പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.
“സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ ”
” എന്നിട്ടവരെവിടെ?”
അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി.”
പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു.
ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.
“ഹലോ ”
“ഹലോ വേദ, നീയെവിടാ?”
“സ്റ്റേഷനിൽ .എന്താടാ ?”
“നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം ”
ഫോൺ കട്ടായി .
ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .
“സർ”
എസ്ഐ തലയുയർത്തി
“സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ… ”
ഞാൻ പാതിക്കു നിർത്തി.
“ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും. ”
ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.
“സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?”
എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു.
ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.
” അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ.”
സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ തോന്നിയതെന്ന് നിശ്ചയമില്ല. അയാളുടെ ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.
” നിങ്ങളിങ്ങോട്ട് വന്നേ.”
“പ്ഫാ…..”
നീട്ടിയൊരാട്ടിനൊപ്പം പിടിച്ചൊരു തള്ളും കൊടുത്തു. ആ സ്ത്രീ മണൽ നിറഞ്ഞ മുറ്റത്തേക്ക് തെറിച്ചു പോയി. ഒന്ന് രണ്ട് പോലീസുകാർ ധൃതിവെച്ചു നടന്നു വന്നു.
“എന്താ മാഡം പ്രശ്നം?”
അവയിൽ പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു.
“പ്രശ്നം അവർക്കല്ല, ഞങ്ങൾക്കാ. എന്റെ ഭാര്യയുടെ അനിയത്തിയെ കൊന്നിട്ട് അതെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിന് എനിക്ക് പരാതിയുണ്ട്. “
വേച്ചു പോകുന്ന കാലുകൾ നിലത്തൂന്നി അയാൾ പറഞ്ഞു.
“പെറ്റീഷനുണ്ടേങ്കിൽ അത് പേപ്പറിൽ എഴുതി തരണം. അല്ലാതെ അവരെ കൈയേറ്റം ചെയ്യരുത്. ”
പോലീസുകാരൻ പറഞ്ഞു തീരും മുന്നേ SI പുറത്തേക്ക് വന്നു. എന്താ കാര്യമെന്ന് തിരക്കി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ SI പോലീസുകാരനോട് പറഞ്ഞു.
” അയാളുടെ പരാതി എഴുതി വാങ്ങൂ. കൂട്ടത്തിൽ വേദയുടേയും.തനിക്ക് കൈയേറ്റം ചെയ്യാനുള്ള സ്ഥലമല്ല പോലീസ് സ്റ്റേഷൻ.വേദ തരുന്ന ഒരു പരാതി മതി താൻ പിന്നെ പുറം ലോകം കാണില്ല. ”
അയാൾ പറഞ്ഞു നിർത്തി.
“സർ ഇവരാണ് അത് ചെയ്തത് എനിക്കുറപ്പാണ്. തൊലി വെളുത്തവർക്ക് വേണ്ടി എല്ലായിടത്തും രക്ഷകൻ ഉണ്ടാകും.”
“പ്‌ഠേ ”
എന്ന ശബ്ദവും കറങ്ങി സ്റ്റെപ്പിൽ വീണ മുരുകേശിനെ കണ്ടപ്പോഴാണ് എസ് ഐ അടിച്ചു എന്നെനിക്കും മനസിലായത്.
“പോലീസിനു നേർക്കാണോ നിന്റെ പരാക്രമം? ഗോവിന്ദേട്ടാ വേദ പരമേശ്വറിനോട് കംപ്ലയ്ന്റ് എഴുതി വാങ്ങിച്ചേക്കൂ. ഇവനെ വിടണ്ട.”
എനിക്കരികിൽ നിൽക്കുന്ന മീശ നരച്ച പ്രായം ചെന്ന പോലീസുകാരനോട് SI പറഞ്ഞു. തുടർന്ന് എന്നോടായി
“മേഡം ഒരു കംപ്ലയ്ന്റ് എഴുതി തന്നിട്ട് പോയ്ക്കോ.ഇവനൊക്കെ വേണ്ടത് ഞാൻ കൊടുത്തോളാം”
“സർ, അയാൾ അയാളെ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ പറഞ്ഞതായിരിക്കും. എനിക്കിപ്പോൾ കംപ്ലയിന്റില്ല.”
SI യുടെ മുഖത്ത് ഒരു പ്രത്യേകഭാവം ഏതാണെന്ന് തിരിച്ചറിഞ്ഞില്ല.
” ഇനിയും കിട്ടുമ്പോൾ പഠിക്കും”
എന്ന് പറഞ്ഞ് എസ് ഐ നടന്നു പോയി.
” അവർ കംപ്ലയിന്റ് കൊടുക്കാത്തത് ഭാഗ്യം, കൊടുത്തിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എഴുതി താ”
ഗോവിന്ദനെന്ന പോലീസുകാരൻ മുരുകേശിനോട് പറഞ്ഞു.
” ഇല്ല സാറേ വേദകൊച്ചിന്റെ പേരിൽ പരാതിയില്ല.”
പിന്നിൽ സുനിതയുടെ ചേച്ചിയുടെ സ്വരം കേട്ടതോടെ ഞാൻ സ്ക്കൂട്ടറെടുത്തു സോനയുടെ ലാബ് ലക്ഷ്യം വെച്ചു പാഞ്ഞു.
സോനയുടെ ലാബിലെത്തുമ്പോൾ വളരെ ക്ഷീണിതയായിരുന്നുവെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ എന്നിലെ ക്ഷീണം പറത്തി.
