ഓർമ്മകൾക്കപ്പുറം – 1

“ഞാൻ ഇപ്പൊ തന്നെ അവിടെ വിളിച്ചു ചോദിക്കാം ഡോക്ടർ. ഡോണ്ട് വറി.” “ഓക്കേ…ഇയാൾക്ക് ബോധം വന്നാൽ ഉടനെ എന്നെ അറിയിക്കണം അതിപ്പോ ഏത് സമയത്ത് ആയാലും.” “ഷുവർ ഡോക്ടർ.” ശിവാനിയെയും മിഴിയെയും കാര്യങ്ങൾ എല്ലാം ഏല്പിച്ച ശേഷം ഡോക്ടർ അയാളുടെ റൂമിലേക്കു നടന്നു. മിഴി ഒട്ടും വൈകാതെ തന്നെ സെന്റ് ജോൺസ് ചാരിറ്റി ട്രസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഫാദർ വില്യംസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ശെരിയാക്കി. “നിനക്ക് ഇത്ര ഹോൾഡ് ഉണ്ടാരുന്നോ മിഴി? എത്ര പെട്ടെന്നാ ഫണ്ട്‌ വന്നത്.” ശിവാനി പകുതി കളിയായും പകുതി കാര്യമായും അവളോട്‌ ചോദിച്ചു. “അത്‌ വേറൊന്നും അല്ല ഞാൻ പഠിച്ചത് ഒക്കെ പള്ളി വക സ്കൂളിൽ ആണ് പിന്നെ നഴ്സിംഗ്ന് ചേർന്ന് കഴിഞ്ഞ് നാട്ടിൽ ഇവർ നടത്തുന്ന മെഡിക്കൽ ക്യാമ്പിനോക്കെ ഹെൽപ് ചെയ്യാൻ പോകുമായിരുന്നു. അങ്ങനെ ഉള്ള പരിചയം ആണ്. അത്കൊണ്ട് എന്താ ഒരാളെ വഴിയാധാരം ആകുന്നതിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ലേ?” “മം…അത്‌ നേരാ, അപ്പോ ശെരി നീ ഇതിൽ ഇരുന്നോ, വാർഡിൽ ഞാൻ നിക്കാം വേറെ ആരോ കൂടി വരും എന്നു ഡോക്ടർ പറഞ്ഞില്ലേ. പിന്നെ ഇവിടെ ഇരുന്നു മടുക്കുമ്പോൾ അങ്ങോട്ട്‌ പോര് കുറച്ച് നേരം ഞാനും നിക്കാം അല്ലെങ്കിൽ ബോർ അടിക്കും. ” “ശെരി എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം നീ ചെല്ല്” മിഴി അവളോട്‌ പറഞ്ഞിട്ട് ഒബ്സർവേഷൻ റൂമിലേക്ക് കയറി. അയാളെ ഒന്ന് വന്നു നോക്കിയിട്ട് അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു.
സമയം കടന്നു പോയികൊണ്ടേ ഇരുന്നു. ഇടയ്ക്ക് ശിവാനി വന്നു നിന്നു അവൾക് കൂട്ടായി. വാർഡിൽ പ്രിയയെ ഡ്യൂട്ടിക്ക് ഇട്ടു. ആ ഒരു പകലും രാത്രിയും അങ്ങനെ തന്നെ കടന്നു പോയി. രാവിലെ പൂജ വന്നു മിഴിക്ക് പകരം നിന്നു. അന്നു പകലും അയാൾക്ക്‌ ബോധം വന്നില്ല. എന്നാൽ….. അന്ന് നേരം വെളുക്കാറായപ്പോൾ ഒരു ഞെരക്കം കേട്ട് പൂജ ഞെട്ടി ഉണർന്നു. അവൾ ഓടി അയാളുടെ അടുത്ത് വന്ന് നോക്കി. അതെ അയാൾ കൈ അനക്കുന്നുണ്ട്, കൂടെ തല ഇളക്കാൻ ശ്രമിക്കുന്നു. പൂജ ഒട്ടും വൈകാതെ തന്നെ ഡോക്ടർ മേത്തയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ ഒരു പെയിൻ കില്ലർ ഇൻജെക്ഷൻ നിർദേശിച്ചു. നേരം വെളുത്ത ഉടൻ എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചു.

പൂജ ഡോക്ടർ പറഞ്ഞത് പ്രകാരം ഇൻജെക്ഷൻ കൊടുത്തു അതിന്റെ ഹാങ്ങ്‌ ഓവർ കൊണ്ടാവും അയാൾ മയങ്ങി.

നേരം വെളുത്തതും അതിരാവിലെ തന്നെ ഡോക്ടർ ഹോസ്പിറ്റലിൽ എത്തി. ഡോക്ടർ സമയം തെറ്റിച്ചു വന്നത് കൊണ്ട് എല്ലാർക്കും വെപ്രാളം ആയി. അത്‌ മനസിലാക്കി എന്നവണ്ണം അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ആരും ഇങ്ങനെ ഓടണ്ട എന്നെ കണ്ട്, ഞാൻ അയാൾക്ക്‌ ബോധം വന്നു എന്നറിഞ്ഞു വന്നതാണ്, നിങ്ങൾ നിങ്ങളുടെ ജോലി മുറപോലെ ചെയ്താൽ മതി.” അപ്പോഴേക്കും കാര്യങ്ങൾ അറിഞ്ഞു മിഴിയും എത്തിയിരുന്നു. ഡോക്ടർ വേഗം തന്നെ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ എന്നാൽ മയക്കം വിട്ട് ഉണർന്നില്ലായിരുന്നു. മേത്ത പതിയെ അയാളുടെ അടുത്ത് ചെന്ന് പരിശോധിച്ചു. ശേഷം അയാളെ പതിയെ വിളിച്ചു. “ഹേയ്… ഹലോ ജെന്റിൽമാൻ വേക് അപ്പ്‌…. ഹലോ…. കേൾക്കുന്നുണ്ടോ??” ഡോക്ടർ അയാളുടെ രണ്ട് ചെവിയുടെ അടുത്തും വിരൽ ഞൊടിച്ചു. അൽപ സമയത്തെ പ്രയത്നം കൊണ്ട് അയാളിൽ ചെറിയൊരു അനക്കം കണ്ടു. അത്‌ പതിയെ കൂടി കൂടി വന്നു. അപ്പോഴേക്കും മിഴിയും ശിവാനിയും പ്രിയയും അവിടെ എത്തി. ഡോക്ടർ അയാളുടെ പരിശ്രമം തുടർന്നുകൊണ്ടേ ഇരുന്നു.

വെള്ളത്തിൽ നിന്നെന്ന പോലെ അയാൾക്ക്‌ ആരുടെയോ ശബ്ദം കേൾക്കാം, കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട് എന്നാൽ അതിനു കഴിയുന്നില്ല. ശരീരം നുറുങ്ങുന്ന വേദന, തലയിൽ ആരോ ഒരു കല്ല് കയറ്റി വെച്ചത് പോലെ തോന്നുന്നു. പ്രകാശത്തിന്റെ നേർത്തൊരു കിരണം കണ്ണിൽ തട്ടി. കാഴ്ചകൾ ഒന്നും വ്യക്തമല്ല. പതിയെ വളരെ പതിയെ അയാളുടെ കണ്ണുകൾ തുറന്നു.
“ഞാൻ ഇത് എവിടാണ്? എനിക്ക് എന്താ സംഭവിച്ചത്? എങ്ങനെ ഇവിടെ എത്തി?” പല പല ചോദ്യങ്ങൾ ചോദിക്കാൻ അയാൾ ശ്രമിച്ചു എന്നാൽ ശബ്ദം പുറത്തേക്കു വന്നില്ല. ചുറ്റും നിൽക്കുന്ന ആരെയും തനിക്ക് പരിചയം ഇല്ല. അൽപ സമയത്തിനകം താനൊരു ഹോസ്പിറ്റലിൽ ആണെന്ന് അയാൾക്ക്‌ മനസ്സിലായി. തന്നോട് സംസാരിക്കുന്ന ആൾ ഡോക്ടർ ആണെന്ന് അയാൾ അനുമാനിച്ചു. ഡോക്ടർ അവിടെ നിൽക്കുന്ന എല്ലാവരോടും ഓരോ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അയാൾ ഹിന്ദി ആണ് സംസാരിക്കുന്നത്.

“ഹായ്… പേടിക്കണ്ട താങ്കൾക്ക് കുഴപ്പം ഒന്നുമില്ല. ചെറിയൊരു ആക്‌സിഡന്റ്. മൂന്നു ദിവസമായി ഇവിടെ അഡ്മിറ്റ്‌ ആയിട്ട്. ബ്ലഡ്‌ കുറച്ച് നഷ്ടമായി. ഇപ്പോ എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ?” ഡോക്ടർ ചെറിയൊരു വിശദീകരണം നൽകികൊണ്ട് ചോദിച്ചു. ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഡോക്ടർ അപ്പോഴും അയാളോട് ഓരോന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു. “ഞാൻ… എനിക്ക്… എന്താ പറ്റിയത്??” വ്യക്തമായിട്ട് അല്ലെങ്കിലും അയാൾ സംസാരിച്ചത് മലയാളം ആണെന്ന് മിഴി മനസ്സിലാക്കി, അവൾ മുന്നോട്ട് വന്നു.

“ഡോക്ടർ… അയാൾ മലയാളി ആണെന്ന് തോന്നുന്നു.” “ഓ ഐ സി… എങ്കിൽ മിഴി ഒന്ന് സംസാരിക്ക്.” ഡോക്ടർ പിന്നിലേക്ക് മാറി നിന്നതും മിഴി കട്ടിലിന് അരികിൽ എത്തി. “അതേ.. പേടിക്കാൻ ഒന്നുമില്ല നിങ്ങൾക്ക് കൊഴപ്പം ഒന്നുല്ല, ഒരാഴ്ചക്ക് ഉള്ളിൽ എല്ലാം ശെരിയാവും. എന്താ സംഭവിച്ചത് എന്ന് ഓർമ്മയുണ്ടോ?” മിഴി അയാളെ പ്രതീക്ഷയോടെ നോക്കികൊണ്ട്‌ ചോദിച്ചു. “എനിക്ക്… ഓർമ…ദേഹം നല്ല വേദന… തലയും…” വാക്കുകൾ ഒന്നും പൂർണമായി പുറത്തേക്ക് വരുന്നില്ല എങ്കിലും അവൾക്ക് കാര്യം മനസിലായി. അവൾ അത്‌ ഉടൻ ഡോക്ടറെ അറിയിച്ചു. ഡോക്ടർ മിഴിയുടെ കയ്യിൽ നിന്നും ഒരു പേന വാങ്ങി അയാളുടെ അരികിൽ എത്തി അയാളുടെ കണ്ണിന് അരമീറ്റർ മുന്നിൽ അത്‌ വെച്ചു. “ജന്റിൽമാൻ, ദാ ഇതിലേക്കു നോക്കു. നോട്ടം മാറ്റരുത് ഞാൻ ഇത് അനക്കാൻ പോകുവാണ്.. ഒക്കെ?” ഡോക്ടർ ആ പേന രണ്ട് സൈഡിലേക്കും ചലിപ്പിച്ചു, അതിന് അനുസരിച്ച് അയാളുടെ കണ്ണും ചലിക്കാൻ തുടങ്ങി. “ഗുഡ്… അങ്ങനെ തന്നെ…എന്തെങ്കിലും ഓർമ വരുന്നുണ്ടോ? എന്താ തന്റെ പേര്?” ഡോക്ടർ മേത്ത അയാളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“എന്റെ പേര്…. പേര്… പേര്…” അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
******************
തുടരണോ??

Leave a Reply

Your email address will not be published. Required fields are marked *