അരവിയുടെ വീട്ടിലെത്തിയിട്ടും ഉറക്കം വന്നിരുന്നില്ല.
കുറച്ചു സമയം അരവിയോടൊപ്പം സംസാരിച്ചു.
എത്ര ചിന്തിച്ചിട്ടും അവർ എനിക്കു പിന്നാലെ വന്നതിന്റെ കാരണം മാത്രം അജ്ഞാതമായി കിടന്നു. അജ്ഞാതന്റെ കത്തു പോലെ.
നേരം പുലർന്നതും ഞാൻ വീട്ടിലെത്തി. ഇന്ന് സ്റ്റുഡിയോയിൽ പോവണം. സാമുവൽസാറിന്റെ വീട്ടിൽ പോയി കാറെടുക്കണം. അങ്ങനെ കുറേ കാര്യങ്ങൾ.
ഗേറ്റു കടന്നതേ ഞാൻ ഞെട്ടിപ്പോയി പാതി തുറന്ന വാതിൽ. ഓടിച്ചെന്ന് നോക്കിയ എന്റെ സമനില തെറ്റി അച്ഛന്റെ മരണശേഷം ക്ലീൻ ചെയ്യാൻ മാത്രം മാസത്തിലൊരിക്കൽ തുറക്കാറുള്ള അച്ഛന്റെ ഓഫീസുമുറി തുറന്നിരിക്കുന്നു. ലോക്ക് തകർത്തല്ലാതെ കീ ഉപയോഗിച്ച് തുറന്നിരിക്കുന്നു. മേശയിലും അലമാരയിലും കിടന്ന ഫയലുകളും നിയമ പുസ്തകങ്ങളും മൊത്തം മുറിയിൽ ചിതറി കിടക്കുന്നു.
അച്ഛന്റെയും അമ്മയുടേയും മാലയിട്ട ഫോട്ടോ തറയിൽ വീണ് ചിലന്തിവല പോലെ പൊട്ടിയിട്ടുണ്ട്.
എന്റെ മുറിയിലെ അവസ്ഥയും അതുതന്നെയായിരുന്നു. അലമാരയിൽ അടുക്കി വെച്ച തുണികളും സാമഗ്രികളും കൂടാതെ മുന്നെ ചെയ്ത ഓരോ എപ്പിസോഡിനെ കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ ഫയലുകളും തറയിൽ ചിന്നി ചിതറിയിരുന്നു.
അതിനിടയിൽ യാദൃശ്ചികമായാണ് ഒരു സിഗരറ്റ് കുറ്റി എന്റെ ശ്രദ്ധയിൽ പെട്ടത്.അതേ സിഗരറ്റ് കുറ്റി ഞാൻ നേരത്തെ സജീവിന്റെ ഫ്ലാറ്റിലും കണ്ടത്. ഞാനത് കർച്ചീഫു വെച്ചെടുത്തു.
സുനിതയ്ക്ക് ഉപയോഗിക്കാൻ കൊടുത്ത മുറിയൊഴികെ ബാക്കിയെല്ലാ മുറികളിലും ആക്രമികളുടെ പരാക്രമം കാണാമായിരുന്നു. എന്തിന് പൂജാമുറിയിലെ വിഗ്രഹങ്ങളും വിളക്കുകളും താലവും വരെ.
അരവിയെ വിളിച്ച് കാര്യം പറഞ്ഞു. മിനിട്ടിനുള്ളിൽ അവൻ സ്ഥലത്തെത്തി.
“വേദ പോലീസിൽ ഒരു കംപ്ലയിന്റെന്തായാലും കൊടുക്കണം”
ഞാൻ മറുപടി പറഞ്ഞില്ല. അവൻ തന്നെയാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഞാൻ സിഗരറ്റ് കുറ്റി അവനെ ഏൽപിച്ചു.
എന്താണെന്ന അർത്ഥത്തിലവനെന്നെ നോക്കി.
” എന്റെ മുറിയിൽ നിന്നു കിട്ടിയതാണ്.ഇതേ ബ്രാൻഡ് ഞാൻ സജീവിന്റെ ഫ്ലാറ്റിലും കണ്ടിട്ടുണ്ട്. ”
“വേദ നീ പറഞ്ഞു വരുന്നത്?”
“യെസ് അതു തന്നെ.സജീവിന്റെ കൊലപാതകികൾ തന്നെയാണ് എനിക്ക് പിന്നിലും.അവർ വന്നത് നമ്മുടെ കൈയിലുള്ള ചില തെളിവുകൾക്കാണ്. അവയൊന്നും അവർക്കീ വീട്ടിൽ നിന്നും കിട്ടിയിട്ടില്ലെന്ന് ഉറപ്പാണ് കാരണം അവയെല്ലാം എന്റെ ലാപ്ടോപിലാണ്.”
” എന്നിട്ട് ലാപെവിടെ? ”
” അത് കാറിൽ കിടക്കകയാ. കാറാണെങ്കിൽ സാമുവൽ സാറിന്റെ വീട്ടിൽ,…..”
സംസാരിച്ചിരിക്കെ സ്റ്റേഷനീന്ന് രണ്ട് മൂന്ന് പോലീസുകാർക്കൊപ്പം സ്ഥലം എസ്ഐ ജെയിംസ് ജോർജ്ജ് വന്നു.
വിശദമായ തിരച്ചിലുകളും മറ്റും കഴിഞ്ഞ ശേഷം എന്നോടായി ചോദിച്ചു.
“ആഭരണങ്ങളോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമോ പോയിട്ടുണ്ടോ?”
ഞാനും അപ്പോഴാണ് അതേപറ്റി ചിന്തിച്ചത്.
“അച്ഛന്റെ മുറിയിലെ അലമാരയിൽ രണ്ട് ഡയമണ്ട് സ്റ്റഡുകളും അമ്മയുടെ താലിമാലയുമുണ്ടായിരുന്നു.”
എസ് ഐ പോലീസുകാരനു നേരെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു.
അയാൾ അച്ഛന്റെ മുറിയിലേക്ക് പോയി. തിരികെ വരുമ്പോൾ അയാളുടെ കൈയിൽ ചെറിയ ജ്വല്ലറി ബോക്സിൽ അമ്മയുടെ മാലയും സ്റ്റഡും ഉണ്ടായിരുന്നു.
” അപ്പോൾ മോഷണമല്ല. നിങ്ങൾക്ക് വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടുമില്ല. ശത്രുക്കളാരെങ്കിലും ഉണ്ടോ?”
“ഇല്ല ”
അങ്ങനെ പറയാനാണ് തോന്നിയത്.തുടർന്ന് രാത്രി അരങ്ങേറിയ സംഭവവും പറഞ്ഞപ്പോൾ അവർ ടെറസിൽ പോയി നോക്കി.
അന്വേഷിക്കാമെന്ന ഉറപ്പിൽ പോലീസുകാർ പോയി. പിന്നാലെ അരവിയും
വീടിന്റെ ലോക്കുകൾ ഒന്നും പൊളിക്കാതെയാണ് അകത്ത് കടന്നത്. അതും ഡോർ തുറന്ന് .അച്ഛന്റെ റൂമിന്റെ കീ വെക്കുന്നത് എന്റെ റൂമിലെ ചുവരിൽ വെച്ച ഫ്ലവർ സ്റ്റാന്റിന്റെ ചെറിയ അറയിലാണ്.അത് തുറക്കണമെങ്കിൽ നമ്പർ ലോക്കാണ്.അത് പോലും സമർത്ഥമായി തുറന്നിരിക്കുന്നു.
താമസം ഹോസ്റ്റലിലേക്ക് മാറ്റണം ഭയന്ന് ജീവിക്കാൻ വയ്യ. ഞാൻ ഫയലുകളെല്ലാം നോക്കി യഥാസ്ഥാനത്ത് വെക്കാൻ തുടങ്ങിയപ്പോൾ കോളിംഗ് ബെല്ലടിഞ്ഞു.
വാതിൽ തുറന്നപ്പോൾ മുന്നിൽ സുനിതയുടെ ചേച്ചി. എന്നെ തള്ളി മാറ്റിയവർ ഹാളിലെക്കു കടന്നു ഭയത്തോടെ വാതിലടച്ചു.
വെള്ളം വേണമെന്ന് ആഗ്യം കാണിച്ചു.
ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളം ഗ്ലാസിലേക്ക് പകരാൻ അനുവദിക്കാതെ അവർ കുപ്പിയോടെ വായയിലേക്ക് കമിഴ്ത്തി.
ഭയം കൊണ്ടവരുടെ മുഖം വല്ലാതെ വിളറിയിരുന്നു.
ഞാൻ അവരുടെ ഭാവം കണ്ടമ്പരന്നിരിക്കയായിരുന്നു..
അവർ ചുമലിൽ തൂക്കിയ ബേഗിലെ സാധനങ്ങൾ എനിക്കു മുമ്പിലെ ടീ പോയ്മേൽ കമിഴ്ത്തി.
ടീപ്പോയ്ക്കു മേലെയുള്ളവ കണ്ട് ഞാൻ ഞെട്ടി .
അടുക്കള ജോലിക്കു പോകുന്ന ഇവരുടെ കൈയിൽ ഇത്രയും…….?
