് വാ… ഇന്ന് അത് ഉലർത്താം. കപ്പയും മേടിച്ചോ. പൈസ ആ ഫ്രിഡ്ജ്നു മുകളിൽ ഉണ്ട്. ഇവളുടെ സൈക്കിൾ എടുത്തോണ്ട് പോയിട്ട് വാ.” കുഞ്ഞ എനിക്ക് വീണ്ടും പണി തന്നു. പക്ഷെ അതൊട്ടും തന്നെ ബുദ്ധിമുട്ടായിട്ടു എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞ വയ്ക്കുന്ന പോത്തു ഉലർത്തിയത് ഒരു ഒന്നൊന്നര ഐറ്റം ആണ്. അതിനെ തോൽപ്പിക്കാൻ വേറെ ഒന്നും ഇല്ല. അല്പം കള്ളും വേണം. പണ്ടും വീട്ടിൽ കുഞ്ഞ പോത്തു ഉലർത്തിയത് വെയ്ക്കുമ്പോ നല്ല ഫ്രഷ് തെങ്ങിൽ കള്ളും വാങ്ങും. ഞങ്ങൾക്കൊക്കെ കുടിക്കാൻ തരും. ബാക്കിവരുന്നത് കള്ളപ്പം ഉണ്ടാക്കാനായി എടുക്കും.
“ഡാ അവിടെ അവറാച്ചൻ ചേട്ടൻ്റെ റേഷൻ കടയുണ്ട്. അവിടെ പറഞ്ഞാൽ നല്ല തെങ്ങിൽ കള്ളും കിട്ടും. അച്ചായിയുടെ പേര് പറഞ്ഞാൽ മതി. അവർ ഇങ്ങു കൊണ്ട് തന്നോളും. ഇപ്പൊ ചെത്താൻ കേറിയിട്ടുപോലും ഉണ്ടാവില്ല.” കുഞ്ഞ പറഞ്ഞു. “കള്ളെത്ര വേണം.” ഞാൻ ഒരു ചെറിയ സന്തോഷത്തോടെ ചോദിച്ചു. “ഒരു കുപ്പി മതിയാവും.” കുഞ്ഞ പറഞ്ഞു. “ഒരു കുപ്പിയോ? അതിലെന്താവാനാ? നമ്മൾ നാലുപേരില്ലെ?” ഞാൻ അല്പം ആശങ്കയോടെയാ ചോദിച്ചേ. “അയ്യടാ.. നീ എന്താ ഇവിടെ കുടിച്ചു കൂത്താടാനാണോ ഭാവം.” കുഞ്ഞ ചെറിയ ഒരു ചിരിയോടു ചോദിച്ചു. “അതല്ല… കുഞ്ഞയുടെ പോത്തു ഉലർത്തിയത് ആസ്വദിക്കണമെങ്കിൽ കള്ളുവേണം എന്ന് മനസ്സിൽ ഞാൻ ആലോചിച്ചതേയുള്ളു.” ഞാൻ മെല്ലെ പറഞ്ഞു.
“എടാ നീ അവിടെ ഇരിക്കുന്ന കന്നാസു കൊണ്ട് കൊടുത്തിട്ടു പറഞ്ഞ മതി… അവർക്കറിയാം. അവര് തന്നോളും. നീ വിഷമിക്കണ്ട.” കുഞ്ഞ കളിയാക്കിക്കൊണ്ട പറഞ്ഞത്.
ഞാൻ സന്തോഷത്തിൽ കന്നാസും കൊടുത്തു പോത്തും, കപ്പയും മേടിച്ചു പെട്ടെന്ന് വന്നു. അപ്പോഴേക്കും പ്രാതൽ മേശപ്പുറത്തെത്താൻ പകമായിക്കഴിഞ്ഞിരുന്നു. ഞാൻ പോയി കൈയും കഴുകി മേശപ്പുറത്തെത്തി. അപ്പോഴേക്കും കുരുന്നു കാന്താരിയും എഴുന്നേറ്റിരുന്നു. അതൊക്കെ കഴിച്ചു കഴിചിട്ടു ആൻസി കുളിക്കാൻ പോയി. പത്തേകാലായപ്പോഴേക്കും ഞങ്ങൾ അവളുടെ സൈക്കിൾ എടുത്തു സൈക്കിൾ കടയിലേക്ക് പോയി. “മമ്മി ഞങ്ങൾ ഒന്ന് കറങ്ങിയിട്ടൊക്കെ ഇങ്ങു വരൂ…” ആൻസി ഇറങ്ങാൻ നേരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ആ ശരി…” അടുക്കളയിൽ നിന്നും മങ്ങിയ ഒച്ചയിൽ കുഞ്ഞയുടെ ശബ്ദം.
ഞങ്ങൾ പോയി ഒരു നല്ല സൈക്കിൾ നോക്കി വാടകക്ക് എടുത്തു. ഇവരെ എല്ലാവരെയും ഇവിടുള്ളവർക്കു നല്ലപോലെ അറിയാവുന്നതുകൊണ്ട് കൂടുതൽ ഒന്നും ചോദിച്ചില്ല. ഒരു മാസത്തേക്ക് ഇരുന്നൂറ്റന്പത് രൂപ. അടുത്ത മാസം വേണേൽ വീണും സൈക്കിൾ മാറ്റി എടുക്കലോ എന്ന് ചിന്തിച്ചു. കാറ്റൊക്കെ അടിച്ചു ബ്രേക്കും പരിശോധിച്ചിട്ടു ഞങ്ങൾ അവിടുന്ന് സൈക്കിളിൽ കയറി യാത്ര തുടങ്ങി. ഞാൻ അവളുടെ കൂടെ അവളെ പിന്തുടർന്ന് പോവുകയാ. “എങ്ങോട്ടടി നമ്മൾ പോണേ?” ഞാൻ ചോദിച്ചു. “നമ്മുടെ ഒരു റബ്ബർ തോട്ടമുണ്ട് കുറച്ചപ്പുറത്തു. അവിടെ ഒരു കുളവും ഉണ്ട്. വേണേൽ മീൻ പിടിക്കാം.” അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കൂടുതൽ ഉത്സാഹം തോന്നി.
വഴിയൊക്കെ അധികം കുണ്ടും കുഴിയും ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ആ തോട്ടത്തിൻ്റെ അടുത്ത് എത്തി. ഒരു ഗേറ്റും ഉണ്ടവിടെ. അതുവഴി ഉള്ളിൽ കുറെ വീണ്ടും പോയി. മുഴുവനും കാട്ടിലൂടെ പോകുന്ന ഒരു പ്രതീതി. കുറെ അങ്ങകലെയായി റബ്ബർ ഷീറ്റടിക്കുന്ന ഒരു കൂര കണ്ടു. അവിടെ വരെ എത്തിയപ്പോഴേക്കും ഞങ്ങൾ രണ്ടും അല്പം കിതച്ചു. “ഇതെത്ര വലിപ്പമുണ്ട് ഈ തോട്ടം.” ഞാൻ അവളോട് ചോദിച്ചു. “ഇത് ഏതാണ്ട് അഞ്ചു ഏക്കറാണ്. ഇനിയും ഉണ്ട് ഉള്ളിലോട്ടു. കുറെ ചെന്ന് കഴിയുമ്പോൾ നടുക്കൊരു വലിയ കുളം ഉണ്ട്. അതിൻ്റെ അടുത്ത് പണ്ട് ഏലം കൃഷി ഉണ്ടായിരുന്നപ്പോ കുത്തിയ കുളമാണ്. പക്ഷെ ഇപ്പോഴും നല്ല വെണ്ണമുണ്ട്.” അവൾ എല്ലാം എനിക്ക് വിവരിച്ചു തന്നു.
