അക്ഷയ്മിത്ര – 1 22

/അവിടെ ചെന്ന് ഫോൺ വിളിച്ചാൽ ഞാൻ ഫോൺ എടുക്കണമെന്നും, മെസ്സേജ് അയച്ചാൽ റിപ്ലെ തരണമെന്നും പറഞ്ഞ് എന്റെ കയ്യിൽ നിന്നും നമ്പരും വാങ്ങിയാണ് അവൾ പോയത്..!!!/
ഫോൺ വിളിയിലൂടെയും മെസ്സേജ് അയക്കുന്നതിലൂടെയും പതിയെപ്പതിയെ ഒരു കെമിസ്ട്രി വർക്ഔട് ആക്കിയെടുക്കാം എന്ന അവളുടെ ക്ളീഷേ പ്ലാൻ..!!

അങ്ങനെ അവൾ തിരികെ കോട്ടയത്തേക്ക് പോയതിന് ശേഷം എന്നെ പലപ്പഴും വിളിക്കുകയും, മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു.. ആ സമയങ്ങളിലൊന്നും സ്നേഹ ഒരിക്കൽ പോലും എന്റെ തീരുമാനം എന്താണെന്ന് ചോദിച്ചിരുന്നില്ല..! നേരിട്ട് കാണുമ്പോൾ ചോദിക്കാം എന്ന് കരുതിയിട്ടാവും..

വലിയ താല്പര്യം ഇല്ലെങ്കിലും ഞാനും ഇടക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യും.. “ഓരോ വട്ട്കേസ്” എന്ന് കരുതി ഞാൻ തള്ളികളഞ്ഞു..! പതിയെ സ്നേഹ എല്ലാം മറക്കും എന്ന് ഞാൻ കരുതി.. പക്ഷെ എനിക്ക് തെറ്റി..

അതിന് ശേഷം ഇപ്പഴാണ് ഞാൻ സ്നേഹയെ കാണുന്നത്..! സത്യത്തിൽ അവൾ ഇവിടെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.!🔺

ഞാൻ നേരെ സിറ്റൗട്ടിലേക്ക് കയറി ചെന്നതും ഹാളിലേക്ക് ഒന്ന് എത്തിനോക്കി, അക്കൂനേയും, ലക്ഷ്മിയേയും, അനിതയേയും കൂടാതെ മാറ്റ് മൂന്ന് പെണ്ണുങ്ങളും ഹാളിലെ സോഫയിൽ ഇരുന്ന് എന്തൊക്കെയോ കലപിലാന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു, TVയും ഓണായി ഇരുപ്പുണ്ട്.. ഞാനും സ്നേഹയും നേരെ സിറ്റൗട്ടിലെ സ്ലാബിലേക്ക് കയറി ഇരുന്നു.. സ്നേഹ എന്നോട് ചേർന്ന് എന്റെ ഇടത് സൈഡിലും ഇരുന്നു.. ഇതിനിടയിൽ സ്നേഹ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല..

അപ്പഴാണ് അനഘ സിറ്റൗട്ടിലേക്ക് വന്നത്, അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോഫി അവൾ എന്റെ നേരെ നീട്ടി, ഞാൻ അത് വാങ്ങി, മാറുകയ്യിൽ ഉണ്ടായിരുന്ന പേപ്പർപ്ലേറ്റിലെ പക്കാവടയും എന്റെ ഫ്രണ്ടിലെ ടീപ്പൊയിലേക്ക് വച്ച ശേഷം അനഘ ഭിത്തിയോട് ചേർന്നുള്ള ചെയറിലേക്ക് ചാരി ഇരുന്നു..

“നിനക്കിന്ന് ഓട്ടം ഒണ്ടാരുന്നൊ..? ഉച്ചക്ക് നി കവലയിലൂടെ വിട്ടുപോകുന്നത് കണ്ടല്ലൊ ”

ടീപ്പൊയിൽ കിടന്നിരുന്ന ഒരു മാസിക കയ്യിൽ എടുത്ത് വട്ടത്തിൽ ചുരുട്ടികൊണ്ട് അവൾ ചോദിച്ചു..

“നി എവിടെ വച്ച് കണ്ടു”..

പ്ലേറ്റിലെ പലഹാരം എടുത്ത് സ്ലാബിലേക്ക് വച്ചുകൊണ്ട് ഞാൻ ചോദിച്ചു..

“ഞാൻ ഇന്ന് രാവിലെ അമ്മേംങ്കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു..! പോയിട്ട് തിരികെ കവലയിൽ വന്ന് ഒരു ഓട്ടോ വിളിക്കാനായിട്ട് ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞപ്പഴ നി വണ്ടിക്ക് വിട്ടുപോകുന്നത് കണ്ടെ..”

അവൾ പറഞ്ഞ് നിർത്തിയതും..

“അത് ഞാൻ രാവിലെ കായംകുളത്ത് ഒരു ഓട്ടം പോയിട്ട് വരുന്ന വഴിയാരുന്നു..! അതൊക്കെ പോട്ടെ..! പോകണ്ടവര് റെഡിയായോ..?”

ഞാൻ ചോദിച്ചു..

“അവര് എപ്പഴേ റെഡിയാ..! ഒരാള് ബാത്‌റൂമിലേക്ക് കേറിയേക്കുവ അവൾ എറങ്ങണ്ട താമസം മാത്രേയുള്ളു.. അവൾ ഇറങ്ങിയാൽ അപ്പൊ തന്നെ പോകാം”

“മൊത്തം എത്ര പേരുണ്ട്..?”

പക്കാവട വാരി വായിലേക്ക് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.

“മൊത്തം നാലുപേര്”

അനഘ അത് പറഞ്ഞ് നിർത്തിയതും..

“നാലല്ല അഞ്ച്”

എന്റെ അടുത്തിരുന്ന സ്നേഹയാണ്‌ അത് പറഞ്ഞത്..

“അഞ്ചൊ..? അതാര അഞ്ചാമതൊരാള്”

ഒരു സംശയത്തോടെ അനഘ ചോദിച്ചു.. ഞാനും അതേ സംശയത്തോടെ സ്നേഹയെ നോക്കി..

“ഞാൻ”

ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു… ഞാൻ അതിന് സ്നേഹയോട് മറുപടി പറയാൻ തുടങ്ങിയതും.

“ചേച്ചി എന്തിന പോണെ..”

പെട്ടന്ന് നാലാമതൊരാളുടെ ചോദ്യം അവിടെ ഉയർന്നതും ഞാനും അനഘയും സ്നേഹയും വാതിലിലേക്ക് നോക്കി..

‘ലക്ഷ്മി…

കടന്നൽ കുത്തിയതുപോലെ മുഖവും വീർപ്പിച്ച് പിടിച്ചുകൊണ്ട് എന്നേയും സ്നേഹയേയും മാറിമാറി നോക്കി നിൽക്കുകയാണ്‌ ലക്ഷ്മി..!! എന്നേയും സ്നേഹയേയും ലക്ഷ്മി ഇടക്ക് ശ്രെദ്ധിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് നേരത്തെ മനസ്സിലായിരുന്നു, പക്ഷെ., ലക്ഷ്മിക്ക് ഇത്രേം ശ്രെദ്ധ ഉണ്ടായിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *