ഓർമ്മകൾക്കപ്പുറം – 5

“ഏട്ടാ, ഇയാൾ ഒരു ജേർണലിസ്റ്റ് ആണ് ഇയാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്ക് അറിയാത്ത പലതും ഇയാൾക്ക് അറിയാം. ഇയാളെ കൂടെ ഇവിടുന്ന് രക്ഷിക്കണം.”

“ശെരി.. അധികം സമയം ഇല്ല മിക്കവാറും 15 മിനിറ്റിനുള്ളിൽ പൂനെ എത്തും ഇപ്പൊ തന്നെ നമ്മൾ വൈകി ജാനകി. ഞാൻ ചെയിൻ വലിക്കാൻ പോകുവാ.” ജാനകി എന്ന് അവന്റെ വായിൽ നിന്ന് കേട്ടതും അവൾ എന്തോ അത്ഭുതം പോലെ അവനെ ഒന്ന് നോക്കി. “എന്തെ? എന്ത്പറ്റി..?” അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു. “ഒന്നുല്ല ആദ്യായിട്ട ഏട്ടൻ എന്നെ ജാനകി എന്ന് വിളിക്കണത്. അത്‌ കേട്ട് നോക്കിയതാ.” അവളുടെ ആ മറുപടി അവന്റെ നെഞ്ചിൽ തുളഞ്ഞു കയറിയ പോലെ തോന്നി. എന്നാൽ അപ്പോഴേക്കും രാധിക അയാളെ ഉണർത്താൻ ഉള്ള മരുന്നുമായി എത്തിയിരുന്നു.
എക്സ് ചെയിൻ വലിക്കാൻ ആയി മുന്നോട്ട് നടന്നതും ട്രെയിൻ പെട്ടന്ന് ഒന്ന് സ്ലോ ആയി. അവൻ വേഗം ഡോറിൽ കൂടി പുറത്തേക്കു നോക്കി. അങ്ങിങ്ങായി ലൈറ്റിന്റെ എണ്ണം കൂടി കൂടി വരുന്നു. വണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അല്പം അകലെയായി ഏതോ ഒരു സ്റ്റേഷന്റെ ലൈറ്റ് കാണാം. ലക്ഷണം കണ്ടിട്ട് വണ്ടി അവിടെ നിർത്താൻ ചാൻസ് ഉണ്ട്. എക്സ് പെട്ടന്ന് തന്നെ അകത്തേക്ക് ഓടി.

“എല്ലാവരും റെഡി ആയിക്കോ… നമ്മൾ ഇവിടെ ഇറങ്ങുന്നു. പൂനെക്ക് മുന്നേ ഉള്ള ഏതോ ചെറിയ സ്റ്റേഷൻ ആണ്. നിങ്ങൾ എല്ലാവരും ഈ ബോഗിയുടെ 4 ഡോറിൽ കൂടി ഇറങ്ങണം ഒരു ഡോറിൽ കൂടി ഇറങ്ങിയാൽ ഒരു പക്ഷേ ആർകെങ്കിലും സംശയം തോന്നാം. അഥവാ ട്രെയിൻ ഇവിടെ നിർത്തിയില്ല എങ്കിൽ ഞാൻ ചെയിൻ വലിക്കും അപ്പോഴേക്കും എല്ലാവരും ചാടി ഇറങ്ങണം. ചെയിൻ വലിച്ചാൽ അലാറം അടിക്കും എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്ക് ആവും അത്കൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ഇവിടെ നിന്ന് ഇറങ്ങി രക്ഷപ്പെടണം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവരും തയ്യാറായി 4 ഡോറിനു അടുത്തും സ്ഥാനം പിടിച്ചു.

അപ്പോഴേക്കും ആ ജേർണലിസ്റ്റ് മയക്കം വിട്ട് എഴുനേറ്റ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

“പേടിക്കണ്ട… നമ്മൾ അവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പോകുവാണ്. ഞാൻ ജാനകി, ഇത് എന്റെ ഏട്ടൻ ആണ് ശ്രീഹരി.” ജാനകിയുടെ വിവരണം അയാളെ തെല്ലൊന്നു ആശ്വസിപ്പിച്ചു. എന്നാൽ എക്സിന് അത്‌ കേട്ട് കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഫീൽ ആണ് തോന്നിയത്. “ഒടുവിൽ എനിക്ക് എന്റെ പേര് കിട്ടിയിരിക്കുന്നു…. ശ്രീഹരി…” അത്രയും ടെൻഷനു ഇടയിലും അവനു മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി.

“എന്റെ പേര് കിഷോർ…” അയാൾ പറഞ്ഞു. “ശെരി എല്ലാം വിശദമായി പറയാം ആദ്യം നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം” അതും പറഞ്ഞു ജാനകി അവിടെ നിന്ന് എഴുനേറ്റു എക്സിന് അരികിലേക്ക് പോയി.

അധികം വൈകാതെ തന്നെ ട്രെയിൻ പതിയെ പ്ലാറ്റ്ഫോമിലേക്ക് കയറി തുടങ്ങി, അതിന്റെ വേഗം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. ഇനിയിപ്പോ ട്രെയിൻ നിർത്തിയില്ലെങ്കിലും ചാടി ഇറങ്ങാൻ പറ്റുന്ന ഒരു നിലയിൽ ആയി. എക്സ് അത്‌ എല്ലാവരോടും വിളിച്ചു പറഞ്ഞു. എല്ലാവരും ഒരേപോലെ തന്നെ തയ്യാറായി.
അവരുടെ ബോഗി പ്ലാറ്റ്‌ഫോമിൽ കയറി തുടങ്ങിയതും ഓരോരുത്തർ ആയി പുറത്തേക്ക് ചാടി ഇറങ്ങി ഇരുട്ടിൽ മറഞ്ഞു നിന്നു. ഒരു 30 സെക്കന്റ്‌ കൊണ്ട് തന്നെ എല്ലാവരും പുറത്തെത്തി. ഏറ്റവും ഒടുവിൽ ആണ് എക്സും ജാനകിയും പുറത്തേക്കു ചാടിയത്.

എന്നാൽ ട്രെയിൻ ആ സ്റ്റേഷനിൽ നിർത്തിയില്ല അത്‌ പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരുന്നു. ചാടിയിറങ്ങാൻ തോന്നിയത് നന്നായി എന്ന് എല്ലാവർക്കും തോന്നി.

കൂട്ടം കൂടി എന്ത് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തന്നെ നിൽക്കുന്ന പെൺകുട്ടികളുടെ ഇടയിലേക്ക് എക്സും ജാനകിയും ചെന്നു. കൂടെ കിഷോറും.

“ഈ ഒരു അവസ്ഥയിൽ നമുക്ക് എല്ലാവർക്കും സ്റ്റേഷൻ മെയിൻ ഗേറ്റ് വഴി പോകാൻ പറ്റില്ല. ആരെങ്കിലും കണ്ടാൽ സംശയം തോന്നും. അത്കൊണ്ട് നമുക്ക് ട്രെയിൻ വന്ന വഴി പാളത്തിൽ കൂടി കുറച്ച് പുറകിലേക്ക് നടക്കാം എന്നിട്ട് ഏതെങ്കിലും മാർഗം വഴി ഇവിടുന്ന് കടക്കാം.” ആർക്കും എതിർ അഭിപ്രായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അവരെല്ലാം തന്നെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു.

എല്ലാവരും സമയം ഒട്ടും കളയാതെ തന്നെ ഇരുട്ടിൽ പാളത്തിലേക്ക് നടന്നു തുടങ്ങി. കിഷോറും രാധികയും മുന്നേയും എക്സും ജാനകിയും പിന്നിലും അവരുടെ നടുവിലായി ബാക്കി ഉള്ളവരും നടന്നു.

പൂനെ ഔട്ടറിൽ ഉള്ള ഖഡ്കി എന്ന സ്റ്റേഷൻ ആയിരുന്നു അത്‌. ഏകദേശം ഒരു കിലോമീറ്റർന് മുകളിൽ അവർ നടന്നു. കുറച്ചകലെ ആയി അവർ ഒരു ചെറിയ വീട് കണ്ടു. “എല്ലാവരും ഒന്ന് നിന്നേ…ഞാൻ ആ വീട്ടിൽ പോയി എന്റെ ഒരു ഫ്രണ്ടിനെ കോൺടാക്ട് ചെയ്യാൻ നോക്കാം അയാൾക്ക് ലോറി ഉണ്ട് അത്‌കൊണ്ട് അയാൾ വന്നാൽ നമുക്ക് എല്ലാവർക്കും അതിൽ കയറി ഇവിടുന്ന് കടക്കാം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവർക്കും ഒരു പുതു പ്രതീക്ഷ കൈ വന്നു.

അവൻ വേഗം തന്നെ ആ വീട് ലക്ഷ്യമാക്കി നടന്നു. അവൻ തിരിച്ചു വരുന്നതും കാത്തു ബാക്കിയുള്ളവർ ഒരു കാടിന്റെ മറവിലേക്ക് മാറി നിന്നു.

10 മിനിറ്റ് കൊണ്ട് എക്സ് തിരിച്ചു വന്നു. ആ ഇരുട്ടിലും അവരുടെ എല്ലാം മുഖത്ത് പ്രതീക്ഷയും ആകാംഷയും വിരിയുന്നത് അവൻ കണ്ടു. “ഒന്നും പേടിക്കാനില്ല, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ ഒരു മണിക്കൂർ കൊണ്ട് ഇവിടെ എത്തും. അവർ ലോണാവാലയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അവർ വണ്ടി തിരിച്ചു കഴിഞ്ഞു അവിടെ നിന്ന്. ഇവിടെ നിന്ന് കുറച്ച് കൂടി മുന്നിലേക്ക് നടന്നാൽ നമുക്ക് ഹൈവേ കാണാൻ പറ്റും നമുക്ക് അവിടെ പോയി വെയിറ്റ് ചെയ്യാം. അവർ അവിടെ വരും പേടിക്കണ്ട.” എക്സ് അത്‌ പറഞ്ഞു നിർത്തിയതും എല്ലാവരും സന്തോഷം കൊണ്ട് തമ്മിൽ കെട്ടിപിടിച്ചു കരഞ്ഞു.
ഒട്ടും താമസിക്കാതെ തന്നെ അവർ ഇരുളിന്റെ മറപറ്റി നടന്നു. അല്പം നടന്നപ്പോൾ ഹൈവേയിൽ നിന്നുള്ള വണ്ടികളുടെ ഇരമ്പൽ കേൾക്കാനിടയായി. എല്ലാവരും ശബ്ദം ഉണ്ടാകാതെ തന്നെ ഹൈവേയുടെ സൈഡിലായി കാടുപിടിച്ചു കിടന്ന ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് അവരുടെ കാത് വരെ എത്തിയിരുന്നു.

“അധികം വൈകാതെ തന്നെ അവർക്ക് നമ്മൾ രക്ഷപെട്ട കാര്യം മനസ്സിലാകും നമ്മളെ തേടി വല വിരിക്കും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ പോലീസ്‌കാരും അവരെ സഹായിക്കും നമ്മളെ കണ്ടുപിടിക്കാൻ അതിനു മുൻപ് നമുക്ക് ഏതെങ്കിലും സുരക്ഷിത സ്ഥലം കണ്ടെത്തണം.” കിഷോർ എക്സിനെയും ജാനകിയേയും മാറ്റി നിർത്തി പറഞ്ഞു.

“ഈ അവർ അവർ എന്ന് ഞാൻ കേൾക്കാൻ തുടങ്ങിട്ട് കുറെ നേരായി… ആരാണീ അവർ അതൊന്നു പറഞ്ഞു താ.” എക്സ് ശബ്ദം കുറച്ച് എന്നാൽ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *