പകരം വീട്ടാൻ ഒരവസരം നോക്കി നടക്കുമ്പോഴാണ് കണ്ടത്, അനു ഹാളിലെ ആ ‘ബ്രസീൽ മഞ്ഞ’ ചുമരിനോട് ചേർന്ന് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു.
അവളുടെ കയ്യിൽ അപ്പോഴും ആ പൈനാപ്പിൾ ലൈം ജ്യൂസിന്റെ ബാക്കി ഇരുന്ന ഒരു ജഗ്ഗ് ഉണ്ട്.
അളിയൻ അപ്പുറത്ത് വിരുന്നുകാർക്ക് കുശലം പറയുന്ന തിരക്കിലാണ്.
ഇതല്ലാതെ മറ്റൊരു സമയം എനിക്ക് കിട്ടാനില്ല!
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി. വഴുതി വീഴാൻ പോകുന്ന മട്ടിൽ ഒരു ആക്ഷൻ ഇട്ടു.
”അയ്യോ..!”
എന്ന് ഉറക്കെ വിളിച്ച് ഞാൻ അവളുടെ നേരെ ഒരു ആട്ടം ആടി.
അവൾ ഞെട്ടി തിരിഞ്ഞതും, പേടിപ്പിച്ചു മാറ്റാനായി ഞാൻ അവളുടെ കയ്യിലിരുന്ന ജഗ്ഗിൽ ഒന്ന് തട്ടി.
പക്ഷേ വിധി വൈപരീത്യം എന്ന് പറയട്ടെ, അവൾ ഒഴിഞ്ഞു മാറിയെങ്കിലും ആ ജഗ്ഗ് അവളുടെ കയ്യിൽ നിന്ന് വഴുതി നേരെ ആ മഞ്ഞ ചുമരിലേക്ക് ‘സ്പ്ലാഷ്’ എന്ന് പറഞ്ഞ് അടിച്ചു തെറിച്ചു!
മഞ്ഞ ചുമരിൽ പൈനാപ്പിൾ ജ്യൂസ് വീണ് ഒരു പുതിയ ‘ഡിസൈൻ’ രൂപപ്പെട്ടു. അതുകണ്ട് അനുവിന്റെ കണ്ണുകൾ മുട്ടയോളം വട്ടത്തിൽ ഉരുണ്ടു.
”എന്റെ കൃഷ്ണാ… ചേട്ടന്റെ മഞ്ഞ ചുമര്!”
അവൾ അലറി.
ഞാൻ ഒന്ന് ചിരിച്ചു.
“സാരമില്ല അനുവേ.. അളിയന്റെ സിലിംഗ് ഡിസൈനുമായി ഇതിപ്പോ നല്ല മാച്ചിംഗ് ആണ്. ഒരു മോഡേൺ ആർട്ട് പോലെ തോന്നുന്നുണ്ട്!”
പക്ഷേ എന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ശബ്ദം കേട്ട് ഓടിവന്ന അളിയൻ ചുമരിലെ ആ ‘കോലം’ കണ്ടു.
”ഇതെന്താടാ.. പൈനാപ്പിൾ ചുമരിൽ പെയിന്റ് അടിച്ചതാണോ?”
അളിയന്റെ ശബ്ദം ഇടറി.
അനു എന്റെ നേരെ വിരൽ ചൂണ്ടി.
“ഇവൻ.. ഇവൻ വേണമെന്ന് വെച്ച് തട്ടിയിട്ടതാ ചേട്ടാ!”
ഞാൻ നിഷ്കളങ്കനായി മുഖം മാറ്റി.
“ഞാൻ തെന്നി വീണതാ അളിയാ.. ഈ തറയിൽ പൈനാപ്പിൾ വീണ് വഴുക്കുന്നുണ്ടായിരുന്നു. ആരാണോ അത് താഴെ കളഞ്ഞത്!”
അളിയൻ അനുവിനെ രൂക്ഷമായി നോക്കി.
അവളാണ് ജ്യൂസ് വിതരണം ചെയ്തിരുന്നത്.
അവൾ ശരിക്കും കുടുങ്ങി! അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ദേഷ്യവും ചമ്മലും മാറി മാറി വരുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ലഡു പൊട്ടി.
പൈനാപ്പിൾ ലൈമിന് ഇത്ര മധുരമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.
പക്ഷേ അവൾ വിട്ടു കൊടുത്തില്ല. അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു:
”ഇതിന് നീ അനുഭവിക്കും.. ഈ പൈനാപ്പിൾ പാട് മായുന്നതിന് മുൻപ് നിന്നെക്കൊണ്ട് ഞാൻ ഈ വീട് മൊത്തം തുടപ്പിക്കും, നോക്കിക്കോ!”
അളിയൻ ആകെ കലിപ്പിലാണ്.
തന്റെ സ്വപ്നതുല്യമായ ‘ബ്രസീൽ’ ബെഡ്‌റൂമിലെ വിലകൂടിയ ഏഷ്യൻ പെയിന്റ് അടിച്ച മഞ്ഞച്ചുമരിൽ പൈനാപ്പിൾ ജ്യൂസിന്റെ പുള്ളിപ്പുലി ഡിസൈൻ വന്നത് അളിയന് അത്ര പിടിച്ചില്ല.
”രണ്ടും കൂടി കാണിച്ചു വെച്ചത് കണ്ടില്ലേ! അനുവേ, നീ തന്നെയാ ജ്യൂസ് കൊണ്ടുവന്നത്. നീയും ഇവനും കൂടി ഇത് ഇപ്പോൾത്തന്നെ തുടച്ചു വൃത്തിയാക്കണം. ഇല്ലെങ്കിൽ ഇന്ന് ആർക്കും ബിരിയാണി ഇല്ല!”
അളിയന്റെ അന്ത്യശാസനം വന്നു.
ബിരിയാണിയുടെ പേര് കേട്ടപ്പോൾ എന്റെ ചങ്ക് ഒന്ന് പിടച്ചു. അനുവാകട്ടെ, എന്നെ കടിച്ചു കീറാൻ പാകത്തിൽ നോക്കി നിൽക്കുകയാണ്.
”ദാ… പിടിക്ക്!” അനു പുതിയ ടോയ്‌ലെറ്റിലെ ഒരു വലിയ ബക്കറ്റും രണ്ട് സ്പോഞ്ചും എനിക്ക് നേരെ നീട്ടി.
ഞങ്ങൾ രണ്ടുപേരും ആ മഞ്ഞച്ചുമരിന് മുന്നിൽ അണിനിരന്നു. ആരും കാണാതെ അവൾ എന്റെ കാലിനിട്ട് ഒരു ചവിട്ട് തന്നു.
”എടാ… നിന്റെ പൈനാപ്പിൾ കളി കാരണം എന്റെ ഡ്രെസ്സിലും ജ്യൂസ് ആയി. നീ ഇത് മുഴുവൻ ഒറ്റയ്ക്ക് തുടച്ചോണം!” അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
ഞാൻ വിട്ടുകൊടുത്തില്ല.

Thudakkam kalakki