അവളുടെ നിതംബത്തിന്റെ ബാഹ്യരൂപചിത്രണം നോക്കി നിന്ന എന്റെ അടുത്തു വാഹനം നിർത്തി സാറേ എന്ന് ചെറിയാൻ ചേട്ടൻ വിളിച്ചു. നിൽക്കാൻ ഞാൻ പുള്ളിയെ കൈ കൊണ്ട് കാണിച്ചു അവൾ സ്റ്റേഷനിലേക്ക് പോവുന്നത് നോക്കി അവിടെ നിന്നു. ചെറിയാൻ ചേട്ടോ ഇന്ന് ഒരു കുപ്പി എടുക്കണം, എൽസനേയും വിളിച്ചോ ആള് നല്ല അടിയാ.
ശെരി സാർ വിസ്കി അല്ലേ. അതേ എന്ന് പറഞ്ഞ് ഞാൻ പേഴ്സിൽ നിന്നും രണ്ടു രണ്ടായിരത്തിന്റെ നോട്ട് എടുത്ത് കൊടുത്തു. സാർ ഒന്ന് അകത്തേക്ക് വരണേ. ഗിരി ഓടി വന്ന് എന്നെ വിളിച്ചു. ഞാൻ സ്റ്റേഷന് അകത്തേക്ക് തിടുക്കത്തിൽ ചെന്നു കയറി. സാർ രണ്ടാമത്തെ ക്രൈമിനു ഒരു സാക്ഷി ഉണ്ട്. അത് പറയുമ്പോൾ ഗിരിയുടെ മുഖത്തെ ആഹ്ലാദം എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷേ എനിക്കു വല്യ ആനന്ദം ഒന്നും തോന്നിയില്ല, കൂടുതലും സാക്ഷികൾ വെറുതെ ശ്രെദ്ധ പിടിച്ചു പറ്റാനായി ശ്രമിക്കുന്ന കള്ള സാക്ഷികൾ ആയിരിക്കും. അതാണ് അനുഭവം.
ആരാ സാക്ഷി എന്ന് ഞാൻ അകത്തു പ്രവേശിച്ചു ചോദിച്ചു. ഈ കുട്ടിയുടെ അനിയത്തി ആണ് സാർ. ഒരു കസേരയിൽ ഇരിക്കുന്ന ആ മഞ്ഞ ചുരിദാരു കാരിയെ കാട്ടി അർഷാദ് പറഞ്ഞു. അനിയത്തിയെ കൂട്ടികൊണ്ട് വരാൻ പറയു. ഞാൻ പറയുന്നതിന് ഇടയിൽ കേറി അവൾ മൊഴിഞ്ഞു, അനിയത്തി പേടിച്ചു ഇരിക്കുകയാണ് അവളെ ഇവിടെ ഒന്നും കൊണ്ടുവരാൻ പറ്റില്ല. എങ്കിൽ ഞങ്ങൾ വീട്ടിൽ വരാം എന്ന് ഞാൻ പറഞ്ഞു.
ആ പെൺകുട്ടി സ്കൂട്ടറിൽ വീട്ടിലേക്കു നീങ്ങി, ഞാനും എൽസണും ഒരു ബൈക്കിൽ അവളുടെ പുറകെയും. കാണാൻ നല്ല കൊച്ച്, അല്ലേ എൽസാ. സാറിനു നല്ല ഒരു കൊച്ചിനെ നോക്കി കല്യാണം കഴിക്കാൻ മേലായിരുന്നോ. വീട്ടിൽ അമ്മ ഒറ്റക്കല്ലേ. ഇനി പതിയെ നോക്കി തുടങ്ങണം എന്ന് ഞാൻ എൽസനോട് പറഞ്ഞു. ഈ നാട്ടിലെ ഇളം കാറ്റിനു പോലും ഒരു രക്തത്തിന്റെ ഗന്ധം ഉണ്ടെന്നു എനിക്കു തോന്നി.
ചീവീടിന്റെ ശബ്ദവും, എവിടെ തിരിഞ്ഞാലും കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന തൈല തോട്ടങ്ങളും എല്ലാം എന്തോ നിഗൂഢത ഒളിപ്പിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ പൊതുവഴിയിൽ നിന്നും അൽപ്പം താഴേക്കു കിടക്കുന്ന ഒരു ഇടവഴിയില്ലേക്കു ആ പെൺകുട്ടിയെ പിന്തുടർന്നു. പായൽ പിടിച്ചു കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ ജാഗ്രതയോടെ നീങ്ങി. നിറം മങ്ങിയ ഒരു കൊച്ചു വസതിയുടെ അടുത്തു ചെന്ന് അവൾ വണ്ടി നിർത്തി. അതിന്റെ അടുത്തായി ഒരു കാലി തൊഴുത്തും അതിൽ ഉണക്കാൻ ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റ്റുകളും എന്റെ ശ്രദ്ധയിൽ പതിഞ്ഞു. പേര് എന്താണെന്നു പറഞ്ഞില്ല. കാലു കഴുകി കൊണ്ടിരുന്ന ആ കുട്ടിയോട് ഞാൻ തിരക്കി. ഭാമ എന്നാണ്. തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടി വന്നു.
ഇവിടെ ഇരിക്കാം, വീടിന്റെ ചെറിയ വരാന്തയിൽ കിടക്കുന്ന രണ്ട് കസേര ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നു. അകത്തു നിന്നും ആരുടെയോ നിർത്താതെ ഉള്ള ചുമ കേൾക്കുന്നുണ്ട്. അച്ഛനാണ്, തളർന്നു കിടക്കുകയാ. കൈകൾ പുറകിൽ കെട്ടി ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അവൾ പറഞ്ഞു. അനിയത്തി എവിടെ, എൽസൺ ചോദിച്ചു. വിളിക്കാം എന്ന് പറഞ്ഞ് ഭാമ അകത്തേക്ക് പോയി. അകത്തു നിന്നും സംഭാഷണം കേൾക്കാമെങ്കിലും വ്യക്തമല്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭാമ വെളിയിലോട്ടു വന്നു, പുറകെ ഒരു ഇറക്കം കുറഞ്ഞ കറുപ്പ് നിറം ചുരിദാറും വെള്ള ലെഗ്ഗിങ്‌സും ഇട്ട് അനിയത്തിയും.
ചേച്ചിയുടെ അത്രയും സുന്ദരി അല്ലായിരുന്നു അവൾ. ചുരുണ്ടു നീണ്ട മുടിയും, കരഞ്ഞു കലങ്ങിയ കണ്ണുകളും ആയിരുന്നു അവൾക്ക്. ഇതാണ് എന്റെ അനിയത്തി ഹേമ. ഇവൾ ആ ഗവണ്മെന്റ് സ്കൂളിന്റെ അടുത്തു നിന്നും പശുവിനെ അഴിക്കാൻ പോയപ്പോൾ ആണ് കണ്ടത് എന്ന് അവളുടെ തോളിൽ കൈ വെച്ച് ഭാമ പറഞ്ഞു. എന്താണ് കണ്ടത് എന്ന് പറയു, ഞാൻ വ്യഗ്രതയിൽ ചോദിച്ചു. ആ പെൺകുട്ടിയെ ആരോ പുഴയുടെ അരികിൽ നിന്നും ചുമ്മന്നു കൊണ്ട് വരുന്നത്. ഒറ്റ നിശ്വാസത്തിൽ ഭാമ അത് പറഞ്ഞു തീർത്തു.
ഒരു നിമിഷം അവിടെ നിശ്ശബ്‌ദത പടർന്നു. ഞാനും എൽസണും അന്യോന്യം നോക്കി. ആരാണ് ആ കുട്ടിയെ ചുമ്മന്നു കൊണ്ട് വന്നത് എന്ന് മോളു കണ്ടോ? എൽസൺ അവളോട് ചോദിച്ചു. മനുഷ്യൻ അല്ല, ഒരു മൃഗം എന്ന് പറഞ്ഞ് ഹേമ വീണ്ടും കരയാൻ തുടങ്ങി. ഇതാണ് ഇപ്പോളത്തെ അവസ്ഥ എന്നും പറഞ്ഞ് ഭാമ അവളെ ചേർത്ത് കെട്ടി പിടിച്ചു. കുറച്ചു ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.എന്തേലും ഉണ്ടേൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ മൊബൈൽ നമ്പർ ഭാമയുടെ കൈയിൽ കൊടുത്തു.
