രുദ്രസേനൻ – 3 Likeഅടിപൊളി  

രാത്രി ഏറെ വൈകിയിരുന്നു.

വിജയാഘോഷം ഇപ്പോഴും

അവസാനിച്ചിരുന്നില്ല.

സൈനികർ പാട്ടും മദ്യവുമായി ആഘോഷം തുടർന്നു. തടവുകാരുടെ ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകളിൽനിന്ന് രുദ്രസേനൻ പതുക്കെ അകന്നു.

അയാൾ തന്റെ പാനപാത്രം മേശപ്പുറത്ത് വെച്ചു.

അരികിൽ നിന്നിരുന്ന സൈനികൻ ചോദിച്ചു:

“പ്രഭോ, മറ്റൊരു പാനപാത്രം കൊണ്ടുവരട്ടെയോ?”

“വേണ്ട.”

“അങ്ങ് എവിടേക്കാണ് പോകുന്നത്?”

രുദ്രസേനൻ മറുപടി പറഞ്ഞില്ല.

അയാളുടെ മനസ്സിൽ മറ്റൊരു മുഖമായിരുന്നു.

അഭിരാമി!

ഈ യുദ്ധത്തിന്റെ ഓരോ നീക്കത്തിനും പിന്നിൽ അവളുടെ ബുദ്ധിയും ധൈര്യവുമുണ്ടായിരുന്നു. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞതും യുദ്ധതന്ത്രങ്ങൾ തയ്യാറാക്കിയതും അവളായിരുന്നു.

വിജയത്തിന്റെ കിരീടം അവളുടെ ആസൂത്രണത്തിനും തന്ത്രങ്ങൾക്കുമുള്ള പ്രതിഫലമായിരുന്നു.

.

രുദ്രസേനൻ തന്റെ കുതിരയുടെ അടുത്തേക്ക് നടന്നു.

കടിഞ്ഞാൺ കൈയിലെടുത്ത് ഒറ്റച്ചാട്ടത്തിന് കുതിരപ്പുറത്തേക്ക് കയറി.

“വഴിമാറൂ!”

അവന്റെ ഗാംഭീര്യമാർന്ന ശബ്ദം കേട്ടതും സൈനികർ വഴിയൊഴിഞ്ഞു.

അടുത്ത നിമിഷം കുതിരയുടെ കുളമ്പടികൾ ഭൂമിയിൽ തീപ്പൊരികൾ വിതറിക്കൊണ്ട് മുന്നോട്ടു കുതിച്ചു.

വിജയാഘോഷത്തിന്റെ ആരവങ്ങൾ പിന്നിലേക്ക് മാഞ്ഞുപോയി. കാറ്റിനെ കീറിമുറിച്ച്, ഇരുട്ടിനെ വകഞ്ഞുമാറ്റി, അവൻ തന്റെ ലക്ഷ്യത്തിലേക്ക് പാഞ്ഞു.

അവന് കാണേണ്ടത് വിജയത്തിന്റെ ആഘോഷമായിരുന്നില്ല.

ആ വിജയത്തിന് ജന്മം നൽകിയവളെയായിരുന്നു.

തന്റെ അഭിരാമിയെ!

അയാളുടെ ലോകം ആവളായിരുന്നു

ആ യുദ്ധവും വിജയാഘോഷവും കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ടിരുന്നു.

ഒരിക്കൽ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന സൈന്യാധിപൻ രുദ്രസേനൻ ഇന്ന് ഒരു പുതിയ പദവിയിലേക്ക് ഉയരുകയായിരുന്നു.

സൈന്യത്തിന്റെ കരുത്തും യുദ്ധതന്ത്രങ്ങളിലെ മികവും ശത്രുക്കളോടുള്ള നിർദാക്ഷിണ്യമായ സമീപനവും അയാളെ അധികാരത്തിന്റെ ഉന്നതിയിലെത്തിച്ചു.

രാജാവിന്റെ മരണശേഷം രാജ്യത്ത് അധികാരമാറ്റത്തിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. മന്ത്രിമാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും ഒരുപോലെ പിന്തുണച്ചത് രുദ്രസേനനെയായിരുന്നു.

അങ്ങനെ സൈന്യാധിപനായിരുന്ന രുദ്രസേനൻ രാജ്യത്തിന്റെ പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.

രാജധാനി അന്നൊരു

ഉത്സവനഗരമായി മാറിയിരുന്നു.

കൊട്ടാരവീഥികൾ പൂക്കളാൽ അലങ്കരിക്കപ്പെട്ടു. പ്രധാന കവാടങ്ങളിൽ രാജകീയ പതാകകൾ ഉയർന്നു. നഗരത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കൊട്ടാരത്തിൽ മംഗളവാദ്യങ്ങളും ആരംഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രഭുക്കന്മാരും സാമന്തന്മാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും എത്തിയിരുന്നു.

രാജകൊട്ടാരത്തിലെ വിശാലമായ

പട്ടാഭിഷേക മണ്ഡപത്തിൽ സ്വർണസിംഹാസനം ഒരുക്കിയിരുന്നു.

രുദ്രസേനൻ രാജകീയ വസ്ത്രങ്ങളണിഞ്ഞ് മണ്ഡപത്തിലേക്ക് പ്രവേശിച്ചു.

അയാളുടെ വലതുവശത്ത് പ്രധാന സൈന്യാധിപന്മാരും ഇടതുവശത്ത് മന്ത്രിമാരും അണിനിരന്നു.

രാജപുരോഹിതൻ പുണ്യജലം തളിച്ച് രാജകിരീടം കൈകളിലെടുത്തു.

“ഇന്നുമുതൽ ഈ രാജ്യത്തിന്റെ ഭരണാധികാരിയായി രുദ്രസേനൻ മഹാരാജാവിനെ പ്രഖ്യാപിക്കുന്നു!”

ചെണ്ടകളും ശംഖുകളും ഒരേസമയം മുഴങ്ങി.

രാജപുരോഹിതൻ സ്വർണക്കിരീടം

രുദ്രസേനന്റെ ശിരസ്സിൽ അണിയിച്ചു.

“മഹാരാജാവ് രുദ്രസേനൻ നീണാൾ വാഴട്ടെ!”

സഭ ഒന്നടങ്കം വിളിച്ചുപറഞ്ഞു.

“മഹാരാജാവ് രുദ്രസേനൻ നീണാൾ വാഴട്ടെ!”

അയാൾ പതുക്കെ സിംഹാസനത്തിലേക്ക് നടന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം യാഥാർഥ്യമായ നിമിഷമായിരുന്നു അത്.

പട്ടാഭിഷേക ചടങ്ങുകൾക്കുശേഷം രാജസഭയിൽ മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി ഉണ്ടായി.

പ്രധാനമന്ത്രി എഴുന്നേറ്റു.

“മഹാരാജാവിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും സൈനിക തീരുമാനങ്ങളിലും പ്രധാന പങ്കുവഹിച്ച അഭിരാമി ദേവിയുടെ സ്ഥാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുകയാണ്.”

സഭ നിശ്ശബ്ദമായി.

രുദ്രസേനൻ അഭിരാമിയെ നോക്കി.

Updated: November 10, 2026 — 3:39 pm

Leave a Reply

Your email address will not be published. Required fields are marked *