അരവിന്ദനയനം – 3

Related Posts


എന്റെ ചങ്ക് പിടച്ചു. വേഗം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. അത്‌ കണ്ട ഞാൻ തകർന്ന് പോയി.

ആമിയും നയനയും കൂടി ചാറ്റ് ചെയ്തേക്കുന്നു. ഹോസ്പിറ്റലിൽ എല്ലാരും കൂടി ഇരിക്കുന്ന ഫോട്ടോ ഒക്കെ അയച്ചിട്ടുണ്ട്. അതൊന്നും പോരാത്തതിന് ഞാൻ കിടന്നു ഉറങ്ങുന്ന ഫോട്ടോയും അവൾ അയച്ചിട്ടുണ്ട്.

ചതിച്ചല്ലോ…

ഞാൻ വേഗം ഒരു ഹായ് അയച്ചു. കുറച്ച് നേരം നോക്കി ഇരുന്നു. അവൾ ഓൺലൈൻ ഇല്ല. ഞാൻ ഫോൺ വെച്ചിട്ട് ബാത്‌റൂമിൽ ഒക്കെ പോയി വന്നു. അപ്പോഴേക്കും മെസ്സേജ് വന്നിട്ടുണ്ട്. ഞാൻ എടുത്തു നോക്കി.

“ഹായ് ആമീസ്…” ഞാൻ ആമി ആണെന്ന് കരുതി കാണും.

“ഞാൻ ആമി അല്ല. അരവിന്ദ് ആണ്.” റിപ്ലൈ അയച്ചു കഴിഞ്ഞപ്പോൾ ആമിയോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. എന്ത് പറഞ്ഞു മെസ്സേജ് അയക്കും എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഞാൻ. അവൾ എന്തായാലും ആ ബുദ്ധിമുട്ട് മാറ്റി തന്നു.

“അയ്യോ സോറി…അരവിന്ദേട്ടൻ എഴുന്നേറ്റോ? നല്ല ഉറക്കം ആരുന്നല്ലോ. ആമി ഫോട്ടോ എടുത്തു അയച്ചിരുന്നു.”

അത്‌ ഒരു തുടക്കം ആയിരുന്നു. എന്തൊക്കെ സംസാരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. രാത്രി 1 മണി വരെ ഒരേ ചാറ്റിങ്.

നടന്നത് സ്വപ്നമാണോ എന്നൊരു സംശയം മാത്രം ആയിരുന്നു ബാക്കി. കാരണം എനിക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ അറിയില്ലായിരുന്നു. അത്കൊണ്ട് തന്നെ എനിക്ക് പെൺ സുഹൃത്തുക്കൾ ആരും തന്നെ ഇല്ലായിരുന്നു. എന്റെ കമ്പനി മുഴുവൻ ആണുങ്ങൾ തന്നെ ആയിരുന്നു.

അതിൽ എനിക്ക് നഷ്ടബോധം ഒന്നും ഇല്ല. എനിക്ക് പെണ്ണെന്നാൽ അമ്മയും ആമിയും ആണ്. അവർക്കപ്പുറം ഉള്ളവരോടൊന്നും ഞാൻ അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ആ ഞാൻ ആണ് ഇപ്പൊ ഒരു പെണ്ണിനോട് അതും ആദ്യ കാഴ്ച്ചയിൽ തന്നെ ഞാൻ പോരെടുത്ത ഒരു പെണ്ണിനോട് ഇത്ര നേരം ഉറക്കം പോലും കളഞ്ഞ് സംസാരിച്ചത്.
“അരവിന്ദേ ഇത് നിന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ് മോനേ.” അങ്ങനെ ആരോ എന്റെ ഉള്ളിൽ തന്നെ ഇരുന്നു പറഞ്ഞു.

ആദ്യായിട്ടാണ് ഞാൻ ഒരാളോട് ഇങ്ങനെ ചാറ്റ് ചെയ്യുന്നത്. ശെരിക്കും പറഞ്ഞാൽ അവളുടെ സംസാരം ഞാൻ ആസ്വദിക്കുവായിരുന്നു. പിന്നെ ഇതൊരു പതിവായി. എന്ത് ചെറിയ കാര്യം ആയാലും തമ്മിൽ ഷെയർ ചെയ്യാൻ തുടങ്ങി. 3 – 4 ദിവസം കൊണ്ട് ഞങ്ങൾ അത്ര ക്ലോസ് ആയി.

പതിയെ ചാറ്റുകൾ ഫോൺ വിളികൾക്കും നേരിട്ട് ഉള്ള മീറ്റിംഗുകൾക്കും വഴി മാറി. മീറ്റിംഗ് എന്ന് പറയുമ്പോ അവളുടെ ഓഫീസ് വിട്ട് അവൾ ബസ് കേറുന്ന വരെ ഉള്ള സമയം. പക്ഷേ അതിൽ ഞങ്ങൾ ഹാപ്പി ആയിരുന്നു. ഞങ്ങൾ രണ്ടും ജോലി ചെയ്യുന്നത് എറണാകുളം ആയതിനാൽ കാണാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.

പതുക്കെ പതുക്കെ എന്റെ ചിന്തകൾ മുഴുവൻ അവളെ കുറിച്ചായി. അതും അല്ല പണ്ടത്തെ പോലെ എനിക്ക് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്. ഒരു കള്ളത്തരം. എന്നോട് സംസാരിക്കുമ്പോ അവളുടെ മുഖത്തും ഒരു കള്ളത്തരം ഞാൻ കാണാറുണ്ട്. അതൊക്കെ ആലോചിക്കുമ്പോ എന്റെ പകുതി മനസ്സ് എന്നോട് പറയും “എടാ മോനേ ഇതാണ് പ്രേമം. അവൾ നിന്നേം നീ അവളേം പ്രേമിക്കാൻ തുടങ്ങിയിരിക്കുന്നു.” എന്ന്.

അടുത്ത നിമിഷം തന്നെ എന്റെ മനസ്സിന്റെ മുക്കാൽ ഭാഗവും കയ്യെറി ഇരിക്കുന്ന ഇൻട്രോവെർട്ട് എന്നോട് പറയും “മാങ്ങാത്തൊലി ആണ്… പ്രേമം.. അതും നിന്നോട്. എട പൊട്ടാ നിനക്ക് ബോധം ഇല്ലേ, ഒന്ന് ചിന്തിച്ചു നോക്ക് നിന്നേം അവളേം കൂടെ… അവളെ പോലെ കിടു ലുക്ക് ഉള്ള ഒരു പെണ്ണിന് പ്രേമിക്കാൻ പറ്റിയ ഒരു കാര്യം ഒരേ ഒരു കാര്യം നിന്നിൽ ഉണ്ടെങ്കിൽ നീ ഒന്ന് പറഞ്ഞേ കേക്കട്ടെ. അവൾ നിന്റെ നല്ലൊരു ഫ്രണ്ട് ആണ്. നീ ഈ ഇഷ്ടം പറയണ ദിവസം വരെ അതുണ്ടാവു. നീ എങ്ങാനും അങ്ങനെ പോയി പറഞ്ഞാൽ പിന്നെ അവൾ നിന്നെ മൈൻഡ് ആക്കില്ല ഓർത്തോ.”
സ്വാഭാവികം ആയിട്ട് ഞാൻ ഇൻട്രോവെർട്ട് പറയുന്നതേ കേൾക്കു. കാരണം ഇനി എന്ത്കൊണ്ട് തന്നെ ആയാലും അവൾ എന്നിൽ നിന്ന് അകന്ന് പോകുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യം ആയിരുന്നില്ല. അങ്ങനെ തോന്നിയ ഇഷ്ടം ഒക്കെ മനസ്സിൽ കുഴിച്ചിട്ട് ഞാൻ നടക്കും. എന്നാലും ആ സമയം ഉള്ളിൽ ഒരു നോവ് ആണ്.

ഇങ്ങനെ പറയാതെ പോയ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ടാവും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ.

**********************************

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഉച്ച കഴിഞ്ഞപ്പോൾ നയനയുടെ ഒരു കാൾ വന്നു.

“ഹലോ.. അരവിന്ദേട്ടൻ ബിസി ആണോ?”

“എയ് അല്ല പറയെടോ എന്താ ഒരു ഫോർമാലിറ്റി ഒക്കെ?”

“ഇന്ന്‌ ഒന്ന് കാണാൻ പറ്റുവോ?” അവളുടെ ശബ്ദത്തിൽ സങ്കടം ആണോ ക്ഷീണം ആണോ നിസ്സഹായത ആണോ എന്നെനിക്ക് വേർതിരിച്ചു എടുക്കാൻ ആയില്ല.

“ഹലോ അരവിന്ദേട്ടാ.. കേൾക്കുന്നില്ലേ?”

“ആ കേൾക്കാം.. ഞാൻ എവിടാ വരേണ്ടത്?”

“ഒരു 5 മണി ആകുമ്പോ എന്റെ ഓഫീസിന്റെ മുന്നിൽ വന്ന മതി.”

“മം.. വരാം. എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കണേ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“എയ്… ഒന്നുല്ല ഏട്ടന് തോന്നിയതാവും. 5 മണിക്ക് തന്നെ വരണേ ലേറ്റ് ആവരുത്.”

“ഇല്ല ഞാൻ എത്തിയേക്കാം. ലേറ്റ് ആവില്ല.”

“എന്നാ ശെരി.. കാണാം…”

എന്റെ മറുപടിക്ക് കാത്ത് നില്കാതെ തന്നെ അവൾ ഫോൺ വെച്ചു.

എന്തോ പറ്റിയിട്ടുണ്ട് അത്‌ ഉറപ്പാണ്. പിന്നെ എനിക്ക് ജോലി ചെയ്യാൻ ഒന്നും ഒരു മൂഡ് തോന്നിയില്ല.

“കൊറേ നേരായല്ലോ നീ വാച്ച് നോക്കി വെപ്രാളപ്പെടുന്നു. എന്താ പ്രശ്നം?” ബിനോയ്ടെ ചോദ്യം കേട്ടാണ് എനിക്ക് ബോധം വന്നത്. ബിനോയ്‌ എന്റെ കൂടെ വർക്ക്‌ ചെയ്യുന്നതാണ്. കട്ട കമ്പനി. അവന് അറിയാം നയനയുടെ കാര്യം ഒക്കെ.

“ഓ ഒന്നുല്ല മാൻ… നമുക്ക് ഒരു ചായ കുടിച്ചാലോ?”

“പിന്നെന്താ…വാ പോയേക്കാം ഞാൻ ഒരാളെ കമ്പനി കിട്ടാൻ നോക്കി ഇരിക്കുവാരുന്നു.”

2 കപ്പിൽ ചായ എടുത്ത് ഞങ്ങൾ ബാൽക്കണി പോയി നിന്നു.
“ആഹ് ഇനി പറ എന്താ നിന്റെ പ്രശ്നം?”

“നിനക്ക് എങ്ങനെ അറിയാം പ്രശ്നം ഉണ്ടെന്നു?”

“അതിനു വല്യ വിവരം ഒന്നും വേണ്ട ഒരാളുടെ മുഖം കണ്ടാൽ അറിഞ്ഞുടെ. നീ കെടന്നു ഉരുളാതെ കാര്യം പറ.”

“അത്‌ വേറൊന്നും അല്ല, നയന വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ആയി കാണണം എന്നു പറഞ്ഞു. അവളുടെ ശബ്ദം കേട്ടിട്ട് എനിക്കെന്തോ ഒരു പന്തികേട് തോന്നി അതാ.”

“നീ അവളോട്‌ പറഞ്ഞോ ഇഷ്ടാണെന്ന്?”

“എയ്… എനിക്ക് ഇതുവരെ അതിനുള്ള ധൈര്യം വന്നില്ല.”

“ഒന്ന് പോയെടാ… നീ ഇങ്ങനെ ഇരുന്നോ അവസാനം പെണ്ണുകാണാൻ വരുന്ന ഏതേലും ഒരുത്തനെ അവൾ കെട്ടും നീ പിന്നേം ഇങ്ങനെ ഇരിക്കും.

ഡാ ഇഷ്ടാണെന്ന് പറയണത് അത്ര മോശം കാര്യം ഒന്നുമല്ല. അത്‌ പറയണ രീതി മാന്യമാവണം അത്രേ ഉള്ളു. പിന്നെ അവരുടെ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ അതിനെ ഉൾക്കൊണ്ടു മാറി കൊടുക്കണം അത്രേ ഉള്ളു. നീ ഒന്ന് ആലോചിച്ചു നോക്ക്, നീ നിന്റെ ഇഷ്ടം അവളോട്‌ പറഞ്ഞില്ല ഒരുപക്ഷെ കൊറേ വർഷങ്ങൾ കഴിഞ്ഞ് നീ ഇത് ആലോചിക്കുമ്പോൾ നിനക്ക് തോന്നും അന്ന് ചെയ്‌തത്‌ വൻ മണ്ടത്തരം ആയെന്നു. നീ കൊറച്ച്കൂടി ധൈര്യം കാണിച്ചിരുന്നേൽ അവൾ ചെലപ്പോ നിന്റെ ഭാര്യ ആയി വന്നേനെ എന്ന്. ആ കുറ്റബോധം അപ്പൊ തോന്നാതെ ഇരിക്കണം എങ്കിൽ ഇപ്പൊ നീ കുറച്ച് ധൈര്യം കാണിച്ചേ പറ്റു.”

Leave a Reply

Your email address will not be published. Required fields are marked *