അതുകൊണ്ട് തന്നെ അവൻ അവളോട് പരമാവധി അകലം പാലിച്ചു.
”കാക്കു… ഇങ്ങക്ക് എന്തുപറ്റി? ഒരു മിണ്ടാട്ടവുമില്ലല്ലോ,” ഐഷു പതുക്കെ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
”ഒന്നുമില്ല… എനിക്ക് ഇത്തിരി തലവേദനയുണ്ട്,” ഫൈസി ഫോണിലേക്ക് നോക്കി ഗൗരവത്തിൽ മറുപടി നൽകി. അവളോടുള്ള സംസാരം കേവലം ആവശ്യത്തിന് മാത്രമായി അവൻ ഒതുക്കി. ആഹാരം കഴിക്കുമ്പോഴോ സിനിമ കാണുമ്പോഴോ അവളുടെ ഭാഗത്തേക്ക് നോക്കാൻ പോലും അവൻ തയ്യാറായില്ല.
ഐഷുവിന് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അവൾ പഴയതുപോലെ അവന്റെ തോളിൽ പിടിക്കാനോ മടിയിലേക്ക് തല വെക്കാനോ ശ്രമിച്ചപ്പോഴൊക്കെ അവൻ പതുക്കെ ഒഴിഞ്ഞുമാറി. ഒരു അന്യനോട് പെരുമാറുന്നതുപോലെ അവൻ കാണിക്കുന്ന ഈ അകൽച്ച അവളുടെ നെഞ്ചിൽ ഒരു വിങ്ങലായി മാറി.
”ഞാൻ വല്ല തെറ്റും ചെയ്തോ കാക്കു? എന്തിനാ എന്നോട് ഇങ്ങനെ മിണ്ടാതിരിക്കുന്നത്?” അവളുടെ ശബ്ദത്തിൽ സങ്കടം കലർന്നിരുന്നു.
”ഒരു തെറ്റും ചെയ്തിട്ടില്ല ഐഷു. നീ പോയി നിന്റെ കാര്യങ്ങൾ നോക്ക്. എനിക്ക് കുറച്ച് ആലോചിക്കാനുണ്ട്,” അവൻ മുഖം കൊടുക്കാതെ പറഞ്ഞു.
ഐഷു ബാത്ത്റൂമിൽ പോയി ഒന്നിരുന്ന് കരഞ്ഞു. താൻ അത്രയും ആഗ്രഹിച്ചതും സ്നേഹിച്ചതുമായ തന്റെ കാക്ക പെട്ടെന്ന് ഒരു അപരിചിതനായത് അവൾക്ക് ഉൾക്കൊള്ളാനായില്ല. ആ മുറിക്കുള്ളിലെ ഏകാന്തത അവളെ ശ്വാസം മുട്ടിച്ചു. ഫൈസിയുടെ ഈ പെട്ടെന്നുള്ള മനംമാറ്റം തന്റെ ശരീരത്തോടുള്ള മടുപ്പാണോ അതോ തന്നെ വെറുത്തതാണോ എന്ന് അവൾ ആകുലപ്പെട്ടു.
അന്ന് രാത്രിയും ഫൈസി കട്ടിലിന്റെ ഒരറ്റത്ത് തിരിഞ്ഞു കിടന്നു. ഐഷു മറുഭാഗത്ത് കിടന്ന് തേങ്ങി. പക്ഷേ, ഫൈസി അത് കേട്ടില്ലെന്ന് നടിച്ചു. തന്റെ കുടുംബത്തെയും അന്തസ്സിനെയും ഓർത്ത് അവൻ തന്റെ ഹൃദയത്തെ കല്ലുപോലെ ഉറപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. എങ്കിലും, ആ ഇരുട്ടിൽ ഐഷുവിന്റെ വിങ്ങൽ കേൾക്കുമ്പോൾ അവന്റെ ഉള്ളിലും ഒരു ചെറിയ നോവ് അറിയാതെ പടരുന്നുണ്ടായിരുന്നു.
അടുത്ത രണ്ട് ദിവസം ഐഷു ശരിക്കും നിശബ്ദയായിരുന്നു. ഫൈസി വാങ്ങിക്കൊടുത്ത ഭക്ഷണം അവൾ തൊട്ടതുപോലുമില്ല. വിശപ്പില്ലെന്ന് പറഞ്ഞ് അവൾ എപ്പോഴും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിക്കിടന്നു.
ഒരുനേരമല്ലേ എന്ന് കരുതി ആദ്യം അവനൊന്നു സമാധാനിച്ചു. പക്ഷെ ഉച്ച ഭക്ഷണവും അവൾ വേണ്ടെന്ന് വച്ചു..
അവളുടെ ആ വാടിയ മുഖവും ഭക്ഷണം കഴിക്കാത്തതുകൊണ്ട് മെലിഞ്ഞൊട്ടിയ കണ്ണുകളും കണ്ടപ്പോൾ ഫൈസിയുടെ ഉള്ളുലഞ്ഞു. തന്നെ പ്രകോപിപ്പിച്ചവളാണെങ്കിലും, തന്റെ ഐഷുക്കുട്ടി ഇങ്ങനെ തളർന്നിരിക്കുന്നത് കാണാൻ അവന് സാധിക്കുമായിരുന്നില്ല.
ഒടുവിൽ സഹിക്കാനാവാതെ ഫൈസി അവളുടെ അരികിലെത്തി. “ഐഷു… നീയിതെന്താ ഈ കാണിക്കുന്നത്? വല്ലതും കഴിക്ക് പെണ്ണേ,”
അവൻ പതുക്കെ അവളുടെ തോളിൽ കൈവെച്ചു.
ആ സ്പർശനം കിട്ടിയതും ഐഷു പുതപ്പ് വകഞ്ഞുമാറ്റി എഴുന്നേറ്റു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. “ഇപ്പൊ എന്തിനാ ഇങ്ങള് വന്നേ?
എന്നോട് മിണ്ടണ്ട എന്നല്ലേ പറഞ്ഞത്! പോ… അങ്ങട് പോ കാക്കു!” അവൾ ആക്രോശിച്ചു കൊണ്ട് അവന്റെ നെഞ്ചിലിട്ട് രണ്ട് കുത്ത് കൊടുത്തു.
”ഡീ… അടങ്ങെടി… ഞാൻ…” ഫൈസി തടയാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല.
”ഞാൻ എന്ത് പണിയാ ചെയ്തേ? എന്നെ കണ്ടാല് ഇങ്ങക്ക് ഇപ്പൊ അറപ്പാണോ? മൂന്ന് ദിവസമായിട്ട് എന്നെ ഒന്ന് നോക്കുന്നുണ്ടോ ഇങ്ങള്?
ആവശ്യത്തിന് മാത്രം മിണ്ടാൻ ഞാനെന്താ ഇങ്ങടെ ജോലിക്കാരിയാണോ?” അവൾ ദേഷ്യം കൊണ്ട് വിറച്ചു. പറയുന്നതിനിടയിൽ അവൾ അവന്റെ കാലിനിട്ട് ഒരു ചവിട്ടും കൊടുത്തു.
“ഇങ്ങക്ക് ഇത്രക്ക് അഹങ്കാരമാണെങ്കിൽ എന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടി വന്നത്? വഴിയില് എവിടെയെങ്കിലും ഇട്ടിട്ട് പോകാമായിരുന്നല്ലോ!”
അവളുടെ ഓരോ ശകാരവാക്കുകളും ഫൈസിയുടെ നെഞ്ചിൽ തുളച്ചുകയറി. അവൻ അവളെ തടയാൻ ശ്രമിച്ചില്ല. അവളുടെ സങ്കടം മുഴുവൻ തീരട്ടെ എന്ന് അവൻ കരുതി. ഒടുവിൽ തളർന്ന ഐഷു പൊട്ടിക്കരഞ്ഞുകൊണ്ട് ഫൈസിയുടെ നെഞ്ചിലേക്ക് വീണു. അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു.
