അരവിയുടെ ഫോണിൽ വീണ്ടും Sajeev കോളിംഗ് കണ്ടു.
കാൾ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു.
“ഹലോ പപ്പയെവിടെയാ ഓടി വരുന്നു പറഞ്ഞ് പോയിട്ട് മോളെ പറ്റിക്കുവാല്ലേ….”
ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം.
“ഹലോ…..”
അരവി പറയുന്നത് ശ്രദ്ധിക്കാതെ അവൾ തുടർന്നു
“പപ്പ ഒന്നും പറയണ്ട. മോള് പപ്പയോട് പെണക്കവാ. പപ്പയോട് മാത്രമല്ല മമ്മയോടും ”
“തീർത്ഥ …..?”
“പപ്പയെന്റെ പേര് പറഞ്ഞു പറഞ്ഞു കളിക്കാ ആന്റി. ”
അവളവിടെ ആരോടോ പറയുന്ന ശബ്ദം.
“ഈ ഫോണെങ്ങനെ ഇവളുടെ കൈയിലെത്തി.?”
എന്ന ചോദ്യവും ഒപ്പം തീർത്ഥയുടെ കരച്ചിലും
ആ ശബ്ദം തന്നെയാണ് സജീവിനോട് സംസാരിച്ചപ്പോഴും കേട്ടത്. ഞാൻ അപകടം മണത്തു. തീർത്ഥയും അപകടത്തോടടുത്തിരിക്കുകയാണ്.
“സർ ഇത് സജീവിന്റെ കുഞ്ഞാ, ഡയറിയെഴുതിയ തീർത്ഥ.”
അലോഷ്യസ് എന്തോ ചിന്തയിലായിരുന്നു.
പല തവണ തിരിച്ചുവിളിച്ചെങ്കിലും സജീവിന്റെ ഫോൺ സ്വിച്ചോഫായിരുന്നു.
അലോഷ്യസ് ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വെച്ചു എന്നിട്ട് അരവിയോട് ചോദിച്ചു.
” ആ നമ്പർ പറഞ്ഞേ. ”
തുടർന്ന് ഫോണിൽ
“ഹലോ ഹരീഷ് ഞാൻ SIT അലോഷ്യസാണ് ഞാൻ പറയുന്ന നമ്പർ ലൊക്കേഷൻ ട്രെയ്സ് ചെയ്യണം”
……….
തുടർന്ന് നമ്പർ പറയാൻ അരവിയോട് ആഗ്യം കാണിച്ചു.
” 9048……”
അരവി പറഞ്ഞ നമ്പർ അലോഷ്യസ് പറഞ്ഞു കൊടുത്തു.
“എത്രയും വേഗം ട്രെയ്സ് ചെയ്തിട്ട് പറ”
മോർച്ചറിയിലെത്തിയെങ്കിലും ബോഡി ഐഡന്റിഫൈ ചെയ്യാൻ പറ്റില്ലായിരുന്നു. അരയ്ക്കു മീതെ മുക്കാലും കത്തിക്കരിഞ്ഞിരുന്നു.കാലിന്റെ തുടയിലെ M@ എന്ന പച്ചകുത്തലും കാൽ മുട്ടിനു താഴെയായി വലിയ ഓപ്പറേഷൻ കഴിഞ്ഞതിന്റെ പാട്മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘M@’ഇതേ അടയാളം തന്നെ സിറിഞ്ചിലും മെഡിസിൻ ബോട്ടിലും കണ്ടിരുന്നത്.
അവിടുന്നു കൂടുതലൊന്നും കിട്ടാനില്ല എന്നറിയാവുന്ന ഞങ്ങൾ മടങ്ങി
“സജീവിന്റെ നാട്ടിൽ അന്വേഷിച്ചാലോ സർ, ?”
” അന്വേഷിക്കാം. വേദയ്ക്ക് വന്ന മെസഞ്ചർ സന്ദേശമയച്ച ആളെ കണ്ടു പിടിക്കാൻ പറ്റിയൊരാളുണ്ട്. നമുക്കത് വഴി ട്രൈ ചെയ്യാം. നിങ്ങൾ വേണമെങ്കിലൊന്ന് മയങ്ങിക്കോ ”
അരവിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു അലോഷ്യസ് .ചിന്തകൾ കാടുകയറി തുടങ്ങി. ആരാവും ഇതിന് പിന്നിൽ? എന്തായാലും വലിയൊരു ഗ്യാംഗ് തന്നെയുണ്ട്. അവരെന്തിന് എന്നെ അപായപ്പെടുത്തുന്നു.?
” വേദ എഴുന്നേൽക്ക് സ്ഥലമെത്തി.”
അരവിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നേരം പുലർന്നിരുന്നു. ചുറ്റും ഭംഗിയിൽ വെച്ച ചെടിച്ചട്ടികളും പൂക്കളും.അപരിചിതമായ ഒരു സ്ഥലം. വലിയ ആ ഇരുനില കെട്ടിടത്തിന്റെ ഭിത്തിയിലെ പേര് ഞാൻ വായിച്ചെടുത്തു.
‘വാത്സല്യം ചിൽഡ്രൻസ് ഹോം തിരുപനന്തപുരം’
അലോഷ്യസിനെ കാണാനില്ലായിരുന്നു.
“ഇവിടെയെന്താ അരവി ?സർ എവിടെ??”
“അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോൾ വരും. ഞാൻ കാറിൽ നിന്നിറങ്ങാനിരുന്നപ്പോൾ
അലോഷ്യസ് ഇറങ്ങി വന്നു.
വീണ്ടും യാത്ര തുടർന്നു.
“സജീവിന് ബന്ധുക്കളാരുമില്ല. അയാൾ 18 വയസു വരെ ഇവിടെയാണ് വളർന്നത്.പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഏതൊക്കെയോ ജോലിക്കൊപ്പം ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്ത് ചെറിയ ഒരു ക്ലിനിക്കിൽ ജോലി ചെയ്തു തുടങ്ങിയപ്പോൾ ഇവിടെ തന്നെയുള്ള ഒരു അന്തേവാസിയെ വിവാഹം ചെയ്യുകയാണുണ്ടായത്. പക്ഷേ അവർ പറഞ്ഞ പേര് തുളസി എന്നല്ല, സജീവിന്റെ ഭാര്യയുടെ പേര് നാൻസി എന്നാണ്. ഇടയ്ക്ക് സജീവും ഫാമിലിയും ഓർഫനേജിൽ വരാറുണ്ടായിരുന്നു എന്നു മാത്രമല്ല രണ്ട് ദിവസം അവിടെ താമസിച്ചിട്ടേ പോകാറുള്ളൂ എന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. അവസാനമായി അവർ വന്നത് നാല് വർഷം മുൻപാണെന്നാണ്. അന്ന് തീർത്ഥയുടെ ഒന്നാം പിറന്നാളായിരുന്നു. അതിന് ശേഷം ഇടയ്ക്ക് സജീവ് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂവെന്നും ”
അലോഷ്യസ് നിർത്തി.
“ആ വഴിയ്ക്കുള്ള അന്വേഷണം നടക്കില്ല അല്ലേ?”
അരവിയുടെ ചോദ്യം
” ഇല്ല ബോഡിയേറ്റെടുക്കാൻ ബന്ധുക്കളില്ലാത്തതിനാൽ ബോഡി ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സജീവിന്റെ ഭാര്യയും കുഞ്ഞും മരണപ്പെട്ടതിന്റെ തെളിവില്ലാത്തതിനാൽ അനാഥ പ്രേതമായി സംസ്ക്കരിക്കാനും പറ്റില്ല.പിന്നെ കർണാടക റജിസ്ട്രേഷൻ വണ്ടിയുടെ നമ്പർ ഞാൻ ഫോർവേർഡ് ചെയ്തിട്ടുണ്ട്. 12 മണിക്കു മുന്നേ വിവരം കിട്ടും.അതു പോലെ സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം.”
