ആ ഉരുണ്ട കണ്ണുകളിലേക്ക് നോക്കി ഒരു സിപ്പ് എടുത്തപ്പോൾ, പൈനാപ്പിൾ ലൈമിനേക്കാൾ വലിയൊരു ‘കിക്ക്’ എനിക്ക് കിട്ടി.
ഗ്ലാസ് കയ്യിൽ വാങ്ങിയ പാടെ ഞാൻ ഒന്ന് പതറിപ്പോയി.
അവളുടെ ആ വലിയ ഉരുണ്ട കണ്ണുകൾ എന്നെ ആകെ ‘സ്കാൻ’ ചെയ്യുന്നത് പോലെ തോന്നി. ഒരു സിപ്പ് എടുത്തു തീരും മുൻപേ അവൾ അടുത്ത ബോംബ് ഇട്ടു.
”എങ്ങനെയുണ്ട്? അളിയന്റെ സിലിംഗ് ഡിസൈൻ പോലെ അത്രക്കും ബോറാണോ എന്റെ ജ്യൂസ്?”
ഞാൻ ഞെട്ടിപ്പോയി!
ഇവളെന്താ എന്റെ മനസ്സ് വായിക്കുകയാണോ?
അളിയൻ അടുത്ത് നിൽക്കുന്നത് പോലും നോക്കാതെയാണ് ആ ചോദ്യം.
ഞാൻ ഒന്ന് വിക്കി,
“ഏയ്.. അതല്ല.. ജ്യൂസ് കൊള്ളാം.. സിലിംഗ്… അത് പിന്നെ ഒരു വ്യത്യസ്തമായ സ്റ്റൈൽ ആണല്ലോ..”
അളിയൻ അഭിമാനത്തോടെ നെഞ്ചു വിരിച്ചു നിൽക്കുന്നത് കണ്ട് അനു ഒന്ന് പുച്ഛിച്ചു ചിരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് ഒരടി കൂടി നീങ്ങി നിന്നു.
”ആണോ? എന്നാൽ ആ നീല ചുവരിന്റെയും മഞ്ഞ ചുവരിന്റെയും ഇടയിൽ നിൽക്കുന്ന നിങ്ങളെ കാണാൻ നല്ല ചേർച്ചയുണ്ട്. ഒരു ‘പഴുത്ത വരിക്കപ്ലാവ്’ നീലക്കടലിൽ പൊങ്ങി നിൽക്കുന്നത് പോലെയുണ്ട്!ഹഹഹഹ!!”
അളിയൻ പൊട്ടിച്ചിരിച്ചു.സത്യം പറഞ്ഞാൽ അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല…എന്റെ കോലം കണ്ടിട്ടാണോ.. കാണാൻ തരക്കേടൊന്നും ഇല്ലന്ന് തന്നെ ആണ് വിശ്വാസം..
“അതെടാ, അനുവിന് നല്ല സെൻസ് ഓഫ് ഹ്യൂമർ ആണ്!”
എന്റെ ഉള്ളിൽ അപ്പോൾ ‘ഹ്യൂമർ’ അല്ല, ‘ഹോമർ’ ആയിരുന്നു.
ഇതിനൊക്കെ വലിയ അർഥങ്ങൾ ഉണ്ടോ എന്ന് ആലോചിച്ച് എന്റെ അപമാനം കൊണ്ട് മുഖം ചുവന്നു തുടുത്തു.
ഇവൾ എന്നെ ഇട്ട് വട്ടം കറക്കുകയാണെന്ന് എനിക്ക് ഉറപ്പായി. ട്രേയുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ പെട്ടെന്ന് ഒന്ന് കൂടി നിന്നു.
”പിന്നെ… ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ് അവിടെ എവിടെയെങ്കിലും വെച്ച് സിലിംഗ് നോക്കി അന്തംവിട്ടു നിൽക്കണ്ട. അടുക്കളയിൽ കൊണ്ട് വെച്ചേക്ക്.കേട്ടല്ലോ?”
അതും പറഞ്ഞു ഒരു കള്ളച്ചിരിയോടെ അവൾ നടന്നു നീങ്ങി.
ആ നടത്തത്തിലും ഒരു പ്രത്യേക സ്റ്റൈലുണ്ട്.
പക്ഷേ പറഞ്ഞ വാക്കുകളിലെ മൂർച്ച ഉണ്ടല്ലോ… അത് പൈനാപ്പിളിലെ മുള്ളിനേക്കാൾ കടുപ്പമായിരുന്നു!
ഞാൻ കയ്യിലെ ഗ്ലാസിലേക്കും ആ മഞ്ഞ ചുവരിലേക്കും മാറി മാറി നോക്കി.
അവൾ പറഞ്ഞത് കേട്ട് ഞാൻ ആകെ ചമ്മി നാണംകെട്ട് നിൽക്കുകയാണ്.
അളിയൻ ചിരിച്ചു മറിഞ്ഞു കൊണ്ടിരിക്കുന്നു.
“അവൾക്ക് തമാശ ഇത്തിരി കൂടുതലാടാ…” എന്ന് അളിയൻ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും എന്റെ ഉള്ളിൽ ആ പൈനാപ്പിൾ ലൈമിനേക്കാൾ വലിയൊരു അമ്ലം തിളച്ചു മറിയുകയായിരുന്നു.
ഞാൻ പതുക്കെ അടുക്കള ലക്ഷ്യമാക്കി നീങ്ങി.
അടുക്കളയുടെ വാതിൽക്കൽ എത്തിയപ്പോൾ അതാ നിൽക്കുന്നു നമ്മുടെ ‘അനു’ എന്ന സുനാമി!
അവൾ അവിടെ പാത്രങ്ങൾ അടുക്കി വെക്കുകയായിരുന്നു. ഞാൻ പതുക്കെ ഗ്ലാസുമായി അടുത്തു ചെന്നു.
”ഇതാ.. ഗ്ലാസ്..”
അവൾ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു,
“അവിടെ വെച്ചേക്ക്. എന്നിട്ട് ആ സിങ്കിന്റെ സൈഡിൽ ഇരിക്കുന്ന പാത്രം ഒന്ന് എടുത്തു തന്നേ..”
ഞാൻ പതുക്കെ ഒരു സ്റ്റീൽ പാത്രം എടുത്ത് അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങുന്നതിനിടയിൽ എന്റെ കയ്യിലൊന്നു തട്ടി.
ഒരു നിമിഷം ഞാനൊന്ന് ഷോക്കടിച്ചത് പോലെ നിന്നു. പക്ഷേ അടുത്ത നിമിഷം അവൾ പാത്രം വാങ്ങിയിട്ട് പറഞ്ഞു:
”ഇതാണോ പാത്രം? താൻ ഏത് ലോകത്താ?
ഞാൻ പറഞ്ഞത് ആ ചുവന്ന പാത്രമാണ്. ഇതിപ്പോ ഏതാണ്ട് ആ സിലിംഗ് ഡിസൈൻ പോലെ തന്നെ ഇരിക്കുന്നു… ഒന്നിനും ഒരു വിവരമില്ലാത്ത ഡിസൈൻ!”

Thudakkam kalakki