ചില രാജ്യങ്ങൾക്ക് അവയവ ദാനത്തിനു ഒരു റൂൾ ഉണ്ട്, അതായത് അവയവം സ്വന്തം രാജ്യത്ത് ഉള്ളവർക്ക് മാത്രമേ ദാനം ചെയ്യാൻ പാടുള്ളു. പക്ഷേ ഇതെല്ലാം കാറ്റിൽ പറത്തി ആണ് ഇതുപോലുള്ള നാറികൾ ഇതെല്ലാം ചെയ്യുന്നത്.”
“പക്ഷേ ഇവരെ എല്ലാം തട്ടിക്കൊണ്ടു വന്നിട്ട് 3 മാസത്തിൽ കൂടുതൽ ആയി, എന്നിട്ടും ഇവരെ എന്ത്കൊണ്ട് അവർ ഇത്പോലെ ഒന്നും ചെയ്തില്ല?” ശ്രീഹരി അവന്റെ സംശയം ചോദിച്ചു. “ഹരി ഇത് നമ്മൾ വസ്തു കൈമാറുന്ന പോലെ അല്ല, അവയവം ആണ് അത്കൊണ്ട് തന്നെ ഈ പെൺകുട്ടികളുടെ ബ്ലഡ് സാംപിൾസ് അവയവം സ്വീകരിക്കുന്ന ആളുടേതുമായി മാച്ച് ആവണം എന്നാൽ മാത്രമേ ഇത് നടക്കു. ഒരു പക്ഷേ അവർ അതിന് വേണ്ടി വെയിറ്റ് ചെയ്തത് ആവാം.”
“ശെരിയാണ് ഞങ്ങളുടെ ബ്ലഡ് ഒക്കെ അവർ ശേഖരിച്ചിരുന്നു.” രാധിക പറഞ്ഞു.
എല്ലാവരും എന്തോ ദുസ്വപ്നം കാണുന്നവരെ പോലെ നിന്നുപോയി. “അടുത്തത് നമ്മൾ ചെയ്യണ്ടത് ഈ പിള്ളേരെ എല്ലാം അവരുടെ വീട്ടുകാരെ ഏൽപ്പിക്കണം. പക്ഷേ ഇത്രയും പേരെ ഒന്നിച്ചു കാണാതായിട്ട് എന്ത്കൊണ്ട് ഇത് ഒരു വലിയ വാർത്ത ആയില്ല?” ശ്രീഹരി ചോദിച്ചു
“ഹരി ഒരു കാര്യം ശ്രദ്ധിച്ചോ, ഇവർ തമ്മിൽ ഒരു പരിചയം ഇല്ല, എല്ലാം പല പല നാട്ടിൽ ഉള്ളവർ ആണ് ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, കേരള ഒക്കെ ഈ കൂട്ടത്തിൽ കാണും. ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ പേരെ കാണാതായാൽ അത് അവിടെ ഒരു ചെറിയ വാർത്ത ആയി ഒതുങ്ങും. മറിച്ചു ഇവരെല്ലാം ഒരേ സംസ്ഥാനത്തു നിന്നായിരുന്നു എങ്കിൽ അത് വലിയൊരു വാർത്ത ആയേനെ.”കിഷോർ പറഞ്ഞത് ശെരിയാണെന്ന് ശ്രീഹരിക്കും തോന്നി.
“അവൻ എന്തായാലും നമ്മളെ ഓരോരുത്തരെയും തേടി വരും അതിന് മുൻപ് അവനെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പക്ഷേ അതത്ര എളുപ്പം അല്ലന്നാണ് ഈ കേട്ടതിൽ നിന്നൊക്കെ മനസിലാവുന്നത്.” അത്രനേരം എല്ലാം കേട്ട് നിന്ന ജാനകി പറഞ്ഞു.
“ഇവനെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ ഏത് വിധേനയും അവനൊക്കെ ഊരി പോരും. നമുക്ക് വേറെ വഴി നോക്കാം.” ശ്രീഹരി പറഞ്ഞു.
“എന്ത് വഴി..?” എല്ലാവരും ഒരേപോലെ ചോദിച്ചു. അപ്പോഴേക്കും അവർ നിന്ന കാടിന് അടുത്തായി ഒരു നാഷണൽ പെർമിറ്റ് ലോറി വന്നു നിന്നു. അതിന്റെ ഹോൺ 3 വട്ടം ശബ്ദിച്ചു…ശേഷം ഹെഡ്‍ലൈറ്റ് ഒന്ന് മിന്നി അണഞ്ഞു.
“മഹീന്ദർ സിംഗ്…” ശ്രീഹരിയുടെ വായിൽ നിന്നും ആ പേര് കേട്ടതും എല്ലാവരും പ്രതീക്ഷ കൈവന്ന പോലെ തമ്മിൽ തമ്മിൽ നോക്കി. ജാനകി അവന്റെ കൈ ഇറുകെ പിടിച്ചു നിന്നു.
ഏവരും നോക്കി നിൽക്കെ അതികായനായ ഒരു നിഴൽ അവരുടെ നേരെ നടന്നു അടുത്തു. ആളെ തിരിച്ചറിഞ്ഞതും ശ്രീഹരി ഇരുട്ടിൽ നിന്നും മുന്നോട്ട് ചെന്ന് അയാളെ ആലിംഗനം ചെയ്തു.
“എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്, നീ ഫോണിൽ കൂടി എന്തൊക്കെയാ പറഞ്ഞത് ശെരിക്കും എനിക്കൊന്നും മനസിലായില്ല.” മഹീന്ദർ അവനെ നോക്കികൊണ്ട് ചോദിച്ചു.
“ഭായ് ഞാൻ എല്ലാം പോണ വഴി വിശദമായി പറഞ്ഞു തരാം ഇപ്പൊ നമുക്ക് എത്രയും വേഗം ഇവരെയെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.” ഹരി ആ പെൺകുട്ടികളെ നോക്കികൊണ്ട് .
അവരുടെ മുഖം കണ്ട് മഹീന്ദറും വല്ലാണ്ടായി. “ശെരി വാ, എല്ലാവരെയും വണ്ടിടെ ബാക്കിൽ കേറ്റാം. അതിൽ കുറച്ച് പെട്ടി ഒക്കെ ഇരിപ്പുണ്ട് എന്നാലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഇവൻ ഏതാ?” കിഷോറിനെ നോക്കി മഹീന്ദർ ചോദിച്ചു.
“ഇത് കിഷോർ, ജേർണലിസ്റ്റ് ആണ്. അവനും അവരുടെ പിടിയിൽ ആയിരുന്നു. പിന്നെ ഭായ് ഇത് ജാനകി… എന്റെ അനിയത്തി ആണ്.” ഹരി അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.
“ങേ… അനിയത്തിയോ… ഈ കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് നിന്റെ ജീവിതം ഇങ്ങനൊക്കെ മാറിയോ.” മഹീന്ദർ ജാനകിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. എന്നാൽ അവൾക്ക് അവർ പറഞ്ഞത് ഒന്നും മനസിലായില്ല. “എല്ലാം ഞാൻ പറയാം ഭായ്… ആദ്യം ഇവിടെ നിന്നും നമുക്ക് എത്രയും വേഗം കടക്കണം.” ഹരി തിരക്ക് കൂട്ടി. ശ്രീഹരിയും ചോട്ടുവും മാത്രം ഫ്രണ്ടിൽ കയറി. ബാക്കി എല്ലാവരെയും ബാക്കിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ഒട്ടും വൈകാതെ തന്നെ അവരെയെല്ലാം വഹിച്ചുകൊണ്ട് ആ ട്രക്ക് കുതിച്ചു. പോകുന്ന വഴിയിൽ ശ്രീഹരി താൻ മിഴിയെ വിട്ട് വരാൻ ഉള്ള കാരണം മുതൽ അല്പം മുൻപ് സംഭവിച്ചത് വരെ അവരെ രണ്ട് പേരെയും പറഞ്ഞു കേൾപ്പിച്ചു. ഒരു ഞെട്ടലോടെ ആണ് അവർ രണ്ടാളും അത് കേട്ട് ഇരുന്നത്.
