ഓർമ്മകൾക്കപ്പുറം – 5

ഒരു നിമിഷം അവർ രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു. അവൻ നോക്കി നിൽക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. എന്ത് കൊണ്ടോ എന്തോ അവന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയി.
അവൾ ഓടി വന്ന് എക്സിനെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി നെഞ്ചിൽ തല ചായ്ച്ചു വിങ്ങിപ്പൊട്ടി. അവൻ കണ്ടു… അവളുടെ കയ്യിലെ പച്ച കുത്തിയ പറവക്കൂട്ടത്തെ.

“ഏട്ടാ….” അവളുടെ ആ വിളി കേട്ട് അവൻ ചലനമറ്റു നിന്നുപോയി. കയ്യും കാലും ഒക്കെ തളരുന്ന പോലെ.

“ഏട്ടനെ അന്ന് അവർ കൊന്നു എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടത് അവർ ഏട്ടനെ തൂക്കി കാട്ടിലേക്ക് എറിയുന്നത് ആണ്.” അവൾ കരഞ്ഞുകൊണ്ട് അത്രയും പറഞ്ഞു ഒപ്പിച്ചു.

“ഏട്ടൻ…. അതെ ഞാൻ ഇത്രനാൾ തേടി നടന്നത് വെറും ഒരു പെണ്ണിനെ ആയിരുന്നില്ല, എന്റെ സ്വന്തം അനിയത്തിയെ തന്നെ ആയിരുന്നു. ഒറ്റ രാത്രികൊണ്ട് അനാഥൻ ആണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഒരു കുഞ്ഞിപ്പെങ്ങളെ കിട്ടിയിരിക്കുന്നു.” എക്സിന്റെ കൈകൾ യാന്ത്രികമായി അവളെ വലയം ചെയ്തു.

“മോളെ…” എക്സിന്റെ ശബ്ദം ചിലമ്പിച്ചു പോയി. അവന്റെ വിളി കേട്ടതും അവളുടെ കരച്ചിലിന് ശക്തി കൂടി. ട്രെയിൻ അപ്പോഴും ഓടിക്കൊണ്ടേ ഇരുന്നു.

“എനിക്ക്… എനിക്ക് നിന്നോട് ഒരുപാട് കഥകൾ പറയാനുണ്ട്, എല്ലാം മനസ്സിലാക്കി എടുക്കാനും അതൊക്കെ ഉൾക്കൊള്ളാനും നിനക്ക് കുറച്ച് സമയം വേണ്ടി വരും. പക്ഷേ അതിനൊക്കെ മുൻപ് എനിക്ക് ഇവിടെ എന്താണ് നടക്കുന്നത് എന്ന് നീ പറഞ്ഞു തരണം.” രണ്ട് പേരുടെയും കരച്ചിൽ തെല്ലൊന്ന് അടങ്ങിയപ്പോൾ അവൻ ചോദിച്ചു.

“കഥകൾ എനിക്കും ഒരുപാട് പറയാനുണ്ട്, അതിന് മുൻപ് ഏട്ടൻ ഇത് കാണ്.” അവൾ അവനിൽ നിന്നും വിട്ടകന്നിട്ട് വേഗത്തിൽ നടന്ന് ഓരോ വരിയിലെയും ലൈറ്റിന്റെ സ്വിച്ച് ഇട്ടു. കംപാർട്മെന്റിൽ മുഴുവൻ വെളിച്ചം വീണു. എന്നാൽ ആ കാഴ്ചകൾ കണ്ട് അവൻ തരിച്ചു നിന്നുപോയി.

കുറെ പെൺകുട്ടികളുടെ കൈ പുറകിലേക്ക് വലിച്ചു കെട്ടി വായിൽ തുണി തിരുകി ഓരോ സീറ്റിലും കിടത്തിയിരിക്കുന്നു. ആർക്കും അനക്കമില്ല. ബോധം കെടുത്തി ഇട്ടേക്കുന്നത് ആയിരിക്കണം അവൻ ഊഹിച്ചു.

“എ.. എന്താ ഇത്…? ആരാ ഇവരൊക്കെ?” എക്സിന് ആകാംഷ അടക്കാനായില്ല.

“എല്ലാം ഞാൻ പറയാം. അതിന് മുൻപ് നമുക്ക് ഈ ട്രെയിനിൽ നിന്ന് ഇറങ്ങണം. ഇവന്മാരെ എല്ലാം ആദ്യം നമുക്ക് ഇത്പോലെ അനക്കം ഇല്ലാതെ ആക്കണം. എന്നാലേ നമുക്ക് രക്ഷപെടാൻ പറ്റു. അടുത്ത സ്റ്റേഷൻ പൂനെ ആണ്. അവിടെ നിന്നും ഇവരുടെ ആളുകൾ ഇനിയും കേറും അതിന് മുൻപ് നമുക്ക് ഇതിൽ നിന്ന് ഇറങ്ങണം, സമയം ഒട്ടും കളയാൻ ഇല്ല ഏട്ടൻ വാ.” അവൾ കാര്യങ്ങളുടെ ഒരു ഏകദേശ രൂപം നൽകി.
“പക്ഷേ ഇവന്മാരെ എങ്ങനെ ബോധം കെടുത്തും?”

“ബോധം കെടുത്താൻ ഉള്ള മരുന്നൊക്കെ അവന്മാരുടെ കയ്യിൽ തന്നെ ഉണ്ട്. അതുവെച്ചാണ് ഇത്രനാൾ ഞങ്ങളെ എല്ലാവരെയും മയക്കി ഇട്ടിരുന്നത്. ഇന്ന്‌ അതിന്റെ സുഖം അവർക്ക് ഞാൻ അറിയിച്ചു കൊടുക്കും.” അവൾ ഒരു സീറ്റിന് താഴെ വെച്ചിരുന്ന ഒരു പെട്ടി കാലുകൊണ്ട് തോണ്ടി വെളിയിലേക്ക് ഇട്ടു. അത്‌ തുറന്നതും അതിൽ കുറച്ച് സിറിഞ്ചും കുറച്ച് ചെറിയ കുപ്പികളിൽ ആയി എന്തോ ഒരു മരുന്നും അവൻ കണ്ടു.

അവൾ ഒട്ടും സമയം കളയാതെ തന്നെ ഒരു സിറിഞ്ചിൽ മരുന്ന് നിറച്ചു, രണ്ട് മരുന്നുകുപ്പി കയ്യിലും എടുത്ത് അവനരുകിലേക്ക് ചെന്നു. “വാ.. പിടിക്ക് അവന്മാരെ, ഞാൻ കുത്താം.”

പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അടികൊണ്ട് തളർന്നു കിടന്ന 5 പേർക്കും അവൾ ആ മരുന്ന് ഇൻജെക്ട് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവരെല്ലാം മയങ്ങി വീണു. എല്ലാവരെയും അവർ രണ്ടുപേരും ചേർന്ന് ബാത്‌റൂമിൽ കൊണ്ടിട്ടു ലോക്ക് ചെയ്തു. അവൾ അവരുടെ മൊബൈൽ ഫോൺ എല്ലാം എടുത്ത് സ്വിച്ച് ഓഫ്‌ ആക്കി പുറത്തേക്ക് എറിഞ്ഞു.

“പൂനെ എത്താൻ ഇനി അധികം സമയം ഇല്ല ഇവരെയെല്ലാം ഞാൻ ഇപ്പൊ ഉണർത്താം എന്നിട്ട് നമുക്ക് ചെയിൻ വലിക്കാം വണ്ടിയുടെ.” അവൾ എക്സിനെ നോക്കി പറഞ്ഞു. അവൻ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ മറ്റൊരു സിറിഞ്ചുമായി ചെന്ന് ആ പെട്ടിയിൽ നിന്ന് ഒരു മരുന്നെടുത്തു സിറിഞ്ചിൽ നിറച്ചു ഓരോ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്ന് അവരുടെ കൈയിൽ കുത്താൻ തുടങ്ങി. അവൻ ആ സമയം ആ കുട്ടികളുടെ കയ്യിലെ കെട്ടഴിക്കാൻ തുടങ്ങി.

“ഇത്ര ബോൾഡായ ഒരുവൾ ആണ് എന്റെ പെങ്ങൾ, എന്നാൽ ഇവളുടെ പേര് പോലും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ… ഇപ്പൊ സാഹചര്യം ശെരിയല്ല, ഇവിടുന്ന് രക്ഷപ്പെട്ടാൽ ഉടൻ തന്നെ ഇവളോട് കാര്യങ്ങൾ ഒക്കെ വിശദമായി പറയണം.” അവൻ മനസ്സിൽ ആലോചിച്ചു.

അല്പസമയം കൊണ്ട് അവൾ എല്ലാവർക്കും മരുന്ന് ഇൻജെക്ട് ചെയ്തു. ഓരോരുത്തരും പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. “ഏട്ടാ.. ഈ മരുന്നിന്റെ ഹാങ്ങ്‌ ഓവർ മാറി വരാൻ ഒരു 10 മിനിറ്റ് എടുക്കും എന്നാൽ നമുക്ക് കളയാൻ സമയമില്ല എല്ലാവരുടെയും മുഖത്ത് കുറച്ച് വെള്ളം തളിക്കാം അപ്പൊ വേഗം തന്നെ ഉണരും.” അവൾ പറഞ്ഞതും എക്സ് വേഗം ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി എടുത്ത് പൈപ്പിൽ നിന്ന് വെള്ളം നിറച്ചു ഓരോരുത്തരുടെയും മുഖത്തേക്ക് ശക്തിയായി തളിച്ചു.
വെള്ളം വീണതും എല്ലാവരും വേഗം ഉണരാൻ തുടങ്ങി. ഉണർന്നവർ എല്ലാം പേടിച്ചു തമ്മിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവരെയെല്ലാം ആശ്വസിപ്പിക്കാൻ അവൾ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു.

എല്ലാവരുടെയും മുഖത്തെ ഭാവം കണ്ട് എക്സിന് ഒരു കാര്യം മനസിലായി. ഇതുവരെ കണ്ടതും കേട്ടതും ഒന്നും ഒന്നുമല്ല. തന്റെ പെങ്ങൾ ഉൾപ്പടെ ഈ പെൺകുട്ടികൾ എല്ലാം തന്നെ എന്തോ ഒരു കൊടിയ ആപത്തിൽ നിന്നാണ് ഇപ്പൊ രക്ഷപെട്ടു വരുന്നത്.

രക്ഷപെട്ടോ..? ഇല്ല അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല കാരണം ഇനിയാണ് പ്രശ്നങ്ങൾ ഒക്കെയും തുടങ്ങുന്നത് എന്ന് മനസ്സ് പറയുന്നു.

“ജാനകീ… ദേ ഇത് കണ്ടോ…” രാധികയുടെ വിളിയാണ് എക്സിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

“ജാനകി… എന്റെ അനിയത്തിയുടെ പേര്…” അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേപോലെ തന്നെ അമർഷവും. സ്വന്തം കൂടപ്പിപ്പിന്റെ കൂടെ ഉള്ള ഒരു നേരിയ ഓർമ പോലും തന്റെ മനസ്സിൽ തെളിയുന്നില്ലല്ലോ എന്നോർത്ത്.

രാധികയുടെ വിളി കേട്ട് വന്ന ജാനകി കണ്ടത് ഒരു സീറ്റിന് അടിയിൽ കൈ കാലുകൾ കെട്ടി വായിൽ തുണി തിരുകി മയക്കി കിടത്തിയ ഒരാളെ ആണ്.

“ഇയാൾ ആ ജേർണലിസ്റ്റ് അല്ലേ… അതെ എനിക്ക് ഓർമ്മയുണ്ട് ഇയാളെ.” ജാനകി പെട്ടന്ന് തന്നെ അയാളെ ഓർത്തെടുത്തു.

“രാധികേ നീ ആ മരുന്ന് ഇങ്ങ് എടുത്തേ. ഏട്ടാ…” അവൾ എക്സിന് നേരെ തിരിഞ്ഞു അവനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *