അനുപല്ലവി – 11

തേർഡ് ഗിയറിൽ നിന്നും ഷിഫ്റ്റ്‌ ചെയ്തു സെക്കൻഡ് ഗിയറിലേക് ഇട്ട് കാറിന്റെ വേഗത കുറച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു.

“എപ്പോളും ഉണ്ണിയേട്ടൻ കൂടെ ഇല്ലല്ലോ..” ഫ്രണ്ട് ഗ്ലാസ്സിലൂടെ പുറത്തേക് നോക്കി നഖം കടിച്ചു കൊണ്ട് അവൾ പറഞ്ഞു

“ഇന്ന് തന്നെ ആ പ്രഭാകരൻ അമ്മാവൻ ഉണ്ണിയേട്ടനെ തല്ലിയിരുന്നെങ്കിലോ എനിക്ക് ഓർക്കാൻ കൂടി വയ്യ.. ഞാൻ എന്തോരം പേടിച്ചു എന്നറിയ്യോ”

അത് പറയുമ്പോൾ അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു അവൾ അനുഭവിച്ച മാനസിക സംഘർഷം..

“അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അയാൾക്കിട്ടു കൊടുക്കാനുള്ളത് കൊടുക്കുകയും ചെയ്തു.. തത്കാലം അച്ഛനും മോനും വല്ല്യ ശല്യത്തിന് വരില്ല വന്നാൽ നോക്കാം.. “

“അന്ന് ആ ദത്തന് സംഭവിച്ചത് ആക്‌സിഡന്റ് തന്നെ ആയിരുന്നോ. “

“അതെ എന്താ സംശയം “

“സംശയം ഉണ്ടെനിക്ക് ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോൾ ” അവൾ എന്നെ ഒളികണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു..

“പ്രിവൻഷൻ ഈസ്‌ ബെറ്റർ ദാൻ ക്യൂർ ” കേട്ടിട്ടില്ലേ അത്രേ ഉള്ളു..

“ഹ്മ്മ് അപ്പോ ഞാൻ വിചാരിച്ചതു തന്നെ “

“എന്ത് വിചാരിച്ചു “

“അന്ന് അജു പറയുന്നത് കേട്ടപ്പോൾ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണത്തതാ.. പിന്നെ ഇന്നത്തെ പെർഫോമൻസും ദത്തന്റെ മുഖത്തെ ഭാവവും ഒക്കെ കണ്ടപ്പോൾ തീർച്ചയായിരുന്നു അത് വെറും ഒരു ആക്‌സിഡന്റ് അല്ല എന്നു “

“എന്തായാലും നന്നായി കുറച്ചു കാലം ശല്യം ഉണ്ടാവില്ലല്ലോ ” അവൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.. എങ്കിലും അവളുടെ ഉള്ളിൽ ആകുലതകൾ ഉണ്ടായിരുന്നു..

“വരുന്നോ മുത്തശ്ശനെ കാണാൻ.. ”

ശ്രീലകത്തിന്റ ഗേറ്റിനു മുന്നിൽ കാർ നിർത്തുമ്പോൾ പല്ലവി ചോദിച്ചു..

“ഇപ്പൊ ഇല്ല “ഞാൻ അമ്മയേം കൂട്ടി വരാം ഒരു ദിവസം.. പെണ്ണ് ചോദിക്കാൻ..

“ആണൊ ” ഡോർ തുറന്നു പുറത്തിറങ്ങിയ അവൾ താഴ്ത്തിയ വിന്ഡോ ഗ്ലാസിന് മീതെ കൈ വെച്ചു കൊണ്ട് ചോദിച്ചു..

“ചോദിച്ചിട്ട് സമ്മതിച്ചില്ലെങ്കിലോ..? “

“ആര്? ” ദി ഗ്രേറ്റ്‌ വിശ്വനാഥനോ..

“ങ്ങാ അല്ലാതെ ആര്… “

“അതപ്പോൾ നോക്കാം… “

“ഹ്മ്മ് ശെരി… വീട്ടിൽ എത്തിയിട്ട് വിളിക്കണേ.. “ഡോർ തുറന്നു പുറത്തിറങ്ങുമ്പോൾ പറയാൻ അവൾ മറന്നില്ല.

അവൾ ഗേറ്റിനടുത്തേക് നടക്കുന്നതും നോക്കി ഞാൻ വണ്ടി തിരിച്ചു… മുന്നോട്ടെടുക്കുമ്പോൾ പിന്നിലെ ഗ്ലാസ്സിലൂടെ ഗേറ്റിൽ പിടിച്ചു നോക്കി നിൽക്കുന്ന പല്ലവിയെ കണ്ടു..

തിങ്ങിയ മര ചില്ലകളിലൂടെയും ഇല ചാർത്തുകളിലൂടെയും അരിച്ചെത്തിയ സ്വർണ രശ്മികൾ അവളുടെ മുഖത്തിന്റെ തിളക്കം വർധിപ്പിച്ചിരുന്നു..

അലസമായെത്തിയ ഇളം കാറ്റു അവളുടെ ചെമ്പൻ മുടിയിഴകളെ തഴുകി കടന്നു പോകുമ്പോൾ യാത്ര പറയാനെന്ന വണ്ണം മുടിയിഴകൾ മെല്ലെ ചലിച്ചു കൊണ്ടിരുന്നു…..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മ അടുക്കളയിൽ എന്തോ തിരക്കിൽ ആയിരുന്നു

“അമ്മേ എനിക്കൊരു ചായ എടുത്തോളൂ. “

അടുക്കളയിലേക് നോക്കി അതും വിളിച്ചു പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു…

റൂമിൽ കയറി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരുമ്പോളേക്കും അമ്മ ചായ ഉണ്ടാക്കിയിരുന്നു..

“ഉണ്ണി ഇതാ ചായ.. “എന്റെ നേരേ ചൂടുള്ള ചായ നീട്ടി കൊണ്ട് അമ്മ പറഞ്ഞു..

“അജു എന്തിയെ അമ്മേ “

അവനെ അവിടെ ഒന്നും കാണാത്തത് കൊണ്ട് ഞാൻ ആരാഞ്ഞു..

“അവൻ വായന ശാലയിലേക്കെന്നും പറഞ്ഞു ഉച്ചക്ക് ഇറങ്ങിയതാ.. ” അമ്മ മറുപടി പറഞ്ഞു

ഞാൻ ചൂട് ചായ മെല്ലെ ഊതി കുടിച്ച് കൊണ്ടിരുന്നു..

“അമ്മ എന്താ അടുക്കളയിൽ കാര്യമായ പണി.. അത്താഴത്തിനാണേൽ എനിക്ക് ഇന്നലത്തെ പോലെ കഞ്ഞി തന്നെ മതി. “

“അതല്ലെടാ..”

“അജു തിരിച്ചു കോളേജിലെക് പോകുവല്ലേ പോകുമ്പോ കുറച്ചു കായ ഉപ്പെരിയോ ചക്ക ഉപ്പെരിയോ കൊടുത്തു വിഡാന്ന് വെച്ചു അത് വറക്കുവാരുന്നു..”

“അതിനു ഇതൊക്കെ എവിടുന്നു കിട്ടി.. “

“അപ്പുറത്തെ വീട്ടിലെ മാഷ് തന്നു ഒരു കുല നേന്ത്ര കായും ഒരു ചക്കയും.. ഉച്ച കഴിഞ്ഞപ്പോ തൊട്ടു അതിന്റെ പണിക് ഇരുന്നതാ.. എല്ലാം ഒരുക്കി വച്ചു ഇനി വറുത്ത മതി.. “

“അമ്മേടെ കയ്യിൽ എന്താ ഇങ്ങനെ കറുതു ഇരിക്കുന്നെ” അമ്മയുടെ കൈ വെള്ളയിലെ കറുത്ത പാടുകളിലേക് നോക്കി ഞാൻ ചോദിച്ചു.

“അത് നേന്ത്രക പൊളിച്ചപ്പോൾ ആയ കറയാണ്‌.. ” അമ്മ മറുപടി പറഞ്ഞു

“കുറച്ചു വെളിച്ചെണ്ണ പുരട്ടിയാൽ പോരാരുന്നോ “

“ഓഹ് എന്നാലും ആവും.. അതിപ്പോ അങ്ങ് പോകും “അതൊന്നും വല്ല്യ കാര്യമല്ല എന്ന രീതിയിൽ അമ്മ പറഞ്ഞു.

“ഒരുത്തൻ ഇപ്പൊ വരാം.. വന്നിട്ട് കൂടാം എന്നു പറഞ്ഞിട്ട് പോയതാ.. ഇതുവരെ കണ്ടില്ല.. “

“ഞാനും ഒന്ന് പുറത്ത് പോയിട്ടു വരാം അമ്മേ അപ്പോളേക്കും അമ്മ എല്ലാം അരിഞ്ഞു വെക്കു.. വറക്കാൻ ഞാനും കൂടാം.”

കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അമ്മയുടെ കയ്യിലേക് കൊടുത്തു ഞാൻ മുറ്റത്തേക്കു ഇറങ്ങി… നേരം സന്ധ്യയായി ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…

ചരൽ വിരിച്ച മുറ്റത്തൂടെ ഞാൻ ഗേറ്റിനടുത്തേക് നടന്നു… ഗേറ്റ് തുറന്നു മുന്പിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ അടുത്ത വീടിന്റെ ഗേറ്റിനു മുന്നിലേക്ക് ഒരു പെൺകുട്ടി സ്കൂട്ടിയിൽ വന്നിറങ്ങി.. തലയിൽ നിന്നും ഹെൽമെറ്റ്‌ എടുത്തു മാറ്റിയപ്പോൾ പാറി പറന്നു മുന്നോട്ടു വീണ മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി അവൾ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു..

മതിലിനപ്പുറം പലപ്പോളും ആ മുഖം കണ്ടിട്ടുണ്ട് എന്നു ഞാൻ ഓർത്തു…

“ഹായ് ഗുഡ് ഈവെനിംഗ് ഡോക്ടർ.. “

അവൾ എന്നെ കയ്യ് ഉയർത്തി അഭിവാദ്യം ചെയ്തു.

ഹായ് ഗുഡ് ഈവെനിംഗ്.. ഞാനും തിരിച്ചു കൈ ഇയർത്തി കാട്ടി.

“ഈവെനിംഗ് വാക്കിന് ഇറങ്ങിയതാണോ..”

അവൾ വീണ്ടും കുശലം ചോദിച്ചു.

“ഹേയ് അല്ല.. ചുമ്മാ… വന്നിട്ട് അങ്ങനെ ഇറങ്ങാൻ പറ്റിയില്ല എവിടേക്കും.. അതോണ്ട് ഒന്ന് ചുറ്റുപാടും കണ്ടേക്കാം എന്നു വെച്ചു ഇറങ്ങിയതാ “

“എന്നാൽ വാ ഒരു ചായ കുടിക്കാം.. നമുക്ക് പരിചയപ്പെടുകയും ചെയ്യാല്ലോ.. അമ്മയേയും അജുവിനെയും ഞങ്ങൾ പരിചയ പെട്ടു.. ഡോക്ടറെ കാണാൻ കിട്ടണ്ടേ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ആരോടാ മോളെ പുറത്ത് നിന്നു സംസാരിക്കുന്നെ.. “അവരുടെ വീട്ടിൽ നിന്നും ചോദിക്കുന്നത് ഞാൻ കേട്ടു..

Leave a Reply

Your email address will not be published. Required fields are marked *