“രാത്രിയിലേക്ക് ഭക്ഷണം വേണേൽ ഞാൻ’വീട്ടിൽ നിന്ന് …”
“വേണ്ട ചേട്ടാ ഞാൻ മാനേജ് ചെയ്തോളാം ” ഞാൻ ജോണി ചേട്ടനെ യാത്രയാക്കി.
ജോണി ചേട്ടനെ ഒഴികെ ആരെയും പരിചയമില്ലാത്ത സ്ഥലത്തു ഞാൻ ആ ദിവസം കഴിഞ്ഞു കൂട്ടി .പുള്ളി പറഞ്ഞത് പോലെ പുള്ളിയുടെ ഒരു സുഹൃത്ത് ഒരു R X 100 ബൈക്ക് താൽക്കാലിക ആവശ്യത്തിനായി എന്നെ ഏൽപ്പിച്ചു പോയി .രാത്രി തൊട്ടടുത്തുള്ള ഹോട്ടൽ വരെ പോയി നോക്കിയെങ്കിലും മനസിന് പിടിക്കുന്ന ഒന്നും അവിടെന്ന് കിട്ടിയില്ല .പുതിയ സ്ഥലമായതുകൊണ്ടാവും ഉറങ്ങാൻ തീരെ വൈകിയിരുന്നു .അമലയെ ഒന്ന് മെസ്സേജ് ചെയ്താലോ എന്ന് വിചാരിച്ചെങ്കിലും എന്തോ വേണ്ടെന്ന് വച്ചു .
പിറ്റേന്ന് ഉറക്കമുണർന്നു ഒന്ന് ഫ്രഷായി കഴിക്കാൻ കൊള്ളാവുന്ന ഏതേലും ഹോട്ടൽ നോക്കണമെന്ന് വിചാരിച്ചു വാതിൽ തുറന്നതും മുന്നിൽ ഒരു തൂക്കു പാത്രവുമായി നിൽക്കുന്ന പാത്തുവിനെ കണ്ടു .
“എനിക്ക് ആളറിയാതെ പറ്റി പോയതാ …ഇങ്ങള് പൊറുത്തു കള …” അവൾ എന്നെ കണ്ടപാടെ പറഞ്ഞു.
“അപ്പൊ ഇന്നലെ നീ എന്റെ മെക്കിട്ട് കയറിയതോ “ഞാൻ ഷർട്ടിന്റെ കൈ മടക്കിക്കൊണ്ടു ചോദിച്ചു
“അതും ആ സമയത്തെ മണ്ടത്തരത്തിന് പറ്റി പോയതാ …”അവൾ അതും പറഞ്ഞു പടിക്കൽ വച്ചിരുന്ന ഒന്ന് രണ്ടു പത്രങ്ങൾ പൂമുഖത്തെ ടേബിളിലേക്ക് വച്ചു .
“ആഹ് …പോവുമ്പോൾ ഈ കൊണ്ട് വന്ന ഭക്ഷണം കൂടി കൊണ്ടോയിക്കോ “ഞാൻ ആ പത്രങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് തിരികെയിറങ്ങിയ അവളോടായി പറഞ്ഞു.
“ഇങ്ങള് അങ്ങനെ പറയരുത് …ഉമ്മയ്ക്ക് വെഷമം ആവും ” അവൾ മാറി കിടന്ന തട്ടൻ നേരെയിട്ട് അപേക്ഷ ഭാവത്തിൽ പറഞ്ഞു
“പിന്നെ നിന്റെ ഉമ്മാന്റെ വെഷമം തീർക്കലല്ലേ എന്റെ പണി ”
“ഒന്നും ഇല്ലേലും ഞാൻ ഇങ്ങടെ പെങ്ങളല്ലേ ” അവൾ തല കുനിച്ചു
“പെങ്ങളാ ?? ആരുടെ പെങ്ങള് ? എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളു.പിന്നെ എങ്ങനെ നീ എന്റെ പെങ്ങളാവും ”
“എന്നെ ജനിപ്പിച്ചട്ടില്ലെങ്കിലും ഇങ്ങടെ അച്ഛനെ ഞാൻ ഉപ്പാ എന്നെ വിളിച്ചട്ടുള്ളു” അവൾ എന്നെ നോക്കി പറഞ്ഞു
“അതിന് ? നീ കണ്ണിൽ കണ്ടവരെയെല്ലാം ഉപ്പാന്ന് വിളിച്ചാൽ അവരുടെ മക്കൾ എല്ലാം നിന്റെ സഹോദരങ്ങളാവോ? പെണ്ണ് കൊള്ളാലോ ”
“തനി മൊശടൻ തന്നെ “പാത്തു പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു .
” മൊശടൻ നിന്റെ മറ്റവൻ , എടി പെണ്ണെ ഇതൊക്കെ എടുത്തോണ്ട് പോവാൻ ” ഞാൻ പടിക്കലിലേക്ക് ഇറങ്ങി അവളോടായി പറഞ്ഞു .
“ഇങ്ങള് വേണേൽ കഴിച്ചാൽ മതി ” എന്നും പറഞ്ഞു അവൾ വന്ന സൈക്കിളിൽ കയറി ഒറ്റ പോക്ക് .ഓഹ് വല്ലാത്ത ജാതി പെണ്ണ് തന്നെ .കുറച്ചു നേരം എന്താ ചെയ്യേണ്ടേ എന്ന് ആലോചിച്ച് നിന്ന ശേഷം ഞാൻ പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി .അപ്പവും മുട്ട കറിയും , വേറെ ഒരു പാത്രത്തിൽ ഉച്ചയ്ക്കത്തേക്കായി ചോറും ചിക്കൻ കറിയും , ഒരു തൂക്ക് പാത്രം നിറയെ പാലും ! ഓഹ് സോപ്പിടാൻ ഖദീജയും മോളും ഒരുങ്ങി തന്നെയാ .
സത്യം പറഞ്ഞാൽ വിശന്നിട്ട് വയറ് കത്തി എരിയുന്നുണ്ട് .ഹോട്ടലിലേക്ക് പോവാൻ നിന്നാൽ നല്ല ദൂരവും .എടുത്തു തട്ടിയാലോ ? വേണ്ട ..,ഇത്രയും പട്ടിഷോ കാണിച്ചിട്ട് !
അടുത്ത നിമിഷം വിശപ്പിന്റെ വിളിയും ചിക്കന്റെയും മുട്ട കറിയുടെയും ഗന്ധവും സഹിക്കാനാവാതെ അപ്പവും മുട്ട കറിയും ചിക്കനും ചോറുമെല്ലാം ഞാൻ വെട്ടി വിഴുങ്ങി ഒരു ഏമ്പക്കം വിട്ടു തിരിഞ്ഞു നോക്കിയതും എന്റ്റെ ദൈവമേ ഇതെന്തു തീറ്റ എന്ന മട്ടിൽ കവിളത്തു കൈയും വച്ച് പാത്തു നിൽക്കുന്നു .
“ഹ്മ്മ് ??….ഹ്മ്മ്മ് ??” കൈയിൽ ചിക്കൻ കാലും പിടിച്ചു വായിലുള്ള മുട്ട കഷ്ടപ്പെട്ട് വിഴുങ്ങി ഞാൻ അവളോട് എന്ത്യേ എന്ന മട്ടിൽ ചോദിച്ചു .
“ഇങ്ങക്ക് വൈന്നേരം എണ്ണ പലഹാരം കഴിക്കണ പതിവുണ്ടോന്ന് ഉമ്മ ചോയ്ക്കാൻ പറഞ്ഞാർന്നു .അതോർത്തപ്പോ വന്നതാ .ഇനി ചോയ്ക്കേണ്ടാ കാര്യമില്ല ”
അതേന്ത്യേ എന്ന മട്ടിൽ ഞാൻ കണ്ണുരുട്ടി .
“അല്ല ഒരു ദിവസത്തേക്ക് കൊണ്ടോന്ന മുഴുക്കനും ഇങ്ങള് ഒറ്റയടിക്ക് തീർത്തില്ലേ ? ആ ഇങ്ങക്ക് എന്തും പോവും “അവള് ആക്കികൊണ്ട് പറഞ്ഞു .
