വാനപ്രസ്ഥം – 1 1അടിപൊളി  

ഓരോ വാക്കും അവളുടെ ഉള്ളിലേക്ക് കുത്തിയിറങ്ങി.

കാരണം കോളേജിൽ കണ്ട അജു ഇതൊന്നും കാണിച്ചിട്ടില്ല.

ഒരിക്കലും.

പരിഭവമില്ല.

സഹതാപം ചോദിക്കലില്ല.

പരാതികളില്ല.

സംസാരം അവസാനിച്ചപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അഖിലിന്റെയും മുഖം മാറിയിരുന്നു.

“വീട്ടിലേക്ക് കേറുന്നില്ലേ?”

വയോധികൻ ചോദിച്ചു.

ലക്ഷ്മി തലകുലുക്കി.

“വേണ്ട.”

ഇപ്പോൾ അർജുനെ കാണാൻ അവൾക്ക് ധൈര്യമില്ലായിരുന്നു.

തിരിച്ചുപോകുന്ന വഴിയിൽ അഖിലും മിണ്ടാതെയായിരുന്നു.

ഒടുവിൽ അവൻ ചോദിച്ചു.

“ഇനി എന്ത് ചെയ്യാൻ പോകുന്നു?”

ലക്ഷ്മി

പുറത്തേക്ക് നോക്കി.

കുറച്ചുനേരം കഴിഞ്ഞ് പറഞ്ഞു.

“അവനു അവൻ അർഹിക്കുന്നത് കിട്ടണം.”

ആ രാത്രി തന്നെ അവൾ ഒരു ഫോൺ കോൾ ചെയ്തു.

അവളുടെ അച്ഛന്റെ കമ്പനിയിലെ സി. എസ്. ആർ വിഭാഗം കൈകാര്യം ചെയ്യുന്ന മാനേജറെയായിരുന്നു.

“അങ്കിൾ?”

“അതെ മോളെ.”

“നമ്മുടെ കമ്പനിക്ക് ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം ഉണ്ടല്ലോ.”

“ഉണ്ട്.”

“ഒരു പേര് ഞാൻ തരാം.”

മാനേജർ ആദ്യം അത്ഭുതപ്പെട്ടു.

പക്ഷേ പിന്നെ മിണ്ടാതിരുന്നു.

കാരണം ലക്ഷ്മി ആദ്യമായാണ് ഒരു കാര്യം ഇത്ര ഗൗരവമായി ആവശ്യപ്പെടുന്നത്.

അടുത്ത ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങി.

അർജുന്റെ അക്കാദമിക് റെക്കോർഡുകൾ ശേഖരിച്ചു.

അധ്യാപകരുടെ റഫറൻസുകൾ നേടി.

സാമ്പത്തിക സാഹചര്യം പരിശോധിച്ചു.

അവൻ എല്ലാ മാനദണ്ഡങ്ങളും കടന്നുപോയി.

സത്യത്തിൽ അവന്റെ പോലുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ആ സ്കോളർഷിപ്പ് സൃഷ്ടിച്ചിരുന്നത്.

ഇതൊന്നും അറിയാതെ അർജുൻ കോളേജിലെത്തി.

ലക്ഷ്മിയെ അവൻ മനഃപൂർവം ഒഴിവാക്കുകയായിരുന്നു.

അവളും സംസാരിക്കാൻ ശ്രമിച്ചില്ല.

അവൾക്ക് അറിയാമായിരുന്നു.

ചില കാര്യങ്ങൾ ആദ്യം ശരിയാക്കണം.

ശേഷമാണ് വിശദീകരണം.

മൂന്ന് ദിവസങ്ങൾക്ക് ശേഷം വിനോദ് സാർ അവനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു.

“അഭിനന്ദനങ്ങൾ.”

അർജുൻ ആശ്ചര്യപ്പെട്ടു.

“എന്തിന് സാർ?”

“നിനക്ക് ഒരു ഫുൾ സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ട്.”

“എന്ത്?”

“ട്യൂഷൻ ഫീസ് ഉൾപ്പെടെ.”

അവൻ സാറിനെ നോക്കി.

പിന്നെ വീണ്ടും ചോദിച്ചു.

“സാർ… ശരിക്കും?”

“അതെ.”

അവന്റെ തലച്ചോറിന് അത് ഉൾക്കൊള്ളാൻ കുറച്ച് സമയം വേണ്ടിവന്നു.

ഫുൾ സ്കോളർഷിപ്പ്.

പൂർണ്ണ പഠനച്ചിലവ്.

അങ്ങനെ ഒരു കാര്യം അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എങ്കിലും അർജുന് ഒരു ശീലം ഉണ്ടായിരുന്നു.

ഒന്നും എളുപ്പത്തിൽ വിശ്വസിക്കില്ല.

അതിനാൽ അവൻ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോയി. പുള്ളി അവനെ വിളിച്ചെന്നു സാർ പറഞ്ഞാരുന്നു.

പ്രിൻസിപ്പൽ ഫയൽ നോക്കിക്കൊണ്ടിരുന്നു.

“സാർ, എന്നെ വിളിച്ചിരുന്നോ?”

“വരു അർജുൻ.”

അദ്ദേഹം ചിരിച്ചു.

“അഭിനന്ദനങ്ങൾ.”

“സാർ… ഇത് ശരിയാണോ?”

“പൂർണ്ണമായും.”

പ്രിൻസിപ്പൽ ഫയൽ തുറന്നു.

അതിനുള്ളിലെ രേഖകൾ അവനെ കാണിച്ചു.

എല്ലാം ഔദ്യോഗികമായിരുന്നു.

സത്യമായിരുന്നു.

അർജുന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

“കൂട്ടുകാരിയുടെ റെക്കമണ്ടേഷൻ ആണോ? “

“സാർ?”

“അല്ലാ, ഈ സ്കോളർഷിപ്പ് സ്പോൺസർ ചെയ്യുന്നത് കൃഷ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. അവർ ഇതിനു മുൻപ് ഈ കോളേജിൽ നിന്നാരെയും സ്പോൺസർ ചെയ്തിട്ടില്ല. നീയാണ് ആദ്യം. അതാ ചോദിച്ചത്.“

അർജുന് അനങ്ങിയില്ല.

ആ പേര് അവന് പരിചിതമായിരുന്നു.

വളരെ പരിചിതം.

“ഹ, നിന്റെ ക്ലാസ്സിലെ ലക്ഷ്മിയുടെ അച്ഛന്റെ കമ്പനിയെന്നെ.”

പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

ആ നിമിഷം എല്ലാം അവന്റെ മനസ്സിൽ കൂടിചേർന്നു.

ലക്ഷ്മി.

പെട്ടെന്ന് കിട്ടിയ സ്കോളർഷിപ്പ്.

സമയക്രമം.

എല്ലാം.

അവൻ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.

അവന്റെ ഉള്ളിൽ നന്ദിയല്ല ഉണ്ടായിരുന്നത്.

ദേഷ്യമായിരുന്നു.

മുറിവേറ്റ അഭിമാനം.

അന്ന് വൈകുന്നേരം അവൻ ലക്ഷ്മിയെ തേടി.

ലൈബ്രറിയിലില്ല.

കാന്റീനിലില്ല.

അവസാനം പഴയ സെമിനാർ ഹാളിന് പിന്നിൽ കണ്ടു.

ആളുകൾ അധികം വരാത്ത സ്ഥലം.

“ലച്ചു.”

അവൾ തിരിഞ്ഞു.

അർജുന്റെ മുഖം കണ്ടപ്പോൾ അവൾക്ക് വലിയ ആശ്വാസം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *