“ഛെ ! വായി നോക്കിയിരിക്കുകയാണ് എന്ന് വിചാരിച്ചു കാണുമോ.” പെട്ടന്ന് അവൾ എൻ്റെ സീറ്റ് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നു. എന്നിട്ട് കളിയാക്കികൊണ്ട് പറഞ്ഞു
“എന്താ മാഷേ ഇവിടെ വായി നോക്കി ഇരിക്കാതെ വന്ന് പൂക്കളം ഇടാൻ സഹായിക്ക്. ” അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.
“നിൻ്റെ ഫ്രീ ആയിട്ടുള്ള വട ഷോ കാണാൻ എത്ര പേര് വരുമെന്ന് എണ്ണമെടുക്കുകയായിരുന്നു ഞാൻ ” ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് സംഭവം കത്തിയത്. മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. പെട്ടന്ന് തന്നെ സാരി വലിച്ചു വയറു മറിച്ചിട്ട താഴേക്ക് തുള്ളി തുള്ളി പോയി.
“വേണ്ടായിരുന്നു അതും ഒരു പെണ്ണിനോട് പോരാത്തതിന് സ്റ്റീഫന് ഞാൻ വാക്ക് കൊടുത്തതാണെല്ലോ പറ്റിയത് പറ്റി. അപ്പുറത്തിരുന്ന കാമുകി കാമുകന്മാരായ വിബിയും വീനീതയും എന്തായാലും ഞാൻ പറഞ്ഞത് കേട്ട് കാണും. ഒരു പെണ്ണ് കേട്ട സ്ഥിതിക്ക് സംഭവം പരസ്യമാക്കും.“
ഞാൻ പതുക്കെ ക്ലാസ്സ് റൂം വിട്ടു രാഹുലിനെ തപ്പി ഇറങ്ങി. പക്ഷേ അവനെ കണ്ടില്ല. അവൻ ജെന്നിയുടെ അടുത്ത് സൊല്ലിക്കോട്ടെ എന്ന് കരുതി അവനെ വിളിക്കാൻ നിന്നില്ല. നേരെ കാർ സ്റ്റാർട്ട് ചെയ്‌ത് AC യിട്ടിരുന്നു. ക്ലാസ്സ് whatsapp ഗ്രുപ്പിൽ ഓണാഘോഷത്തിൻ്റെ ഫോട്ടോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എപ്പോഴോ കാറിൽ ഇരുന്നു ഞാൻ മയങ്ങി പോയി.
രാഹുലിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് “ഡാ നീ എവിടെയാഡാ ഇവിടെ സദ്യ തുടങ്ങി വേഗം വാ.”
ഞാൻ ചെന്നപ്പോളേക്കും സദ്യയുടെ ആദ്യ പന്തി തുടങ്ങിയിരുന്നു. രാഹുൽ ജെന്നിയുടെ ഒപ്പം ഇരിക്കുന്നുണ്ട്. എവിടെ പോയി കിടക്കുകയായിരുന്നു എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു
എല്ലാവര്ക്കും പേപ്പർ വിരിച്ചു നിര നിരയായി നിലത്താണ് ഇരിപ്പിടം. ഡയറക്ടർ മാം ടീച്ചിങ്ങ് സ്റ്റാഫ് അടക്കം എല്ലാവരും നിലത്തു തന്നെയാണ് ഇരിക്കുന്നത്. ക്യാൻറ്റിൻ നടത്തിപ്പുകാർ ഓടി നടന്നു വിളമ്പുന്നുണ്ട് മാത്യു അടക്കം ക്ലാസ്സിൽ തന്നെ ഉള്ള മൂന്നാലു പേർ വിളമ്പാൻ സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും വിളമ്പാൻ കൂടി. മുണ്ടുടുത്തു കുനിഞ്ഞു വിളമ്പണം. കുനിയാൻ കുഴപ്പമൊന്നുമില്ലാ പക്ഷേ മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു എൻ്റെ പേടി. കുറച്ചു നേരം വിളമ്പി തുടങ്ങിയപ്പോളേക്കും ആ പേടി അങ്ങ് പോയി.
അൽപ്പ സമയത്തിനകം അന്നയും കൂട്ടുകാരിയകളും ക്യാൻറ്റിനിലേക്ക് കയറി വന്നു. സ്ഥലമില്ല എന്ന് കണ്ടതും അവളുടെ കൂട്ടുകാരികൾ തിരിച്ചു പുറത്തേക്കിറങ്ങി. എന്നാൽ അന്ന നേരെ പോയി സാരി വലിച്ചു ചുറ്റി അരയിൽ തിരുകിയിട്ട് സദ്യ കഴിക്കുന്നവർക്ക് ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു കൊടുക്കാൻ തുടങ്ങി. രാവിലെ അങ്ങനെ പറഞ്ഞതിൻ്റെ കുറ്റ ബോധത്തിൽ ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അവൾ എൻ്റെ ഭാഗത്തേക്ക് നോക്കുന്നു പോലും ഇല്ല.
ഞാൻ വിളമ്പിക്കൊണ്ടിരുന്ന അവിയൽ പാത്രം റീഫില്ല് ചെയ്യാൻ ചെന്നപ്പോൾ അതവിടെ വാങ്ങി വെച്ചിട്ട് മെസ്സിലെ ചേട്ടൻ വലിയ പായസത്തിൻ്റെ പാത്രം വച്ചു നീട്ടി. പായസം വിളമ്പൽ കൂടുതൽ ശ്രമകരമായ തോന്നി കാരണം എല്ലാവർക്കും പേപ്പർ ഗ്ലാസിൽ ഒഴിച്ച് കൊടുക്കണം. എൻ്റെ ശ്രദ്ധ വിളമ്പലിൽ മാത്രമായി മാറി. തൊട്ടു പിന്നിൽ ആരോ ഉണ്ട് എന്ന് തോന്നിയെങ്കിലും ഞാൻ മൈഡാക്കാതെ പായസം കറക്റ്റ് ആയി ഗ്ലാസ്സിലേക്ക് പകർത്തുന്നതിൻ്റെ ശ്രദ്ധയിൽ ആയിരുന്നു.
വിളമ്പി വിളമ്പി ഞാൻ മുന്നോട്ട് നീങ്ങിയതും പെട്ടന്ന് ഉടുത്തിരുന്ന മുണ്ട് എവിടെയോ കുരുങ്ങി അഴിഞ്ഞു പോകുന്നതായി തോന്നി. രണ്ടും കല്പിച്ചു മുണ്ട് പിടിക്കാൻ നോൽക്കിയപ്പോളേക്കും മുണ്ട് മുഴവനായി താഴെ വീണു കിടക്കുന്നു. അന്ന എൻ്റെ ബാക്കിൽ നിന്ന് ഒന്നുമറിയാത്ത പോലെ അപ്പുറത്ത സൈഡിലേക്ക് ഓടി മാറി. ഞാൻ ആണെങ്കിൽ ഷർട്ടിൻ്റെ താഴെ ഷെഡ്ഢി പുറത്തും. മുൻപിൽ കഴിക്കാൻ ഇരിക്കുന്നവരുടെ ഇടയിൽ നിന്ന് ചിരി പൊട്ടി തുടങ്ങി. പെട്ടന്നുള്ള റിയാക്ഷനിൽ കൈയിൽ ഇരുന്ന പായസ പാത്രം താഴേക്കിട്ടു മുണ്ട് വാരിയെടുത്തു. പാത്രം വീണ് ശബ്ദം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ബാക്കി ഉള്ളവരും കൂടി അർദ്ധ നഗ്നനായി നിൽക്കുന്ന എന്നെ കണ്ടു. അതോടെ മെസ്സ് ഹാളിൽ കൂട്ട ചിരിയായി. ഞാൻ ഒരു തരത്തിൽ മുണ്ട് വാരി ചുറ്റി. എൻ്റെ കണ്ണുകൾ ദേഷ്യത്താലും അപമാനത്താലും നിറഞ്ഞിരുന്നു. ടീച്ചേഴ്‌സ് അടക്കം എല്ലാവരുടെയും മുഖത്തു ചിരി മായാതെ നിൽക്കുന്നുണ്ട്. അരുൺ സർ മാത്രം സൈലെൻസ് സൈലെൻസ് എന്ന് വിളിച്ചു കൂകുന്നുണ്ട്. മാത്യുവും രാഹുലും എൻ്റെ അടുത്തേക്ക് എത്തി എന്നെ പുറത്തേക്ക് കൂട്ടികൊണ്ട് പോയി. അടുത്ത പന്തിക്ക് കയറാൻ നിൽക്കുന്ന വാതിൽക്കൽ നിന്ന സീനിയർസടക്കം എല്ലാവരും സംഭവം കണ്ടു എന്ന് എനിക്ക് മനസ്സിലായി.
