“മോനെ …അങ്ങനെ അല്ല …ഖദീജ ഇത്തയുടെ അവസ്ഥ മോശമാണ്…ഈ കച്ചോടം നടന്നാൽ അവരുടെ പ്രശ്നങ്ങൾ മാറും …പിന്നെ എനിക്കും ചെറിയ ചില്ലറ ”
“കമ്മീഷൻ ?” ഞാൻ പുച്ഛത്തോടെ ചോദിച്ചു . ജോണി ചേട്ടൻ ഒന്ന് തലയാട്ടിയതേ ഉള്ളു .
“അത് അങ്ങ് ആദ്യമേ പറഞ്ഞാൽ പോരെ ? ഈ കച്ചോടം നടത്തിയാൽ തനിക്ക് ഒരു കമ്മീഷൻ കിട്ടും .അതാണ് തനിക്ക് ഇതിനുള്ള ഇന്റെരെസ്റ്റ് .അല്ലാതെ ഇങ്ങോട്ട് സഹായം ഉണ്ടാക്കാൻ ആണ് എന്ന് പറഞ്ഞു തൊലിക്കരുത് ” ഞാൻ ജോണി ചേട്ടനോട് ഒന്നൂടെ കയർത്തു.
ജോണി ചേട്ടൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ . കുറച്ചു പരുഷമാണെന്നറിയാം പക്ഷെ ഇങ്ങനെ നിന്നില്ലേൽ ഇവരെല്ലാം കൂടി എന്നെ മണ്ടനാക്കി പണം കൊണ്ട് പോവോ എന്ന പേടി എനിക്കുണ്ടായിരുന്നു .
അതികം വൈകാതെ ഞങ്ങൾ നേരെ ഖദീജയുടെ വീട്ടിലേക്ക് വിട്ടു .എന്റെ’അച്ഛനെ എന്നിൽ നിന്ന് അകത്തിയ സ്ത്രീ !
പ്രത്യേകിച്ച് പുതമായൊന്നും തന്നെയില്ലാത്ത ഒരു നാട്ടിൻപുറം വീട് . ഒരു കൊച്ചു പൂന്തോട്ടം പിന്നെ വീടിന്റെ വലത്തേ വശത്തു മാറി ഒരു തൊഴുത്തും .ഞങ്ങൾ പൂമുകത്തേക്ക് കയറി ഇരുന്നു . എന്റെ മുഖത്ത് ഒരു പുച്ഛ ഭാവവും അത്യാവശ്യം ജാടയും കൃത്യമമായി ഞാൻ സെറ്റ് ചെയ്തു .
ഉടനെ തന്നെ ദേഹം മുഴുവൻ ഒരു കറുത്ത പർദ്ദ കൊണ്ട് മൂടിയ ഒരു സ്ത്രീ ഞങ്ങളുടെ മുന്നിലേക്ക് വന്നു .ജോണി ചേട്ടനെ കണ്ടപ്പോൾ ഒരു ചെറു ചിരിയുണ്ടായിരുന്ന അവർ എന്നെ കണ്ടതും നിസ്സംഗ ഭാവത്തോടെ തല താഴ്ത്തി .അത് അവരായിരുന്നു ഖദീജ !
“ഞാൻ ഹരിയെ സ്ഥലം കൊണ്ട് പോയി കാണിച്ചിരുന്നു …എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട് ” ജോണി ചേട്ടൻ അവരോടായി പറഞ്ഞു . അപ്പോളാണ് അങ്ങിട്ടേയ്ക്ക് നടുവിലെ വാതിൽ വഴി ഒരു പെൺകുട്ടി കയറി വന്നത് .
“ന്റെ അള്ളാ ” എന്നെ കണ്ടതും അവൾ അറിയാതെ പറഞ്ഞു പോയി . ആഹാ നീയോ എന്ന മട്ടിൽ ഞാനും അവളെ നോക്കി .രാവിലെ തന്നെ എന്റെ മെക്കിട്ട് കയറിയ ആ പെണ്ണ് .
“ഇത് ഫാത്തിമാ …ഞങ്ങള് പാത്തു എന്ന് വിളിക്കും .ഖദീജ താത്തയുടെ മോളാണ് ” അവളെ ചൂണ്ടി കാണിച് ജോണി ചേട്ടൻ എന്നോടായി പറഞ്ഞു . ബെസ്‌റ് കണ്ടവരുടെ കെട്ടിയോനെ തട്ടിയെടുത്ത ഉമ്മാന്റെ മോളായിട്ടാണ് രാവിലെ എന്റെ മുന്നിൽ നിന്ന് പട്ടി ഷോ കാണിച്ചത് .എനിക്ക് അങ്ങ് ഇരച്ചു കയറി .
അവള് തലയിലെ തട്ടൻ ഒന്ന് നേരെയാക്കി തല കുനിച്ചു നിന്നു .
“എല്ലാം ജോണി കണ്ടറിഞ്ഞു ചെയ്‌താൽ മതി .ഹരി മോന്റെ ഇഷ്ടം പോലെ തീരുമാനങ്ങൾ എടുത്തോളൂ “ഖദീജ തല താഴ്ത്തി നിന്നുകൊണ്ട് തന്നെ ജോണി ചേട്ടനോട് പറഞ്ഞു .
“ഞങ്ങൾക്ക് ഈ സ്ഥലം വിൽക്കേണ്ട ആവശ്യം ഇപ്പൊ ഇല്ല ….പിന്നെ ..ഇതിന്റെ പുറകിൽ ഒന്നും ഇനി നടക്കേണ്ട എന്നോർത്തിട്ടാ ” ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു .”75 ആണ് വക്കച്ചൻ പറയുന്നതെങ്കിൽ ഞാൻ ഓക്കേ ആണ് …പക്ഷെ എനിക്ക് വക്കച്ചനായി ഒന്ന് നേരിട്ട് കാണണം .പുള്ളി 75 തന്നല്ലേ പറഞ്ഞത് അതോ കൂടുതൽ പറഞ്ഞിട്ട് ആരേലും കയറി ഇടയ്ക്ക് കളിക്കുന്നുണ്ടോ എന്നറിയണമല്ലോ ” ഞാൻ ജോണി ചേട്ടനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി പറഞ്ഞു . ജോണി ചേട്ടന്റെ മുഖം ഒന്ന് വിളറി .
“അല്ല ഈ റിയൽ എസ്റ്റേറ്റ് എനിക്ക് അത്ര വശമില്ലാത്ത ബിസിനസ് ഒന്നുമല്ല …നാട്ടിൽ ഞാൻ എത്ര നടത്തിയിരിക്കുന്നു .ഇങ്ങനെ ചില ഉഡായിപ്പുകൾ ഇതിലുണ്ട് ” ഞാൻ തട്ടി വിട്ടു .
“അതിനെന്താ …മോനെ ഞാൻ തന്നെ വക്കച്ചൻ സാറിന്റെ അടുത്ത് കൊണ്ട് പോവാം “ജോണി ചേട്ടൻ പറഞ്ഞു
“ആഹ് …പിന്നെ 50 എനിക്ക് 25 എന്താന്നു വച്ചാൽ നിങ്ങൾ ചെയ്തോ ” ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു.
ജോണി ചേട്ടൻ ഒന്ന് എന്നെയും ഖദീജയെയും മാറി മാറി നോക്കി ഇരുന്നതേയുള്ളു . പാത്തു ആവട്ടെ ഉമ്മ എന്തേലും പറ ഉമ്മ എന്നോണം ഖദീജയെ കുറച്ചു നേരം നോക്കി .അവർ ഒന്നും മിണ്ടില്ല എന്ന് തോന്നിയപ്പോൾ അവളുടെ ശബ്ദം പുറത്തേക്ക് വന്നു
“അത് നടക്കൂലാ എന്ന് പറ ജോണി ചേട്ടാ ….കിട്ടുന്നതിൽ പപ്പാതി പപ്പാതി എന്നതല്ലേ ന്യായം ” പാത്തു ഒറ്റ ശ്വാസത്തിൽ പറഞ്ഞു .നീയെന്തിനാ ഇപ്പൊ വാ തുറന്നത് എന്ന മട്ടിൽ കദീജ പാത്തുവിനെ നോക്കി .
