അജ്ഞാതന്‍റെ കത്ത് – 4

അയാളെ കണ്ട അരവിയിൽ നിന്നും

“സാറെന്താ ഇവിടെ?”

ങ്ങെ? ! അരവിക്കു ഇയാളെ അറിയാമോ?

“കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് രണ്ട് പേരും ഇറങ്ങി വാ ”

ഞാനിറങ്ങാൻ മടി കാണിച്ചു.വാഗൺRൽ നിന്നും മറ്റൊരു തടിയൻ ഇറങ്ങി വന്നു.

” അരവി കീ അദ്ദേഹത്തെ ഏൽപിച്ചു വരൂ.”

തുടർന്ന് കാറിൽ നിന്നിറങ്ങിയ തടിയനോടായി

“വേദ ഇറങ്ങ്. ”

അരവിയുടെ നിർദ്ദേശം. ഞാൻ ഇറങ്ങി.അരവി കീ തടിയനു കൈമാറി. ഞങ്ങൾ രണ്ട് പേരും അയാൾക്കു പിന്നാലെ നടന്നു. അയാൾ മുൻ സീറ്റിലും ഞങ്ങൾ പിന്നിലുമായി കയറി.കാർ സ്റ്റാർട്ടായി.എന്നിലെ അപരിചിതത്വം കണ്ടാവും അയാൾ പറഞ്ഞു.

“വേദയ്ക്കെന്നെ പരിചയമില്ലെന്നു തോന്നുന്നു. ഐആം അലോഷ്യസ്.ഫ്രം SIT സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അന്ന് സാമുവേൽ സാറിന്റെ പാർട്ടിക്കിടയിൽ പരിചയപ്പെടണമെന്നുണ്ടായിരുന്നു. സാധിച്ചില്ല ”

അതെ അന്നാണ് ഞാനീ മനുഷ്യനെ ശ്രദ്ധിച്ചത്.ഊതിവീർപ്പിച്ച ബലൂണിലെ കാറ്റ് ഒഴിഞ്ഞു പോവും പോലെ ഭയം ഒഴിഞ്ഞു പോയി. ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. അലോഷ്യസ് തുടർന്നു.

” എന്നെ ഇന്ന് രാവിലെ സാമുവേൽ വിളിച്ചിരുന്നു. ഫാമിലി ഫ്രണ്ട് എന്നതിനേക്കാൾ ഞങ്ങൾ ഒരുമിച്ച് ഒരു മർഡർ കേസിൽ വർക്ക് ചെയ്തിരുന്നു എന്നതിൽ നിന്നുണ്ടായ ആത്മബന്ധമുണ്ട്.”

തുടർന്ന് അയാൾ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.

“ഹലോസർ, ”
……….
“വേദയുണ്ട് എന്റെ കൂടെ ”
………….
“സാർ ഒന്ന് സംസാരിക്കൂ.”
………..
തുടർന്ന് ഫോണെനിക്ക് കൈമാറി.

“ഹലോ ”

“ചെവിയിൽ പരിചിതമായ സാമുവൽ സാറിന്റെ ശബ്ദം.

“സർ പറയു”

“വേദ എല്ലാ കാര്യങ്ങളും നീ ആലോഷിയോട് പറയൂ.ഭയപ്പാട് വേണ്ട. സത്യസന്ധനായ ഒരു ഓഫീസറാണിവൻ.”

ഫോൺ കട്ടായി .അലോഷ്യസ് തുടർന്നു.

“വേദയ്ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ തട്ടിക്കൊണ്ട് പോകൽ ശ്രമവും വീട്ടുജോലിക്കാരിയുടെ കൊലപാതകവും എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണമെങ്കിൽ നിങ്ങൾ സഹകരിച്ചേ മതിയാവൂ.

” തട്ടിക്കൊണ്ട് പോകൽ ശ്രമമോ?”

അരവിയിൽ ആകാംക്ഷ. ഞാനിക്കാര്യം മറ്റു തിരക്കുകൾക്കിടയിൽ അവനോട് പറയാൻ മറന്നു പോയിരുന്നു.

പിന്നെ ഞാൻ എനിക്കാദ്യമായി വന്ന അജ്ഞാതന്റെ കത്തു മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.

“എനിക്കീ കേസിൽ നിങ്ങളുടെ സഹായം വേണം. പിന്നെ ഇങ്ങനെയൊരു ടീം ഉള്ളത് അറിയാവുന്നത് അത്യാവശ്യം ചിലർക്ക് മാത്രമായതിനാൽ നിങ്ങളിൽ നിന്നും ഈ രഹസ്യം പുറത്ത് പോവരുത്.അന്വേഷണം എവിടുന്നു തുടങ്ങുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.”

വണ്ടി ഓടിക്കൊണ്ടേയിരിക്കുകയായിരുന്നു ഞങ്ങൾക്കിടയിൽ കനത്ത മൗനം കുടിയേറി.ഡ്രൈവർ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
അന്വേഷണം പെരുമ്പാവൂരിൽ നിന്നും തുടങ്ങണമെങ്കിൽ തെളിവുകളൊന്നും ബാക്കിയില്ല. ബാക്കിയാവാതിരിക്കാനാണല്ലോ വീടുപണിയെന്ന സംരഭം, പിന്നെയുള്ളത് സജീവാണ്, അവൻ മരണപ്പെടുകയും ചെയ്തു.

“സർ നമുക്ക് സജീവ് വഴി അന്വേഷിച്ചാലോ? തുളസിയും തീർത്ഥയും ജീവിച്ചിരിപ്പുണ്ടേൽ എന്തായാലും ഈ സമയം വരില്ലെ? ഒളിവിൽ പോയതിന്റെ കാരണം കണ്ടു പിടിക്കാമല്ലോ”

” വരേണ്ടതാണ്.”

എന്റെ ചോദ്യത്തിനുള്ള ഉത്തരമായി അലോഷ്യസ് പറഞ്ഞു.

തീർത്ഥയും തുളസിയും ജീവിച്ചിരിപ്പില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പെരുമ്പാവൂരിലെ വീട്ടിലെ ടാർ വീപ്പയിൽ കണ്ടത് തുളസിയുടെ കൈ തന്നെയാവാം. വിരലിൽ സജീവ് എന്ന പേരഴുതിയ മോതിരം തെളിഞ്ഞു മനസിൽ.

“സുനിതയുടെ മരണത്തിൽ ചില അസ്വാഭാവികതയുണ്ട്. അത് ഞാൻ പിന്നെ പറയാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടട്ടെ ”

അലോഷ്യസിന്റെ പെരുമാറ്റത്തിൽ ഈ കേസിൽ അദ്ദേഹമനുഭവിക്കുന്ന ടെൺഷൻ തെളിയുന്നുണ്ടായിരുന്നു.
അരവിയുടെ ഫോൺ റിംഗ് ചെയ്തു.
സ്വാതി സ്വാമിനാഥൻ.

അരവി അറ്റന്റ് ചെയ്തു. എന്തോ എമർജൻസിയുണ്ട്. അല്ലാതെ ഈ സമയത്ത് വിളിക്കില്ല.

“ഹലോ സ്വാതി പറയൂ ”
……….
“എപ്പോൾ…..?”
………
“ആ വീട് തന്നെയാണോ?”

അരവിയുടെ മുഖത്ത് ആകാംക്ഷ.

“ഓഹ് മൈ ഗോഡ്!”
…….
” ഒകെ ശരി. ”

ഫോൺപോക്കറ്റിലിടും മുന്നേ അരവി അലോഷ്യസിനോട് പറഞ്ഞു.

“സർ, ഓങ്ങിലപാറയിൽ സജീവ് താമസിച്ചിരുന്ന വീടിനാരോ തീയിട്ടു ”

എന്നിലുണ്ടായ ഞെട്ടൽ തന്നെ അലോഷ്യസിലും പ്രതീക്ഷിച്ച ഞാൻ ന്തെട്ടി. അവിടെ പ്രത്യേകിച്ച് ഭാവങ്ങൾ ഇല്ല

” പൂർണമായും കത്തിനശിച്ച വീടിനകത്ത് കത്തിക്കരിഞ്ഞ ഒരു മൃതുദേഹമുണ്ടായിരുന്നെന്നു .”

അത് അലോഷിയിൽ ഒരു തരം ഞെട്ടലുണ്ടാക്കി.

“സേവ്യർ വണ്ടിയൊതുക്ക്.ഗണേഷും കൂടെ വരട്ടെ .നമുക്ക് അവിടം വരെ പോയി വരാം.”

വണ്ടി വിജനമായ റോഡരികിൽ ഒതുക്കി. പിന്നിൽ വരുന്ന ഗണേശും ബൈക്കും.റോഡിൽ മറ്റ് വാഹനങ്ങളൊന്നുമില്ല.
പിറകിൽ കാതടപ്പിക്കുന്ന ഒരു ശബ്ദം.ആകാശത്തേയ്ക്ക് ഒരു തീഗോളം ഉയരുന്നതായിട്ടാണ് തോന്നിയത് പിന്നീട് മനസിലായി അത് അരവിയുടെ ബൈക്കാണെന്നു .റോഡിന്റെ വലതുവശത്തെ വയലിലേക്ക് ബൈക്ക് ചെന്നു വീണു.

” അലോഷി സാർ”

റോഡരികിൽ ഒരു ദീനമായ വിളി.
അലോഷ്യസിനും സേവ്യറിനും, അരവിക്കുമൊപ്പം ഞാനും ഇറങ്ങി ഓടിച്ചെന്നു. പോക്കറ്റിൽ കിടക്കുന്ന അരവിയുടെ ഫോൺ നിർത്താതെ റിംഗ് ചെയ്തു കൊണ്ടേയിരുന്നു. റോഡരികിൽ പിൻഭാഗവും കൈകളും പാതി മുഖവും പൊള്ളിയ രീതിയിൽ ഗണേഷ് കിടപ്പുണ്ടായിരുന്നു.

” അരവീ വേഗം ”

അലോഷ്യസ് ധൃതിവെച്ചു. അവർ മൂന്നു പേരും ചേർന്ന് ഗണേഷിനെ കാറിൽ കയറ്റി തൊട്ടടുത്ത ആശുപത്രി ലക്ഷ്യം വെച്ച് പാഞ്ഞു.

“സർ ഇത് എന്റെ അശ്രദ്ധയിൽ വന്നതല്ല.”

വേദനയ്ക്കിടയിൽ ഗണേഷ് ഞെരുങ്ങി

“അപകടത്തിനു മുന്നേ ബൈക്കിൽ നിന്നും ഞാൻ ബീപ് സൗണ്ട് കേട്ടിരുന്നു. ടൈംബോംബിന്റെ ശബ്ദം പോൽ.”

” ഉം ”

അലോഷ്യസ് മൂളി. അലോഷ്യസിന്റെ മടിയിൽ തല വെച്ച് പിൻസീറ്റിൽ കിടത്തിയതാണ് ഗണേഷിനെ .തൊട്ടടുത്തിരിക്കുന്ന അരവിയുടെ ഫോൺ അപ്പോഴും നിർത്താതെ റിംഗ് ചെയ്യുകയായിരുന്നു.
അവൻ ഫോണെടുത്തു ഡിസ്പ്ലെയിലേക്ക് നോക്കി കണ്ണ് മിഴിച്ചു. പിന്നീട് ആ ഫോൺ തിരിച്ച് എനിക്കും അലോഷ്യനുമായി കാണിച്ചു.

‘Sajeev calling’

എന്ന് ഡിസ്പ്പെയിൽ തെളിഞ്ഞിരുന്നു.

അറ്റന്റ് ചെയ്യാൻ ആഗ്യം കാണിച്ചു. എടുക്കാൻ നേരം ഫോൺ കട്ടായി. തിരിച്ച് വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് എന്നായിരുന്നു മറുപടി.
ആശുപത്രിയിലെത്തിയപ്പോൾ അരവിയുടെ ഫോണിലേക്ക് വീണ്ടും കോൾ വന്നു. എടുക്കാൻ നോക്കുമ്പോൾ കട്ട് ചെയ്യും തിരിച്ചുവിളിച്ചാൽ കിട്ടില്ല.
സേവ്യറിനെ ഗണേഷിനു കൂട്ടുനിർത്തിയിട്ട് ഞങ്ങൾ മൂന്ന് പേരും പാലക്കാടിനു തിരിച്ചു. യാത്രയിലുടനീളം ആരും സംസാരിച്ചിരുന്നില്ല.
അവിടെത്തിയപ്പോൾ ഒരു പാട് വൈകിയെങ്കിലും ഇനിയും അണഞ്ഞു തീരാത്ത പുക വായുവിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.
ചുറ്റുപാടുമുള്ള വീടുകളിലെ ആളുകൾ ചിലർ അപ്പോഴും നടുക്കം മാറാതെ നിൽക്കുകയായിരുന്നു.
എന്നെ കണ്ടപാടെ അജ്മൽ ഓടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *