പക്ഷെ അയാൾക്ക് വേണ്ടത് തെളിവുകൾ ആയിരുന്നു.. തന്റെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നത് സത്യമാണോ എന്ന് ഉറപ്പുവരുത്തണമായിരുന്നു അയാൾക്ക്.. ആ യാത്രയുടെ ലക്ഷ്യവും അത് തന്നെ..
അഞ്ഞൂറ് കിലോമീറ്റർ അകലെ ആ പഴയ ഹൈറേഞ്ച് പട്ടണം അയാളെ കാത്തിരിക്കുകയാണ്.
അന്ന് കൂടെയുണ്ടായിരുന്ന അറ്റൻഡർ ഷാജിയേട്ടനെ കണ്ടുപിടിക്കണം.
ആ കേസുമായുള്ള സാമിന്റെ ബന്ധം എന്താണെന്ന് അയാൾക്ക് അറിഞ്ഞേ പറ്റൂ. വിറയ്ക്കുന്ന കാലുകളോടെ അയാൾ ആക്സിലറേറ്റർ ആഞ്ഞു ചവിട്ടി.
സ്റ്റിയറിംഗിൽ വിരലുകൾ അമർത്തുമ്പോഴും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ക്രിസ്മസ് കാലത്തെ മഞ്ഞുപെയ്യുന്ന രാത്രിയായിരുന്നു.
അന്ന് ആ ഓപ്പറേഷൻ ടേബിളിൽ അവസാന ശ്വാസമെടുക്കുമ്പോൾ അവൾ ഡോക്ടർ മാത്യുവിനെ നോക്കിയ ആ നോട്ടം.. അത് ഇന്നും അയാളുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല.
അമല..!!
ഇരുപത്തിയൊന്ന് ഇരുപത്തിരണ്ടിനടുത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി.
അവളുടെ മരണം അയാളുടെ ജീവിതത്തിലെ വെറുമൊരു കേസ് ആയിരുന്നില്ല, മറിച്ച് അയാളുടെ അസ്തിത്വത്തെ തന്നെ കീഴ്മേൽ മറിച്ച ഒരു വഴിത്തിരിവായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അയാളുടെ ധൃതിയും, ആ സമയത്ത് വന്ന ആ കേസിനോടുള്ള അയാളുടെ കടുത്ത ദേഷ്യവും, ഒരു തുടക്കക്കാരന്റെ അഹങ്കാരവും ചേർന്നപ്പോൾ അയാൾ ഒരു ജീവൻ രക്ഷേക്കേണ്ട ഡോക്ടർ അല്ലാതെ ആയി മാറി.
വളരെ നിസ്സാരമായി ചെയ്യാവുന്ന ആ സർജറി അയാളുടെ ഈഗോ കാരണം അയാൾ കുളമാക്കി.
അമലയുടെ ജീവൻ അവിടെ പൊലിഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ച് അയാൾ ആ കേസ് ഒതുക്കിത്തീർത്തു. പക്ഷേ, മനസ്സാക്ഷിയെ അയാൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിഞ്ഞില്ല.
അതിനുശേഷം നാതാഷാ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുന്നേ വർഷങ്ങളോളം അമലയുടെ ആ മുഖം രാത്രികളിൽ മാത്യുവിന്റെ ഉറക്കം കെടുത്തിയിരുന്നു…
ആ കണ്ണുകളിലെ നിസ്സഹായത അയാളെ വേട്ടയാടിയിരുന്നു…ഒരുപാട് ട്രീറ്റ്മെന്റുകൾ നടത്തിയിരുന്നു.. എല്ലാം അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാൻ വേണ്ടി…
ആ സംഭവത്തിന് ശേഷം മാത്യു ആകെ മാറുകയായിരുന്നു.
അന്നത്തെ ആ മാത്യുവിൽ നിന്നും ഇന്നത്തെ ഈ സക്സസ്ഫുൾ സർജനായ മാത്യുവിലേക്കുള്ള ദൂരം അമലയുടെ ഓർമ്മകളായിരുന്നു.
അയാൾ ഒരു പെർഫെക്ഷനിസ്റ്റ് ആയി മാറി.
ഓരോ സർജറിയും അതീവ കൃത്യതയോടെയും ശ്രദ്ധയോടെയും ചെയ്യാൻ അയാൾ ശീലിച്ചു.
കൃത്യത അയാളുടെ ദിനംചര്യയായി മാറി.
അയാൾ തന്റെ ഭാര്യയെക്കാൾ കൂടുതൽ തന്റെ ജോലിയെയും അവിടെ വരുന്ന പേഷ്യന്റ് സ് നെയും പരിഗണിക്കാൻ തുടങ്ങി..
അയാളുടെ ഈ ഉയരങ്ങൾക്കെല്ലാം പിന്നിൽ അന്ന് തന്റെ പ്രവൃത്തിയിൽ ജീവൻ നഷ്ടപ്പെട്ട ആ പെൺകുട്ടിയോടുള്ള ഒരുതരം പ്രായശ്ചിത്തമായിരുന്നു.
തന്റെ സർജ്ജൻ ജീവിതത്തിലെ തിരക്കും കല്യാണവും ഒക്കെയായി കാലക്രമേണ അയാൾ അവളെ മറന്നു തുടങ്ങിയിരുന്നു..
അല്ലെങ്കിൽ മറന്നുവെന്ന് സ്വയം വിശ്വസിച്ചു.
പക്ഷേ, ആ പഴയ പാപം ഇത്രയും കാലം കഴിഞ്ഞ് എന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയില്ല.
അതും ഞാൻ ഇപ്പോൾ സംശയിക്കുന്നതുപോലെ ഈ സാമിന്റെ രൂപത്തിൽ!
സാം.. അവൻ അമലയുടെ ആരായിരിക്കും?!!
അവളുടെ സഹോദരനാണോ അതോ മറ്റാരെങ്കിലുമാണോ?!!
സനോദരനാണെങ്കിൽ ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപത്തിന് അമലയുടെ മുഖച്ഛായയുണ്ടോ?!!
അയാൾക്ക് അറിയില്ല.
പക്ഷേ സാം അയാളുടെ ജീവിതത്തിലേക്ക് വന്നത് വെറുതെയല്ല എന്നയാൾക്ക് തോന്നി.
”സാം.. നീയൊരു വലിയ വേട്ടക്കാരനാണ്..”
അയാൾ വണ്ടിയൊടിക്കുമ്പോഴും പതുക്കെ മന്ത്രിച്ചു.
വണ്ടി മലനിരകളിലെ മഞ്ഞിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ ഭൂതകാലം മാത്യുവിനെ വിഴുങ്ങാൻ വായ തുറന്നു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നി.
