അലൻ

അവസാനം നാട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. ബോംബയില്‍ നില്ക്കാന്‍ തോന്നുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി നാട്ടില്‍ പോകാത്തത് കാരണം അപേക്ഷിച്ചപ്പോള്‍ തന്നെ ലീവ് കിട്ടി. ഫ്ലൈറ്റില്‍ തന്നെയാവട്ടെ ഇത്തവണത്തെ യാത്ര. പുതുതായ് കിട്ടിയ സിറ്റി ബാങ്കിന്റെ
ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു, എയര്‍ ഡെക്കാനില്‍. ഭാഗ്യം രണ്ടായിരത്തിനു കിട്ടി ടാക്സ് അടക്കം. നാട്ടില്‍ എത്തിയപ്പോള്‍ ആകെ തിരക്ക്, ഒരാഴ്ചയെടുത്തു ബന്ധുവീട്ടിലോക്കെ ഒന്നു പ്രദക്ഷിണം വയ്ക്കാന്‍. എല്ലാവരും കല്യാണത്തിന്‍റെ കാര്യം തിരക്കുന്നു. ചേട്ടന്മാരെല്ലാം കെട്ടിയല്ലോ നീയെന്താ വൈകിക്കുന്നത് എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നാശം പിടിക്കാന്‍ ഇവര്‍ക്കറിയില്ലല്ലോ എന്‍റെ വിഷമം. നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ആഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് വിട്ടു. രണ്ടും കല്‍പ്പിച്ച് സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസസ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു. നടന്നതെല്ലാം പറഞ്ഞു. നമുക്കൊരു എലിസാ ടെസ്റ്റ്‌ നടത്തിക്കളയാം എന്നു ഡോക്ടര്‍ പറഞ്ഞു. വേറെയും ചില ടെസ്റ്റുകള്‍ കൂടി നടത്തണം എന്നും പറഞ്ഞു. രക്തം കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറഞ്ഞു വിട്ടു. നേരത്തെ റിസള്‍ട്ട്‌ കിട്ടുകയാണെങ്കില്‍ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഡോക്ടര്‍ എന്‍റെ നമ്പരും വാങ്ങി. ഗുഹ്യഭാഗത്ത്‌ പുരട്ടാന്‍ ഒരു ഒയിന്റ്റ്മെന്റും തന്നു.

ജീവിതത്തിലെ ശപിക്കപ്പെട്ട ആ രണ്ടാഴ്ചക്കാലം ഞാനെങ്ങിനെ മറക്കും. ആദ്യത്തെ ഒരാഴ്ച നല്ല മദ്യപാനമായിരുന്നു, പിന്നെപ്പിന്നെ അതിലുള്ള താല്‍പ്പര്യവും പോയി. രണ്ടാമത്തെ ആഴ്ച പുറത്തൊന്നും പോയില്ല. റൂമിനുള്ളില്‍ തന്നെ അടച്ചിരുപ്പായിരുന്നു. വീട്ടുകാര്‍ ആകെ അങ്കലാപ്പിലായി. പണ്ട് ഞാന്‍ പറഞ്ഞ് പറ്റിച്ച പല പെണ്‍കുട്ടികളുടെയും കാര്യം ഓര്‍മ്മ വരുന്നു. ഞാനെന്തു ചെയ്യാനാണ്? ഒരു മൂന്നു നാല് മാസം കഴിയുമ്പോള്‍ എനിക്ക് മടുക്കും. ഒരു കാര്യം എനിക്കിപ്പോഴും വിചിത്രമായി തോന്നുന്നു, ഈയോരു അവസ്ഥയിലും,’അസുഖമില്ലെങ്കില്‍ ഇനിയങ്ങോട്ട് നന്നായി ജീവിച്ചു കൊള്ളാം ദൈവമേ’ എന്നൊരു നിലപാട് മനസ്സില്‍ വന്നില്ല. അസുഖമുണ്ടെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയത് കാരണമാവാം. ആയിടയ്ക്കൊരു സ്വപ്നവും കണ്ടു, നല്ല മൂടല്‍മഞ്ഞുള്ള ഒരു വെളുപ്പാന്‍ കാലത്ത് ഏതോ ഒരു മുറിയുടെ ജനാലച്ചില്ലില്‍ ആരോ ഇന്ഗ്ലിഷില്‍ എഴുതിയ VENUGOPALAN നിലെ ALAN എങ്ങിനെയോ മാഞ്ഞു പോകുന്നു. ഹോ! മനുഷ്യന്റെ നല്ല ജീവന്‍ പോയി, ജീവിതത്തിലാദ്യമായാണ് ഒരു സ്വപ്നം കണ്ടിട്ട് ഇങ്ങനെ പേടിയ്ക്കുന്നത്. ഇതും കൂടി ആയപ്പോള്‍ ഉറപ്പിച്ചു, ഇത് എയിഡ്സ് തന്നെ. അങ്ങിനെയാണെങ്കില്‍ ഞാന്‍ മൂലം, ഒന്നുമറിയാത്ത, കുറച്ചു നാളെങ്കിലും എന്നെ മനസ്സില്‍ കൊണ്ട്‌ നടന്ന് മനസ്സും ശരീരവും ഞാനുമായ് പങ്കുവച്ച കുറച്ചു സ്ത്രീകളും ശിക്ഷിക്കപ്പെടും. കുറ്റബോധം മൂലം മനസ്സ് നീറുന്നു. ഒരുപാട് ആലോചിച്ചിട്ട് അവസാനം ഉറക്ക ഗുളികകള്‍ കഴിച്ച് മരിക്കാം എന്ന് തീരുമാനിച്ചു.

വേദനയറിയില്ല എന്നുള്ളതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വളരെ പണിപ്പെട്ട് മൂന്നു ലീഫ് വേലിയം ട്രാന്‍ക്യുലൈസര്‍ ടാബ്ലെട്സ് വാങ്ങി. കുറിപ്പടി ഒന്നുമില്ലാതിരുന്നത് കൊണ്ട്‌ അല്പം പണിപ്പെട്ടു ഒന്നു സംഘടിപ്പിച്ചെടുക്കാന്‍. വാങ്ങിക്കാന്‍ ചെന്നപ്പോള്‍ പല മെഡിക്കല്‍ ഷോപ്പുകാരും എന്നെ ഒന്നിരുത്തി നോക്കി, ഈ കാലമാടന്‍ ഇതും തിന്നു ചത്തുപോയാല്‍ പണിയാകുമല്ലോ എന്നോര്‍ത്തായിരിക്കും. നാട്ടില്‍ ഉറ വാങ്ങാന്‍ പോയാലും ഇതേ നോട്ടമാണല്ലോ എന്ന് ഞാനോര്‍ത്തു. പണ്ട് വീടിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ഇതും ചോദിച്ചു ചെന്നപ്പോള്‍ അന്നവിടെ ജോലിയ്ക്ക്
നിന്നിരുന്ന പെണ്‍കുട്ടി പേടിച്ച് എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓര്‍മ്മയുണ്ട്. മൂന്ന് ലീഫേ കിട്ടിയുള്ളൂ, ആതും പത്ത് കടകള്‍ കയറിയിറങ്ങിയതിനു ശേഷം. ഇത് കൊണ്ട്‌ നടക്കുമോ എന്നറിയില്ല. ആ നോക്കാം.

ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, ഓയിന്റ്മെന്റ്റ് പുരട്ടിയപ്പോള്‍ സംഭവം കുറവുണ്ട്. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ വിളിക്കാത്തത് കാരണം, പോയി നോക്കാം എന്ന് തന്നെ കരുതി. ഉച്ചയോടെ ഏറണാകുളത്തെത്തി. വിറയാര്‍ന്ന പദചലനങ്ങളോടെ ഞാന്‍ ഡോക്ടറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു. രണ്ട് മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് വരുമെന്നും കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. പതുക്കെ പുറത്തേക്കിറങ്ങി. മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നട്ടുച്ച നേരത്തും കമിതാക്കളുടെ ആധിക്യം. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ചു രണ്ട് പുക വിട്ടു കൊണ്ട്‌ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. കുറച്ചുനേരം സിഗരറ്റ് കൂടിലേയ്ക്കു തന്നെ നോക്കിയിരുന്നു. മറ്റെല്ലാ ബ്രാന്റിനെക്കാളും സെക്സിയായ കവര്‍ ഡിസൈന്‍, നല്ല കളര്‍ കോമ്പിനേഷന്‍.

അതില്‍ ലഹരിയും അധികാരവും കൂടിക്കുഴയുന്നു എന്ന് തോന്നിയിരുന്നു പണ്ടേ. അതുകൊണ്ട് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു ഗോള്‍ഡ്‌ഫ്ലേക്ക് വലിക്കണമെന്നുള്ളത്, ആതും നീളം കൂടിയത്. വീണ്ടും മനസ്സ് കലുഷമായി. റിസള്‍ട്ട് തനിക്കെതിരാണെങ്കില്‍ ഇനിയൊരു പ്രഭാതം കാണില്ല എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഉടനേ അമ്മയുടെ മുഖം മനസ്സിലോടിയെത്തി. തനിയ്ക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊരംശം തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് വേദനയോടെ ഓര്‍ത്തു. എന്നും വീടിനു പുറത്ത് സന്തോഷവും ഭക്ഷണത്തിനു രുചിയും കണ്ടെത്തിയവനായിരുന്നല്ലോ ഞാന്‍. കുടിച്ചിട്ട് വരുന്ന എത്രയെത്ര രാത്രികളില്‍ അമ്മയുണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാതെ ഉറങ്ങിയിരിക്കുന്നു. എന്നോട് പൊറുക്കമ്മേ. കണ്ണു നനയുന്നു, ആരും അറിയാതിരിക്കാന്‍ കര്‍ചീഫ്‌ എടുത്ത് അമര്‍ത്തി തുടച്ചു.

രണ്ട് മണിക്കൂറുകള്‍ക്കു രണ്ട് യുഗങ്ങളുടെ ദൈര്‍ഘ്യം. തിരിച്ചു നടന്നു. ഡോക്റ്ററുടെ കേബിന് പുറത്ത് കാത്തിരിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചു. ഹൃദയമിടിപ്പ്‌ ഉച്ചത്തിലാവുന്നത് എനിക്ക് തന്നെ കേള്‍ക്കാം. അവസാനം ഡോക്ടര്‍ വിളിച്ചു. അകത്തു കയറിയപ്പോള്‍ സമാധാനം, ഡോക്ടറുടെ മുഖത്ത് പുഞ്ചിരി. ” ഡോക്ടര്‍ എനി ഗുഡ് ന്യൂസ്‌ ഫോര്‍ മി ” ഞാന്‍ ചോദിച്ചു. ” യെസ് യെസ്, യു ആര്‍ അബ്സോലൂട്ളി ഓള്‍റൈറ്റ് ഒന്നും പേടിക്കണ്ടെടോ, പക്ഷെ ഇനിയുള്ള കാലം ഇങ്ങനെ വഴിവിട്ട് ജീവിക്കില്ലെന്ന് എനിക്കുറപ്പു തരണം” പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സ് സന്തോഷം കൊണ്ട്‌ കുതിക്കുകയായിരുന്നു. ആര്‍ക്കൊക്കെ നന്ദി പറയണം. ചെയ്ത തെറ്റുകള്‍ക്ക് ദൈവം തന്ന ചെറിയൊരു ശിക്ഷയാണ് ഈ മാനസിക പീഡനം. ഇനി അങ്ങോട്ട്‌ നന്നാവുക തന്നെ.

Leave a Reply

Your email address will not be published. Required fields are marked *