കൂടുതൽ വിശദീകരണത്തിന് നിൽക്കാതെ ഞാൻ അകത്തേക്ക് നടന്നു. കാലിൻ്റെ വേദന കൂടി വരുന്നു. ഞാൻ സോഫയിൽ കാലും നീട്ടി ഇരുന്നു. ബൈക്ക് പോർച്ചിൽ കയറ്റി ടാർപായ വിരിച്ച് മൂടി വെച്ച് ചിന്നുവും അച്ഛനും ഹാളിലെത്തി.
കുരങ്ങ് ഓടിച്ച കാര്യം അവൾ അച്ഛനോട് പറഞ്ഞെന്ന് തോന്നുന്നു. അച്ഛൻ്റെ മുഖത്തൊരു ചിരിയുണ്ട്.അച്ഛൻ വന്ന് കാലിൻ്റെ പത്തിയുടെ ചുറ്റും ഒന്ന് അമർത്തി നോക്കി.”ചെറിയൊരു ചതവേയുള്ളൂ.
നേരം വെളുത്തിട്ട് ഹോസ്പിറ്റലിലൊന്ന് പോവാം.”അച്ഛൻ എഴുതാനിരുന്നു.”അച്ഛനീ രാത്രിയിലെന്താ എഴുതുന്നേ? നാളെ ഞായറാഴ്ചയല്ലേ? നാളെ പകൽ എഴുതിയാൽ പോരേ”? അച്ഛൻ എന്തെങ്കിലും റിപ്പോർട്ടിരുന്ന് എഴുതുകയാവും എന്നെനിക്ക് ഉറപ്പായിരുന്നു.”നാളെ ജയിംസിൻ്റെ മോളുടെ വെഡ്ഡിങ് റിസപ്ഷനാ.
അതൊക്കെ കഴിഞ്ഞിട്ട് സമയം ഉണ്ടാവില്ല.”ശബ്ദമൊക്കെ കേട്ട് അമ്മയും ഉണർന്ന് ഹാളിലെത്തി. അമ്മ ക്ലോക്കിലൊന്ന് നോക്കി.”രണ്ട് മണിയോ? നിങ്ങളെന്തിനാ ഈ രാത്രി പോന്നത്?
ഇത്രേം വൈകിയാൽ അവിടെ റൂമെടുത്താൽ പോരായിരുന്നോ”? “അത് അമ്മേ നാളെ ഒരു എക്സാമുണ്ട്. അതാ പോന്നത്” ഞാൻ പറഞ്ഞു.”എക്സാമിൻ്റെ കാര്യം എന്തേ ഏട്ടൻ പറയാഞ്ഞത്?
എന്നിട്ടാണോ ഊട്ടീല് കറങ്ങി നടന്നത്”? എക്സാമിന് പഠിക്കേണ്ട സമയത്ത് അവളുടെ നിർബന്ധം കാരണം ഊട്ടിയിൽ പോയതിൽ ചിന്നുവിന് ചെറിയ ഒരു കുറ്റബോധം.”എൻ്റെ ചിന്നൂ …
അല്ലെങ്കിൽ പിന്നെ ഞാനീ സമയത്ത് ആ ആനക്കാട്ടിലൂടെ പോരുമോ? അവിടെ റൂമെടുത്ത് നിൽക്കില്ലേ? പിന്നെ പറയാനാണേല് ഇത് അത്ര വലിയ എക്സാം ഒന്നുമല്ല.
സ്കിൽ ട്രെയിനിങ്ങിൻ്റെ എക്സാമാണ്. ഈസി പരിപാടിയാണ്. നൂറ് മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ഉണ്ടാവും. അത്രേ ഉള്ളൂ. പക്ഷേ ഇത് കംപ്ലീറ്റാക്കിയില്ലേൽ ഫൈനൽ എഴുതാൻ പറ്റില്ല.
പ്രോക്ടേഡ് എക്സാമാണ്. രാവിലെ എട്ട് മണിക്ക് തുടങ്ങും. പത്ത് മണി വരെ. ഓൺലൈൻ ആണ്.””എന്നാ നേരത്തേ പോരരുതായിരുന്നോ അവിടുന്ന്”? അമ്മയുടെ ആ ഒരു ചോദ്യം കേൾക്കാൻ കാത്തിരുന്ന ചിന്നു ഞാൻ നമ്രതയുടെ ഒപ്പം ഡാൻസ് കളിച്ച് സമയം കളഞ്ഞത് പൊടിപ്പും തൊങ്ങലും വെച്ച് വിവരിക്കാൻ തുടങ്ങി.അവൾ
സംസാരം തുടങ്ങിയാൽ എല്ലാം പറഞ്ഞിട്ടേ നിർത്തുകയുള്ളൂ എന്നറിയാവുന്ന ഞാൻ കൂടുതലൊന്നും പറയാൻ നിൽക്കാതെ ഞൊണ്ടി ഞൊണ്ടി ഒരു വിധം ഗോവണി കയറി മുകളിലെ റൂമിലെത്തി നേരെ ബെഡ്ഡിലേക്ക് കിടന്നു.
കാലിന് നല്ല വേദനയുണ്ട്. പതിയെ കണ്ണടഞ്ഞ് പോയി. ചൂടുള്ള എന്തോ തട്ടി കാൽ പൊള്ളിയപ്പോൾ ഞാൻ കണ്ണ് തുറന്നു. കയ്യിൽ ഒരു ചെമ്പ് ചൂടുവെള്ളവുമായി അമ്മ
നിൽക്കുന്നു.
ചിന്നു കാലിൻ്റെ അടുത്ത് ഇരിക്കുന്നു. അവളുടെ കയ്യിൽ ചുരുട്ടി പിടിച്ച ഒരു ടവലുണ്ട്. ടവൽ ചൂടുവെള്ളത്തിൽ മുക്കി എൻ്റെ നീരുവെച്ച കാലിൽ അമർത്തിയതാണ്.”ഇതും കൊണ്ട് ആവി പിടിച്ച് കിടന്നോ.
നേരം വെളുത്തിട്ടേ ഇനി ഹോസ്പിറ്റലിൽ പോകാൻ പറ്റൂ. കണ്ട പെണ്ണുങ്ങളെ ഒപ്പം ഡാൻസ് കളിക്കാൻ പോയിട്ടല്ലേ.” ചിന്നു ടവൽ എൻ്റെ കയ്യിൽ വെച്ച് തന്ന് അവളുടെ മുറിയിലേക്ക് പോയി.
അമ്മ കുറച്ച് നേരം കൂടി ഇരുന്ന് കാൽ ഉളുക്കിയതിനെ കുറിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞു. പിന്നെ അമ്മയും കിടക്കാൻ പോയി. സമയം രണ്ട് മണി കഴിഞ്ഞു.
എന്തോ ഉറക്കം വരുന്നില്ല. വേദനക്ക് നേരിയ കുറവുണ്ട്. ഞാൻ ഫിനാൻഷ്യൽ മാനേജ്മെൻ്റിൻ്റെ ടെക്സ്റ്റ് ബുക്ക് വായിക്കാനെടുത്തു. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.
അതെടുത്ത് വായന തുടങ്ങിയതും കൺപോളകൾ ഭാരം കൊണ്ട് അടയാൻ തുടങ്ങി. ബുക്ക് കൈയിൽ നിന്ന് താഴേക്ക് വീണു. പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.
കാൽ പാദത്തിൽ സുഖമുള്ള ഒരു തണുപ്പ് പടരുന്നതറിഞ്ഞ് ഞാൻ ബദ്ധപ്പെട്ട് കണ്ണു തുറന്നു. ചിന്നു എന്തോ ഒരു ഓയിൻമെൻ്റ് എൻ്റെ നീരുവെച്ച കാൽ പത്തിയിൽ തേച്ച് പിടിപ്പിച്ച് അമർത്തി ഉഴിയുകയാണ്.
“അച്ഛൻ്റെ നടു വേദനക്കുള്ള ഓയിൻമെൻ്റാ. മസിൽ പെയിനിനും നീർക്കെട്ടിനും നല്ലതാ. ചതവല്ലേ ഉള്ളൂ. ഇത് തേച്ചാ ആശ്വാസണ്ടാകും” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
