കുര്യാക്കോസിന്റെ മൃതദേഹം മഞ്ഞപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കല്ലറയിലേക്ക് ഇറക്കി, പ്രാർത്ഥനകൾ അവസാനിച്ച് ആളുകൾ ഓരോരുത്തരായി പിരിഞ്ഞുപോകുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വന്നവരൊക്കെ ലിസിയെയും കുടുംബത്തെയും ആശ്വസിപ്പിച്ച് കവലയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
മരണവീടിന്റെ മുറ്റം പതിയെ ശൂന്യമായി. ദൂരെയുള്ള ചില അടുത്ത ബന്ധുക്കൾ മാത്രമാണ് ഇനി വീട്ടിലുള്ളത്. പന്തൽ കെട്ടിയവരും കസേരയിട്ടവരും സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റിപ്പോയി.
അപ്പോഴും ഉമ്മറത്തെ അവശിഷ്ടങ്ങൾ തൂത്തുവാരാനും, പള്ളിയിൽ കൊണ്ടുപോയ സാധനങ്ങൾ തിരികെ വെക്കാനും അഭി അവിടെത്തന്നെയുണ്ടായിരുന്നു. വിയർപ്പിൽ കുതിർന്ന ഷർട്ടും മടക്കിക്കുത്തിയ മുണ്ടുമായി അവൻ ഓടിനടന്നു. അടുക്കളയിൽ രുക്മിണി അമ്മ അവിടെ ബാക്കിയുണ്ടായിരുന്ന ബന്ധുക്കൾക്കും മറ്റും കഴിക്കാനായി കഞ്ഞിയും പയറും റെഡിയാക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിട്ടും ലിസിയും മറിയാമ്മ ചേടത്തിയും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. അവർ ഒന്നും കഴിച്ചിട്ടുമില്ല.
അഭി കൈ കഴുകി പതുക്കെ ലിസി ഇരിക്കുന്ന കിടപ്പുമുറിയുടെ വാതിൽക്കൽ വന്നു നിന്നു. കട്ടിലിന്റെ ഒരരികിൽ മറിയാമ്മ ചേടത്തി തളർന്നിരിപ്പുണ്ട്. ലിസി ജനലിലൂടെ പുറത്തെ തോട്ടത്തിലേക്ക് നോക്കി ശൂന്യമായി ഇരിക്കുകയാണ്.
അഭി പതുക്കെ
അകത്തേക്ക് കയറി മറിയാമ്മ ചേടത്തിയുടെ അരികിൽ ഇരുന്നു.
“ചേടത്തീ… എഴുന്നേൽക്ക്. കുറച്ചു കഞ്ഞി കുടിക്കാം. രാവിലെ മുതൽ ഒന്നും വയറ്റിൽ ചെന്നിട്ടില്ലല്ലോ. ഇങ്ങനെ ഇരുന്നാൽ ശരീരം തളർന്നുപോകും,” അഭി വളരെ ശാന്തമായി, സ്നേഹത്തോടെ പറഞ്ഞു.
അവൻ ലിസിയുടെ നേരെ തിരിഞ്ഞു. അവൾ അപ്പോഴും ജനലിലൂടെ പുറത്തേക്ക് തന്നെ നോക്കുകയായിരുന്നു. “ചേച്ചി… എഴുന്നേൽക്ക്.എന്തൊരു ഇരുത്താമ ഇത് അമ്മയെയും കൂട്ടി വന്ന് കുറച്ചു കഞ്ഞി കുടിക്ക്. വന്നിരിക്കുന്ന ബന്ധുക്കളും ഒന്നും കഴിച്ചിട്ടില്ല. നിങ്ങൾ കഴിച്ചാലേ അവരും കഴിക്കൂ…”
അഭിയുടെ ആ നിർബന്ധത്തിന് മുന്നിൽ അവർക്ക് മറുത്തു പറയാൻ കഴിഞ്ഞില്ല. അവൻ തന്നെ മുന്നിൽ നിന്ന് അവരെ രണ്ടുപേരെയും ഡൈനിംഗ് ടേബിളിന് അരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവർക്ക് കഞ്ഞി പകർന്നു നൽകിയ ശേഷമാണ് അവൻ പുറത്തെ❤️
കാര്യങ്ങളിലേക്ക് വീണ്ടും പോയത്.
സമയം വളരെ വേഗത്തിലാണ് കടന്നുപോയത്. വൈകുന്നേരത്തോടെ ബാക്കിയുണ്ടായിരുന്ന ബന്ധുക്കളും അവരവരുടെ വണ്ടികളിൽ കയറി യാത്ര പറഞ്ഞുപോയി. നേരം ഇരുട്ടിയതോടെ മഞ്ഞപ്പാറയിലെ ആ വലിയ വീടിനുള്ളിൽ പെട്ടെന്ന് വലിയൊരു ഏകാന്തത തളംകെട്ടി നിന്നു. പുറത്ത് പതിവുപോലെ മൂടൽമഞ്ഞ് വീടിനെ വന്നു മൂടിത്തുടങ്ങി. തണുത്ത കാറ്റ് ജനൽപ്പാളികളിൽ വന്നിടിച്ചു.
രുക്മിണി അമ്മ പതുക്കെ ലിസി കിടക്കുന്ന മുറിയിലേക്ക് ചെന്നു. ലിസി കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.
“മോളെ… ഞങ്ങളെന്നാൽ ഇറങ്ങട്ടെ? നേരം ഒത്തിരിയായി,” രുക്മിണി സാവധാനം പറഞ്ഞു.
അമ്മയുടെ ശബ്ദം കേട്ട് ലിസി പെട്ടെന്ന് കിടക്കുന്നിടത്തുനിന്നും എഴുന്നേറ്റിരുന്നു. അവളുടെ മുഖത്ത് ഭയം കലർന്ന സങ്കടം തെളിഞ്ഞു.
“അയ്യോ… ചേടത്തി പോകുവാണോ? നിങ്ങളെല്ലാവരും ഇന്ന് ഇവിടെ കിടന്നാൽ പോരേ? ഇവിടെ വേറെ ആരുമില്ലല്ലോ…” ലിസി ഒരു കൊച്ചു കുട്ടിയെപ്പോലെ സങ്കടത്തോടെ രുക്മിണിയുടെ കൈകളിൽ പിടിച്ചു. ആ വലിയ വീട്ടിൽ തനിച്ചാകുന്നതിന്റെ ഭയം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
“അതല്ലാ മോളെ… അവിടെ വീട്ടിൽ പശുവും ആടുമൊക്കെ ഉള്ളതാ. അവറ്റകൾക്ക് വെള്ളവും പുല്ലും കൊടുക്കണം. രാവിലെ മുതൽ കെട്ടിയിട്ടിരിക്കുകയാ, ഒന്നും തിന്നു കാണില്ല,” രുക്മിണി തന്റെ ബുദ്ധിമുട്ട് അറിയിച്ചു.
“അതിന് അഭിയും മിനിയും കൂടെ അങ്ങോട്ട് പോയാൽ പോരേ ചേടത്തീ? നിങ്ങള് ഇന്ന് ഇവിടെ കിടന്നോ…” ലിസി വിടാൻ ഭാവമില്ലായിരുന്നു. അവളുടെ ആ അവസ്ഥ കണ്ട് രുക്മിണിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. അവർ പരുങ്ങി.
