മീനാക്ഷി കല്യാണം – 2

ഞാൻ നിസഹായനായി, ആ തിരക്കുകൾക്കിടയിൽ ആരാലും ശ്രദ്ധിക്കപെടാതെ സോഫയിൽ ചാരി പതിഞ്ഞിരുന്നു, ഇടതുകൈ അതിൽ കയറ്റിവച്ച് അക്ഷരാർത്ഥത്തിൽ തളർന്നു വീണുകിടന്നു .

പ്രണയം …… കാറ്റിൽ പ്രണയം താളം കെട്ടി കിടന്നു, എന്താണെന്നു തന്നെ തിരിച്ചറിയപ്പെടാതെ.

ഞാൻ ശ്വാസം വലിച്ചു, കിട്ടുന്നില്ല , ശക്തിയിൽ ഒന്നുരണ്ടു വട്ടംകൂടി വലിച്ചു, ഇല്ല കിട്ടുന്നില്ല. ഞാൻ ദയനീയമായി ശബ്‍ദം ഉണ്ടാക്കി വീണ്ടും വലിക്കാൻ നോക്കി ഇല്ല രക്ഷ ഇല്ല , എന്റെ കണ്ണ് നിറഞ്ഞു , ഞാൻ എല്ലാവരെയും നോക്കി , എല്ലാവരും ഭയന്നു വിറങ്ങലിച്ചു നിൽപ്പാണ്‌ . ഞാൻ ഇടതുവശത്തു ഒരു ഓരത്ത് ഇട്ടിരിക്കുന്ന മരത്തിന്റെ കബോർഡിലേക്കു കൈ ചൂണ്ടി , നിമിഷനേരത്തിൽ കാര്യം മനസ്സിലായ അഭി ചാടി എഴുന്നേറ്റു അതിൽ കിടന്നിരുന്ന ഇൻഹേലർ എടുത്തു എനിക്ക് കൈയിൽ വച്ച് തന്നു. രണ്ടു ഷോട്ട് എടുത്തു ഞാൻ എല്ലാവരെയും നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു. മീനാക്ഷി ഒഴിച്ച് എല്ലാവരും നോർമൽ ആയി. അവൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു, അഞ്ജനമെഴുതാത്ത ആ മിഴികൾ അപ്പോഴും നിറഞ്ഞു നില്പുണ്ടായിരുന്നു.

വലിവ് പണ്ടും ഉള്ളതാണ്,പാരമ്പര്യം ആയി കിട്ടിയതാണ്, അമ്മക്കും ഉണ്ടായിരുന്നു , ഇത്ര ഭീകരം ആവാറില്ല, ഇന്നത്തെ ടെൻഷൻ ആവും കാരണം.

മീനാക്ഷിയെ നിർബന്ധിച്ചു റൂമിൽ കിടന്നുറങ്ങാൻ വിട്ടു , ഞങ്ങൾ പിന്നെയും കുറെ നേരം അങ്ങനെ ഇരുന്നു മദ്യം തീർന്നു , എല്ലാവരും ഫ്ലാറ്റ് ആയി .

അത്യാവശ്യം ഫിറ്റായ അഭി എന്നെന്നോട് അടുത്ത് സോഫയിൽ ചാരി ഇരുന്നു. പറഞ്ഞു തുടങ്ങി.

അഭി : സത്യം പറഞ്ഞാൽ ഇന്ന് ഞാൻ വളരെ സന്തോഷവാനാണെടാ, ഈ കല്യാണം , ഒളിച്ചോട്ടം , ബഹളം , ഒന്നും എന്നെ ബാധിച്ചിട്ടേ ഇല്ല, നിന്നെ കാണാൻ പറ്റി , നിന്റെ ഒപ്പം കുറച്ചു നേരം പണ്ടത്തെ പോലെ ഇരിക്കാൻ പറ്റി. ഞങ്ങൾ ഒക്കെ ഇത്രനാൾ മരിച്ചപോലെ ആയിരുന്നെടാ , അച്ഛനെ നീ കാണണം ഒരുപാട് മാറിപോയി, ഒരു ജീവശവം പോലെ ആയി മാറി, അന്ന് മരിച്ചത് അമ്മ മാത്രം അല്ല , ഞങ്ങൾ എല്ലാവരും ആയിരുന്നു , നമ്മൾ എല്ലാവരും ആയിരുന്നു.
(ഒരു ധീരനായ പട്ടാളക്കാരൻ കൊച്ചുകുട്ടികളെ പോലെ എന്റെ മുന്നിൽ ഇരുന്നു കരഞ്ഞു .അവൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചു പറഞ്ഞു തുടങ്ങി , ശബ്ദം വിറക്കുന്നുണ്ടായിരുന്നു)

എന്തെങ്കിലും വ്യത്യാസം വരും എന്ന് വിചാരിച്ചിട്ടാണ് ചേട്ടൻ ഈ കല്യാണത്തിന് ഒരുങ്ങിയത് തന്നെ. അത് ഇങ്ങനെയും ആയി. പക്ഷെ ഞങ്ങൾക്ക് ഇപ്പോഴാണ് ജീവിക്കണം എന്ന് തോന്നി തുടങ്ങിയത്, നിന്നെ വീണ്ടും കണ്ട സമയം തൊട്ട് . നിനക്കാണ് നമ്മുടെ അമ്മ എല്ലാം തന്നത്, ആ സ്നേഹം,സ്വഭാവം ,ആ കൈപ്പുണ്യം , അമ്മയുടെ സ്വന്തം ശ്വാസംമുട്ടു പോലും ( അവൻ അത് പറഞ്ഞു കണ്ണീരിൽ കുതിർന്ന ഒരു ചെറിയ ചിരി ചിരിച്ചു)

നീ മുഴുവനായും അമ്മ തന്നെ ആണ്. നീ വരണം ,… ഞാൻ നിര്ബന്ധിക്കില്ല , നിനക്ക് പറ്റാണെങ്കിൽ, മനസുകൊണ്ട് തോന്നുമ്പോൾ മതി ,…………….. വരണം…………….. ഞങ്ങൾ എല്ലാവരും നിന്നെ അവിടെ കാത്തിരിക്കാണ് .

അവൻ പറഞ്ഞത് എന്റെ മനസ്സിൽ ചെറിയ വേദന ഉണ്ടാക്കി, ഞാൻ ഒന്നും പറഞ്ഞില്ല , അവൻ ഒന്നും പ്രതീക്ഷിച്ചിരുന്നും ഇല്ല, ഞാൻ അവനെ നോക്കുമ്പോൾ , തലയുടെ പിൻഭാഗം സോഫയിൽ ചാരി അവൻ ഉറങ്ങിയിരുന്നു . ഞാൻ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി. ആ നിമിഷം അവൻ കുഞ്ഞുഅനിയനും ഞാൻ അവന്റെ ചേട്ടനും ആയി മാറി.

അതികം വൈകാതെ അങ്ങനെ തന്നെ ഇരുന്നു ഞാനും ഉറക്കത്തിലേക്കു വഴുതിവീണു.

**********************************

രാത്രിയുടെ ഏതോ യാമത്തിൽ, എനിക്ക് തണുപ്പിന് പെട്ടന്നൊരു ആശ്വാസം കിട്ടിയ പോലെ തോന്നി, കണ്ണ് തുറക്കുമ്പോൾ ആരോ പുതപ്പുകൊണ്ട് എന്റെ ദേഹത്തു മൂടിയിട്ടുണ്ട്.
പതിയെ മുന്നിലേക്ക് നോക്കുമ്പോൾ ,നിലത്തു ചിതറി കിടന്നു ഉറങ്ങുന്ന ആളുകൾക്കിടയിൽ കൂടി , ശ്രദ്ധിച്ചു ആരെയും ഉണർത്താതെ , കുഞ്ഞുകുട്ടികളുടെ പോലെ ഓരോകാലും മാറി മാറി , ചാടി ചാടി പോവുന്ന മീനാക്ഷിയുടെ സുന്ദരമായ പാദങ്ങൾ ആണ് ഞാൻ കാണുന്നത്. അവയിലെ സ്വർണക്കൊലുസുകൾ നിലാവിൽ എന്നെ നോക്കി പുഞ്ചിരിച്ചു . ഞാൻ തണുത്തു വിറച്ചു ഇനിയും വലിവ് വന്നു ഇവിടെ കിടന്നു ചവണ്ട എന്ന് കരുതികാണും. ആ ദയ അവൾക്ക് ഉണ്ടായല്ലോ.

ഞാൻ ഒരു അവശനായ, പരാശ്രയമില്ലാത്ത, അനാഥൻ , അവളുടെ സഹതാപം എറ്റു വാങ്ങി അവിടെ കിടന്നു. സ്വതവേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞ പോലെ, വലിവ് രോഗം കൂടി ആയപ്പോ തികഞ്ഞു ,

ഞാൻ പരിതാപകരമായ ഒരു യാചകനെ പോലെ, ആ കംബളവും പുതച്ച്‌ ഇരുളിൽ ദയനീയമായി ഒതുങ്ങി കൂടി…….

വീണ്ടും ഉറക്കം എന്റെ ദുഃഖങ്ങളെ കവർന്നെടുത്തു …………

Leave a Reply

Your email address will not be published. Required fields are marked *