മാത്യുവും സുഹൃത്തായ ഡോക്ടർ അൽവിഷും അടങ്ങുന്ന ജൂനിയർ ടീം മാത്രമാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.അവരും അന്ന് വൈകിട്ട് തന്നെ പുറപ്പെടാൻ ഇരിക്കുകയായിരുന്നു..
അന്ന് വൈകിട്ട് ഡ്യുട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള തിടുക്കത്തിൽ അയാളും ഡ്രസ്സ് ഒക്കെ മാറി, ബാഗും പാക്ക് ചെയ്ത് ഹോസ്പിറ്റലിന്റെ പടിയിറങ്ങാൻ നിൽക്കുകയായിരുന്നു.
അന്ന് ചെറുപ്പക്കാരനായ അവിവാഹിതനായ മാത്യുവിന് അയാളുടെ മനസ്സിന് ഉള്ളിൽ വരാൻ പോകുന്ന അവധിക്കാലത്തെ നാട്ടിലെ ആഘോഷങ്ങളും വീട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും ആയിരുന്നു…അയാൾ മനസ്സിൽ എല്ലാം പ്ലാൻ ചെയ്യുകയായിരുന്നു..
അപ്പോഴാണ് ആ പെൺകുട്ടിയെ കൊണ്ടുവരുന്നത്.
ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസ്സ്.
ഒരു ആക്സിഡന്റ് കേസ്.
രക്തം വാർന്നു കൊണ്ടിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയൊന്നുമില്ലായിരുന്നു.
വളരെ ഈസി ആയി ചെയ്യാവുന്ന ഒരു സർജറി. അതുകൊണ്ട് തന്നെയാണ് സീനിയർ ഡോക്ടർസ് ഇല്ലാഞ്ഞിട്ട് കൂടി തുടക്കകാരായ അവരെ ആ ജോലി ഏൽപ്പിച്ചത്..മാത്രമല്ല അന്നത്തെകാലത്ത് അടുത്തുള്ള ആശുപത്രി അവിടെനിന്നും വളരെ ദൂരേയും ആയിരുന്നു..
പക്ഷേ, അവളോട് മാത്യുവിന് അന്ന് തോന്നിയത് സഹതാപമല്ല, കടുത്ത ദേഷ്യമായിരുന്നു.
‘നാശം.. ഈ നേരത്ത് തന്നെ ഇവൾക്ക് വരണമായിരുന്നോ? എന്റെ വക്കേഷൻ പോയിക്കിട്ടി. ഈ രാത്രി മുഴുവൻ എനിക്ക് ഇവളെ നോക്കി ഇവിടെ ഇരിക്കേണ്ടി വരുമല്ലോ!!!’
അയാളുടെ മനസ്സിൽ ഈയൊരു ചിന്ത ആയിരുന്നു..
അയാൾ സങ്കടം കലർന്ന ദേഷ്യത്തോടെ ഡോക്ടർ അൽവിഷിനെ നോക്കി..
ആ ദേഷ്യം അയാളുടെ വിരലുകളിലുണ്ടായിരുന്നു.
മാത്യുവിന്റെ ഈഗോ അന്ന് ആകാശത്തോളമായിരുന്നു.
ഒരു ഡോക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തേക്കാൾ തന്റെ വെക്കേഷൻ പ്ലാനുകൾ മുടക്കിയവളോടുള്ള ദേഷ്യവും വാശിയിലായിരുന്നു മാത്യുവും ആൽവിഷും ടീമും ആ സർജറി നയിച്ചത്.
ആവേശവും ദേഷ്യവും കലർന്ന ആ നിമിഷങ്ങളിൽ അയാളുടെ കൈകൾക്ക് പിഴച്ചു.
നിസ്സാരമായി അവസാനിക്കേണ്ടിയിരുന്ന ആ സർജറി ടേബിളിൽ വെച്ച് അവൾ മരണത്തിന് കീഴടങ്ങി.
അയാളുടെ അശ്രദ്ധ, അയാളുടെ ദേഷ്യം, അയാളുടെ അഹങ്കാരം.. അത് ഒരു ജീവൻ എടുത്തു.
പക്ഷെ അന്ന് അത് വലിയ കേസ് ആയില്ല.
പണത്തിന്റെ ഹുങ്കും സ്വാധീനവും ഉപയോഗിച്ച് എല്ലാം അവർ ഒതുക്കിത്തീർത്തു.
ഹോസ്പിറ്റൽ അധികൃതർക്കും മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്കും പണം നൽകി ആ ശ്വാസം മുട്ടുന്ന സത്യത്തെ അവർ കുഴിച്ചുമൂടി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞ് അവർക്കനുകൂലമായി കേസിന്റെ വിധിവന്നു കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തി പുറത്തിറങ്ങിയപ്പോൾ കണ്ട ആ രൂപം..
അത് ഈ സാമിന്റേതായിരുന്നു എന്ന് ഇപ്പോൾ അയാൾക്ക് തോന്നുതുടങ്ങിയിരിക്കുന്നു…
അന്ന് ക്ലീൻ ഷേവ് ചെയ്ത, ഇരുപതുകളിൽ നിൽക്കുന്ന ആ ചെറുപ്പക്കാരൻ പയ്യൻ ഹോസ്പിറ്റൽ വരാന്തയിൽ ഒരു ഭ്രാന്തനെപ്പോലെ മാത്യുവിന് നേരെ കണ്ണുരുട്ടി കൈചൂണ്ടി അലറിയിരുന്നു..
ആ സെക്യൂരിറ്റി ഗാർഡ്സ് അയാളെ പിടിച്ചുമാറ്റിക്കൊണ്ടുപോകുമ്പോഴും അയാളുടെ ചുവന്ന കലങ്ങിയ കണ്ണുകൾ മാത്യുവിലേക്ക് തന്നെയായിരുന്നു…
അയാൾ വണ്ടിയോടിക്കുമ്പോൾ ആ കറുത്ത കഴിഞ്ഞ കാലത്തെ ഓർത്തെടുത്തുകൊണ്ടേയിരുന്നു..
പന്ത്രണ്ട് വർഷം കഴിഞ്ഞ് അവൻ അയാളുടെ ജീവിതത്തിലേക്ക് വന്നത് യാദൃശ്ചികമല്ല എന്നയാൾക്ക് തോന്നി.
സാം എന്നത് ഒരു തിരക്കഥയാണ്.
അവൻ നതാഷയെ കൊണ്ടുപോയത് അവളോടുള്ള പ്രേമം കൊണ്ടല്ല,
എന്നെ തകർക്കാൻ വേണ്ടിയാണ്.
എന്റെ ഏറ്റവും വലിയ ദൗർബല്യം നതാഷയാണെന്ന് അവൻ തിരിച്ചറിഞ്ഞു.
ഞാൻ പണ്ട് ചെയ്ത ആ ക്രൂരതയ്ക്ക് അവൻ ഇപ്പോൾ പലിശ സഹിതം പകരം വീട്ടുകയാണ് എന്നയാൾക്ക് തോന്നി…
