ഞാൻ ചിരിച്ചു കാണിച്ചിട്ട് കുളിമുറിയിൽ കയറി. ‘ഇനി പെട്ടെന്ന് കുളിച്ചു ചെന്നാൽ അടി കിട്ടിയാലോ’ എന്ന് ചിന്തിച്ച് കുറച്ചുനേരം വെള്ളത്തിൽ കളിച്ചു. എന്നിട്ട് നന്നായി കുളിച്ച് അടുക്കളയിൽ ചെന്നു.
“നല്ലപോലെ കുളിച്ചോ…?” എന്ന് ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി.
ഞാൻ ചെന്നപ്പോൾ ചെറിയമ്മ ദോശ ചുടുകയായിരുന്നു. ചെറിയമ്മ ചട്ടുകവുമായി എന്നെ അടിക്കാൻ ആഞ്ഞു: “കുളി കഴിഞ്ഞു വന്നാൽ ഭസ്മം തൊടാൻ അറിയില്ലേ…?”
ഞാൻ പെട്ടെന്ന് ഓടി പുറത്തുവന്ന് ഭസ്മമെടുത്ത് തൊട്ടു.
എന്നിട്ട് പറഞ്ഞു: “ചെറിയമ്മയുടെ കൂടെ ഇരിക്കാൻ ഓടി വന്നതാണ്… ഭസ്മം മറന്നുപോയി!”
ഞാൻ ചിരിച്ചു, ചെറിയമ്മയും ചിരിച്ചു.
ചെറിയമ്മ പറഞ്ഞു: “ഞാൻ ഈ ദോശ ഏടത്തിക്ക് കൊടുത്തിട്ട് വരാം… അല്ലെങ്കിൽ ഇന്ന് ഉണ്ണി കൊടുക്കുന്നോ…?”
ഞാൻ: “ഞാൻ കൊടുത്താൽ വലിയമ്മ വാങ്ങുമോ…?”
ചെറിയമ്മ: “നമുക്ക് നോക്കിയാലോ… ഉണ്ണി കൊണ്ട് ചെല്ല്.”
ഞാൻ ശരി എന്ന് പറഞ്ഞ് പാത്രവും വാങ്ങി വലിയമ്മ ഇരിക്കുന്ന പത്തായപ്പുരയുടെ അങ്ങോട്ട് നടന്നു. ഞാൻ പാത്രം വെച്ചിട്ട് ജനലിൽ മുട്ടി.
അകത്തുനിന്നും വലിയമ്മയുടെ ശബ്ദം: “നീ എന്താ ഇതുവരെ ഇങ്ങോട്ട് ഒന്നു വരാതിരുന്നത്…? നീ എന്താ മിണ്ടാതെ നിൽക്കുന്നത്…?”
ഞാൻ: “ഞാൻ മിണ്ടിയാൽ വലിയമ്മയ്ക്ക് ഇഷ്ടപ്പെടില്ലെന്ന് പേടിച്ചിട്ടാണ്…”
അകത്തുനിന്നും വലിയമ്മയുടെ ശബ്ദം പെട്ടെന്ന് മാറി: “നിന്നോട് ആരാ എനിക്ക് ആഹാരം കൊണ്ടുവരാൻ പറഞ്ഞത്…?”
ഞാൻ പേടിച്ചു… ഇനി പാത്രം പുറത്തേക്ക് എറിയുമോ എന്ന് കരുതി. കുറച്ചുനേരം അകത്തുനിന്നും
അനക്കമൊന്നുമില്ലായിരുന്നു.
ലേശം കഴിഞ്ഞ് വലിയമ്മ ചോദിച്ചു: “അവൾ എവിടെ…?”
ഞാൻ പറഞ്ഞു: “ചെറിയമ്മയ്ക്ക് രാവിലെ മുതൽ ഒരുപാട് പണിയായിരുന്നു… അച്ഛൻ രാവിലെ പോയി.”
കുറച്ചു കഴിഞ്ഞ് വലിയമ്മ ചോദിച്ചു: “തമ്പുരാൻ എവിടെ പോയി…?”
ഞാൻ: “ബ്രഹ്മദത്തൻ തിരുമേനിയുടെ അച്ഛൻ മരിച്ചുപോയി… അവിടെ പോയി. പിന്നെ വേറെ ഏതോ ഒരു സ്ഥലത്ത് പോയിട്ടേ വരൂ എന്ന് പറഞ്ഞു… പേര് മറന്നുപോയി! എവിടെയോ കുളിച്ചു തൊഴാൻ…”
വലിയമ്മ: “ഓ! അപ്പോൾ ഇനി ഒന്നൊന്നര ആഴ്ച കഴിഞ്ഞേ വരുകയുള്ളൂ…”
ഞാൻ ചുമ്മാ മൂളി. അപ്പോൾ വലിയമ്മ: “നിനക്ക് വലിയവരെ ബഹുമാനിക്കാൻ ഒന്നും അറിയില്ലേ…?”
ഞാൻ: “എന്തുപറ്റി…?”
വലിയമ്മ: “തിരുമേനിമാരൊക്കെ മരിക്കുമ്പോൾ ‘ബ്രഹ്മലോകം പൂകി’ അല്ലെങ്കിൽ ‘ഇഹലോകവാസം വെടിഞ്ഞു’ എന്നൊക്കെ വേണം പറയാൻ!”
അപ്പോഴേക്കും ചെറിയമ്മ എന്റെ അടുത്ത് വന്ന് എന്റെ തോളിൽ കയ്യിട്ട് നിന്നിട്ട് ‘ഇവിടെ എന്താ നടക്കുന്നത്’ എന്ന് ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു.
അപ്പോഴും വലിയമ്മ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു: “മരിക്കുന്നത് തമ്പുരാന്മാരാണെങ്കിൽ ‘നാടുനീങ്ങി’ എന്ന് വേണം പറയാൻ…”
അപ്പോഴേക്കും ചെറിയമ്മ ഇടയിൽ കയറി പറഞ്ഞു: “ഞാൻ ഏടത്തിയുടെ അടുത്തേക്ക് വിട്ട ആളെ കാണാഞ്ഞിട്ട് വന്നതാണ്! ഏടത്തി ഇവനെ അടിച്ച് കൊന്നോ എന്ന് നോക്കാൻ വന്നതാ… അപ്പോഴാ ഇവിടെ പഠിപ്പിക്കൽ നടക്കുന്നത്!” എന്ന് പറഞ്ഞ് ചെറിയമ്മ ചിരിച്ചു.
അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ കരുതി ആ പാത്രം വെച്ച് എനിക്ക് എറി കിട്ടുമെന്ന്!”
വലിയമ്മ പറഞ്ഞു: “ഞാൻ എറിഞ്ഞാലോ ഓർത്തതാ പിന്നെ പട്ടിണി ആയാലോ കരുതി വേണ്ട വച്ചു!”
ഞങ്ങൾ മൂവരും ചിരിച്ചു. ഞങ്ങൾ കുറച്ചുനേരം കൂടെ അവിടെ നിന്ന്
വർത്തമാനം പറഞ്ഞു.
വലിയമ്മ പറഞ്ഞു: “നിങ്ങൾ പോയി കഴിക്ക്, ഞാനും കഴിക്കട്ടെ…”
ചെറിയമ്മ: “ശരി ഏടത്തീ…”
ഞങ്ങൾ നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ചെറിയമ്മ പറഞ്ഞു: “ഉണ്ണി ഇരുന്നോ, ചെറിയമ്മ ദോശ ചുട്ടു കൊണ്ടുവരാം…”
ഞാൻ പറഞ്ഞു: “ഞാൻ ഇവിടെ അടുത്ത് ഇരുന്നു കഴിച്ചോളാം… ഞാൻ ഇന്ന് ചെറിയമ്മയെ വിട്ട് എങ്ങും പോകില്ല!”
ചെറിയമ്മ ചിരിച്ചിട്ട് ഒരു പാത്രമെടുത്ത് കയ്യിൽ തന്നു. അതിലേക്ക് ചമ്മന്തിയും ദോശയും ഇട്ടു തന്നു.
ഞാൻ ചെറിയമ്മയോട് ചോദിച്ചു: “ഞാൻ ചെറിയമ്മയ്ക്ക് ദോശ മുറിച്ചു തരട്ടെ… നമുക്ക് ഒരുമിച്ച് കഴിക്കാം?”
