“എനിക്ക് നിന്നോട് സ്നേഹം തോന്നുന്നു അരുൺ,” ഞാൻ പതുക്കെ പറഞ്ഞു.
അത് കളവായിരുന്നില്ല, പക്ഷെ ഞാൻ ആഗ്രഹിച്ചതരം സ്നേഹവുമായിരുന്നില്ല അത്. അത് ഒരു അടിമയോട് യജമാനന് തോന്നുന്ന വാത്സല്യം മാത്രമായിരുന്നു. എൻ്റെ ഈ പ്രവൃത്തികൾ അവനെ പൂർണ്ണമായും മാറ്റി. കുറ്റബോധം എവിടെയോ പോയിമറഞ്ഞു. പകരം, എന്നെ മാത്രം ആവശ്യമുള്ള, എന്നിൽ മാത്രം സുഖം കണ്ടെത്തുന്ന ഒരു പുരുഷനായി അവൻ മാറി. അവൻ എൻ്റെ സ്നേഹത്തിനും ശരീരത്തിനും വേണ്ടി യാചിക്കാൻ തുടങ്ങി. നിഹാലിൻ്റെ റൂംമേറ്റ്, അവൻ്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത്, ഇപ്പോൾ എൻ്റെ കളിപ്പാവ മാത്രമായി മാറിയിരുന്നു.
അരുൺ എൻ്റെ ശരീരത്തിലും സ്നേഹത്തിലും പൂർണ്ണമായും അടിമയായെന്ന് എനിക്ക് മനസ്സിലായപ്പോൾ, ഞാൻ എൻ്റെ കളത്തിലെ അവസാനത്തെ കരു നീക്കി. ഒരു രാത്രി, ഞങ്ങൾ ഒരുമിച്ച് കിടക്കുമ്പോൾ, ഞാൻ അവൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കരയാൻ തുടങ്ങി.
“എന്താ പറ്റിയത്?” അവൻ പരിഭ്രമത്തോടെ ചോദിച്ചു.
“എനിക്കിനിയും പേടിച്ചുകൊണ്ട് ജീവിക്കാൻ വയ്യ അരുൺ,” ഞാൻ പറഞ്ഞു.
“നിഹാൽ അതൊക്കെ എന്നോട് ചെയ്തത് നിങ്ങളുടെ ആ ഫ്ലാറ്റിൽ വെച്ചാണ്. അവൻ്റെ കൂട്ടുകാരുടെ മുന്നിൽ വെച്ച് എന്നെ അപമാനിച്ചത്..ആ ഓർമ്മകൾ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. എനിക്കവനെ ഒന്ന് മുഖാമുഖം കാണണം. ഞാൻ തകർന്നവളല്ല എന്ന് അവൻ്റെ മുഖത്ത് നോക്കി എനിക്ക് പറയണം. പക്ഷെ എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാണ്…നീ എൻ്റെ കൂടെ വരുമോ? നിൻ്റെ കൈപിടിച്ച് എനിക്ക് ആ ഫ്ലാറ്റിലേക്ക് ഒന്ന് കയറണം. എൻ്റെ ശക്തി നീയാണെന്ന് അവനൊന്ന് കാണണം.”
എൻ്റെ ഈ അപേക്ഷ അവനെ ഒരു യഥാർത്ഥ ഹീറോയാക്കി മാറ്റി. അവൻ്റെ കാമുകിയെ അപമാനിച്ചവൻ്റെ മുന്നിലേക്ക് അവളെ സംരക്ഷിച്ചുകൊണ്ട് ചെല്ലുക എന്ന ചിന്ത അവനെ ആവേശം കൊള്ളിച്ചു.
“നമ്മൾ പോകും,” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “അവൻ നിന്നോട് ഒരക്ഷരം മിണ്ടാൻ ഞാൻ സമ്മതിക്കില്ല.”
ഞങ്ങൾ ഒരു ദിവസം തീരുമാനിച്ചു, നിഹാൽ ഫ്ലാറ്റിൽ തന്നെയുള്ള ഒരു ശനിയാഴ്ച രാത്രി. എൻ്റെ നെഞ്ച് പ്രതികാരത്തിൻ്റെ ആനന്ദത്തിൽ വിറച്ചു. ഞാൻ അവനോടൊപ്പം കാറിൽ കയറുമ്പോൾ, എൻ്റെ കണ്ണുകൾ ഞാൻ തുടയ്ക്കുന്നതായി ഭാവിച്ചു, എന്നാൽ എൻ്റെ ഉള്ളിൽ നിഹാലിൻ്റെ തകർന്ന മുഖം ഓർത്ത് ഞാൻ ചിരിക്കുകയായിരുന്നു. അരുൺ എൻ്റെ കൈകൾ മുറുകെ പിടിച്ചു, “പേടിക്കണ്ട, ഞാനില്ലേ കൂടെ.”
അരുൺ അവൻ്റെ കീ ഉപയോഗിച്ച് ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു. ഹാളിൽ ടിവി കണ്ടുകൊണ്ട് ചിപ്സ് തിന്നുകയായിരുന്ന നിഹാൽ തിരിഞ്ഞുനോക്കി. അരുണിനെ കണ്ട അവൻ്റെ മുഖത്തെ ചിരി, എൻ്റെ പിന്നിൽ എന്നെ കണ്ടതും അറപ്പിലേക്കും ഞെട്ടലിലേക്കും വഴിമാറി.
അവൻ്റെ കൈയിലിരുന്ന ചിപ്സിൻ്റെ പാക്കറ്റ് താഴെ വീണു. “നീ… നീ എന്താടാ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്?” നിഹാൽ ദേഷ്യത്തിൽ പറഞ്ഞു. അവൻ എന്നെ ആ പേര് വിളിച്ചതും അരുണിൻ്റെ നിയന്ത്രണം വിട്ടു. “മിണ്ടിപ്പോകരുത്!” അരുൺ പറഞ്ഞു. “ഇവളെ ഈ അവസ്ഥയിലാക്കിയിട്ട് നിനക്ക് നാണമില്ലേടാ വീണ്ടും അവളെ അപമാനിക്കാൻ?”
നിഹാൽ ഒരു നിമിഷം ഞെട്ടിപ്പോയി. സ്വന്തം റൂംമേറ്റ്, തൻ്റെ ഉറ്റ സുഹൃത്ത്, തനിക്കെതിരെ തിരിയുന്നത് അവന് വിശ്വസിക്കാൻ പറ്റിയില്ല.
“ഓഹോ, അപ്പൊ ഇതായിരുന്നല്ലേ പുതിയ കളി? എൻ്റെ എച്ചിൽ തിന്നാൻ തുടങ്ങിയിട്ട് എത്ര നാളായിടാ?” നിഹാൽ പറഞ്ഞു.
“നീയാണ് എച്ചിൽ! സ്നേഹിച്ച പെണ്ണിനെ ചതിച്ചിട്ട് അവളെ വേശ്യയെന്ന് വിളിക്കുന്ന നീയൊരു മനുഷ്യനല്ല!”
ഞാൻ ഒരു മൂലയിൽ നിന്ന് കരയുന്നതായി അഭിനയിച്ചു, “വേണ്ട അരുൺ…നമുക്ക് പോകാം. ഞാൻ കാരണമാ…”
എൻ്റെ കരച്ചിൽ അരുണിൻ്റെ ദേഷ്യം കൂട്ടി.
“തീർന്നു! എല്ലാം തീർന്നു! നിന്നെപ്പോലൊരു ചെറ്റയുടെ കൂടെ ഒരു നിമിഷം പോലും എനിക്കിനി പറ്റില്ല. ഞാനീ ഫ്ലാറ്റ് വിടുകയാണ്. എനിക്കും നിനക്കും തമ്മിലുള്ള സൗഹൃദം…അത് ഈ നിമിഷം തീർന്നു!” അരുൺ അലറി.
നിഹാൽ തകർന്ന് സോഫയിലേക്ക് ഇരുന്നു. അവൻ്റെ മുഖത്ത് ദേഷ്യമായിരുന്നില്ല, മറിച്ച് അവിശ്വസനീയതയായിരുന്നു.
