അലൻ

അലന്‍റെ ചിന്തകള്‍ക്ക് തീ പിടിച്ചു തുടങ്ങി. ഗോള്‍ഡ്‌ഫ്ലേക്ക് കിങ്ങ്സിന്റെ നീളം കുറഞ്ഞു വരുന്നതും തന്റെ മുന്‍പിലിരിക്കുന്ന ഗ്ലാസ്സില്‍ ഐസ് ക്യൂബ്സ് ഓള്‍ഡ്‌ മങ്ക് റമ്മില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരിക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു വരാതിരിക്കാന്‍ അലന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ലഹരിയില്‍, തന്നെ ബാധിച്ചിരിക്കുന്ന രോഗഭീതിയെ നേരിടാനൊരു വിഫല ശ്രമം.

എന്തു ചെയ്യുമ്പോഴും സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാന്‍ വേണ്ട നീതിബോധം മനസ്സിലുണ്ടാവാറുണ്ട്. ആ ഒരു അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയതില്‍ പലതും നീതിയ്ക്കു നിരക്കാത്തതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ നശിച്ച രാത്രിയില്‍ ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഇനി തിരിച്ചു കയറാനാകാത്ത വിധം ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നുവോ?. സ്വയം പഴിക്കാനല്ലാതെ വേറെയൊന്നും ഇനി ഒന്നും ചെയ്യാനില്ല. കത്തിത്തീരാറായ സിഗരെറ്റില്‍ നിന്നുതന്നെ അടുത്തത് കത്തിച്ചു. ഇനിയിപ്പോ അധികം വലിച്ചാലെന്ത്? വീണ്ടും ഒരു പെഗ്ഗൊഴിച്ചു, ഇത്തവണ വെള്ളം ഒഴിക്കാന്‍ തോന്നിയില്ല. ഒറ്റ വലിയ്ക്ക്‌ തീര്‍ത്തു. സോഡയും കൊളയുമോന്നും പണ്ടേ ഇഷ്ടമുള്ളതല്ല റമ്മിനൊപ്പം. ഇതിപ്പോ പെട്ടെന്ന് തലയ്ക്കു പിടിക്കണം, ബാറില്‍ നിന്ന് ഫ്ലാറ്റിലെത്താനുള്ള ബോധം മാത്രം മതി. ദുഃഖം വരുമ്പോള്‍ എത്ര മദ്യപിച്ചാലും തലയ്ക്കു പിടിക്കാന്‍ പാടാണെന്ന് ആരോ പറഞ്ഞത് ശരിയാണോ. ഒരു ഓട്ടോ പിടിച്ച് ഫ്ലാറ്റിലെത്തി. കിടക്കയിലേക്ക് മറിഞ്ഞു. ഉറക്കം വരുന്നില്ല.

എല്ലാം തന്റെ മാത്രം തെറ്റായിരുന്നോ.. ആലോചിയ്ക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാമൊരു സിനിമാ സ്ക്രീനിലെന്ന വണ്ണം മനസ്സില്‍ വീണ്ടും തെളിയുകയാണ്.

2005 ജൂലൈയിൽ ബോംബെയിലുണ്ടായ വെള്ളപ്പൊക്കം അനേകം പേരുടെ ജീവനെടുത്തിരുന്നു. അന്ന് താമസം ഫസ്റ് ഫ്ലോറിലായിരുന്നത് കൊണ്ട് താഴെ വച്ചിരുന്ന ബാഗിലുള്ള സാധനങ്ങളെല്ലാം നനഞ്ഞു, അതില്‍ തന്റെ സെര്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടും നനഞ്ഞെങ്കിലും അതെല്ലാം ഉണക്കിയെടുത്തിരുന്നു. പാസ്പോര്‍ട്ട് മാത്രം മാറ്റേണ്ടി വന്നു. അന്ന് ചുളുവിലയ്ക്ക് കിട്ടിയ മാരുതി എസ്റ്റീമുമായി നാട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ ഒരു വര്‍ഷമായി അന്യമായിരുന്ന സ്വന്തം നാട് കാണാനുള്ള പൂതി മാത്രമായിരുന്നോ മനസ്സിലുണ്ടായിരുന്നത്? അല്ല, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഫോണ്‍ ചെയ്ത് ചെയ്ത് അടുപ്പത്തിലായ ഗോവക്കാരി ഇസബെല്ലയെ കാണാനും ഒന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിക്കാനും ഉള്ള പ്ലാനുകളായിരുന്നു മനസ്സ് നിറയെ. വെള്ളപ്പൊക്കമായത് കാരണം ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു കിട്ടിയിരിക്കുന്നു. മാരുതി വിറ്റാല്‍ എങ്ങനെപോയാലും ഒരു അന്‍പതിനായിരം രൂപ ലാഭം കയ്യില്‍ തടയും. ഗോവയിലിറങ്ങി രണ്ട് ദിവസം ഇസബെല്ലയോടോത്തു സുഖിക്കാനായിരുന്നു കരുതിയിരുന്നത്, പക്ഷെ വിധി എനിയ്ക്ക് വേണ്ടി കരുതി വച്ചത് മറ്റു പലതുമായിരുന്നു.
ജോലികള്‍ ഒരു വിധം ഒതുക്കി യാത്ര തുടങ്ങിയപ്പോഴേക്കും നേരം നാല് മണി കഴിഞ്ഞിരുന്നു. കാര്‍ പന്‍വേല്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ കാറിനു കൈ കാണിയ്ക്കുന്നത് ഒരു ഇരുന്നൂറ് മീറ്റര്‍ മുന്‍പേ കണ്ടു. നിര്‍ത്തണോ വേണ്ടയോ എന്ന് ആലോചിക്കാന്‍ മനസ്സിന് സമയം കൊടുക്കുന്നതിനു മുന്‍പ് തന്നെ കാല്‍ ബ്രേക്കില്‍ അമര്‍ന്നിരുന്നു. അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നിര്‍ത്തിയത് വെറുതെയായില്ല എന്ന് തോന്നി. കാണാന്‍ കൊള്ളാം. പഴയ നടി വഹീദ റെഹ്മാന്റെ മുഖ സാദൃശ്യം. പര്‍ദ്ദക്കുള്ളിലെ അല്പം തടിച്ച ശരീരം യാത്ര വിരസമാകാനിടയില്ല എന്ന സന്ദേശം എന്റെ തലച്ചോറിനു നല്‍കി. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ അല്പം മദ്യപിച്ചിരുന്നത് കൊണ്ട്, ഒരു അപരിചിതയായ സ്ത്രീയെ കാറില്‍ കയറ്റുന്നതിലുള്ള ഭീതിയെ ലഹരിയുടെ സാഹസികത തല്ലിക്കൊന്നു കുഴിച്ചു മൂടി. അവര്‍ക്ക് ഹിന്ദി അധികം അറിയില്ലെന്ന് മനസ്സിലായി, കോഴിക്കോടാണ് അവര്‍ക്ക് പോകേണ്ടിയിരുന്നത്‌. മലയാളിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. പേര് നാദിറ. അവര്‍ക്കത്യാവശ്യമായി വീട്ടില്‍ പോകണം, പക്ഷെ മുംബയില്‍ നിന്നുള്ള മിക്ക ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിരിക്കുകയാണ്, ബസ്സുകളില്‍ സീറ്റുമില്ല. പന്‍വേല്‍ വഴി ധാരാളം മലയാളികള്‍ യാത്ര ചെയ്യുന്നത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി കൈ കാണിച്ചതാണ്. എന്തായാലും അവര്‍ക്കാശ്വാസമായി. ഞാന്‍ ആകെ ഒരു ധര്‍മ്മസങ്കടത്തിലായി. മുഖം കണ്ടിട്ടാകെയൊരു വശപ്പിശക്, ഇങ്ങനെയുള്ള എന്റെ തോന്നലുകളൊന്നും വെറുതെയായിട്ടില്ല ഇത് വരെ. നേരമ്പോക്കിന് വകയുണ്ടാകും എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും വരുന്നത് വരട്ടെ ഒന്ന് ശ്രമിച്ചു നോക്കുക തന്നെ. ഇസബെല്ലയെ വിളിച്ചു രണ്ടാഴ്ച കഴിഞ്ഞ്‌ കാണാം എന്നറിയിച്ചു, തിരിച്ചു വരുന്ന വഴി.

മുഖം കണ്ടാല്‍ പ്രായം മുപ്പതിന് മുകളിലുണ്ട്, ഇരുപതുകളിലുള്ള ഞാന്‍ ഇത്ത എന്നു തന്നെ അവരെ സംബോധന ചെയ്യാം എന്നു കരുതി. ആദ്യം കുറച്ചു ടെന്ഷനിലായിരുന്നെങ്കിലും എന്റെ സരസമായ സംഭാഷണം അവരുടെ പേടിയെ ഇല്ലാതാക്കിക്കാണണം. പന്‍വേലിലെ ഒരു ഡാന്‍സ് ബാറിലാണ് ജോലി. ഭര്‍ത്താവ് ചതിച്ചതാണത്രെ. സത്യമാണോ എന്തോ. പ്രേമിച്ചു കല്യാണം കഴിച്ചതാണ്, ഒടുവില്‍ ഭര്‍ത്താവ് ഇവിടെ ഡാന്‍സ് ബാര്‍ നടത്തുന്ന ഒരു ഷെട്ടിയ്ക്ക് അവരെ വിറ്റിട്ട് മുങ്ങിക്കളഞ്ഞുപോലും. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെത്തന്നെയാണ്. വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൃത്യമായി മാസാമാസം അവര്‍ക്ക് കാശയച്ചു കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ജോലി എന്താണെന്നൊന്നും അവര്‍ ചോദിച്ചിട്ടില്ല. ഇത് പോലുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള കാരണം
എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവര്‍ക്ക് ഗള്‍ഫില്‍ പോകാനൊരു ചാന്‍സ് വന്നിരിക്കുകയാണ്, അത് കൊണ്ട് ബാറില്‍ നിന്നും മുങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയ ഒരു പേടി തോന്നി. പണ്ട് ഗള്‍ഫിലുള്ള ഒരു കൂട്ടുകാരന്‍ സമ്മാനിച്ച ബ്രാണ്ടി ഫ്ലാസ്കില്‍ നിന്നും അല്പം അകത്താക്കി. ഇപ്പോള്‍ പേടിയൊക്കെ പമ്പ കടന്നിരിക്കുന്നു. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കിംഗ്സ് കത്തിച്ചു. അതിനു മുന്‍പ് വലിയ്ക്കുന്നത് കൊണ്ട് അവര്‍ക്കസൌകര്യമുണ്ടോ എന്നു ചോദിയ്ക്കാന്‍ മറന്നില്ല. ഇല്ല, ആശ്വാസം, അല്ലെങ്കിലും ഒരു വര്‍ഷമായി ഡാന്‍സ് ബാറില്‍ ജോലി ചെയ്യുന്ന അവര്‍ക്ക് സിഗരെറ്റ്‌ പുകയോടെന്ത് വിരോധമുണ്ടാവാന്‍. പര്‍ദ്ദ ധരിച്ചത് ആരും തിരിച്ചറിയാതെ രക്ഷപ്പെടാന്‍ ഒരു സൌകര്യത്തിനായ് മാത്രമായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ തോന്നലുകള്‍ ഒക്കെ ശരിയായി വരുന്നു എന്നാലോചിച്ച് അറിയാതെ ഒന്ന് ചിരിച്ചു. കുറെയേറെ നേരം ഡ്രൈവ് ചെയ്തത് കാരണം രാത്രി എവിടെയെങ്കിലും തങ്ങാം എന്നു ഞാന്‍ തീരുമാനിച്ചു. രത്നഗിരി കഴിഞ്ഞിട്ട് ഏതാണ്ട് ഒരു മണിക്കൂറായിക്കാണും. ഒരു ഹോട്ടലിന്റെ ബോര്‍ഡ് കണ്ടപ്പോള്‍ നിര്‍ത്തി. കൊള്ളാം തരക്കേടില്ലാത്ത ഒരു ഹോട്ടല്‍. ഇന്ന് രാത്രി ഇവിടെ തങ്ങാം നാളെ പകല്‍ മുഴുവന്‍ ഡ്രൈവ് ചെയ്യേണ്ടതല്ലേ എന്ന എന്റെ അഭിപ്രായത്തിനോട് അവരെതിരോന്നും പറഞ്ഞില്ല. റിസപ്ഷനില്‍ ചെന്ന് ഒരു സിംഗിള്‍ റൂമാണ് ബുക്ക്‌ ചെയ്തത്. ഡബിള്‍ റൂം ഒന്നും ഒഴിവില്ല എന്നു അവരോടു കള്ളം പറഞ്ഞു. അതൊന്നും അവരെ ആലോസരപ്പെടുത്തിയതായി തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *