എല്ലാം മനസ്സിലേക്ക് വന്നു. എന്തായാലും ഇനിയൊരു കല്യാണം ഒരിക്കലും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല.പെട്ടെന്ന് ചിന്നു ബൈക്ക് നിർത്തി.”…ഏട്ടാ…. കടുവ” ചിന്നുവിൻ്റെ ശബ്ദം ഭീതികൊണ്ട് നേർത്തതായിരുന്നു.
“കടുവയോ ? എവിടെ”? “ആ പാടത്ത്. റോഡിൻ്റെ സൈഡില്.”മുന്നിൽ ഒരു വളവാണ്. പാടങ്ങളാണ് റോഡിനിരുവശവും. പാടത്തിന് നടുവിലൂടെ എബാർക്ക്മെൻ്റ് ഉണ്ടാക്കി പണിഞ്ഞ റോഡാണ് ഇത്.
മുന്നിൽ റോഡിൻ്റെ വശത്തെ സിമൻ്റ് ഭിത്തിയിലൂടെ ഒരു കടുവ കുഞ്ഞ് നടന്നു പോകുന്നു. നിലാവെളിച്ചത്തിൽ അതിൻ്റെ വരകൾ തിളങ്ങുന്നു. നട്ടെല്ലിലൂടെ ചെറിയൊരു തണുപ്പ് അരിച്ചുകയറി.
പേടി കാരണം കണ്ണിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി.”ഏട്ടാ കടുവ കുട്ടിണ്ടേല് ഇവിടെ എവടേലും അമ്മ കടുവേണ്ടാവും. ആന ചവിട്ടി ചാവാനല്ല ഏട്ടാ നമ്മളെ വിധി.
ആ കടുവ നമ്മളെ കൊല്ലും ഏട്ടാ.” ചിന്നു കരയാൻ തുടങ്ങി. ഞാൻ കൈയ്യെത്തിച്ച് ബൈക്കിൻ്റെ അഡീഷണൽ ലൈറ്റുകൾ ഓണാക്കി. ടയറിനോട് ചേർന്ന് ഇരുവശത്തും ചെറിയ പച്ച നിറത്തിലുള്ള ബൾബുകൾ കൂടിയുണ്ട്.
അജ്മൽ പിടിപ്പിച്ചതാണ്. അത് ഓണായതോടെ ചുറ്റും നേരിയ പച്ച വെളിച്ചം പരന്നു.പാടത്തെ പുല്ലുകൾക്കിടയിൽ ആ പച്ച വെളിച്ചത്തിൻ്റെ മങ്ങിയ പ്രഭയിൽ തിളക്കത്തോടെ ഞങ്ങളെ തന്നെ ഉറ്റുനോക്കുന്ന രണ്ട് കണ്ണുകൾ കണ്ടതോടെ ഞാൻ പാതി ജീവൻ പോയ അവസ്ഥയിലായി.
മറ്റൊരു കടുവ കുഞ്ഞ് അമ്മ കടുവയുടെ പുറത്ത് കയറി കിടന്ന് ചെവി കടിച്ച് കളിക്കുന്നു. സത്യം പറഞ്ഞാൽ അവരങ്ങനെ കളിച്ച്
നടക്കുന്നത് കണ്ടാൽ ഒരു ഓമനത്വം ഒക്കെ തോന്നും.
പക്ഷേ മരണം മുന്നിൽ കണ്ടിരിക്കുന്ന ആ സമയത്ത് മനസ്സ് ശൂന്യമായിരുന്നു. കാലൻ ഞങ്ങളേയും കാത്ത് നിൽക്കുന്നു. പെട്ടെന്ന് അച്ഛനും അമ്മയും കൺമുന്നിൽ തെളിഞ്ഞു.
പേടിച്ച് വിറങ്ങലിച്ച് മനസ്സു കൊണ്ട് ഞാനവരോട് യാത്ര ചൊല്ലി. വീണ്ടും വീണ്ടും ഞാൻ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് കരഞ്ഞു.മുന്നിലിരിക്കുന്ന അനിയത്തിയെ ഞാൻ ഇറുക്കെ പിടിച്ചു.
ശ്വാസം കഴിക്കാതെ പേടിച്ച് വിറച്ച് ഇരിക്കുകയാണ് പാവം. അവളെങ്ങാനും ബൈക്കിൽ നിന്നിറങ്ങി ഓടിയാൽ കടുവ പിന്നാലെ കൂടും. കൊല്ലുകയും ചെയ്യും. ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.കടുവ പുല്ലിൽ നിന്നെഴുന്നേറ്റു.
പിന്നെ പതുക്കെ ഞങ്ങളുടെ നേരെ നടക്കാൻ തുടങ്ങി. കുറച്ച് ദൂരം നടന്ന് തിരിഞ്ഞ് നിന്ന കടുവ പ്രത്യേക ശബ്ദത്തിൽ അതിൻ്റെ കുഞ്ഞുങ്ങളെ വിളിച്ചു.
ആ മുരൾച്ച നെഞ്ചിൻ കൂടിനുള്ളിൽ തരിപ്പായി പടർന്നു കയറുന്നു. കയ്യും കാലും ഒന്നും അനങ്ങുന്നില്ല. പ്രതിമ കണക്കെ ഞങ്ങളിരുന്നു. കുഞ്ഞുങ്ങളുമായി കടുവ റോഡിൻ്റെ മറുവശത്തെ പാടത്തേക്കിറങ്ങി.
നിലാവിൽ പാടം മുറിച്ച് കടന്ന് കടുവയും കുഞ്ഞുങ്ങളും മുളങ്കാട്ടിലേക്ക് കയറി പോയി. “ഏട്ടാ.. കടുവ പോയി.” ഒന്ന് ഇളകിയിരുന്ന് ഞാൻ ദീർഘശ്വാസം എടുത്തു.
ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ചിന്നു ബൈക്ക് സ്റ്റാർട്ടാക്കി.”എന്നാലും എന്തോ ഭാഗ്യം കൊണ്ടാ കടുവ ഒന്നും ചെയ്യാഞ്ഞേ. നല്ല ഭംഗീള്ള കുട്ടികള് അല്ലേ ഏട്ടാ.”വീണ്ടും ബൈക്ക് ഓടി തുടങ്ങി.”ചിലപ്പോ ലൈറ്റടിച്ചിട്ടാവും.
പച്ച ലൈറ്റ് കണ്ടപ്പോ വേറെ ഏതേലും ജന്തുവാന്ന് തോന്നീട്ടുണ്ടാവും. ഈ ബൈക്കിൻ്റെ മോളിലുള്ള ആളുകളെയല്ലാതെ, ബൈക്കും ആളുകളും ഒക്കെ ഒരൊറ്റ സാധനായിട്ടാ കടുവ കാണുന്നതൂന്ന് ഞാനെവിടെയോ വായിച്ചിണ്ട്””ചിലപ്പോ അതിൻ്റെ കുട്ടികളെ ഇര
പിടിപ്പിക്കാൻ പഠിപ്പിക്കുന്നതാവും””അതാവും.”കടുവയെ കുറിച്ച് പലതും സംസാരിച്ച് ഗൂഡല്ലൂരെത്തി.
പിന്നെ ഒന്നും നോക്കിയില്ല. നാടുകാണി വഴി തിരിച്ചു പോന്നു. കടുവയെ കണ്ടതോടെ മനസ്സിലുള്ള ആനപ്പേടി മാറിയിരുന്നു.”ഞാൻ ബാംഗ്ലൂരൂന്ന് ചിലപ്പൊഴൊക്കെ ഇതിലെ വരും.
അപ്പഴൊക്കെ നാടുകാണീല് ആനയേം കണ്ടിട്ടുണ്ട്. ബസ്സിൻ്റെ ഒപ്പം പോന്നാൽ ഒരു സേഫ്റ്റിയല്ലേ? അത് വിചാരിച്ചിട്ടാ നേരത്തേ വേഗം പോരാൻ പറഞ്ഞെ.””പക്ഷേ കടുവയെയാ കണ്ടത്.””സത്യം.
