രക്ഷപെട്ടോ..? ഇല്ല അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല കാരണം ഇനിയാണ് പ്രശ്നങ്ങൾ ഒക്കെയും തുടങ്ങുന്നത് എന്ന് മനസ്സ് പറയുന്നു.
“ജാനകീ… ദേ ഇത് കണ്ടോ…” രാധികയുടെ വിളിയാണ് എക്സിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
“ജാനകി… എന്റെ അനിയത്തിയുടെ പേര്…” അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേപോലെ തന്നെ അമർഷവും. സ്വന്തം കൂടപ്പിപ്പിന്റെ കൂടെ ഉള്ള ഒരു നേരിയ ഓർമ പോലും തന്റെ മനസ്സിൽ തെളിയുന്നില്ലല്ലോ എന്നോർത്ത്.
രാധികയുടെ വിളി കേട്ട് വന്ന ജാനകി കണ്ടത് ഒരു സീറ്റിന് അടിയിൽ കൈ കാലുകൾ കെട്ടി വായിൽ തുണി തിരുകി മയക്കി കിടത്തിയ ഒരാളെ ആണ്.
“ഇയാൾ ആ ജേർണലിസ്റ്റ് അല്ലേ… അതെ എനിക്ക് ഓർമ്മയുണ്ട് ഇയാളെ.” ജാനകി പെട്ടന്ന് തന്നെ അയാളെ ഓർത്തെടുത്തു.
“രാധികേ നീ ആ മരുന്ന് ഇങ്ങ് എടുത്തേ. ഏട്ടാ…” അവൾ എക്സിന് നേരെ തിരിഞ്ഞു അവനെ വിളിച്ചു.
“ഏട്ടാ, ഇയാൾ ഒരു ജേർണലിസ്റ്റ് ആണ് ഇയാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്ക് അറിയാത്ത പലതും ഇയാൾക്ക് അറിയാം. ഇയാളെ കൂടെ ഇവിടുന്ന് രക്ഷിക്കണം.”
“ശെരി.. അധികം സമയം ഇല്ല മിക്കവാറും 15 മിനിറ്റിനുള്ളിൽ പൂനെ എത്തും ഇപ്പൊ തന്നെ നമ്മൾ വൈകി ജാനകി. ഞാൻ ചെയിൻ വലിക്കാൻ പോകുവാ.” ജാനകി എന്ന് അവന്റെ വായിൽ നിന്ന് കേട്ടതും അവൾ എന്തോ അത്ഭുതം പോലെ അവനെ ഒന്ന് നോക്കി. “എന്തെ? എന്ത്പറ്റി..?” അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു. “ഒന്നുല്ല ആദ്യായിട്ട ഏട്ടൻ എന്നെ ജാനകി എന്ന് വിളിക്കണത്. അത് കേട്ട് നോക്കിയതാ.” അവളുടെ ആ മറുപടി അവന്റെ നെഞ്ചിൽ തുളഞ്ഞു കയറിയ പോലെ തോന്നി. എന്നാൽ അപ്പോഴേക്കും രാധിക അയാളെ ഉണർത്താൻ ഉള്ള മരുന്നുമായി എത്തിയിരുന്നു.
എക്സ് ചെയിൻ വലിക്കാൻ ആയി മുന്നോട്ട് നടന്നതും ട്രെയിൻ പെട്ടന്ന് ഒന്ന് സ്ലോ ആയി. അവൻ വേഗം ഡോറിൽ കൂടി പുറത്തേക്കു നോക്കി. അങ്ങിങ്ങായി ലൈറ്റിന്റെ എണ്ണം കൂടി കൂടി വരുന്നു. വണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അല്പം അകലെയായി ഏതോ ഒരു സ്റ്റേഷന്റെ ലൈറ്റ് കാണാം. ലക്ഷണം കണ്ടിട്ട് വണ്ടി അവിടെ നിർത്താൻ ചാൻസ് ഉണ്ട്. എക്സ് പെട്ടന്ന് തന്നെ അകത്തേക്ക് ഓടി.
“എല്ലാവരും റെഡി ആയിക്കോ… നമ്മൾ ഇവിടെ ഇറങ്ങുന്നു. പൂനെക്ക് മുന്നേ ഉള്ള ഏതോ ചെറിയ സ്റ്റേഷൻ ആണ്. നിങ്ങൾ എല്ലാവരും ഈ ബോഗിയുടെ 4 ഡോറിൽ കൂടി ഇറങ്ങണം ഒരു ഡോറിൽ കൂടി ഇറങ്ങിയാൽ ഒരു പക്ഷേ ആർകെങ്കിലും സംശയം തോന്നാം. അഥവാ ട്രെയിൻ ഇവിടെ നിർത്തിയില്ല എങ്കിൽ ഞാൻ ചെയിൻ വലിക്കും അപ്പോഴേക്കും എല്ലാവരും ചാടി ഇറങ്ങണം. ചെയിൻ വലിച്ചാൽ അലാറം അടിക്കും എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്ക് ആവും അത്കൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ഇവിടെ നിന്ന് ഇറങ്ങി രക്ഷപ്പെടണം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവരും തയ്യാറായി 4 ഡോറിനു അടുത്തും സ്ഥാനം പിടിച്ചു.
അപ്പോഴേക്കും ആ ജേർണലിസ്റ്റ് മയക്കം വിട്ട് എഴുനേറ്റ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.
“പേടിക്കണ്ട… നമ്മൾ അവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പോകുവാണ്. ഞാൻ ജാനകി, ഇത് എന്റെ ഏട്ടൻ ആണ് ശ്രീഹരി.” ജാനകിയുടെ വിവരണം അയാളെ തെല്ലൊന്നു ആശ്വസിപ്പിച്ചു. എന്നാൽ എക്സിന് അത് കേട്ട് കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഫീൽ ആണ് തോന്നിയത്. “ഒടുവിൽ എനിക്ക് എന്റെ പേര് കിട്ടിയിരിക്കുന്നു…. ശ്രീഹരി…” അത്രയും ടെൻഷനു ഇടയിലും അവനു മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി.
“എന്റെ പേര് കിഷോർ…” അയാൾ പറഞ്ഞു. “ശെരി എല്ലാം വിശദമായി പറയാം ആദ്യം നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം” അതും പറഞ്ഞു ജാനകി അവിടെ നിന്ന് എഴുനേറ്റു എക്സിന് അരികിലേക്ക് പോയി.
അധികം വൈകാതെ തന്നെ ട്രെയിൻ പതിയെ പ്ലാറ്റ്ഫോമിലേക്ക് കയറി തുടങ്ങി, അതിന്റെ വേഗം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. ഇനിയിപ്പോ ട്രെയിൻ നിർത്തിയില്ലെങ്കിലും ചാടി ഇറങ്ങാൻ പറ്റുന്ന ഒരു നിലയിൽ ആയി. എക്സ് അത് എല്ലാവരോടും വിളിച്ചു പറഞ്ഞു. എല്ലാവരും ഒരേപോലെ തന്നെ തയ്യാറായി.
അവരുടെ ബോഗി പ്ലാറ്റ്‌ഫോമിൽ കയറി തുടങ്ങിയതും ഓരോരുത്തർ ആയി പുറത്തേക്ക് ചാടി ഇറങ്ങി ഇരുട്ടിൽ മറഞ്ഞു നിന്നു. ഒരു 30 സെക്കന്റ് കൊണ്ട് തന്നെ എല്ലാവരും പുറത്തെത്തി. ഏറ്റവും ഒടുവിൽ ആണ് എക്സും ജാനകിയും പുറത്തേക്കു ചാടിയത്.
