രുദ്രപ്രതാപം – 16 2അടിപൊളി  

ആ ദിവസത്തിനുശേഷം, അവളെയും അമ്മയെയും

ഒരിക്കലും ഒറ്റയ്ക്കാക്കിയിരുന്നില്ല ജോർജ്.

സാമ്പത്തിക കാര്യങ്ങൾ മുതൽ പഠനവും ജോലിയും വരെ, ഓരോ നിർണായക ഘട്ടത്തിലും താങ്ങായി നിന്നത് അദ്ദേഹമായിരുന്നു.

ഗീതയുടെ അച്ഛനും ജോർജും തമ്മിലുള്ള സൗഹൃദം അത്രയും ആഴമുള്ളതായിരുന്നു.

സുഹൃത്തുക്കൾ എന്നതിനേക്കാൾ, സഹോദരങ്ങളെപ്പോലെയായിരുന്നു അവർ.

അതുകൊണ്ടുതന്നെ ഗീതയെ ജോർജ് സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്.

ആ സ്നേഹവും കരുതലും ഗീത ചെറുപ്പം മുതൽ അനുഭവിച്ചാണ് വളർന്നത്.

ജോർജിന്റെ മുന്നിൽ അവൾ ഇടയ്ക്കൊക്കെ പഴയ കുറുമ്പുകാരിയെപ്പോലെ തമാശയും കുസൃതിയും കാണിക്കുമായിരുന്നു.പക്ഷേ അതൊന്നും ഒരിക്കലും അതിരുവിട്ടിരുന്നില്ല.

ആ തമാശകൾക്കപ്പുറം, അവളിൽ അദ്ദേഹത്തോടുള്ള ബഹുമാനം അതിരില്ലാത്തതായിരുന്നു.

ജോർജിന്റെ മുഖത്ത് പടർന്ന ആ മങ്ങലും കണ്ണുകളിൽ തെളിഞ്ഞ ഗൗരവവും കണ്ടതോടെ, ഇനി അദ്ദേഹം പറയാൻ പോകുന്നത് നിസ്സാരമായ കാര്യമല്ലെന്ന് ഗീതയ്ക്ക് മനസ്സിലായി.

അവളും  മുഖത്തെ ഭാവം ഒന്ന് സീരിയസ് ആക്കി.

മുറിയാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

ജോർജ് ഒരു ദീർഘനിശ്വാസം വിട്ടു.

പിന്നെ തൊണ്ടയൊന്ന് ശരിപ്പെടുത്തി, കുറച്ച് നിമിഷം വാക്കുകൾ മനസ്സിൽ ക്രമപ്പെടുത്തിയ ശേഷം സംസാരിക്കാൻ തുടങ്ങി.

“കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളാണ് ഇതിലുള്ളത്.”

ജോർജിന്റെ ശബ്ദം ഗൗരവമായിരുന്നു.

“ആകെ ഇരുപത് പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.”

ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം തുടർന്നു.

“അതിൽ… പതിമൂന്ന് പേർ കുട്ടികളാണ്.”

ആ അവസാന വാക്കുകൾ മുറിയാകെ ഭാരമായി തങ്ങിനിന്നു.ഗീത പതിയെ കൈയിലിരുന്ന ചുവന്ന ഫയൽ തുറന്നു.

ഓരോ പേജും ശ്രദ്ധയോടെ മറിച്ചുനോക്കി.

ഓരോ ഫോട്ടോയും…

ഓരോ പേരും…

ഓരോ വിവരവും…

അവളുടെ മുഖത്തെ ഗൗരവം പതിയെ വർധിച്ചുകൊണ്ടിരുന്നു.

ഫയലിന്റെ താളുകൾ മറിക്കുന്ന ശബ്ദം മാത്രം ആ ഓഫീസിലെ നിശ്ശബ്ദതയെ ഇടയ്ക്കിടെ മുറിച്ചുകടന്നു.

“പതിമൂന്ന് കേസുകളിലും കാണാതായവരുടെ പ്രായം ഏകദേശം പത്ത് മുതൽ പതിനഞ്ച് വയസ്സ് വരെയാണ്.”

ജോർജ് പതിയെ പറഞ്ഞു.

“ആദ്യമൊക്കെ ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് കരുതിയത്.”

“പക്ഷേ, അതേ പാറ്റേണിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.”

അദ്ദേഹം മേശപ്പുറത്തിരുന്ന മറ്റൊരു ഫയലിലേക്ക് ഒന്ന് വിരൽ ചൂണ്ടി.

“അവിടങ്ങളിൽ നിന്ന് ലഭിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച് താരതമ്യം ചെയ്തപ്പോൾ…”

ഗീത ഫയലിൽ നിന്ന് കണ്ണുകളുയർത്തി ജോർജിനെ ശ്രദ്ധിച്ചു.

അദ്ദേഹത്തിന്റെ മുഖം പതിവിലും ഗൗരവമായിരുന്നു.

“ഇതേ കാലയളവിൽ…”

“ഇന്ത്യ മുഴുവൻ ഈ പാറ്റേണിൽ കാണാതായവരുടെ എണ്ണം എടുത്തപ്പോൾ…”

അദ്ദേഹം ഒരു നിമിഷം നിർത്തി.

“അത്…ഏകദേശം…”

“പതിനായിരത്തോളം ആയിരുന്നു.”

ആ സംഖ്യ കേട്ട നിമിഷം ഗീതയുടെ കൈയിലിരുന്ന ഫയൽ അനങ്ങാതെ നിന്നു.

ആ സംഖ്യ കേട്ട നിമിഷം ഗീതയുടെ കണ്ണുകൾ അറിയാതെ വിടർന്നു.

മുഖത്ത് വ്യക്തമായ അമ്പരപ്പ് നിറഞ്ഞു.

“പതിനായിരം…?”

അറിയാതെ ആ വാക്ക് അവളുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നു.

ഒരേ കാലയളവിൽ…

ഒരേ പ്രായപരിധിയിലുള്ള…

ഇത്രയധികം ആളുകൾ എങ്ങനെ

ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകും?

ആ ചോദ്യം അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

അവൾ പതിയെ ഫയലിലേക്കും, പിന്നെ ജോർജിലേക്കും നോക്കി.

ആ കേസിന്റെ വ്യാപ്തി താൻ ആദ്യം കരുതിയതിലും എത്രയോ വലുതാണെന്ന് അപ്പോഴാണ് ഗീത പൂർണമായി തിരിച്ചറിഞ്ഞത്.

“So…”

ജോർജ് പതിയെ കൈകൾ മേശപ്പുറത്ത് ഊന്നി.

“കേന്ദ്രത്തിൽ നിന്ന് നേരിട്ട് വന്ന ഓർഡർ എന്താന്ന് വച്ച.”

“ഓരോ സംസ്ഥാനത്തും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഈ കേസ് അന്വേഷിക്കണം.”

അദ്ദേഹം ഗീതയെ നേരെ നോക്കി.

“കേരള ടീമിന്റെ ലീഡ് ആരായിരിക്കണമെന്ന കാര്യത്തിൽ ഞാൻ അധികം ആലോചിക്കേണ്ടി വന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *