” ഞാനാ നിന്നെവളർത്തിയെ… എനിക്കറിയാം ന്റെ മോനെന്താന്ന്… ആരെന്തുപറഞ്ഞാലും നിന്നെയെനിക്കറിയാം…! ”
” അപ്പോപ്പിന്നെന്തിനാ എന്നോട് ദേഷ്യപ്പെട്ടെ… എന്നെയടിച്ചേ…! ”
” ഞാന്നിന്റോഫീസിൽ വന്നിരുന്നുയിന്നലെ… അവിടന്നറിഞ്ഞു… നീയിവളെത്തല്ലിയെന്ന്…
അതെനിക്ക് സഹിച്ചില്ല…!! എന്നുതോട്ടാ നീയാൾക്കാരെ ഉപദ്രവിച്ചുതുടങ്ങിയേ…! അങ്ങനാണോ ഞാനിന്നെപ്പഠിപ്പിച്ചേ…! ഞാനന്ന് ഇവൾടെ വീട്ടീന്ന് നിന്നോട് പറഞ്ഞേയല്ലേ അവളെയൊന്നുഞ്ചെയ്യണ്ടാന്ന്… എന്റവാക്ക് കേൾക്കാത്ത മോനെയെനിക്ക് വേണ്ട..! ”
അവസാനമായപ്പോ അമ്മയുടെ ശബ്ദമൊക്കെ ഇടറി കണ്ണൊക്കെ നിറഞ്ഞിരുന്നു.
എനിക്കാകെ കിളിപോയപോലെ ആയിരുന്നു.
” അതെനിക്ക് കിട്ടേണ്ടത് തന്നെയായിരുന്നു ആന്റി… അത്രയും ഞാനിവനെ ദ്രോഹിച്ചിട്ടുണ്ട്… ”
അമ്മ പറഞ്ഞതൊക്കെ കേട്ടോണ്ടിരുന്ന താടക ഇടക്ക് കേറിപ്പറഞ്ഞു.
” പിന്നെന്തിനായിരുന്നമ്മേ ഇക്കല്ല്യാണം… ”
അത് ചോദിക്കുമ്പോ എന്റെ ശബ്ദമുയർന്നിരുന്നു.
അതിന് ഉത്തരം പറഞ്ഞത് അച്ഛനാണ്.
” കാരണന്നിങ്ങടെ ഭാവി തന്നെ… സത്യാവസ്ഥ നമ്മൾക്ക് മാത്രമേയറിയൂ… സമൂഹത്തിനുമുന്നിൽ നിങ്ങള് തെറ്റുകാരാണ്. നല്ലൊരു ജീവിതം രണ്ടുപേർക്കുമുണ്ടാവാനവര് സമ്മതിക്കില്ല… പിന്നെയിവളുടച്ഛൻ അവളെയുപേക്ഷിച്ചമട്ടുമായിരുന്നു… എന്തൊക്കെപ്പറഞ്ഞിട്ടും അയാളോട്ട് കേൾക്കാൻ കൂട്ടാക്കിയില്ല… അപ്പൊ എനിക്കിതാണ് ശരിയെന്നുതോന്നി. ”
അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തലയിൽ കൈവച്ച് സോഫയിൽ ഇരുന്നുപോയി. എന്തോ വല്ലാത്ത ഒരു അവസ്ഥ. വല്യമ്മവന്ന് എന്റെയടുത്ത് ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അച്ഛൻ പറഞ്ഞുതീരാറായപ്പോൾ തന്നെ കരച്ചില് തുടങ്ങിയ താടകയെ അമ്മ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അന്ന് അത്രയൊക്കെ പറഞ്ഞിട്ടും അമ്മയവൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നകാണുമ്പോൾ ഒരേസമയമെനിക്ക് ദേഷ്യവും സങ്കടവും വന്നുകൊണ്ടിരുന്നു.
” കണ്ണാ… നീയിങ്ങനെ സങ്കടപ്പെടല്ലേടാ… നിനക്ക് ദോഷമ്മരുന്നയെന്തെങ്കിലും നിന്റച്ഛനുമമ്മേം ചെയ്യൂന്ന് തോന്നണുണ്ടോ നിനക്ക്… “
വല്യമ്മ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
” എന്നാലുമെന്നോടൊരു വാക്ക് ചോദിക്കായിരുന്നുന്നില്ലേ വല്യമ്മേ… നിങ്ങക്കറിയോ… ഓഫീസിൽ കേറീട്ട് മൂന്നാഴ്ച തികയണേയുള്ളു… ജോയിൻ ചെയ്തേന്റെ പിറ്റേന്ന് തുടങ്ങിയതാ ഞങ്ങൾ തമ്മിലുള്ള വഴക്ക്… അങ്ങനൊരാൾടൂടെ ഒരു ജീവിതമ്മൊത്തങ്കഴിയാന്ന് പറയുമ്പോ…
ഹോ… ഓർക്കാങ്കൂടെ വയ്യ… ”
” അതൊക്കെ മാറൂടാ…!! ”
ഞാൻ പിന്നൊന്നും പറയാൻ പോയില്ല. വല്യമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.
അല്ലിയവിടെ ഇരുന്ന് ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വന്നിട്ടിത്രനേരമായിട്ടും അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല.
ഞാൻ അവളെത്തന്നെ നോക്കിയിരുന്നതും ഒരു ചിണുങ്ങളോടെ കണ്ണ് നിറച്ച് അവളോടി എന്റടുത്ത് വന്ന് എന്റെ മേലെ കേറിക്കിടന്നു.
” ഡീ ഡീ…. എന്റെ കാല്… എണീറ്റ് പൊയ്‌ക്കെ രണ്ടും… ”
അല്ലിയുടെ ഭാരം കൂടെവന്നതും ചെറുതായി കാലുവേദനിച്ച വല്യമ്മ ഇത്തിരി കലിപ്പിട്ടു.
” ആ സഹിച്ചോ… ഞങ്ങളെണീക്കൂല…അല്ലെയേട്ടാ ”
അല്ലിയുടെ മറുപടി ഉടനെതന്നെ വല്യമ്മയെ തിരഞ്ഞെത്തി.
” രണ്ടും കണക്കാ… ഞാന്തന്നെയെണീറ്റ് പൊക്കോളാം… ”
വല്യമ്മ അതുമ്പറഞ്ഞ് അടുക്കളയിലേക്ക് വെച്ചടിച്ചു.
എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. അമ്മപോലും എന്നെ മനസിലാക്കിയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്കിത്ര നേരം. പക്ഷേ അമ്മ എന്നെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന സത്യം എന്റെ മനസ് നിറച്ചു.
ഇന്നലെ നേരെയുറങ്ങാത്തകാരണം ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. ഇടക്കെപ്പഴോ അല്ലിയെണീറ്റ് പോവുന്നതും എന്റെ തലയെടുത്ത് ആരൊ മടിയിൽ വെപ്പിച്ചതും ഞാൻ അറിഞ്ഞിരുന്നു.
നീണ്ട ഒരുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ എല്ലാവരും എന്നെനോക്കി ഒരു ചിരിയോടെ അവിടെയിരിക്കുന്നുണ്ട്. മുഖത്ത് ചിരിയൊന്നുമില്ലായെങ്കിലും തടകയുമവിടെ ഉണ്ടായിരുന്നു. ഞാനൊന്ന് മുഖമുയർത്തി നോക്കി. ഞാൻ അമ്മയുടെ മടിയിലാണ് കിടക്കുന്നത്. അമ്മ ഒരു ചെറുചിരിയോടെ എന്റെ മുടിയിലൊക്കെ തലോടുന്നുണ്ടായിരുന്നു.
