തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ അടുത്ത കടമ്പ വീട്ടിൽ കാര്യങ്ങൾ പറയുക എന്നതായിരുന്നു. പ്രത്യേകിച്ച് വീട്ടിലെ ഉമ്മയോട്. പെട്ടെന്ന് പ്ലാൻ മാറ്റുമ്പോൾ ഉണ്ടാകാവുന്ന സംശയങ്ങളും ചോദ്യങ്ങളും ലളിതമായി ഒഴിവാക്കണം.
ഹിബ ഫോണെടുത്ത് ഉമ്മയുടെ നമ്പർ പ്രസ്സ് ചെയ്തു. ഫോൺ കാതിലേക്ക് വെയ്ക്കുമ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു പതർച്ചയുണ്ടായെങ്കിലും, അത് പുറത്തു കാണിക്കാതെ ശബ്ദം വളരെ ശാന്തമാക്കി നിർത്തി.
“ഉമ്മാ… ഞങ്ങളാണ്.”
“ആഹ്, എവിടെയെത്തി? വീട്ടിലേക്ക് തിരിഞ്ഞോ?” അപ്പുറത്തുനിന്ന് ഉമ്മയുടെ ആകുലത നിറഞ്ഞ ചോദ്യം കേട്ടു.
“ഇല്ല ഉമ്മാ, ഞങ്ങൾ ഇന്ന് അങ്ങോട്ട് പോരുന്നില്ല. ഇവിടെ വീട്ടിൽ തന്നെ ഇന്ന് നിൽക്കാൻ തീരുമാനിച്ചു. വിശ്രമിച്ചിട്ട് നാളെ രാവിലെ ഇറങ്ങാം എന്ന് കരുതുന്നു.
ഇന്ന് യാത്ര ചെയ്ത് രാത്രി
വൈകി എത്തുന്നതിനേക്കാൾ നല്ലത് അതാണല്ലോ.”
ഉമ്മ ഒരു നിമിഷം ആലോചിച്ചു. പിന്നെ, “ശരി, എന്നാ അങ്ങനെയാകട്ടെ. രാത്രി യാത്ര ചെയ്യേണ്ട. അവിടെ ശ്രദ്ധിച്ച് നിൽക്ക്, നാളെ രാവിലെ ഇങ്ങോട്ട് പോന്നാൽ മതി,” എന്ന് പറഞ്ഞ് ഫോൺ വെച്ചു.
ഫോൺ കോൾ കട്ട് ചെയ്യപ്പെട്ടപ്പോൾ ഹിബ നെടുവീർപ്പണിഞ്ഞു. വലിയൊരു കടമ്പ കടന്ന ആശ്വാസത്തോടെ അവൾ നസീമയെ നോക്കി പുഞ്ചിരിച്ചു. ഇനി അടുത്ത കാര്യം ചെയ്യാനുണ്ടായിരുന്നു. ഷബീറിനെയും നൗഫലിനെയും വിവരം അറിയിക്കണം.
നസീമ ഉടൻ തന്നെ ഷബീറിന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടുമൂന്ന് ബെല്ലുകൾക്ക് ശേഷം അപ്പുറത്ത് ഷബീർ ഫോൺ എടുത്തു. അവൻ എന്തോ ചോദിക്കുന്നതിന് മുൻപ് തന്നെ നസീമ വിഷയം അവതരിപ്പിച്ചു.
“ഷബീറേ, ഞങ്ങൾ ഇന്ന് വീട്ടിലേക്ക് പോകുന്നില്ല. നേരെ ഉണ്ണിയുടെയും അനിതയുടെയും അടുത്തേക്ക് വരികയാണ്. ഇന്ന് രാത്രി അവിടെയാണ് എല്ലാവരും കൂടുന്നത്.”
അപ്പുറത്ത് ഒരു ചെറിയ മൗനത്തിനു ശേഷം ഷബീറിന്റെ ചിരി കേട്ടു. “അതു ശരി, അപ്പോൾ പദ്ധതി മാറ്റി അല്ലേ? നൗഫൽ എന്റെ കൂടെയുണ്ട്.
ഞാൻ അവനോട് പറഞ്ഞോളാം. കളിക്കിടയിൽ ഞങ്ങളെ ഒന്ന് വീഡിയോ കാൾ വിളിക്കണേ” അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
ഷബീറിനും നൗഫലിനും കാര്യം വ്യക്തമായി മനസ്സിലായിരുന്നു. വിസ്തരിച്ച് പറയേണ്ട ഒരു ആവശ്യവും അവിടെയുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് എല്ലാവരും ഉണ്ണിയുടെ വീട്ടിൽ ഒത്തുകൂടുന്നത്, ഈ രാത്രിയുടെ രഹസ്യ അജണ്ട എന്താണ്, ഇതിനു പിന്നിലുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു.
ഉണ്ണിയുടെയും അനിതയുടെയും വീട് എപ്പോഴും അവർക്ക് ഒരു ഒത്തുകൂടലിന്റെ കേന്ദ്രമായിരുന്നു. അവിടെയാകുമ്പോൾ ആരും തടസ്സപ്പെടുത്താനില്ല, ചോദിക്കാനും പറയാനും ആരുമില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ
ഏറ്റവും അനുയോജ്യമായ താവളം.
വണ്ടി ഹൈവേയിൽ നിന്ന് തിരിഞ്ഞ് ഗ്രാമീണ റോഡുകളിലേക്ക് കടന്നു. ടാർ ചെയ്ത വീതി കുറഞ്ഞ റോഡിന് ഇരുവശത്തും വലിയ മരങ്ങളും വലിയ വീടുകളും തണൽ വിരിച്ചു നിന്നു.
രാത്രിയുടെ തണുപ്പ് അന്തരീക്ഷത്തിൽ പടർന്നു തുടങ്ങിയിരുന്നു. റോഡിലെ തിരക്കുകൾ കുറഞ്ഞു കുറഞ്ഞു വന്നു. കാറിനുള്ളിൽ മൃദുവായ സംഗീതം ഒഴുകിനടന്നു.
യാത്രയിലുടനീളം സംസാരം ഉണ്ണിയെക്കുറിച്ചും അനിതയെക്കുറിച്ചും ആയി മാറി. ഉണ്ണി എന്നും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന, ആവശ്യമുള്ളപ്പോൾ വലിയ തണലായി നിൽക്കുന്ന ഒരു സ്വഭാവക്കാരൻ.
അനിതയാകട്ടെ, ആ വീടിന്റെ ഐശ്വര്യവും ജീവനുമായിരുന്നു. ആര് എപ്പോൾ വന്നാലും മുഖത്ത് അതൃപ്തിയുടെ ഒരു നിഴൽ പോലും വരുത്താതെ, സ്നേഹത്തോടെ സ്വീകരിക്കുന്ന അനിതയുടെ പെരുമാറ്റം എല്ലാവർക്കും വലിയൊരു ആശ്വാസമായിരുന്നു.
അവൾ വെച്ചുവിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും, അവളുടെ ചിരിയും ആ വീടിന് ഒരു പ്രത്യേക അന്തരീക്ഷം നൽകിയിരുന്നു.
വഴിമധ്യേ കവലയിലുള്ള ചെറിയൊരു ഹോട്ടലിന് മുന്നിൽ അവർ വണ്ടി നിർത്തി. രാത്രി വൈകി കുടിക്കാൻ ചൂടുള്ള ചായയും, എല്ലാവർക്കും ഡിന്നറിനുള്ള ഭക്ഷണവും വാങ്ങി.
