: മോനെ എണീക്കെടാ… വിശക്കുന്നില്ലേ എന്റെ കുട്ടിക്ക്
: കുറച്ച് കഴിയട്ടെ എന്റെ ലക്ഷ്മിക്കുട്ടീ… എത്ര കാലായി എന്റെ അമ്മേടെ മടിയിൽ ഇതുപോലെ കിടന്നിട്ട്…
: ഞാൻ വിളിക്കാഞ്ഞിട്ടാണോ…. നീ വരാഞ്ഞിട്ടല്ലേ
: ഇനി എന്റെ ലക്ഷ്മികുട്ടിയെ ഒറ്റയ്ക്കാക്കീട്ട് എവിടേം പോവില്ല… എപ്പോഴും കൂടെ തന്നെ ഉണ്ടാവും….
: എന്റെ ശ്രീക്കുട്ടൻ ആളാകെ മാറിപ്പോയി…ഇപ്പൊ നല്ല സുന്ദരൻ മോനായി
: കാശ് കൊടുത്ത് ഉണ്ടാക്കിയ തടിയാ…. ഡെയിലി ജിമ്മിൽ പോയി ഉരുട്ടി എടുത്തതാ…
: എന്റെ മോന് എന്തോ വിഷമം ഉണ്ടല്ലോ… എന്താണെന്ന് അമ്മയോട് പറ. മീര പിണങ്ങിയോ
: അമ്മയ്ക്ക് എങ്ങനെ മനസിലായി അത്
: വിഷമം ഇല്ലാതെ എന്റെ മോൻ വീട്ടിലേക്ക് വരുമ്പോ കുടിച്ചിട്ട് വരില്ലല്ലോ..അതും 5 കൊല്ലം കഴിഞ്ഞിട്ട് അമ്മെ കാണാൻ വരുമ്പോൾ
: സത്യം… കുടിക്കണംന്ന് വിചാരിച്ചതല്ല… പക്ഷെ എയർപോർട്ടീന്ന് ഓരോന്ന് കണ്ടപ്പോ എനിക്ക് സഹിച്ചില്ല…
അല്ല അമ്മക്ക് എങ്ങനെ മനസിലായി ഞാൻ കുടിച്ചത്….
: ലക്ഷ്മിക്കുട്ടീന്ന് വിളിച്ച് നീ അടുത്ത് വന്നപ്പോഴേ എനിക്ക് കിട്ടി അതിന്റെ മണം…പണ്ട് നിന്റെ അച്ഛനും ഇതുപോലാ… എന്തെങ്കിലും വിഷമം വന്നാൽ കുറച്ച് കഴിക്കും എന്നിട്ട് ലക്ഷ്മീന്നും വിളിച്ച് ഒരു വരവാ ….
: സോറി അമ്മേ… ഇനി അങ്ങനൊന്നും ഉണ്ടാവില്ല.. എന്നാലും അവൾ എന്നെ കറിവേപ്പില പോലല്ലേ എടുത്ത് കളഞ്ഞത്
: പെണ്ണ് പോയ വിഷമത്തിൽ എന്റെ മോൻ ഇനി കുടിക്കണ്ട… അല്ലാതെ ഇടക്കൊക്കെ രണ്ടെണ്ണം കഴിച്ചോടാ…അധികം ആകാതെ നോക്കിയാൽ മതി. ആണ്പിള്ളേര് ആവുമ്പൊ ഇടക്കൊക്കെ രണ്ടെണ്ണം കഴിക്കണം… അതാ അതിന്റൊരു ശരി
: എന്നാലും അമ്മെ ഞാൻ ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നതല്ലേ…
: അതൊക്കെ ഉണ്ടാവും മോനെ…അവള് പോയാൽ എന്താ എന്റെ മോന് വേറെ പെണ്ണ് കിട്ടില്ലേ.. അല്ലേലും അവള് നിനക്ക് ഒട്ടും മാച്ചല്ല….
: നല്ല അമ്മ…. ഇനി ഞാൻ ഈ പണിക്കില്ല… അമ്മയായിട്ട് കണ്ടുപിടിച്ചാൽ മതി എനിക്കൊരു പാവം കുട്ടിയെ
: ഉം…. ഇതൊന്നും കുറച്ചു കഴിയുമ്പോ മാറ്റി പറയല്ലേ.. ഇനി കോളേജിലേക്കാ പോണ്ടത്…. അവിടുണ്ടാവും നല്ല സുന്ദരിമണികൾ
: അയ്യോ വേണ്ട….ഇനിയൊരു പരീക്ഷണത്തിന് ഞനില്ലേ…
നമുക്ക് വേണ്ടപ്പെട്ടവർ വിട്ടുപോകുമ്പോ ഭയങ്കര വിഷമാ…. അമ്മേ. അതുകൊണ്ട്
ഇനിയൊരു പെണ്ണ് വേണ്ട. വെറുത്തുപോയി.
: അപ്പൊ ഇനി എന്റെ മോൻ സന്യസിക്കാൻ പോകാണോ…..
: അതല്ല… പ്രേമവും മണ്ണാങ്കട്ടയും ഒന്നും വേണ്ടെന്നാ പറഞ്ഞത്…
————–
എഴുന്നേറ്റ് ചായകുടിച്ച് തൊടിയിലേക്ക് ഒന്നിറങ്ങി. പറമ്പ് മുഴുവൻ പന്തലൊരുക്കുന്ന തെങ്ങോലകൾക്കിടയിലൂടെ സൂര്യ രശ്മികൾ അരിച്ചിറങ്ങുന്നുണ്ട്. പഴുത്ത് വിളഞ്ഞു നിൽക്കുന്ന കൊക്കോ ഒന്ന് പൊട്ടിച്ച് അതിനുള്ളിലെ മാംസള കൊഴുപ്പ് വായിലിട്ട് നുണഞ്ഞുകൊണ്ട് ഓരോ പുല്നാമ്പുകളെ തഴുകികൊണ്ട് പറമ്പിലൂടെ നടന്നു. പറമ്പിന്റെ ഒരു മൂലയിൽ ചെറിയൊരു വീടുണ്ട്. മുൻപ് തേങ്ങാ കൂട്ടിയിടാനും മറ്റും ആയിരുന്നു ഉപയോഗിച്ചിരുന്നത്. അച്ഛനും അപ്പൂപ്പനും ഒക്കെ പോയതിൽ പിന്നെ ആ വീട് വൃത്തിയാക്കി അവിടെ പണിക്കാർക്ക് താമസിക്കാൻ സ്വകാര്യം ഒരുക്കി.കേരള തമിഴ്‌നാട് ബോർഡറിൽ വയനാട്ടിൽ നിന്നുള്ള ചന്ദ്രേട്ടനും സീതേച്ചിയും ആണ് ഇപ്പൊ അവിടെ താമസം. കൂട്ടിന് ചന്ദ്രേട്ടന്റെ ഒരു പെങ്ങളും മോനും ഉണ്ട്. സ്വപ്നയും സായന്തും. സ്വപ്നേച്ചിയുടെ ഭർത്താവ് മരിച്ചതിൽ പിന്നെ ചന്ദ്രേട്ടൻ ഇവിടേക്ക് കൂട്ടികൊണ്ടുവന്നതാണ് രണ്ടുപേരെയും. ഞാൻ ദുബായിലേക്ക് പോകുമ്പോൾ സായന്ത് കുഞ്ഞാണ്.കണ്ണൻ എന്ന് എല്ലാവരും ഓമനിച്ചു വിളിക്കുന്ന അവൻ ഇപ്പൊ കുറച്ചു വലുതായിക്കാണും. കുട്ടികളില്ലാത്ത ചന്ദ്രേട്ടന് കണ്ണൻ വന്നതിൽ പിന്നെ നല്ല സന്തോഷമാണ്. സീതേച്ചി സ്വന്തം മോനെപോലെയാണ് അവനെ ലാളിക്കുന്നത്. അമ്മയ്ക്ക് ഒറ്റയ്ക്ക് ഇതൊക്കെ നോക്കാനും പണി ചെയ്യിക്കാനും ഒന്നും ആവില്ലെന്ന് പറഞ്ഞപ്പോൾ നിർത്തിയതാണ് ഇവരെ. മാമന്റെ പരിചയത്തിൽ ഉള്ള ഒരാൾ വഴിയാണ് ഇവർ ഇവിടെയെത്തിയത്.. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവങ്ങൾ ആണ് എല്ലാവരും. നന്നായി പണിയും ചെയ്യും. അതുകൊണ്ട് വീട്ടിലെ ഒരംഗത്തിനെ പോലെയാണ് ഞങ്ങൾക്ക് അവരൊക്കെ. കാലത്ത് തന്നെ വീട്ടിൽ വന്ന് എന്നെ അന്വേഷിച്ചിട്ടാണ് അവരൊക്കെ പണികളിൽ മുഴുകിയത്. ഞാൻ നല്ല ഉറക്കമായതുകൊണ്ട് ഒന്നും അറിഞ്ഞില്ല. കാലത്ത് 4 മണിക്ക് തുടങ്ങുന്നതാണ് ചന്ദ്രേട്ടന്റെ ജോലികൾ. മൂന്ന് കറവ പശുക്കളും രണ്ട് കിടാങ്ങളും ഉണ്ട്. പാൽ കറന്ന് സൊസൈറ്റിയിൽ എത്തിച്ചിട്ടാണ് പുള്ളിക്കാരൻ കാലത്തെ ചായപോലും കുടിക്കുന്നത്. പശുവിനെ കുളിപ്പിക്കലും തൊഴുത്തു വൃത്തിയാക്കലും, തീറ്റകൊടുക്കലും ഒക്കെ പെണ്ണുങ്ങളുടെ ജോലിയാണ്. അപ്പോഴേക്കും ചന്ദ്രേട്ടൻ ആടിനും കോഴികൾക്കും ഒക്കെ തീറ്റ കൊടുത്ത് തൂമ്പയുമായി പറമ്പിലേക്ക് ഇറങ്ങിയിട്ടുണ്ടാവും.
