അജ്ഞാതന്‍റെ കത്ത് – 4

” മേഡം എനിക്കൊരു കാര്യം പറയാനുണ്ട്.”

അജ്മൽ ഒരു രഹസ്യമെന്നോണം പതിയെ പറഞ്ഞു. ഞാൻ അവനൊപ്പം തെല്ല് മാറി നിന്നു.

” മേഡം വന്നു പോയപ്പോൾ തന്നെ ഒരു വെളുത്ത കാറിൽ ഒരു സ്ത്രീ വന്നു. ഞാനപ്പോൾ ആ പാറപ്പുറത്തിരിക്കുകയായിരുന്നു.അവർ നേരെ തീർത്ഥയുടെ വീടു തുറന്നകത്ത് കയറി. ഒരു ചെറിയ ചതുരപ്പെട്ടിയുമായി ഇറങ്ങി വന്നു. വാതിൽ തുറക്കുന്നതും അടയ്ക്കുന്നതുമെല്ലാം ഞാൻ കണ്ടതാണ്. ഞാനിറങ്ങി ചെന്ന് ആരാണെന്ന് ചോദിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു. തുടർന്ന് തുളസിയുടെ ചേച്ചിയാണെന്നും തീർത്ഥയുടെ അപസ്മാരത്തിന്റെ ആയുർവേദ മെഡിസിൻ എടുക്കാൻ വന്നതാണെന്നും കൂടി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. അപ്പോൾ മേഡം വന്നതും സിനിമയെക്കുറിച്ച് സംസാരിച്ചതും തീർത്ഥയുടെ അച്ഛനോട് സംസാരിക്കാൻ ഞാനവരോട് പറഞ്ഞു. മേഡത്തിന്റെ പേരു പറഞ്ഞപ്പോൾ അവരുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു. എന്തോ ദേഷ്യം പോലെ……..”

അവൻ ഒന്നു നിർത്തി. വീണ്ടും തുടർന്നു.

“കുറച്ചു മുന്നേ ഇവിടെ ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞത് വെച്ച് നോക്കിയപ്പോൾ എനിക്കെന്തോ ഭയം തോന്നി.ആ ഫാമിലി അത്ര ശരിയല്ലെന്ന് .മൂത്താപ്പയെല്ലാം ഭയന്നിരിക്കുകയാ ”

” നീയിത് ആരോടെങ്കിലും പറഞ്ഞോ?”

“ഇല്ല. സത്യമായിട്ടും എനിക്ക് ഭയം തോന്നി. തീർത്ഥയുടെ അച്ഛനുമമ്മയേയും പറ്റി നാട്ടിൽ കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ല, ഞാനിതെല്ലാം അറിഞ്ഞത് കുറച്ചു മുന്നേയേ. ആദ്യം താമസിച്ചിരുന്നതിനടുത്തുള്ളവരുടെ സംസാരത്തിൽ നിന്നും എന്തോ ദുരൂഹത ഉള്ളതുപോലെ”

” ഉം ”

ഞാനൊന്നു മൂളി.

” സജീവ് ഇന്നലെ മരണപ്പെട്ടത് നീ അറിഞ്ഞില്ലെ? ആത്മഹത്യയായിരുന്നു.”

“അറിഞ്ഞു. ”

“ഞാൻ വീട് കത്തിയപ്പോൾ മുതൽ നിങ്ങളെ വിളിക്കാനിരിക്കുകയാണ് “

ഞാനവനേയും കൊണ്ട് അലോഷ്യസിനടുത്തെത്തി. കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ അലോഷ്യസ് പറഞ്ഞു.

” നിനക്കവരെ ഇനി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”

” പറ്റും.അവരുടെ മുഖത്ത് മൂക്കിനു താഴെയായി ഒരു കറുത്ത പാടുണ്ട്. മാത്രവുമല്ല അവരുടെ കാലിനു എന്തോ കുഴപ്പമുണ്ട്, നടക്കുമ്പോൾ ഒരു വലിച്ചിലുണ്ടായിരുന്നു.”

” ഉം നീ പോയ്ക്കോളൂ. നാട്ടുകാരിലാരോടും നീയീ കാര്യം പറയണ്ട..”

പിന്നീട് ഞങ്ങളവിടെ നിന്നില്ല, കത്തിക്കരിഞ്ഞ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ട് തിരിച്ചു. ഡ്രൈവ് ചെയ്തത് അലോഷ്യസ് ആയിരുന്നു.

“നിങ്ങൾ പെരുമ്പാവൂർ പോയത് കുര്യച്ചനെ കാണാനല്ലേ? ?”

“അതെ, പക്ഷേ കണ്ടത് കുര്യച്ചനെയല്ല ”

അരവി പറഞ്ഞു.

“കുര്യച്ചന്റെ കേസിലെ നിങ്ങളുടെ കണ്ടെത്തലുകൾ പറയാമോ?”

എന്ന ചോദ്യത്തിനു മുന്നിൽ ഞങ്ങൾ കുറച്ചു നേരം മിണ്ടാതെയിരുന്നു.

” ചാനൽ സീക്രട്ട്സാണെങ്കിൽ വേണ്ട കേട്ടോ?”

അലോഷ്യസ് പറഞ്ഞു.
ഒടുവിൽ ഞാൻ പറഞ്ഞു തുടങ്ങി.

2016 സെപ്തംബർ 21 ന് ആണ് കുര്യച്ചന്റെ ഹോസ്പിറ്റലിലെ നഴ്സായിരുന്ന പാലാ സ്വദേശിനിയായ സീന ബേബി(25)യെ കാണാതായത്. പിതാവ് ബേബി ചെറിയാനും ഷൈനി ചെറിയാനും മാൻ മിസ്സിംഗ് കേസ് റെജിസ്ട്രർ ചെയ്തിരുന്നു.26 തിയ്യതി തിങ്കളാഴ്ച രാവിലെ പാലാ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിലെ വലിയ വീട്ടിൽ ഇമ്മാനുവൽ കുടംബകല്ലറ ഇമ്മാനുവൽ മകൻ ഇട്ടിച്ചന്റെ മകന്റെ അകാലമരണത്തോടെ തുറന്നു.കല്ലറ പണിതിട്ട് വെറും മാസങ്ങൾ മാത്രം പഴക്കമുള്ള അതിനകത്തെ ആദ്യ അടക്കമായിരുന്നു. പക്ഷേ അതിനകത്ത് അഴുകി തുടങ്ങിയ ഒരു സ്ത്രീ ശരീരം കാണുകയും ഒരു പോസ്റ്റുമോർട്ടത്തിലൂടെ വിദഗ്ദനായ ഡോക്ടർ റിയാസ്ഖാനും സംഘവും മരണപെട്ടത് സീനാ ബേബി ആണെന്നു തെളിയിച്ചെങ്കിലും അതിലും വ്യത്യസ്ഥമായി ആ കല്ലറയിൽ സീന ബേബിയുടേതല്ലാത്ത മറ്റാരുടെയോ ഒരു കാൽപാദത്തിന്റെ പാതി ഭാഗവും വിരലുകളും ഉണ്ടായിരുന്നു.”

“ഇത് വെച്ച് എങ്ങനെ കേസ് കുര്യച്ചനിൽ എത്തി.?”

അലോഷ്യസിന് സംശയം.

“അവളെ കാണാതായ ദിവസം വൈകീട്ട് കുര്യച്ചൻ സീനയുടെ വീട്ടിലേക്ക് വിളിക്കുകയും ഇന്ന് സ്റ്റാഫ് കുറവായതിനാൽ നൈറ്റ് ഡ്യൂട്ടി കൂടി കഴിഞ്ഞ് രാവിലെയേ സീന വരികയുള്ളൂ എന്ന് പറഞ്ഞു. അത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉടമ ഒരു സ്റ്റാഫിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഒന്ന്, പിന്നെ സീനയെ കാണാതാവുന്നതിന് മുൻപ് സീന ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടയ്ക്ക് കുര്യച്ചന്റെ ഹോസ്പിറ്റൽ പൂട്ടിക്കുന്നതിനെ പറ്റി എടുത്തു പറയുന്നത് പിതാവായ ബേബി കേട്ടു .
കേസൊതുക്കി തീർക്കാൻ കുര്യച്ചൻ കാണിച്ച ധൃതിയും ഒളിവിൽ പോക്കുമെല്ലാം പ്രതിസ്ഥാനത്ത് കുര്യച്ചനെ ഇരുത്തി.”

അരവിയുടെ ഫോണിൽ വീണ്ടും Sajeev കോളിംഗ് കണ്ടു.
കാൾ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു.

“ഹലോ പപ്പയെവിടെയാ ഓടി വരുന്നു പറഞ്ഞ് പോയിട്ട് മോളെ പറ്റിക്കുവാല്ലേ….”

ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം.

“ഹലോ…..”

അരവി പറയുന്നത് ശ്രദ്ധിക്കാതെ അവൾ തുടർന്നു

“പപ്പ ഒന്നും പറയണ്ട. മോള് പപ്പയോട് പെണക്കവാ. പപ്പയോട് മാത്രമല്ല മമ്മയോടും ”

“തീർത്ഥ …..?”

“പപ്പയെന്റെ പേര് പറഞ്ഞു പറഞ്ഞു കളിക്കാ ആന്റി. ”

അവളവിടെ ആരോടോ പറയുന്ന ശബ്ദം.
“ഈ ഫോണെങ്ങനെ ഇവളുടെ കൈയിലെത്തി.?”

എന്ന ചോദ്യവും ഒപ്പം തീർത്ഥയുടെ കരച്ചിലും

ആ ശബ്ദം തന്നെയാണ് സജീവിനോട് സംസാരിച്ചപ്പോഴും കേട്ടത്. ഞാൻ അപകടം മണത്തു. തീർത്ഥയും അപകടത്തോടടുത്തിരിക്കുകയാണ്.

“സർ ഇത് സജീവിന്റെ കുഞ്ഞാ, ഡയറിയെഴുതിയ തീർത്ഥ.”

അലോഷ്യസ് എന്തോ ചിന്തയിലായിരുന്നു.
പല തവണ തിരിച്ചുവിളിച്ചെങ്കിലും സജീവിന്റെ ഫോൺ സ്വിച്ചോഫായിരുന്നു.
അലോഷ്യസ് ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വെച്ചു എന്നിട്ട് അരവിയോട് ചോദിച്ചു.

” ആ നമ്പർ പറഞ്ഞേ. ”

തുടർന്ന് ഫോണിൽ

“ഹലോ ഹരീഷ് ഞാൻ SIT അലോഷ്യസാണ് ഞാൻ പറയുന്ന നമ്പർ ലൊക്കേഷൻ ട്രെയ്സ് ചെയ്യണം”

……….

തുടർന്ന് നമ്പർ പറയാൻ അരവിയോട് ആഗ്യം കാണിച്ചു.

” 9048……”

അരവി പറഞ്ഞ നമ്പർ അലോഷ്യസ് പറഞ്ഞു കൊടുത്തു.

“എത്രയും വേഗം ട്രെയ്സ് ചെയ്തിട്ട് പറ”

മോർച്ചറിയിലെത്തിയെങ്കിലും ബോഡി ഐഡന്റിഫൈ ചെയ്യാൻ പറ്റില്ലായിരുന്നു. അരയ്ക്കു മീതെ മുക്കാലും കത്തിക്കരിഞ്ഞിരുന്നു.കാലിന്റെ തുടയിലെ M@ എന്ന പച്ചകുത്തലും കാൽ മുട്ടിനു താഴെയായി വലിയ ഓപ്പറേഷൻ കഴിഞ്ഞതിന്റെ പാട്മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘M@’ഇതേ അടയാളം തന്നെ സിറിഞ്ചിലും മെഡിസിൻ ബോട്ടിലും കണ്ടിരുന്നത്.

അവിടുന്നു കൂടുതലൊന്നും കിട്ടാനില്ല എന്നറിയാവുന്ന ഞങ്ങൾ മടങ്ങി

“സജീവിന്റെ നാട്ടിൽ അന്വേഷിച്ചാലോ സർ, ?”

” അന്വേഷിക്കാം. വേദയ്ക്ക് വന്ന മെസഞ്ചർ സന്ദേശമയച്ച ആളെ കണ്ടു പിടിക്കാൻ പറ്റിയൊരാളുണ്ട്. നമുക്കത് വഴി ട്രൈ ചെയ്യാം. നിങ്ങൾ വേണമെങ്കിലൊന്ന് മയങ്ങിക്കോ ”

Leave a Reply

Your email address will not be published. Required fields are marked *