ഒരു ചെറു ഇടവേളയ്ക്ക് ശേഷം അദ്ദേഹം തുടർന്നു.
“ഈ കേസ് ലീഡ് ചെയ്യേണ്ടത് നീ തന്നെയാണെന്ന് എനിക്ക് തോന്നി.”
“അതുകൊണ്ടാണ് നിന്റെ പേര് ഞാൻ സെലക്ട് ചെയ്തത്.”
ഗീത ഒരു ചുവടുകൂടി മുന്നോട്ട് വന്ന് വീണ്ടും അറ്റൻഷനായി നിവർന്നുനിന്നു.
അവളുടെ മുഖത്തെ സംശയങ്ങൾ മാറിയിരുന്നു.
പകരം, ഒരു ഉദ്യോഗസ്ഥയുടെ ഉറച്ച തീരുമാനം അവിടെ തെളിഞ്ഞുനിന്നു.
ജോർജ് അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
ശേഷം മുഖത്തെ ഗൗരവം നിലനിർത്തിക്കൊണ്ട് ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
“Wish you all the best, Geetha.”
ഒരു നിമിഷം പോലും മടിക്കാതെ ഗീത ആ കൈയിൽ കൈ കോർത്തു.
അവളുടെ പിടി ഉറച്ചതായിരുന്നു.
കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“Thank you, sir.”
ജോർജ് പതിയെ കൈ പിൻവലിച്ചു.
മുഖത്തെ ഔദ്യോഗിക ഗൗരവം മെല്ലെ അലിഞ്ഞുപോയി.
ഒരു ചെറുപുഞ്ചിരിയോടെ അയാൾ കസേരയിലേക്ക് ചാരിയിരുന്നു.
“അല്ലാ… അതൊക്കെ പോട്ടെ.”
“നിന്റെ അമ്മ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു.”
ഗീത സംശയത്തോടെ പുരികമുയർത്തി.
“എന്തിനാ…?”
ജോർജ് ചിരിയടക്കിക്കൊണ്ട് അവളെ നോക്കി.
“നീ കല്യാണം ഒന്നും വേണ്ടെന്ന് പറഞ്ഞെന്നാ കേട്ടത്.”
അദ്ദേഹം ഒന്ന് നിർത്തി.
പിന്നെ കുസൃതിച്ചിരിയോടെ ചോദിച്ചു.
“എന്താടി… വല്ല ചുറ്റിക്കളിയും ഉണ്ടോ…?”
അത് കേട്ടതും ഗീതയുടെ മുഖം ഒന്ന് ചുളിഞ്ഞു.
ഇത്ര നേരം കേസിന്റെ ഗൗരവത്തിൽ മുങ്ങിക്കിടന്ന സംഭാഷണം, ഒറ്റ നിമിഷം കൊണ്ട് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞിരുന്നു.
“അപ്പോഴേക്കും അതിവിടെ എത്തിയോ… ഈ അമ്മയുടെ ഒരു കാര്യം…”
ഗീത നെറ്റിയിൽ കൈവെച്ച് തലകുലുക്കി.
ജോർജ് ചെറുതായി ചിരിച്ചു.
“അവളെ നീ എന്തിനാ പറയുന്നേ…?.നിനക്കെത്ര വയസ്സായെന്ന് വല്ല ഓർമ്മയുമുണ്ടോ?.ഓരോ ഉടായിപ്പ് ന്യായം പറഞ്ഞ് ഇത്രയും കാലം നീ ഒഴിഞ്ഞു മാറിയില്ലേ.”
ഗീത മുഖം വെട്ടിച്ചു.
ചുണ്ടിന്റെ കോണിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
അത് കണ്ട ജോർജ് വിരൽ ചൂണ്ടി പറഞ്ഞു.
“മുഖത്തോട്ട് നോക്കടി…”
ഗീത പതിയെ മുഖമുയർത്തി.
“എന്റെ പൊന്നു ജോർജ് സാറേ…ഞാൻ ഇന്നുവരെ അങ്ങനെ ആരെയും കണ്ടിട്ടില്ല.എനിക്ക് സെറ്റാകുന്ന ഒരാളെ കിട്ടട്ടെ… അപ്പോൾ ബാക്കി ആലോചിക്കാം.അതുവരെ എന്നെ ഒന്ന്
വെറുതെ വിട്ടേക്ക്.”
അവൾ കുസൃതിച്ചിരിയോടെ പറഞ്ഞതും ജോർജ് പൊട്ടിച്ചിരിച്ചു.
“ഓഹോ… ആരാണാവോ തമ്പുരാട്ടി നോക്കിനടക്കുന്നത്…”
“ആ…”
ഗീത തോളുയർത്തി.
“നോക്കാം… എവിടെയെങ്കിലും ഉണ്ടാവും.”
ജോർജ് ചിരിച്ചുകൊണ്ട് തലയാട്ടി.
“നിനക്കുള്ള ആളല്ലേ.. കിട്ടിയാൽ മതി.”
അതും പറഞ്ഞ് അദ്ദേഹം വീണ്ടും റിവോൾവിംഗ് ചെയറിലേക്ക് ചാരിയിരുന്നു.
ഗീത ചെറുചിരിയോടെ സല്യൂട്ട് ചെയ്ത് ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി.
സ്റ്റേഷന്റെ വരാന്തയിലൂടെ നടന്നുപോകുമ്പോൾ മുന്നിൽ കണ്ട ഉദ്യോഗസ്ഥർ ഓരോരുത്തരും അവൾക്ക് സല്യൂട്ട് ചെയ്തു.
അവൾ എല്ലാവരെയും നോക്കി തലകുലുക്കി അത് സ്വീകരിച്ചു.
പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലേറോയുടെ അടുത്തെത്തിയ അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി.
“നാരായണേട്ടാ… വണ്ടിയെടുക്കൂ.”
വണ്ടിയുടെ മറുവശത്ത് നിന്നിരുന്ന പ്രായമായ കോൺസ്റ്റബിളിനെ നോക്കി അവൾ പറഞ്ഞു.
“ശരി, മാഡം.”
നാരായണൻ പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് അവളെ നോക്കി ചോദിച്ചു.
“എങ്ങോട്ടാ, മാഡം…?”
ഗീത കൈയിലിരുന്ന ചുവന്ന ഫയലിലേക്ക് ഒരിക്കൽ കൂടി നോക്കി.
ഒരു ദീർഘനിശ്വാസം വിട്ട ശേഷം ഫയൽ പതിയെ അടച്ചു.
“ഒരു പുതിയ തലവേദന വന്നിട്ടുണ്ട്…”
ചെറുപുഞ്ചിരിയോടെ അവൾ തുടർന്നു.
“അതൊന്ന് നോക്കണം.”
പിന്നെ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ഇപ്പോൾ വീട്ടിലേക്കെടുത്തോ…”
ബൊലേറോ പതിയെ സ്റ്റേഷൻ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി. ഗീതയുടെ കണ്ണുകൾ ഇപ്പോഴും മടിയിലിരുന്ന ആ ചുവന്ന ഫയലിൽ തന്നെയായിരുന്നു.
ആ കേസിന്റെ ഭാരം അവളുടെ മനസ്സിലും പതിയെ നിറയാൻ തുടങ്ങിയിരുന്നു.
