സാം എന്തായിരിക്കും കാൾസ് അറ്റൻഡ് ചെയ്യാത്തത് എന്ന് ആലോചിച്ചു അവൾ അന്ന് ആകെ ആശയക്കുഴപ്പത്തിൽ ആയി…
പക്ഷേ രാത്രിയിലെ ആ വന്യമായ ഓർമ്മകൾ ഒരു ചലച്ചിത്രമെന്നോണം അവളുടെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു മറഞ്ഞു.
സാമിന്റെ ഓരോ സ്പർശനവും അവന്റെ പരുക്കൻ നിശ്വാസവും അവളുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
അപ്പോഴാണ് ഒരു പേഷ്യന്റ് തന്റെ കുടുംബപ്രശ്നങ്ങളുമായി അവളുടെ മുന്നിലെത്തിയത്. അയാൾ ഓരോന്ന് പറയുമ്പോഴും നതാഷയ്ക്ക് അസഹനീയമായ ദേഷ്യം തോന്നി.
പേഷ്യന്റ്: “ഡോക്ടർ… എനിക്ക് എന്റെ ഭാര്യയെ വിശ്വാസമില്ല. അവൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കണ്ടു. എനിക്ക് സമാധാനം കിട്ടുന്നില്ല…”
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ അതീവ ക്ഷമയോടെ കേട്ടിരുന്ന നതാഷ ഇന്ന് പെട്ടെന്ന് പൊട്ടിത്തെറിച്ചു. അവൾ മേശപ്പുറത്ത് ആഞ്ഞടിച്ചു.
നതാഷ: (ഉയർന്ന സ്വരത്തിൽ) “നിർത്തൂ! നിങ്ങളെപ്പോലെയുള്ള പുരുഷന്മാരുടെ പ്രശ്നം ഇതാണ്!
എപ്പോഴും സംശയം… എപ്പോഴും നിരീക്ഷണം.!!
ഒരു സ്ത്രീക്ക് സ്വന്തമായി ഒരു ലോകം ഉണ്ടാകാൻ പാടില്ലേ? നിങ്ങൾക്കിവിടെ കൗൺസിലിംഗിന്റെ ആവശ്യമില്ല, കുറച്ച് വിവേകമാണ് വേണ്ടത്. പ്ലീസ്, ഗെറ്റ് ഔട്ട്!”
പേഷ്യന്റ് അമ്പരന്നുപോയി. അയാൾ ഒന്നും മിണ്ടാതെ വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.
നതാഷ തന്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.
അവളുടെ ശ്വാസം വേഗത്തിലായിരുന്നു. താൻ ആ പേഷ്യന്റിനെയല്ല, മറിച്ച് തന്റെയുള്ളിലെ കുറ്റബോധത്തെയാണ് ഭയക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.
അല്പം കഴിഞ്ഞ് ചായയുമായി വന്ന നഴ്സ് ലില്ലി, നതാഷയുടെ അടുത്ത് കുറച്ച് ഫയലുകൾ വെച്ചു.
ലില്ലി: “മാഡം… അടുത്ത പേഷ്യന്റ് അരമണിക്കൂറായി വെയിറ്റ് ചെയ്യുന്നു. അവർക്ക് കുറച്ച് തിരക്കുണ്ട്…”
നതാഷ: (ലില്ലിക്ക് നേരെ തിരിഞ്ഞ് ആക്രോശിച്ചു)
“നിങ്ങൾക്ക് കാണുന്നില്ലേ ഞാൻ ഇവിടെ ബിസിയാണെന്ന്? അവർക്ക് തിരക്കുണ്ടെങ്കിൽ അവർ വേറെ ഡോക്ടറെ കാണട്ടെ! ഇതെന്താ ചായക്കടയാണോ തിരക്ക് കൂട്ടാൻ? ഈ ഫയലുകളെല്ലാം എടുത്ത് പുറത്ത് പോകൂ ലില്ലി. എന്റെ അനുവാദമില്ലാതെ ആരും ഇനി ഈ മുറിയിലേക്ക് വരരുത്!”
ലില്ലിയുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു..
വർഷങ്ങളായി നതാഷയോടൊപ്പം ജോലി ചെയ്യുന്ന ജൂനിയർ നേഴ്സ് ആയ അവൾ നതാഷയുടെ ഇങ്ങനെയൊരു രൂപം കണ്ടിട്ടില്ല. പാവം ലില്ലി വേഗത്തിൽ മുറിക്ക് പുറത്തിറങ്ങി.
നതാഷ കസേരയിലേക്ക് തളർന്നിരുന്നു.
അവളുടെ മനസ്സ് ഒരു വലിയ സംഘർഷഭൂമിയായിരുന്നു.
സാമിനോടുള്ള ആവേശം അവളുടെ പ്രൊഫഷണലിസത്തെ കാർന്നുതിന്നുകയായിരുന്നു.
ജോലിയിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിയുന്നില്ല.
ഓരോ ശബ്ദത്തിലും അവൾ സാമിന്റെ ഹിമാലയൻ ബൈക്കിന്റെ ശബ്ദം തിരഞ്ഞു.
താൻ വസ്ത്രം മാറുമ്പോൾ കണ്ണാടിയിൽ കണ്ട ആ പാടുകൾ… അവ മാഞ്ഞുപോകുന്നില്ല.
ഓരോ തവണ പല ഫോൺ കാൾസ് വരുമ്പോഴും അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
നതാഷ തന്റെ മേശപ്പുറത്തിരുന്ന വെള്ളം കുടിച്ചുകൊണ്ട് കണ്ണുകളടച്ചു.
പക്ഷേ ഇരുട്ടിൽ അവൾ കണ്ടത് സാമിന്റെ ആ വശ്യമായ കണ്ണുകളായിരുന്നു.
അവൾ തന്റെ ജീവിതത്തിന്റെ നിയന്ത്രണം സാമിന്റെ കൈകളിലേക്ക് ഏൽപ്പിച്ചു കഴിഞ്ഞു എന്ന് ആ പകൽ വെളിച്ചത്തിൽ അവൾ നൊമ്പരത്തോടെ തിരിച്ചറിഞ്ഞു.
അതേസമയം ഹോസ്പിറ്റലിൽ ഏകദേശം നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമാണ് മാത്യു പുറത്തിറങ്ങിയത്.
പുറത്ത് കാത്തുനിന്ന ബന്ധുക്കളുടെ കണ്ണുകളിലെ ആശ്വാസവും നന്ദിയും കണ്ടപ്പോൾ, മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സംതൃപ്തി നിറഞ്ഞു.
തന്റെ വിരലുകൾ കൊണ്ട് ഒരു ജീവൻ കൂടി മരണത്തിൽ നിന്നും തിരിച്ചു പിടിച്ചിരിക്കുന്നു.
