ഇനി കുട്ടികൾക്ക് ആ വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകേണ്ട ആവശ്യമില്ലായിരുന്നു.
ഹരിയോടുള്ള നാട്ടുകാരുടെ നന്ദിയും അതോടെ കൂടുതൽ വർധിച്ചു.
അതേസമയം, ഹരി പറഞ്ഞതുപോലെ സ്കൂൾ തുടങ്ങാനുള്ള നടപടികളും വേഗത്തിൽ മുന്നോട്ടുപോയി.
ആവശ്യമായ നിയമപരമായ അനുമതികളെല്ലാം നേടിയെടുത്തു.
രേഖകൾ ശരിയാക്കി.
അവസാനം…
ഇടിമലയിൽ പുതിയൊരു സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നാട്ടുകാർക്ക് അത് ഒരു സ്വപ്നം യാഥാർഥ്യമാകുന്നതുപോലെയായിരുന്നു.
അവരുടെ കണ്ണിൽ ഹരി ഒരു രാഷ്ട്രീയക്കാരൻ മാത്രമായിരുന്നില്ല.
അവരുടെ പ്രശ്നങ്ങൾ കേൾക്കുന്ന ഒരാൾ.
അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരാൾ.
അവരുടെ കുട്ടികളുടെ ഭാവിക്കായി മുന്നിൽ നിൽക്കുന്ന ഒരാൾ.
പക്ഷേ…
ആരും അറിയാത്ത മറ്റൊരു വശം ഹരിക്കുണ്ടായിരുന്നു.
അത് പുറത്തുവരാൻ ഇനിയും സമയം ബാക്കിയുണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോകുന്നതിനിടയിൽ, ഇടിമലയിൽ വീണ്ടും ഒരു പെൺകുട്ടിയെ കാണാതായി.
ഇത്തവണ വാർത്ത അറിഞ്ഞതുമാത്രം നാട്ടുകാർ ഒന്നടങ്കം തെരച്ചിലിനിറങ്ങി.
കഴിഞ്ഞ സംഭവങ്ങൾ ഇനിയും എല്ലാവരുടെയും മനസ്സിൽ മായാതെ കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ തവണ ആരും പോലീസിനെ മാത്രം ആശ്രയിച്ചിരുന്നില്ല.
നാടുമുഴുവൻ ആളുകൾ കൂട്ടംകൂടി തിരച്ചിൽ ആരംഭിച്ചു.
പോലീസിൽ പരാതി നൽകി.
വഴികളിലും കാട്ടിലും സമീപപ്രദേശങ്ങളിലുമെല്ലാം ആളുകൾ തിരഞ്ഞു.
ആ പെൺകുട്ടി സാധാരണക്കാരിയായിരുന്നില്ല.
നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ. പഠനത്തിൽ മാത്രമല്ല, കായികം, കല തുടങ്ങി അവൾ കൈവെച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ചിരുന്നവൾ.
ഭാവിയിൽ ആ നാടിന്റെ പേര് ഉയർത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന
ഒരു മിടുക്കി. അതിലുപരി എല്ലാം തികഞ്ഞ ഒരു സുന്ദരി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം.
അതുകൊണ്ടുതന്നെ അവളെ കണ്ടെത്താനുള്ള തിരച്ചിലിൽ നാട്ടിലെ വലിയൊരു ജനക്കൂട്ടം തന്നെ പങ്കെടുത്തു.
സമയം കടന്നുപോയി.
വൈകുന്നേരമായി.
രാത്രിയായി.
എന്നിട്ടും ഒരു വിവരവും ലഭിച്ചില്ല.
അവസാനം, അർധരാത്രിയും കഴിഞ്ഞിരുന്നു.
അപ്പോഴാണ്…
അവളുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ പതിയെ വന്നു നിന്നത്.
കാറിന്റെ ഹെഡ്ലൈറ്റ് തെളിഞ്ഞപ്പോൾ വീടിന് മുന്നിലുണ്ടായിരുന്നവർ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി.
കാറിന്റെ വാതിൽ തുറന്നു.
പുറത്തേക്ക് ഇറങ്ങിയത് ഹരിയായിരുന്നു.
അവന്റെ കൂടെ…
കാണാതായ പെൺകുട്ടിയും.
ഒരു നിമിഷത്തേക്ക് അവിടെ നിന്ന എല്ലാവരും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.
ഹരി അവളെ വീട്ടുകാരുടെ അടുത്തേക്ക് എത്തിച്ചു.
“ഞാനും അവളെ അന്വേഷിച്ച് നടക്കുകയായിരുന്നു…”
ഹരി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ടൗണിലേക്കുള്ള വഴിയിൽ തളർന്നിരിക്കുന്ന നിലയിലാണ് അവളെ കണ്ടത്. ഒറ്റയ്ക്കായിരുന്നു. പേടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ തന്നെ കാറിൽ കൂട്ടിക്കൊണ്ടുവന്നു.”
പെൺകുട്ടിയുടെ വീട്ടുകാർ ഓടിയെത്തി അവളെ ചേർത്തുപിടിച്ചു.
അവരുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ കണ്ണുനീർ നിറഞ്ഞു.
ചുറ്റും കൂടിനിന്ന നാട്ടുകാരുടെ മുഖങ്ങളിലും അതേ ആശ്വാസം.
കുറച്ചുനേരം മുമ്പ് വരെ കാണാതായ പെൺകുട്ടിയെ കണ്ടെത്താനാകുമോ എന്ന ആശങ്കയിലായിരുന്ന ആൾക്കൂട്ടം, ഇപ്പോൾ ഹരിയെ നോക്കിനിൽക്കുകയായിരുന്നു.
“ഹരി സാറില്ലായിരുന്നെങ്കിൽ…”
ആരോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
മറ്റൊരാൾ ഉടനെ കൂട്ടിച്ചേർത്തു:
“നമ്മുടെ നാട്ടിന് ദൈവം തന്നെയാണ് സാർ.”
ഹരി ഒന്നും പറഞ്ഞില്ല.
വെറും ഒരു ചെറിയ പുഞ്ചിരി മാത്രം.
പിന്നെ എല്ലാവരോടും സമാധാനമായി വീട്ടിലേക്ക് പോകാൻ പറഞ്ഞ് കാറിൽ കയറി.
കാർ പതിയെ ആ മുറ്റത്തുനിന്ന് അകന്നുപോയി.
അവിടെ നിന്നിരുന്നവർ ഏറെനേരം ആ കാറിന്റെ
പിൻവെളിച്ചത്തിലേക്ക് നോക്കിനിന്നു.
അവരുടെ കണ്ണിൽ ഹരിയുടെ സ്ഥാനം ആ രാത്രിയോടെ ഒന്നുകൂടി ഉയർന്നു.
പക്ഷേ, ആ രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന്…
ഹരിക്കും ആ പെൺകുട്ടിക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.
