“ഞങ്ങൾക്ക് ഇത് വേണ്ട സാർ. സാർ എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി തന്നാൽ മതി. മറ്റൊന്നും എനിക്ക് വേണ്ട സാർ. സാർ ഞങ്ങളോട് കരുണ കാണിക്കണം. ” അവർ പറഞ്ഞു.
“എങ്കിൽ ശരി. പോയി പിന്നീട് വാ. അപ്പോഴേക്കും ഞാൻ ശ്രമിക്കാം. ” ഞാൻ അവരോട് പറഞ്ഞു.
അവർ വീണ്ടും എന്നെ തൊഴുതു. എന്നിട്ട് എഴുനേറ്റ് പുറത്തേക്ക് നടന്നു. വാതിലിന്റെ അടുത്ത് എത്തിയപ്പോൾ ആ പെൺകുട്ടി പിന്നിലേക്ക് കഴുത്തു ചെരിച്ച് എന്നെ നോക്കി. ഞാൻ അവളെ നോക്കി ചിരിച്ചു. അവളുടെ ചുണ്ടിലും ഒരു കുഞ്ഞു ചിരി വിരിഞ്ഞു.
അവർ പോയതിനു ശേഷം ഞാൻ ആ ഫയൽ എടുത്തു നോക്കി. അതിൽ താടിയും മുടിയുമൊക്കെ വളർത്തിയ ഒരാളുടെ ഫോട്ടോ ഉണ്ടായിരുന്നു. കൂടെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോയും. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്.
‘കിഷൻ ലാൽ.’ ഫയൽ ക്ലോസ്ഡ്.
ഞാൻ എന്റെ സ്റ്റാഫിനെ വിളിച്ചു എന്നിട്ട് കാര്യങ്ങൾ ചോദിച്ചു. അയാൾ പറഞ്ഞു.
“സാർ. ആ കിഷൻ ലാൽ. ഇവിടെ ഒരു തലവേദന ആയിരുന്നു. അവൻ എപ്പോഴും ഒരു ശല്ല്യം ആയിരുന്നു.
അവൻ ഒരിക്കലും കൃത്യ സമയത്ത് ജോലിക്ക് വരില്ല. വന്നാലോ എപ്പോഴും എന്തെങ്കിലും ലഹരിയിലും. വായ തുറന്നാൽ പുളിച്ച തെറി മാത്രമേ പറയൂ.
ഇവിടെ പലരുമായി എപ്പോഴും പ്രശ്നത്തിൽ ആണ് അവൻ . അവൻ ഒരിക്കലും അവന്റെ വീട് പോലും നന്നായി നോക്കാറില്ല . മാത്രമല്ല വീട്ടിൽ എത്തിയാൽ ആ സ്ത്രീയേയും മോളേയും എന്നും അടിക്കും. തെറി വിളിക്കും . അവർക്ക് നേരാം വണ്ണം കഴിക്കാൻ പോലും ഒന്നും വാങ്ങി കൊടുക്കാറില്ല. എന്നൊക്കെയാ കേട്ട് അറിഞ്ഞത്. ആരെങ്കിലും അവരെ സഹായിക്കാൻ പോയാൽ . പോയവരുടെ വീട്ടിൽ പോയി അവന്റെ വായിൽ വരുന്ന അനാവശ്യം മുഴുവനും വിളിച്ചു പറയും.
അതുകൊണ്ട് സാർ വെറുതെ അവരുടെ കാര്യത്തിൽ ഇടപെടേണ്ട. ഇടപെടാതിരിക്കുന്നതാ സാറിന് നല്ലത്. ”
അത് കേട്ട് കുറച്ചു സമയം ഞാൻ മിണ്ടാതെ ഇരുന്നു. പിന്നെ ഞാൻ ചോദിച്ചു.
” ഇതിൽ എന്താ ഫയൽ ക്ലോസ്ഡ് എന്ന് എഴുതിയിരിക്കുന്നത്…?”
“അത് സാർ അവർക്ക് കമ്പനി മുൻപ് തന്നെ കുറേ പണം കൊടുത്തതാ. എന്നിട്ട് പരാതി ഒന്നും ഇല്ലെന്ന് അവർ ഒപ്പ് ഇട്ട് തന്നതാ. പിന്നെ ഇപ്പോൾ ആരോ പറഞ്ഞു വിട്ടത് കൊണ്ട് ഇടയ്ക്ക് ഇവിടെ വരും. ജോലി വേണം പണം വേണം എന്നൊക്കെ പറഞ്ഞിട്ട്. വല്ലതും ചെയ്തു സഹായിക്കാം എന്ന് കരുതിയാൽ തന്നെ. ഇവിടെയുള്ള മറ്റ് തൊഴിലാളികളും യൂണിയൻകാരും പല വൃത്തികേടും പറഞ്ഞു നടക്കും. അതൊക്കെ മുതലാളി അറിഞ്ഞാൽ നമ്മുടെ ജോലിയും പോകും മാനവും പോകും. ” അയാൾ പറഞ്ഞു.
കുറച്ചു കഴിഞ്ഞു അയാൾ ചോദിച്ചു.
“സാർ ഇന്നല്ലേ പുതിയ വീട് നോക്കാൻ പോകുന്നത്. എന്നിട്ട് പോകുന്നില്ലേ..? ”
അപ്പോഴാണ് ആ കാര്യം എനിക്ക് ഓർമ്മ വന്നത്. ഞാൻ വേഗം തന്നെ അന്നത്തെ ജോലി മതിയാക്കി വീട് നോക്കാൻ പോയി. എന്റെ കാറിൽ ആണ് പോയത്.
വീട് കണ്ടു എനിക്ക് ഇഷ്ട്ടമായി. ഒരു പഴയ ഇരുനില വീട്. താഴെയും മുകളിലും ഒരു മുറിയും ഹാളും അടുക്കളയും അറ്റാച്ച് ബാത്‌റൂമും ഒക്കെ ഉണ്ട്. പുറത്ത് നിന്നാണ് മുകളിലേക്കുള്ള വഴി എന്ന് മാത്രം.
കാര്യങ്ങൾ സംസാരിച്ച് ആ വീടിന്റെ താക്കോലും വാങ്ങിയിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി. നാളെ മുതൽ അവിടെ താമസിക്കാം. താഴെയുള്ള മുറി മറ്റ് എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം. അല്ലെങ്കിൽ കമ്പനിയിലെ മറ്റ് ആർക്കെങ്കിലും വേണമെങ്കിൽ കൊടുക്കാം. ഞാൻ കരുതി.
.
അങ്ങനെ പോകും വഴിയിൽ ഒരു കടയുടെ മുന്നിൽ ഒരു ആൾക്കൂട്ടം കണ്ടു. കൂടെ ആരുടെയോ നിലവിളിയും. അത് സ്ത്രീ ശബ്‍ദം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ഒരു സൈഡിൽ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി.
അത് ഒരു സ്വർണ്ണക്കടയുടെ മുന്നിൽ ആയിരുന്നു. ഞാൻ എങ്ങനെയോ ആ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ മുന്നിൽ എത്തി. അവിടെ ഉണ്ടായിരുന്ന സ്ത്രീയെയും കുട്ടിയേയും കണ്ട് ഞാൻ ഞെട്ടി. അത് അവർ ആയിരുന്നു. എന്റെ ഗൽബിയും ഫരിയും.
