അലൻ Like

രണ്ട് മണിക്കൂറുകള്‍ക്കു രണ്ട് യുഗങ്ങളുടെ ദൈര്‍ഘ്യം. തിരിച്ചു നടന്നു. ഡോക്റ്ററുടെ കേബിന് പുറത്ത് കാത്തിരിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചു. ഹൃദയമിടിപ്പ്‌ ഉച്ചത്തിലാവുന്നത് എനിക്ക് തന്നെ കേള്‍ക്കാം. അവസാനം ഡോക്ടര്‍ വിളിച്ചു. അകത്തു കയറിയപ്പോള്‍ സമാധാനം, ഡോക്ടറുടെ മുഖത്ത് പുഞ്ചിരി. ” ഡോക്ടര്‍ എനി ഗുഡ് ന്യൂസ്‌ ഫോര്‍ മി ” ഞാന്‍ ചോദിച്ചു. ” യെസ് യെസ്, യു ആര്‍ അബ്സോലൂട്ളി ഓള്‍റൈറ്റ് ഒന്നും പേടിക്കണ്ടെടോ, പക്ഷെ ഇനിയുള്ള കാലം ഇങ്ങനെ വഴിവിട്ട് ജീവിക്കില്ലെന്ന് എനിക്കുറപ്പു തരണം” പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സ് സന്തോഷം കൊണ്ട്‌ കുതിക്കുകയായിരുന്നു. ആര്‍ക്കൊക്കെ നന്ദി പറയണം. ചെയ്ത തെറ്റുകള്‍ക്ക് ദൈവം തന്ന ചെറിയൊരു ശിക്ഷയാണ് ഈ മാനസിക പീഡനം. ഇനി അങ്ങോട്ട്‌ നന്നാവുക തന്നെ.

ഹോസ്പിറ്റലില്‍ നിന്നും നേരെ വീട്ടിലേയ്ക്ക്. സന്തോഷമുണ്ടായിരുന്നെങ്കിലും മദ്യപിക്കാന്‍ തോന്നിയില്ല. അമ്മയെ പെട്ടെന്ന് തന്നെ കാണണം എന്ന് തോന്നി. അമ്മയെ കണ്ട ഉടനേ കെട്ടിപ്പിടിച്ചു. “ഇതെന്താടാ പെട്ടെന്നൊരു സ്നേഹം” മറുപടി ഒന്നും പറഞ്ഞില്ല. അന്ന് രാത്രി അമ്മ വാരിത്തന്ന ചോറ് തിന്നു കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ ചോദിച്ചു, ” ഇവനിതെന്തു പറ്റിയെടീ? ആകെയൊരു മാറ്റം?”

മേനേജരെ വിളിച്ചു പറഞ്ഞ് ലീവ് ഒരു മാസത്തേക്ക് കൂടി നീട്ടി. അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം കഴിച്ച് ഒരു മാസം വീട്ടില്‍ സുഖമായി കഴിഞ്ഞു. മദ്യപാനം വളരെ കുറച്ചു, വലി വല്ലപ്പോഴും
എന്ന നിലയില്‍, സ്ത്രീ സംസര്‍ഗ്ഗം അശേഷം വിട്ടു. പഴയ ഉറയുടെ പരസ്യം ടിവിയില്‍ കാണുമ്പോള്‍ ഇപ്പോഴും ചെറിയൊരു വിഷമം തോന്നാറുണ്ട്, കുറ്റബോധമോ നിരാശയോ മറ്റെന്തൊക്കെയോ. നാദിറയെ ഓര്‍മ്മ വരും അപ്പോള്‍. വീട്ടുകാരോട് “പെണ്ണ് കണ്ടു വച്ചോ അടുത്ത വരവിനു നടത്താം” എന്നും പറഞ്ഞ് വീണ്ടും ബോംബെയിലേക്ക്.

പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാനിഷ്ടമില്ലാത്ത പുതിയോരാളായി മാറി ഞാന്‍. വീട്ടുകാര്‍ കണ്ടിഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണവും നിശ്ചയിച്ചു. ഞാനിത് വരെ കാണാത്ത ഒരു കുട്ടി. ഫോണില്‍ സംസാരിച്ചിരുന്നു, പിന്നെ ഫോട്ടോയും കൊള്ളാം, പാവമാണെന്ന് തോന്നുന്നു. അമ്മയുടെ സെലക്ഷന്‍ മോശമാവില്ല. അങ്ങിനെ ആറ് മാസങ്ങള്‍ക്ക് ശേഷം കല്യാണത്തിന് ഒരാഴ്ച മുന്‍പ് വീട്ടില്‍ പോകാനായുള്ള തയ്യാറെടുപ്പുകള്‍. ഒരു ഹ്യുണ്ടായി സാന്‍ട്രോ കയ്യില്‍ വന്നുപെട്ടു. കുറച്ചു നാള്‍ നാട്ടില്‍ ഉപയോഗിച്ചിട്ട് വില്‍ക്കാം എന്ന് കരുതി, വീണ്ടും ഒരു മുംബൈ-പന്‍വേല്‍-രത്നഗിരി-മട്ഗോവ-മാന്ഗ്ലൂര്‍- കോഴിക്കോട്-കൊച്ചി യാത്ര. ഇത്തവണ കൂട്ടിനു ബ്രാണ്ടി ഫ്ലാസ്കോ സ്മിര്‍ണോഫോ ഇല്ല. രണ്ട് പേക്കെറ്റ്‌ ഗോള്‍ഡ്‌ഫ്ലേക്ക് മാത്രം.

വണ്ടി പന്‍വേല്‍ എത്തുന്നു. പഴയ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ഒന്നു സ്ലോ ആക്കി, അതാ പര്‍ദ്ദയിടാത്ത ഒരു പെണ്‍കുട്ടി കൈ കാണിക്കുന്നു. നല്ല ചെറുപ്പം. ജീന്‍സും ടീ ഷര്‍ട്ടും വെഷം, കണ്ടാലേ അറിയാം പോക്കുകേസാണെന്ന്. ഇത്തവണ മനസ്സ് വളരെ വേഗം പ്രവര്‍ത്തിച്ചു, കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു. ഇനിയുമോരങ്കത്തിനു ബാല്യമില്ല എന്ന് പറഞ്ഞ് കൊണ്ട്‌ നാട്ടില്‍ എന്നെ കാത്തിരിക്കുന്ന ആ പാവം പെണ്‍കുട്ടിയെ മനസ്സില്‍ ആവാഹിച്ച് യാത്ര തുടര്‍ന്നു. വേണുഗോപാലന്‍റെ അവസാനത്തെ അക്ഷരങ്ങള്‍ എന്നെന്നേക്കുമായി മാഞ്ഞു പോകാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *