സുതാര്യമായ തടവറ – 2 23

 

ആറുമാസം മുൻപ്.

നഗരത്തിൽ തന്നെയുള്ള ബീച്ചിനോട് ചേർന്നുള്ള ഒരു കഫേയിൽ വച്ച്…

 

​കടലിനോട് ചേർന്നുള്ള ആ പഴയ കഫേയിൽ തന്റെ സ്കെച്ച് ബുക്കുമായി ഇരിക്കുകയായിരുന്നു സാം.

 

അന്ന് വൈകുന്നേരമാണ് ആദ്യമായി നതാഷ അവിടേക്ക് വരുന്നത്. മാത്യുവിനൊപ്പം ഒരു ഡിന്നറിന് എത്തിയതായിരുന്നു അവൾ. അവർക്ക് തൊട്ടടുത്ത ടേബിളിൽ ഇരുന്ന് സാം അവരെ ശ്രദ്ധിച്ചു.

 

​മാത്യു തന്റെ ഫോണിലെ മെഡിക്കൽ റിപ്പോർട്ടുകളിൽ മുഴുകിയിരിക്കുമ്പോൾ, നതാഷ ശൂന്യമായ കണ്ണുകളോടെ കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.

 

അവളുടെ ആ ഏകാന്തതയും, ഉടലിലെ വശ്യതയും സാമിന്റെ ഉള്ളിലെ ചിത്രകാരനെ ഉണർത്തി.

 

ഒരു വാക്ക് പോലും മിണ്ടാതെ അയാൾ അവളെ നിരീക്ഷിച്ചു.

 

മാത്യുവിന്റെ അവഗണനയിൽ അവൾ അനുഭവിക്കുന്ന ആ ശ്വാസംമുട്ടൽ ആ മുഖത്ത് വ്യക്തമായിരുന്നു.

 

 

​അന്നുതൊട്ട് സാം അവളെ പിന്തുടരാൻ തുടങ്ങി. തന്റെ ഹിമാലയൻ ബൈക്കിൽ ശബ്ദമുണ്ടാക്കാതെ അയാൾ അവളുടെ കാറിന് പിന്നാലെ പോയി. അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ, അവൾ പോകുന്ന റേഡിയോ സ്റ്റേഷൻ, അവളുടെ വീട്… എല്ലാം സാം മനസ്സിലാക്കി.

 

​നാതാഷയേ കണ്ട ആദ്യ ആഴ്ചയിൽ തന്നെ ​ഒരു പേഷ്യന്റിന്റെ വേഷത്തിൽ സാം ഹോസ്പിറ്റലിലെത്തി.

 

നതാഷയെക്കുറിച്ച് കൂടുതൽ അറിയാൻ അയാൾ തിരഞ്ഞെടുത്തത് ഒറ്റനോട്ടത്തിൽ നടി വന്ന ബർഡോട്ട് നേ പോലെ തോന്നിക്കുന്ന നതാഷ യുടെ ക്യാബിൻ ജൂനിയർ നഴ്സായ ലില്ലിയെയാണ്. ലില്ലിക്ക് നതാഷയോടുള്ള വിശ്വാസം സാം തന്റെ സംസാരത്തിലൂടെ മുതലെടുത്തു.

 

 

​സാം: (വളരെ വിനയത്തോടെ) “സിസ്റ്റർ… ഡോക്ടർ നതാഷയുടെ കൗൺസിലിംഗ് വളരെ മികച്ചതാണെന്ന് കേട്ടു. പക്ഷേ അവർക്ക് എപ്പോഴും ഇത്ര തിരക്കാണോ? അവർക്ക് സംസാരിക്കാൻ സമയം കിട്ടാറുണ്ടോ?”

 

 

​ലില്ലി: (അല്പം സങ്കടത്തോടെ) “അയ്യോ സാറേ, ഡോക്ടർ ഒരു പാവമാണ്. പകലൊക്കെ ഇവിടെ പണിയെടുത്ത് മടുത്ത് രാത്രി ആ റേഡിയോ സ്റ്റേഷനിലും പോകും.അവിടെയും ആളുകൾക്ക് ഫോണിലൂടെ ഫ്രീ ആയി കൗൺസിലിംഗ് കൊടുക്കും..

 

കൂടെയുള്ള മാത്യു സാറാണെങ്കിൽ ഒരു മിനിറ്റ് പോലും അവർക്കായി നീക്കിവെക്കാറില്ല.മാത്യു സർ ഈ സിറ്റിയിലെ പേരുകേട്ട സർജൻ ആണ്..ആ പാവം ആ വലിയ വീട്ടിൽ തനിച്ചാണെന്ന് പറയാം.”

 

 

​ലില്ലിയുടെ ആ വാക്കുകളിൽ നിന്നാണ് നതാഷയുടെ ജീവിതത്തിലെ ശൂന്യത സാം തിരിച്ചറിഞ്ഞത്.

 

അവൾക്ക് വേണ്ടത് സ്നേഹമോ പണമോ അല്ല, മറിച്ച് തന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഒരാളെയാണെന്ന് സാം ഉറപ്പിച്ചു.

 

അതൊരു തുടക്കമായിരുന്നു. പിന്നീട് സാം അവളെ കുറിച്ച് പഠിച്ചു. അവളുടെ ഓരോ ശീലങ്ങളും, അവൾക്ക് ഇഷ്ടപ്പെട്ട പിച്ചകപ്പൂക്കളും, അവൾ രാത്രിയിൽ അനുഭവിക്കുന്ന ഏകാന്തതയും…

 

എല്ലാം ഒരു കാൻവാസ് വരയ്ക്കുന്ന കൃത്യതയോടെ സാം തന്റെ മനസ്സിൽ കോറിയിട്ടു. ആ ഹോസ്പിറ്റലിലെ നിശബ്ദമായ പിന്തുടരലിന് ശേഷമാണ് സാം ആദ്യമായി അവളെ ആ ഫ്‌എം സ്റ്റുഡിയോ യിലേക്ക് പോയി പിന്തുടരാൻ തീരുമാനിച്ചത്.

അയാൾ പിറ്റേന്ന് രാത്രി തന്നെ നതാഷയേ പറ്റി കൂടുതൽ അറിയാൻ ഫ്‌എം സ്റ്റുഡിയോലേക്ക്

എത്തിയിരുന്നു….

 

 

അന്ന് ആറു മാസം മുന്നത്തെ ​മഴ ചാറി വീഴുന്ന രാത്രി.

നതാഷ അകത്ത് തന്റെ റേഡിയോ ഷോയുടെ തിരക്കിലാണ്.

 

സ്റ്റേഷന്റെ പുറത്തെ ഗേറ്റിനടുത്ത് തന്റെ ഹിമാലയൻ ബൈക്ക് ഒതുക്കി നിർത്തി സാം ഒരു റെയിൻ കോട്ട് ഇട്ട് മുഖം പരസ്യമാക്കാതെ പതുക്കെ സെക്യൂരിറ്റി ക്യാബിന് അടുത്തേക്ക് നടന്നു.

 

കാവൽക്കാരനായ വക്കച്ചൻ അവിടെ റേഡിയോയിലെ നതാഷയുടെ ശബ്ദം കേട്ട് കണ്ണടച്ചിരിക്കുകയായിരുന്നു.

 

​സാം ഒരു സിഗരറ്റ് കൊളുത്തി അയാൾക്ക് നേരെ നീട്ടി. ഒരു കൂട്ടുകാരനെപ്പോലെ സാം അയാൾക്കരികിൽ ഇരുന്നു.

പതിയെ അയാളെ പറ്റിയും അയാളുടെ ജോലിയെ കുറിച്ചുമൊക്കെ സാം മനസ്സിലാക്കി…സാം പതിയെ വന്ന കാര്യത്തിലേക്ക് കടന്നു….

Leave a Reply

Your email address will not be published. Required fields are marked *